എല്ലാവരുടെയും അമ്മ പെറ്റമ്മയാണ്. എന്നാൽ എല്ലാ അമ്മമാരെയും കുഞ്ഞുങ്ങളെയും എല്ലാ ജീവജാലങ്ങളെയും പോറ്റുന്ന ഒരമ്മയുണ്ട്. ശ്രീ പരമേശ്വരിയായ സാക്ഷാൽ ആദിപരാശക്തി. അതാണ് ചോറ്റാനിക്കര ഭഗവതിയും ആറ്റുകാൽ അമ്മയും എല്ലാം. മനുഷ്യ മനസ്സുകളെ ആശ്രയത്തിൻ്റെയും അഭയത്തിൻ്റെയും ഭക്തിയുടെയും സ്വര്‍ഗ്ഗത്തിലേക്ക് പിടിച്ചുയര്‍ത്തുന്ന ജഗദീശ്വരി ; എല്ലാ അമ്മമാരുടെയും അമ്മയായ ദേവിയുടെ ഉല്പത്തി വ്യക്തമാക്കുന്ന വ്യാസ വിരചിതമായ ഒരു കഥ വരാഹ മഹാപുരാണത്തിലുണ്ട്. ആറ്റുകാല്‍ പൊങ്കാല ഇടാൻ തയാറെടുക്കുന്നവരും മഹാമായയായ ചോറ്റാനിക്കര മകം തൊഴുന്നവരുമെല്ലാം അമ്മയുടെ ഉല്പത്തിയെക്കുറിച്ച് അറിഞ്ഞിരിക്കണം.
സിന്ധുദീപന്‍ എന്ന പേരില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ നിഗ്രഹിക്കുന്നതിന് ഒരു മകനുണ്ടാകാന്‍ തപസുചെയ്തു. സിന്ധുദീപന് ഇന്ദ്രനോട് വിരോധം തോന്നാന്‍ കാരണമുണ്ട്. മുജ്ജന്മത്തില്‍ സിന്ധുദീപന്‍ ത്വഷ്ടാവിന്റെ പുത്രനായിരുന്നു. ആയുധങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാൻ കഴിയാത്ത കരുത്തനായിരുന്നു. എന്നാല്‍ നദിയില്‍ കുളിക്കാനിറങ്ങിയ അദ്ദേഹം
ഇന്ദ്രന്റെ ചതിപ്രയോഗത്താൽ ശക്തമായ ഒഴുക്കില്‍ കൊല്ലപ്പെട്ടു. പിന്നീട് സിന്ധുദ്വീപില്‍ ബ്രഹ്മകുലത്തില്‍ പുനര്‍ജനിച്ച അദ്ദേഹം ഇന്ദ്രനോട് പകരം വീട്ടാനാണ് തപസിരുന്നത്.
ഒരു ദിവസം വേത്രവതി നദി ഒരു സുന്ദരിയുടെ രൂപം സ്വീകരിച്ച് രാജാവ് തപസു ചെയ്തിരുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് എത്തി. അവളെ കണ്ടപ്പോള്‍ നീ ആരാണ് ? സത്യം പറയൂ എന്ന് സിന്ധുദ്വീപന്‍ ആരാഞ്ഞു.
ഞാന്‍ ജലദേവനായ വരുണന്റെ ഭാര്യയാണ്. വേത്രവതി എന്നാണ് പേര്. അങ്ങയില്‍ അനുരാഗം തോന്നി ഇവിടെ വന്നതാണ്. ദയവായി അങ്ങയെ മോഹിക്കുന്ന എന്നെ പ്രാപിച്ചാലും. സുന്ദരിയുടെ ആഗ്രഹത്തിനു വഴങ്ങിയ സിന്ധുദ്വീപന് സൂര്യതേജസുളള ഒരു പുത്രനെ ലഭിച്ചു. വേത്രവതിയുടെ പുത്രനായതുകൊണ്ട് അവനു വേത്രാസുരന്‍ എന്ന് പേരിട്ടു. യുവാവായപ്പോള്‍ വേത്രാസുരന്‍ തേജസുകൊണ്ടും കരുത്തുകൊണ്ടും ആരെയും വെല്ലാന്‍ പോന്നവനായി. ചുരുങ്ങിയ കാലംകൊണ്ട് അവന്‍ ഭൂലോകം കീഴടക്കി. തുടര്‍ന്ന് അവന്‍ ദേവന്‍മാരുടെ സുമേരു പര്‍വ്വതത്തിലെത്തി. അവിടെ ദേവേന്ദ്രനെയും അഗ്നിയെയും യമനെയും പരാജയപ്പെടുത്തി. പരാജിതരായ ഇവര്‍ ദുര്‍ഗ്ഗയെയും
ദുര്‍ഗ്ഗ വരുണനെയും ശരണം പ്രാപിച്ചു. വരുണന്‍ വായുഭഗവാനെ ശരണം പ്രാപിച്ചു. ഒടുവില്‍ എല്ലാപേരുംകൂടി ധനപതിയുടെ അടുക്കല്‍ എത്തി. അപ്പോഴും ഇവരെ അസുരന്‍മാര്‍ പിന്‍തുടര്‍ന്നു.
