( 2026 മാർച്ച് 1 മുതൽ 7 വരെ )
കർക്കടകക്കൂറിൽ ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന
വിശേഷങ്ങൾ കുംഭമാസത്തിലെ ആയില്യം, ശുക്ലപക്ഷ പ്രദോഷം, ചോറ്റാനിക്കര മകം, ആറ്റുകാൽ പൊങ്കാല, ചന്ദ്രഗ്രഹണം, പൗർണ്ണമി, ഹോളി, ഗുരുവായൂരപ്പൻ്റെ ഉത്സവബലി ദർശനം എന്നിവയാണ്.
വാരം ആരംഭിക്കുന്ന മാർച്ച് 1 ഞായറാഴ്ചയാണ് ആയില്യവും ശുക്ലപക്ഷ പ്രദോഷവും. മാർച്ച് 2 നാണ് പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ. ചൊവ്വാഴ്ച രാവിലെ 9:45 ന് ആറ്റുകാൽ പൊങ്കാല അടുപ്പിൽ അഗ്നിപകരും. ഉച്ചതിരിഞ്ഞ് 2:15 നാണ് നിവേദ്യം. സ്ത്രീകളുടെ ശബരിമലയെന്ന് വിഖ്യാതമായ ഈ പുണ്യഭൂമിയിൽ 50 ലക്ഷത്തോളം ഭക്തർ അമ്മയ്ക്ക് ഇക്കുറി പൊങ്കാല സമർപ്പിക്കും എന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ചന്ദ്രഗ്രഹണം. ഇത് കേരളത്തിൽ ആചരണീയമാണ്. അന്ന് വൈകിട്ട് 3.10 മുതൽ വൈകിട്ട് 7 വരെ ക്ഷേത്രനടകൾ അടച്ചിടും. ചിങ്ങം രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. അന്ന് തന്നെയാണ് പൗർണ്ണമിയും. എന്നാൽ ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ആയതിനാലും തലേന്ന് ചന്ദ്രോദയത്തിൽ പൗർണ്ണമി ഉള്ളതുകൊണ്ടും പല ദേവീ ക്ഷേത്രങ്ങളിലും പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും തിങ്കളാഴ്ച നടക്കും. മാർച്ച് 4 ബുധനാഴ്ചയാണ് ഹോളി. ശനിയാഴ്ചയാണ്
ഗുരുവായൂർ ഉത്സവബലി ദർശനം. മാർച്ച് 7 ന് തുലാക്കൂറ് ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
തൊഴിൽപരമായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസ്സിൽ അധ്വാനത്തിന്റെ ഫലം ലഭിച്ചു തുടങ്ങും. വിദേശ ബന്ധങ്ങളിലൂടെ ബിസിനസ്സ് വിപുലീകരിക്കാനും വലിയ ലാഭം നേടാനും അവസരമുണ്ടാകും. ഭാഗ്യം കൂടെയുണ്ടാകുമെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം വേണം. ശുക്രൻ്റെ മീനരാശി പകർച്ച സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കാം. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്. യാത്രകളും ജോലിഭാരവും കാരണം മാനസികവും ശാരീരികവുമായ ക്ഷീണം അനുഭവപ്പെടാം. കുടുംബജീവിതം ശാന്തമായിരിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. പ്രണയബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കണം. വിദ്യാർത്ഥികൾക്ക് സമയം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും അനുകൂലമായ വാർത്തകൾ ലഭിച്ചേക്കാം. ഓം വചത്ഭുവേ നമഃ ജപിക്കുക. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തി അർച്ചന സമർപ്പിക്കുന്നത് ഉത്തമമാണ്.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും സഹപ്രവർത്തകരിൽ നിന്ന് പിന്തുണയും ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ കരാറിൽ ഒപ്പിടാൻ സമയം നല്ലതാണ്. സാമ്പത്തിക നില ഭദ്രമായിരിക്കും. മുമ്പ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. അപ്രതീക്ഷിതമായി കുറച്ച് പണം കൈവന്നേക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല. എങ്കിലും ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ ചെലുത്തുന്നത് ഊർജ്ജസ്വലത നിലനിർത്താനുതകും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശുഭവാർത്ത കേൾക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച ഫലം പ്രതീക്ഷിക്കാം. ഓം ശ്രീ നമഃ എന്നും 108 ഉരു ജപിക്കുക. പതിവായി ദേവി ക്ഷേത്രം ദർശനം നടത്തുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായുള്ള സംസാരത്തിൽ മിതത്വം പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ ബിസിനസ്സിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. വരുമാനം വർദ്ധിക്കുമെങ്കിലും അതിനനുസരിച്ചുള്ള ചെലവുകളും വന്നുചേരാം. ആഡംബര വസ്തുക്കൾക്കായി കൂടുതൽ പണം ചിലവഴിക്കരുത്. പഴയ കടബാധ്യതകൾ തീർക്കാൻ കഴിയും. ശുക്രന്റെ രാശിമാറ്റം പ്രണയത്തിലും കലാരംഗത്തും ഗുണകരമാകും. ശ്വാസ സംബന്ധമായ അസ്വസ്ഥതകളോ അലർജിയോ ഉള്ളവർ ജാഗ്രത പാലിക്കണം. കൃത്യമായ ഉറക്കവും ഭക്ഷണവും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കുടുംബത്തിൽ ചെറിയ അസ്വാരസ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെയുള്ള സമീപനം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് ബന്ധം ഊഷ്മളമാക്കും. ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങിക്കിട്ടും. ഓം ക്ലീം കൃഷ്ണായ നമഃ എന്നും ജപിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസിമാല സമർപ്പിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും സഹപ്രവർത്തകരിൽ നിന്ന് ചെറിയ മത്സരം നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. ഇൻഷുറൻസ് പഴയ നിക്ഷേപങ്ങൾ വഴി ധനലാഭത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും, വീടുപണിയോ അറ്റകുറ്റപ്പണികളോ ഉള്ളവർക്ക് അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം. മാനസികമായ പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാതാവിൽ നിന്നോ മാതൃതുല്യരായ വ്യക്തികളിൽ നിന്നോ സഹായ സഹകരണം ലഭിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും. ഗവേഷണ രംഗത്തുള്ളവർക്കും ശാസ്ത്ര വിദ്യാർത്ഥികൾക്കും നല്ല സമയമാണ് ചന്ദ്രഗ്രഹണം ഈ കൂറുകാർക്ക് മാനസികമായ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ഓം ഗം ഗണപതേ നമഃ ജപിക്കുക. വെള്ളിയാഴ്ച ഗണപതി ഹോമം നടത്തുന്നത് നല്ലത്.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ ചില വെല്ലുവിളികൾ നേരിടും വ്യക്തിപ്രഭാവം പ്രകടിപ്പിക്കും. തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നേതൃസ്ഥാനത്തേക്ക് ഉയരും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ പറ്റിയ സമയമാണ്. സർക്കാർ ഇടപാടുകളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും വരവിനേക്കാൾ കൂടുതൽ ചിലവ് വരാൻ സാധ്യതയുണ്ട്. പിതൃസ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നിഗൂഢമായ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ഉദര രോഗങ്ങൾക്കും നേത്ര സംബന്ധമായ ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനമുണ്ടാകും. മുതിർന്നവരിൽ നിന്നും മാർഗ്ഗനിർദ്ദേശം ലഭിക്കും. മക്കളുടെ കാര്യത്തിൽ സന്തോഷിക്കാൻ വകയുണ്ടാകും. പ്രണയബന്ധത്തിൽ അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നവർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിൽ വിജയിക്കാൻ കഠിനാധ്വാനം ആവശ്യമാണ്. പതിവായി ലളിതാ സഹസ്രനാമം ജപിക്കുക. ദേവീ ക്ഷേത്രം ദർശനം നടത്തി പ്രാർത്ഥിക്കുക
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2) ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ പല പ്രതിസന്ധികളും മറികടക്കാനാകും. ജോലിയിൽ കൃത്യനിഷ്ഠ പാലിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. ബിസിനസ്സിൽ വിദേശ ബന്ധങ്ങളിലൂടെ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികമായി ഗുണകരമായ സമയമാണ്. അനാവശ്യ ചെലവുകൾ കുറയും. വായ്പകൾ ലഭിക്കാനോ കുടിശ്ശികയായിരുന്ന തുക കൈവരാനോ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടണം..ജീവിത സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. എന്നാൽ പങ്കാളിത്ത ബിസിനസ്സുകളിലും ഉടമ്പടികളിലും ജാഗ്രത പാലിക്കുക. ചർമ്മ സംബന്ധമായ അസ്വസ്ഥതകൾ അവഗണിക്കരുത്. മാനസികാരോഗ്യം മെച്ചപ്പെടുത്തണം. ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിൽക്കും. ജീവിതപങ്കാളിയുടെ പിന്തുണ പല കാര്യങ്ങളിലും വലിയ ആശ്വാസമാകും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം. ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ആദിത്യ അഷ്ടോത്തരം എന്നും ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ അനുകൂലമായ സമയം. ശുക്രൻ്റെ രാശി മാറ്റം ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവരും. സർഗ്ഗാത്മകതയും കഴിവും അംഗീകരിക്കപ്പെടും. കല, മാധ്യമം, ഫാഷൻ രംഗങ്ങളിൽ മികച്ച അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ വിപണികൾ കണ്ടെത്താനാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങാനും വീട് അലങ്കരിക്കാനും പണം ചിലവഴിക്കും. നിക്ഷേപങ്ങളിൽ നിന്ന് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചമാകും. നടുവേദന, വൃക്കരോഗം ഉള്ളവർ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. പ്രണയം വിവാഹത്തിലേക്ക് നീങ്ങാൻ അനുകൂലം. കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകാൻ അവസരമുണ്ടാകും. സാമൂഹത്തിൽ അന്തസ്സ് വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയിക്കാനാകും. ശത്രുക്കളെ സൂക്ഷിക്കണം. കടബാധ്യത വരുത്തരുത്. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും ജപിക്കുക. ദേവീക്ഷേത്രത്തിൽ ദർശനം അർച്ചന നടത്തുന്നത് തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർദ്ധിക്കും. കഠിനാദ്ധ്വാനത്തിലൂടെ തടസ്സങ്ങൾ നീക്കും. തൊഴിലിൽ ഉത്തരവാദിത്തം വർദ്ധിക്കും. മേലധികാരികളിൽ പ്രശംസിക്കും. റിയൽ എസ്റ്റേറ്റ് രംഗത്ത് മികച്ച ലാഭം പ്രതീക്ഷിക്കാം. നിർമ്മാണ മേഖലകളിലുള്ളവർക്ക് നല്ല സമയമാണ്. സാമ്പത്തിക നില ഭദ്രമായിരിക്കും. കുടുംബ സ്വത്തിലൂടെയോ ധനലാഭസാധ്യത കാണുന്നു. റിസ്കുള്ള നിക്ഷേപങ്ങൾ ഒഴിവാക്കണം. രക്താതിസമ്മർദ്ദം ഉദര രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. ജീവിതപങ്കാളിയുമായി നിലനിന്ന അഭിപ്രായവ്യത്യാസം പരിഹരിക്കും. മത്സരപരീക്ഷയിൽ വിജയിക്കാനാകും. ഓം നമഃ ശിവായ എന്നും ജപിക്കാം
തിങ്കളാഴ്ച ശിവക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി കഴിപ്പിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യവും പുരോഗതിയും ഒത്തുചേരുന്ന സമയമാണ്. തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കും. കർമ്മരംഗത്ത് അംഗീകാരങ്ങൾ തേടിയെത്തും. ദൂരയാത്ര ബിസിനസ്സിൽ ഗുണം ചെയ്യും. വിദേശത്ത് നിന്നും അനുകൂലമായ വാർത്തകൾ ലഭിക്കും. ധനസ്ഥിതി മികച്ചതായിരിക്കും. പല വഴികളിൽ ഒന്നിലധികം വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത കുറയും. ഉപാസനാ സംബന്ധമായ കാര്യങ്ങൾക്കും തീർത്ഥാടനത്തിനും പണം ചിലവഴിച്ചേക്കും. വാഹനമോ വീടോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വീട്ടിൽ ഐക്യവും സമാധാനവും ഉണ്ടാകും. മുതിർന്നവരുടെ അനുഗ്രഹവും പിന്തുണയും ലഭിക്കും. മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും. പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും. ഓം നമോ നാരായണായ ജപിക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പാൽപ്പായസം വഴിപാടായി കഴിപ്പിക്കുന്നത് തടസ്സം നീക്കും.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. പക്വമായ ഇടപെടലുകൾ ഗുണം ചെയ്യും. കഠിനാധ്വാനം ചെയ്യേണ്ടി വരും.നിർമ്മാണമേഖലയിലും സാങ്കേതിക രംഗത്തുമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തും. ധനസ്ഥിതി ഭദ്രമായിരിക്കും. ചെലവുകൾ വർദ്ധിക്കും. കുടുംബസ്വത്ത് തർക്കങ്ങൾ അനുകൂലമായി കലാശിക്കും. നടുവേദനയും മുട്ട് വേദനയും അവഗണിക്കരുത്. ജോലിഭാരം കാരണം മാനസിക സമ്മർദ്ദം ഉണ്ടാകാം. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ജീവിതപങ്കാളിയുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കുന്നത് ഗുണം ചെയ്യും. ആശയവിനിമയ ശേഷി വർദ്ധിക്കും. ദൂരയാത്രകളിൽ കരുതൽ ആവശ്യമാണ്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ലഭിക്കും. ഓം ഹം ഹനുമതേ നമഃ ജപിക്കുക. ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുന്നത് ശനിദോഷ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പുതിയ തുടക്കങ്ങളുടെ സമയമാണ്. വാരമായിരിക്കും. സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. തൊഴിൽപരമായി പ്രധാന തീരുമാനങ്ങൾ എടുക്കും. സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സിൽ പുതിയ പങ്കാളികളെ ലഭിക്കാനിടയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും. അപ്രതീക്ഷിതമായി കുറച്ച് പണം കൈവശം വരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. കുടുംബാംഗങ്ങൾക്കായി പണം ചിലവഴിക്കേണ്ടി വരും.
