Sunday, March 1, 2026
Sunday, March 1, 2026
Home » ഈ ഞായറാഴ്ച പ്രദോഷമെടുത്താൽ  സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം

ഈ ഞായറാഴ്ച പ്രദോഷമെടുത്താൽ  സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം

0 comments


ഉമാ മഹേശ്വര പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷവ്രതം. തികഞ്ഞ ഭക്തിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച് ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. മാസത്തില്‍ 2 പക്ഷത്തിലും പ്രദോഷ ദിവസം വ്രതമെടുക്കണം. കുംഭ മാസത്തിലെ ശുക്ലപക്ഷ പ്രദോഷം 2026 മാർച്ച് 1 ഞായറാഴ്ചയാണ്. അന്ന് വൈകിട്ട് പ്രദോഷ പൂജാ വേളയിൽ ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകവും നടക്കും. അപ്പോൾ ധാര, കൂവളാർച്ചന, പിന്‍വിളക്ക് നടത്തുന്നത് പുണ്യപ്രദമാണ്. ഈ ദിവസം ശിവപാർവതി ഭജനം നടത്തിയാൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാം ഫലമാണ്. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതാനുഷ്ഠാനം.

വഴിപാടുകൾ കഴിപ്പിക്കണം
ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യയിലെ ശിവപൂജ, ക്ഷേത്രദർശനം എന്നിവ പുണ്യദായകമാണ്. അന്ന് വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷ ദിവസം ശിവഭജനവും ശിവക്ഷേത്രദർശനവും നടത്തി സ്വന്തം കഴിവിനൊത്ത വഴിപാടുകൾ കഴിപ്പിക്കുന്നത് നന്മയേകും. പ്രദോഷസന്ധ്യയിൽ ക്ഷേത്ര ദർശനം കഴിഞ്ഞില്ലെങ്കിലും ശിവഭജനം മുടക്കരുത്. സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് വളരെ വിശേഷമാണ്. കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവ അഷ്ടോത്തരം, ഉമാമഹേശ്വര സ്തോത്രം, ശങ്കരധ്യാനപ്രകാരം, ശിവസഹസ്രനാമം, ശിവാഷ്ടകം, പാർവതി വല്ലഭാഷ്ടകം, കാലഭൈരവാഷ്ടകം, ലിംഗാഷ്ടകം, ബില്വാഷ്ടകം, വിശ്വനാഥാഷ്ടകം, ദാരിദ്ര്യദഹന ശിവ സ്തോത്രം, എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു എന്നാണ് പ്രദോഷ വ്രത അനുഷ്ഠാനത്തെ പറ്റിയുള്ള ഒരു വിശ്വാസം .

സകല പാപങ്ങളും നശിക്കും
ഈ ദിനത്തില്‍ വിധിപൂർവം വ്രതമനുഷ്ഠിക്കുന്നതിലൂടെ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവർ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്ക്, ജലധാര എന്നിവ നടത്തുക.

പകൽ ഉപവാസിക്കാം
അന്ന് പകൽ മുഴുവൻ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവർ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ചോറു വാങ്ങി കഴിക്കണം.

ആദിത്യദോഷം മാറ്റാം
ആദിത്യദശയുള്ളവര്‍ പ്രദോഷ വ്രതമനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ട ദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടതാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഇത് നടന്നത്.

സ്വരക്ഷ മറന്ന് ലോകരക്ഷ
പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വാസുകി അതിനിടെ വിഷം ഛർദ്ദിക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി. ലോകത്തെ സര്‍വ്വ ചരാ ചരങ്ങളേയും നശിപ്പിക്കാന്‍ പോന്നതായിരുന്നു വിഷം. ഈ സങ്കടത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഭക്തർ ശിവനെ ധ്യാനിച്ചു. ലോകത്തിന്‍റെ നന്മ ആഗ്രഹിച്ച് ശിവന്‍ കൊടിയ കാളകൂട വിഷം ഏറ്റുവാങ്ങി ഭക്ഷിച്ചു. ആ വിഷം ഭഗാവാനെ പോലും നശിപ്പിക്കാൻ ശക്തിയുള്ളതാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി വിഷം ഭഗവാന്‍റെ ഉള്ളിൽ ഇറങ്ങാതിരിക്കാന്‍ കണ്ഠത്തിൽ ശക്തിയായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഠത്തില്‍ കട്ടയായി. അതോടെ കണ്ഠം നീല നിറമായി. ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മമാണ് സ്വരക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം.

ALSO READ

ആനന്ദ നൃത്തം
അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയുടെ ശിരസിൽ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നു എന്നാണ് വിശ്വാസം. ഈ ദിവസം ശിവ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കും. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊടിയവിഷം പോലും കുടിക്കാന്‍ പ്രേരിപ്പിച്ചത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം കേൾക്കാം :

Story Summary: Significance of Pradosha Vritham On March 1, 2026

Tags

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?