അനന്തപുരി ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി. ഇനി മൂന്ന് ദിവസം എല്ലാ മനസ്സിലും ഒരേയൊരു മന്ത്രം മാത്രം – ആറ്റുകാൽ അമ്മേ ശരണം. ശരണാഗതിയടയുന്നവർക്കെല്ലാം അഭയാംബികയാണ് ആറ്റുകാൽ ഭഗവതി. കൊടിമരവും കൊടിക്കൂറയും ഇല്ലാതെ ഉത്സവം ആഘോഷിക്കുന്ന തിരുസന്നിധിയാണ് ആറ്റുകാൽ ദേവി ക്ഷേത്രം. ഉഗ്രമൂര്‍ത്തിയായ കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ച് കൊണ്ടുവന്ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ ഉത്സവം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് നിവേദ്യം കഴിയും വരെ ദേവീ ഭക്തി ജനലക്ഷങ്ങളുടെ മനസില്‍ പൊങ്കാല പോലെ തിളച്ചുമറിയും. എല്ലാ ചുണ്ടുകളിലും ദേവീ മന്ത്രങ്ങൾ മർമ്മരമായൊഴുകും.
ശ്രീപരമേശ്വരി
വിശ്വമെങ്ങും വ്യാപിച്ചിരിക്കുന്ന പ്രകൃതിയാണ് ശ്രീപരമേശ്വരി. ദേവിയുടെ ശക്തികൊണ്ട് വിത്തവും വീര്യവുമുണ്ടാകും. ശ്രദ്ധ, ബുദ്ധി, ലജ്ജ, വളര്‍ച്ച, സന്തോഷം, ശാന്തി എന്നിവ സാക്ഷാല്‍ ഭഗവതി തന്നെയാണ്. ബന്ധത്തിനും മോക്ഷത്തിനും ഹേതു ദേവിയാണ്. ഇന്ദ്രാദികള്‍ക്ക് വര്‍ദ്ധിതവീര്യം ഉണ്ടായത് ദേവിയെ പൂജിച്ചാണ്. ദേവിക്ക് ശക്തിയെന്നും നാമമുണ്ട്. ശക്തിയെ ബഹുമാനിക്കാത്തവര്‍ നിന്ദ്യരാകും. അഭീഷ്ടദായിനിയാണ് ദേവി. മന്ത്രം ചൊല്ലി സ്തുതിച്ചാല്‍ ദേദമേതുമില്ലാതെ ആരെയും അനുഗ്രഹിക്കും. . മന്ത്രങ്ങള്‍ ചൊല്ലുന്നവരോടൊപ്പം സഞ്ചരിച്ച് അവരുടെ ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുക്കും ദേവി. അതു കൊണ്ടാണ് ദേവി അമ്മയാകുന്നത്.
നവദുര്‍ഗ്ഗകൾ
നാരദമഹര്‍ഷി ധ്യാനത്തിലൂടെ പ്രത്യക്ഷപ്പെടുത്തി വിവിധ ദിക്കുകളിൽ പ്രതിഷ്ഠിച്ച ഒന്‍പതു ദുര്‍ഗ്ഗാദേവിമാരുണ്ട് – ത്രിപുര, കോലംബ, കപാലേശി, സുവര്‍ണാക്ഷി, ചര്‍ച്ചിത, ത്രൈലോക്യ വിജയ, ഏകവീര, ഹരസിദ്ധി, ചണ്ഡിക എന്നിവർ. ത്രിപുരാദേവിയുടെ ശക്തികൊണ്ടാണ് ഭഗവാന്‍ ശ്രീ പരമേശ്വരന് ത്രിപുരം ദഹിപ്പിക്കാന്‍ കഴിഞ്ഞത്. അങ്ങനെ ത്രിപുരാദേവിയെന്ന് പേരുണ്ടായി. വരാഹ ഗിരിയില്‍ നിന്നാണ് നാരദ മഹര്‍ഷി കോലംബാദേവിയെ പ്രത്യക്ഷപ്പെടുത്തിയത്. മഹാവിഷ്ണുവിന് വരാഹ രൂപം ധരിച്ച് ഭൂമിയെ രക്ഷിക്കാന്‍ കഴിഞ്ഞത് ഈ ദേവിയുടെ കാരുണ്യം കൊണ്ടാണ്. ഈ ദേവിക്ക് മാഘമാസത്തിലെ അഷ്ടമി ദിവസം അര്‍ച്ചനയും അഭിഷേകവും നടത്തുന്നത് പുണ്യപ്രദമാണ്. കപാലേശിയെന്ന ദുര്‍ഗ്ഗയുടെ വാസം ത്രിപുുരയ്ക്കും കോലംബയ്ക്കുമൊപ്പം കുമാരേശ തീര്‍ത്ഥത്തിന്റെ കിഴക്കുഭാഗത്താണ്. പടിഞ്ഞാറ് സുവര്‍ണ്ണാക്ഷി, ചര്‍ച്ചിത, ത്രൈലോക്യവിജയ എന്നീ ദുര്‍ഗ്ഗമാരുടെ പ്രതിഷ്ഠയുണ്ട്. ബ്രഹ്മാണ്ഡ സംരക്ഷകയാണ് സുവര്‍ണ്ണാക്ഷി. ചര്‍ച്ചിത എന്ന ദുര്‍ഗ്ഗാദേവിയെ രസാതലത്തില്‍ നിന്ന് കൊണ്ടുവന്നതാണ്. കലികാലത്തില്‍ കള്ളന്‍മാര്‍ ചതിയില്‍ പെടുത്തിയ ശൂദ്രകനെ ചര്‍ച്ചിതാദേവി മോചിപ്പിക്കുമെന്ന് സ്‌കന്ദ പുരാണം പറയുന്നു. ചന്ദ്രന്‍ ത്രിലോകങ്ങളിലും വിജയപതാക പാറിച്ചത് ചര്‍ച്ചിതാദേവിയുടെ പിന്‍ബലത്താലാണ്. ഉത്തരഭാഗത്ത് ഏകവീര, ഹരസിദ്ധി, ചണ്ഡിക എന്നീ ദേവിമാരെ പ്രതിഷ്ഠിച്ചു.