വേത്രാസുരനെ വധിക്കാന്‍ തനിക്കാവില്ലെന്നു മനസിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ ദേവന്‍മാരെ ബ്രഹ്മലോകത്തേക്ക് ആനയിച്ചു. അവര്‍ ബ്രഹ്മാവിനെ സാഷ്ടാംഗം വണങ്ങി. തല്‍സമയം ബ്രഹ്മദേവന്‍ വിഷ്ണുപാദങ്ങളില്‍ നിന്ന് ഉദ്ഭവിച്ച ജലത്തില്‍ കഴുത്തോളം മുങ്ങിനിന്ന് ഗായത്രി മന്ത്രം ഉരുവിടുകയായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ അസുരപീഡിതരായ ഞങ്ങളെ രക്ഷിക്കണേ എന്ന് ദേവന്‍മാര്‍ പ്രാര്‍ത്ഥിച്ചുനിന്നു. ഇത് മഹാദേവന്റെ മായ അല്ലാതെ മറ്റൊന്നല്ല എന്ന് ബ്രഹ്മാവിനു മനസിലായി. തല്‍ക്ഷണം പ്രജാപതിയുടെ മുന്നില്‍ അയോനിജയായി തൂവെളള വസ്ത്രം ധരിച്ച് ഒരു കന്യക പ്രത്യക്ഷപ്പെട്ടു. തലയില്‍ കിരീടവും മേനി നിറയെ ആഭരണങ്ങളും ഉണ്ടായിരുന്ന ആ കന്യകയ്ക്ക് പ്രകാശിക്കുന്ന ശരീരകാന്തിയായിരുന്നു. അവൾ എട്ട് കൈകളില്‍ ചക്രം, ശംഖ്, ഗദ, പാശം, വാള്‍, പരിച, വില്ല് എന്നീ ആയുധങ്ങള്‍ വഹിച്ചിരുന്നു. അവള്‍ സിംഹ വാഹനത്തിലേറി അസുരസേനയുമായി യുദ്ധം തുടങ്ങി. യുദ്ധത്തിനൊടുവില്‍ ദേവി വേത്രാസുരനെ നിഗ്രഹിച്ചു.