കണ്ണുകൾക്കും കാലുകൾക്കുമുള്ള അസ്വസ്ഥതകൾ ശ്രദ്ധിക്കണം. ദഹനപ്രശ്നങ്ങൾ വരാതെ നോക്കണം. കുടുംബജീവിതം സന്തോഷം പകരും. ജീവിതപങ്കാളിയുമായി ചേർന്ന് പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ വീണ്ടും അടുക്കാനും വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്. പരീക്ഷകളിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം ലഭിക്കും. സംസാരത്തിൽ മാധുര്യവും സാമ്പത്തിക ലാഭവും നൽകും. ലഹരിവസ്തുക്കളും, അപകടസാധ്യതയുള്ള യാത്രകളും ഒഴിവാക്കണം.ഓം നമോ നാരായണായ ജപിക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പാൽപ്പായസം വഴിപാടായി കഴിപ്പിക്കുന്നത് തടസ്സം നീക്കും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ രാശിയിൽ നടക്കുന്ന ഗ്രഹമാറ്റങ്ങൾ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കർമ്മരംഗത്ത് മികച്ച മുന്നേറ്റമുണ്ടാകും. വ്യക്തിപ്രഭാവം വർദ്ധിപ്പിക്കും. കല, സിനിമ, സാഹിത്യം എന്നി രംഗത്ത് വൻ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ പദ്ധതികൾ നടപ്പാക്കും. ധനപരമായി സമയം അനുകൂലമാണ്. പല വഴിയിൽ പണം പ്രതീക്ഷിക്കാം. എങ്കിലും ആഡംബരം നിയന്ത്രിക്കണം. കടം നൽകിയ പണം തിരികെ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. അനാവശ്യ ചിന്തകളിൽ നിന്ന് വിട്ടു നിൽക്കണം. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. വിവാഹം തീരുമാനിക്കാൻ അനുകൂല സമയമാണ്. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും. വിദ്യാർത്ഥികൾക്ക് ശുഭവാർത്തകൾ പ്രതീക്ഷിക്കാം. പങ്കാളിത്ത ബിസിനസ്സിലും അടുത്ത ബന്ധങ്ങളിലും മാറ്റങ്ങൾ വരും. തർക്കം ഒഴിവാക്കുന്നത് നന്നായിരിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ് ത്രേ ജപിക്കുക.
ശനിയാഴ്ച ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി നീരാജനം സമർപ്പിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: +91 9847475559
Story Summary: Astrological predictions for March 1 to 7
Highlights
തിങ്കളാഴ്ച പകൽ 2 മണി മുതൽ
രാത്രി 9 വരെയാണ് ചോറ്റാനിക്കര മകം തൊഴൽ
ആറ്റുകാൽ പൊങ്കാലയ്ക്ക് ചൊവ്വാഴ്ച
രാവിലെ 9:45 ന് തുടക്കം; നിവേദ്യം ഉച്ചയ്ക്ക് 2:15 ന്
ചന്ദ്രഗ്രഹണം കാരണം ചൊവ്വാഴ്ച പകൽ
3.10 മുതൽ വൈകിട്ട് 7 വരെ ക്ഷേത്രനടകൾ
അടച്ചിടും.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.