ദിക്ക് ദേവതമാർ
ഏകവീരയെ ബ്രഹ്മലോകത്തു നിന്നാണ് നാരദമുനി കൊണ്ടുവന്നത്. ശിവപ്രിയയായ ഈ ദേവി അഭീഷ്ട വരദായിനിയാണ്. ശ്രീപരമേശ്വരിയുടെ ആഗ്രഹപ്രകാരം ഭഗവാന്‍ ദേവിക്ക് ഡാകിനി മന്ത്രം ഉപദേശിച്ചു. മന്ത്രശക്തിയാല്‍ സംഭ്രമിച്ച ദേവി ശിവനെ ആക്രമിച്ച് രക്തവും മാംസവും ഭക്ഷിച്ചു. അപ്പോൾ ശിവന്റെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന ദേവിയാണ് ഹരസിദ്ധി. ആയിരം കൈകളുള്ള ഹരസിദ്ധി ഡാകിനിയില്‍ നിന്ന് ഭഗവാനെ രക്ഷിച്ചു.. സുഗ്രീവാദികള്‍ക്ക് വീര്യവും ബലവും പകര്‍ന്നത് ഈ ദുര്‍ഗയാണ്. ശ്രീപരമേശ്വരിയുടെ ശരീരത്തില്‍ നിന്നുണ്ടായ ചണ്ഡമുണ്ഡന്‍മാരെ വധിച്ച ദേവിയാണ് ചണ്ഡിക. ചണ്ഡികാദേവി അന്ധകാസുരന്റെ രക്തം പാനം ചെയ്ത് അയാളെ കൊല്ലാന്‍ ശ്രീപരമേശ്വരനെ സഹായിച്ചു. ഭക്തരുടെ സാമീപ്യം ഇഷ്ടപ്പെടുന്ന ചണ്ഡികാദേവി അവരുടെ മനസ്സറിഞ്ഞ് അനുഗ്രഹം വര്‍ഷിക്കും. ഈ ദിക്ക് ദേവതമാരെ ആരാധിക്കുന്നത് പുണ്യകരമാണ്. അശ്വിന മാസത്തിലെ ഒന്‍പതു ദിവസമാണ് പുഷ്പവും നിവേദ്യവുമെല്ലാം കൊണ്ട് ദിക്ക് ദേവതമാരെ പൂജിക്കുന്നതിന് ഉത്തമം. പ്രേതബാധകള്‍ നീക്കിത്തരുന്നു. ആപത്തുകള്‍ അകറ്റുന്നു. മംഗല്യഭാഗ്യം നല്‍ക്കും. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സല്‍പുത്രരെ സമ്മാനിക്കും. . തീരാരോഗങ്ങൾ മാറ്റും.
ഗുഹൻ്റെ രാജ്യം
പണ്ട് ഗുഹന്‍ ഭൂതങ്ങളും പ്രേതങ്ങളും പിശാചുക്കളും നിറഞ്ഞ രാജ്യത്ത് അഭിഷിക്തനായി. അദ്ദേഹം അവരെ നന്‍മയുടെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രങ്ങളില്ലാതെയും ശ്രദ്ധയും ഭക്തിയുമില്ലാതെയും, അഹങ്കാരത്തോടും, കോപത്തോടും ഭൂമിയില്‍ നിവേദ്യം കഴിപ്പിക്കുന്നതെല്ലാം നിങ്ങളുടെ ഭക്ഷണമായി വരുമെന്ന് ഗുഹന്‍ ഭൂതപ്രേതപിശാചുകള്‍ക്ക് ഉറപ്പുനല്‍കി. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ദേവന്‍മാര്‍ക്ക് നല്‍കുന്ന നിവേദ്യങ്ങള്‍പോലും ഇവര്‍ അപഹരിക്കാന്‍ തുടങ്ങി. ദേവന്‍മാര്‍ ഇക്കാര്യം ഗുഹനെ അറിയിച്ചു. കോപിഷ്ടനായ ഗുഹന്റെ നെറ്റിയില്‍ നിന്ന് പന്ത്രണ്ട് നയനങ്ങളുള്ള ഒരു ജ്വാല പുറത്തുചാടി. ആ ജ്വാല ഒരു ദേവി രൂപമായിരുന്നു.
