Wednesday, December 10, 2025
Wednesday, December 10, 2025
Home » വെളുപ്പിന് 2 മണിക്ക് ഉറക്കമുണരുന്നതിരുവാർപ്പിലെ കണ്ണനെ തൊഴുതാൽ

വെളുപ്പിന് 2 മണിക്ക് ഉറക്കമുണരുന്ന
തിരുവാർപ്പിലെ കണ്ണനെ തൊഴുതാൽ

by NeramAdmin
0 comments

മംഗള ഗൗരി
ഒരുപാടൊരുപാട് പ്രത്യേകതകൾ കാരണം പ്രസിദ്ധമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. രാജ്യത്ത് ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം; ഭഗവാന് നിത്യവും ആദ്യം നടത്തുന്ന വിശിഷ്ട നിവേദ്യമായ തിരുവാർപ്പിൽ ഉഷ ; നിത്യവും ഏഴുനേരം നിവേദ്യം; ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം; എന്നും അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രം… ഇങ്ങനെ ധാരാളം സവിശേഷതകൾ ഈ ക്ഷേത്രത്തിനുണ്ട്.

മൂന്നടി ഉയരം, ചതുർഭുജം
കോട്ടയം നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ മാറി മീനച്ചിലാറിന്റെ തീരത്താണ് എന്നും വെളുപ്പിന് 2 മണിക്ക് നടതുറക്കുന്ന തിരുവാർപ്പിൽ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവുമാദ്യം ശ്രീകോവിൽ നട തുറക്കുന്ന ക്ഷേത്രത്തിൽ മൂന്നടിയോളം ഉയരമുള്ള നാലു കൈകളുള്ള ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം ഒരു ഉരുളിയിൽ – വാർപ്പിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. 1500 വർഷങ്ങളോളം പഴക്കമുള്ള ക്ഷേത്രത്തിന് തിരുവാർപ്പ് എന്ന പേര് വന്നത് അത് കൊണ്ടാണ്. ദേശത്തിനും അത് തന്നെയാണ് പേര്.

കംസവധം കഴിഞ്ഞ്
വെണ്ണക്കണ്ണനും ഉണ്ണിക്കണ്ണനുമല്ല കംസവധം കഴിഞ്ഞ് അടങ്ങാത്ത ദേഷ്യവും വിശപ്പുമുള്ള ശ്രീകൃഷ്ണ സങ്കല്പത്തിലാണ് പ്രതിഷ്ഠ. എല്ലാ ദിവസവും വെളുപ്പിന് 3 മണിയോയാണ് പ്രത്യേകം തയാറാക്കിയ ഉഷപായസ നിവേദ്യവും ഭഗവാന് സമർപ്പിക്കുക. തിരുവാർപ്പിൽ വാഴുന്ന ഭഗവാന് വിശപ്പ് ഒട്ടും തന്നെ സഹിക്കാനാകില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറന്ന് ഉഷ നിവേദ്യം നടത്തുന്നത്. തിരുവാർപ്പിലെ കണ്ണനെ തൊഴുതാൽ ശത്രുദോഷങ്ങൾ ഒഴിഞ്ഞു പോകുമെന്നാണ്
വിശ്വാസം.

സമയനിഷ്ഠ പ്രധാനം
ആചാരങ്ങളിൽ ഏറെ കൃത്യനിഷ്ഠ പുലർത്തുന്ന ക്ഷേത്രമാണിത്. വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. മുൻപ് ഇവിടുത്തെ പൂജാരിയെ സ്ഥാനം ഏല്പിക്കുമ്പോൾ കയ്യിൽ ശ്രീകോവിലിന്റെ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നു. എന്തെങ്കിലും കാരണവശാൽ താക്കോൽ കൊണ്ട് നടതുറക്കാൻ കഴിയാതെ വന്നാൽ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടക്കാനാണ് ഇത് നൽകിയിരുന്നത്. അത്രയ്ക്ക് സമയനിഷ്ഠ പാലിക്കണം. ശ്രീകോവിൽ തുറന്ന ശേഷം നിർമ്മാല്യം മാറ്റി അഭിഷേകം നടത്തണം. ഉടൻ നിവേദ്യവും നടത്തണം. തിരുവാർപ്പിൽ ഉഷ എന്ന പേരിൽ അറിയപ്പെടുന്ന നിവേദ്യം അമ്പലപ്പുഴ പാൽപായസം പോലെ പ്രസിദ്ധമാണ്.

തിരുവാർപ്പിൽ ഉഷ
അഞ്ചുനാഴി അരി, അമ്പതുപലം ശർക്കര, അഞ്ചു തുടം നെയ്, അഞ്ചു കദളിപ്പഴം, അഞ്ചു വരണ്ട നാളികേരം, എന്നിവ ചേർത്താണ് തിരുവാർപ്പിൽ ഉഷ ഉണ്ടാക്കുന്നത്. വളരെ സ്വാദിഷ്ടമായ ഈ കൂട്ടു പായസം ഒരു മാസം വരെ കേടുവരാതിരിക്കും. വെളുപ്പിന് അഭിഷേകം കഴിഞ്ഞ് വിഗ്രഹത്തിന്റെ മുടി മാത്രം തോർത്തി ശേഷം ഉഷ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ. ഭഗവാന്റെ ഉടൽ തോർത്തുന്നതും മറ്റും പിന്നീടാണ്. അല്ലെങ്കിൽ കടുത്ത വിശപ്പുമൂലം ഭഗവാന്റെ കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു.

ഏഴു നേരം നിവേദ്യം
ദിവസം ഏഴു നേരം നിവേദ്യം ഇവിടെയുണ്ട്. കൂടാതെ സൂര്യഗ്രഹണ സമയത്തും ചന്ദ്ര ഗ്രഹണ സമയത്തും നട അടച്ചിടാതെ പൂജ നടത്തുന്ന ഏക ക്ഷേത്രം തിരുവാർപ്പാണ്. ഇന്ദ്രൻ വന്നാലും ചന്ദ്രൻ വന്നാലും പൂജകൾ മുടക്കമില്ലാതെ നടക്കുന്ന ഇവിടെ ഗ്രഹണ സമയത്ത് നടക്കുന്ന വിശേഷാൽ പൂജയ്ക്ക് ഗ്രഹണ പൂജ എന്നാണ് പേര്.

ALSO READ

താമരപ്പൂ പുഷ്പാഞ്ജലി
ഒരു ദിവസത്തെ പൂജയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സ്വാമിയാർ മഠത്തിൽ നേരത്തേ തന്നെ കരുതി വച്ചിരിക്കണം എന്ന് നിഷ്ഠയുള്ള ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ടുള്ള പുഷ്പാഞ്ജലി മുടക്കാൻ പാടില്ല. എല്ലാ മാസവും തിരുവാർപ്പിൽ സംക്രമം തൊഴുന്നത് അതിവിശിഷ്ടമാണ്. അത്താഴ പൂജ കഴിഞ്ഞ് ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് മാത്രമാണ്. തിരുവാർപ്പിൽ ഉഷ കഴിഞ്ഞ് കൃഷ്ണസ്വാമി അമ്പലപ്പുഴ പോയി ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം കഴിക്കും. വൈകിട്ട് അമൃതേത്ത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലാണത്രേ. അടയും ഉണ്ണിയപ്പവും അവൽ നനച്ചതുമെല്ലാം അവിടെ നിന്നും കഴിച്ച് സംതൃപ്തനാകും.

  • മംഗള ഗൗരി
    Story Summary: Thiruvarppu Sree Krishna Temple: The temple that opens first in India and other Specialities


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?