ദേവന്‍മാര്‍ സന്തുഷ്ടരായി. ഇതുകണ്ട് സംതൃപ്തനായ ഭഗവാന്‍ മഹേശ്വരന്‍ ദേവിയെ സ്തുതിച്ചു:
‘ദേവീ ഗായത്രി, മഹാമായേ, മഹാപ്രഭേ, മഹാദേവീ, മഹാഭാഗേ മഹോല്‍സവേ, മഹാ സത്വേ ജയിച്ചാലും. ദിവ്യഗന്ധലേപനം പൂശിയ അമൂല്യാഭരണങ്ങള്‍ അണിഞ്ഞ ദേവീ, ദേവമാതാവേ, അക്ഷരരൂപിണീ, മഹേശ്വരീ നിനക്കു നമസ്‌കാരം. ത്രിലോകത്തിലും ത്രിതത്ത്വത്തിലും അഗ്നിത്രയത്തിലും സ്ഥിതിചെയ്യുന്നവളേ ത്രിശൂലം ധരിക്കുന്നവളേ, ത്രികാലങ്ങളേയും നേരില്‍ കാണുന്നവളേ, ഭയാനക മുഖത്തോടുകൂടിയവളേ, ബ്രഹ്മനന്ദിനീ, ദേവീ നിനക്കു നമസ്‌കാരം. പത്മലോചനേ, മഹാമായേ, അമൃതവാണിനീ, സര്‍വ വ്യാപിനീ, സര്‍വഭൂതങ്ങള്‍ക്കും അധിപയായവളേ അര്‍ച്ചകന് ശുഭത്തെ ചെയ്യുന്നവളേ, അംബികേ, പൂര്‍ണസ്വരൂപിണീ, പൂര്‍ണചന്ദ്രമുഖീ, വശ്യശരീര ഭംഗിയുളള ഭഗവാനില്‍ ജനിച്ചവളേ, മഹാവിദ്യാരൂപിണീ, സര്‍വജ്ഞേ, ഭീകരനെ വധിച്ചവളേ, മഹാതേജസ്വിനീ, ദു:ഖരഹിതേ, കിരാതരൂപിണീ, മഹാഭാഗേ, നീതന്നെ നീതി, നീതന്നെ വാക്ക്, നീതന്നെ അക്ഷരം, നീതന്നെ ബുദ്ധി, നീതന്നെ ഐശ്വര്യം, നീതന്നെ ഓങ്കാരം, സര്‍വതിനും ഹിതകാരിയായ ദേവീ പരമേശ്വരീ നിനക്കു നമസ്‌കാരം’ – ഇങ്ങനെ ദിവ്യശക്തിയുളള വാക്കുകളുടെ പൂക്കള്‍കൊണ്ട് ദേവിയെ ശ്രീപരമേശ്വരന്‍ സ്തുതിച്ചു.
ഈ സമയം ശ്രീപരമേശ്വരിയായ ദേവി ജയിക്കട്ടേ എന്ന് ദേവന്‍മാര്‍ ഒന്നടങ്കം പറഞ്ഞു കൊണ്ടിരുന്നു. ബ്രഹ്മദേവന്‍ ജലത്തില്‍ നിന്ന് കരകയറി ദേവിയെ ദര്‍ശിച്ചു. തുടര്‍ന്ന് ദേവിയോട് ഹിമാലയത്തില്‍ പോകാനും, ദേവന്‍മാരോട് ഹിമാലയത്തില്‍ ചെന്ന് ദേവിയെ അര്‍ച്ചന ചെയ്തു സന്തുഷ്ടയാക്കാനും ആജ്ഞാപിച്ചു. വ്രതനിഷ്ടയോടെ നവമി തിഥിയില്‍ മന്ത്രങ്ങള്‍ ചൊല്ലി അര്‍ച്ചന ചെയ്താല്‍ ദേവി സര്‍വലോകര്‍ക്കും വരം നല്‍കുമെന്നും, നവമി തിഥിയില്‍ പൊടിച്ച ധാന്യം ഭക്ഷിച്ചുകൊണ്ട് ദേവിയെ അര്‍ച്ചന ചെയ്തു പൂജിക്കുന്നവര്‍ക്ക് അഭീഷ്ടസിദ്ധി നിശ്ചയമെന്നും ഭഗവാന്‍കല്പിച്ചു. തുടര്‍ന്ന് ദേവിയോട് മഹിഷാസുര വധംകൂടി നിര്‍വഹിക്കാന്‍ ബ്രഹ്മദേവന്‍ അരുളിചെയ്തു.
ALSO READ
സന്തുഷ്ടരായ ദേവന്‍മാര്‍ ശ്രീപരമേശ്വരനേയും ദേവിയേയും ഹിമാലയ സാനുവരെ അനുഗമിച്ച് അര്‍ച്ചന നടത്തി കൃതകൃത്യരായി മടങ്ങി. ദേവന്‍മാരാല്‍ സന്തുഷ്ടയാക്കപ്പെട്ട ദേവിയെ നന്ദ എന്ന പേരിലും അറിയപ്പെടുന്നു. ദേവിയുടെ ഈ ജന്മ വൃത്താന്തം കേട്ടാലും പഠിച്ചാലും പാപമുക്തിയും മോക്ഷവും ഫലം.
ബി കബീര്‍ദാസ് , ബാലരാമപുരം
മൊബൈൽ : 8281208519
Story Summary: Significance of Devi Sri Parameshwari
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.