ഞാന്‍ ശക്തിയാണ്
ഗുഹനോട് ദേവി പറഞ്ഞു: ഞാന്‍ ശക്തിയാണ് എന്തു ചെയ്യണം ? എന്റെ ഭൂതഗണങ്ങളെ മര്യാദയുള്ളവരാക്കണം, ഗുഹൻ ആവശ്യപ്പെട്ടു. ആ ശക്തി മയിലിന്റെ പുറത്തുകയറി ഭൂതപ്രേതപിശാചുക്കളുടെ അരികിലെത്തി അവരെ കൊല്ലാന്‍ തുടങ്ങി. ഭയന്നു വിറച്ച് അവര്‍ ദേവിയെ സ്തുതിച്ചു. . തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഗുഹന്‍ പഠിപ്പിച്ച മര്യാദ ലംഘിക്കില്ലെന്നും, ദേവിയെ ഭൂതമാതാവായി വാഴ്ത്താമെന്നും അറിയിച്ചു.സന്തുഷ്ടയായ ദേവി തെറ്റുകള്‍ പൊറുത്ത് അവരെ അനുഗ്രഹിച്ചു: പുഷ്പം, വസ്ത്രം, മധു, അന്നം എന്നിവ കൊണ്ട് ദേവിയെ പൂജിക്കുന്നവരുടെ ഭാവി ഭാസുരമാകുമെന്നും ദുഃഖങ്ങള്‍ നീങ്ങുമെന്നും സ്‌കന്ദ പുരാണത്തില്‍ പറയുന്നു.
ALSO READ
ഗുണപാഠം
ഈ കഥയുടെ ഗുണപാഠം നിവേദ്യത്തിന്റെ മഹിമയാണ്. അതുകൊണ്ട് അത് തയാറാക്കുമ്പോള്‍ ദേവീസാന്നിദ്ധ്യം നിറയ്ക്കുന്നതിന് മന്ത്രങ്ങള്‍ ഉരുവിടണം. അങ്ങനെ തയ്യാറാക്കുന്ന പൊങ്കാല സമര്‍പ്പിക്കുന്നത് പൂര്‍ണ ഭക്തിയോടെ വേണം. പരസ്‌നേഹം വേണം, സഹായം ആവശ്യമെങ്കില്‍ ചെയ്തു കൊടുക്കണം. അഹങ്കാരവും കോപവും പാടില്ല. അന്യരുടെ നാശത്തിനുവേണ്ടി പ്രാര്‍ത്ഥിക്കരുത്. ഇതിനൊക്കെ വിരുദ്ധമായാല്‍ നിവേദ്യം എത്തിപ്പെടുന്നത് ഭൂത പ്രേത പിശാചുകള്‍ക്കായിരിക്കുമെന്ന് ഗുഹന്റെ കഥയിലൂടെ വ്യാസ മഹര്‍ഷി സമര്‍ത്ഥിക്കുന്നു.
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ
പൊങ്കാലയിടുമ്പോള്‍ ആവര്‍ത്തിച്ചു ചൊല്ലാവുന്ന ലളിതമായ മന്ത്രം ഇതാണ്.
നവദുർഗ്ഗാ സ്തോത്രം
കേൾക്കാം : നവദുർഗ്ഗാ സ്തോത്രം. ആലാപനം: മണക്കാട് ഗോപൻ.
ബി.കബീര്‍ദാസ്, ബാലരാമപുരം
മൊബൈൽ : 8281208519
Highlights
മന്ത്രം ചൊല്ലി സ്തുതിച്ചാല്‍ ദേദമേതുമില്ലാതെ
ആറ്റുകാൽ അമ്മ ആരെയും അനുഗ്രഹിക്കും
മന്ത്രങ്ങള്‍ ചൊല്ലുന്നവരുടെ കൂടെ നടന്ന
അഭീഷ്ടസിദ്ധി നൽകുന്നതു കൊണ്ടാണ് ദേവി അമ്മയാകുന്നത്
ദേവിക്ക് ശക്തിയെന്നും നാമമുണ്ട്; ശക്തിയെ ബഹുമാനിക്കാത്തവര്‍ നിന്ദ്യരാകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.