Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാസൻ മഹാഭാരതം രചിച്ച, പാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയ മനയിലേക്ക് ഒരു തീർത്ഥയാത്ര

വ്യാസൻ മഹാഭാരതം രചിച്ച, പാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയ മനയിലേക്ക് ഒരു തീർത്ഥയാത്ര

by NeramAdmin
0 comments

അശോകൻ ഇറവങ്കര

ഭാരത സംസ്കൃതിയുടെ കളിത്തൊട്ടിലാണ് ഹിമാലയം. വാഗ്ദേവതയെപ്പോലും മൂകയാക്കും സൗന്ദര്യ പ്രഹർഷം. ശിലാ ജാഡ്യത്തെ പിളർക്കുന്ന തപോവീര്യമാണിവിടം. മന്വന്തരങ്ങൾക്കു മുൻപേ ഇവിടുത്തെ തപസ്ഥാനങ്ങളിൽ നിന്നും, യാഗാശ്രമങ്ങളിൽനിന്നും ഉയിർകൊണ്ട സംസ്കൃതിയാണ് സനാതനം. ആസേതുഹിമാചലം അതിന്റെ പൈതൃകം പേറുന്നവരെ, ഹിമാലയം മാടി വിളിച്ചു കൊണ്ടേയിരിക്കും. അഞ്ചിന്ദ്രിയങ്ങളെയും ആറാമിന്ദ്രിയമായ മനസ്സിനെയും, സന്തർപ്പണം ചെയ്യാൻ പാകത്തിന് എപ്പോഴും ഒരുങ്ങി നിൽക്കുകയാണ് ഈ ദേവഭൂമി.

ഇവിടെയൊരു ഗ്രാമമുണ്ട്. അതിന്റെ പുരാതന നാമം മണിപത്രപുരി എന്നായിരുന്നു. ഇപ്പോൾ അതു “മന” എന്ന പേരിൽ അറിയപ്പെടുന്നു. ദക്ഷിണ ടിബറ്റിന്റെ അതിർത്തിയിലുള്ള ഇന്ത്യയിലെ അവസാന ഗ്രാമമാണ് മന. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പുരാണ പ്രസിദ്ധമായ സരസ്വതീനദിയുടെ തീരത്താണ് ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബദരീനാഥിൽ നിന്നും മൂന്നു കിലോമീറ്റർ അകലമേയുള്ളു ഇവിടേക്ക്. മിത്തുകളും നിഗൂഢതകളും നിറഞ്ഞ, ദേവഭൂമിയെന്നു ഖ്യാതി നേടിയ ഉത്തരാഖണ്ഡിൽ, സമുദ്ര നിരപ്പിൽ നിന്നും 3219 മീറ്റർ ഉയരത്തിലാണ് ബദരീനാഥനോടു ചേർന്ന് മനയുടെ സ്ഥാനം.

ക്ഷേത്ര ഗ്രാമമായ മനയിലേക്ക് സ്വാഗതം 

വ്യാസഗുഹ, ഗണേശ ഗുഹ, ഭീം പുൽ, തപ്തകുണ്ഡ്, തുടങ്ങി വ്യാസനേയും കാളിദാസനെയുമെല്ലാം തഴുകി ഉറക്കിയുണർത്തിയ, ഒട്ടേറെ പുണ്യ തീർത്ഥങ്ങൾകൊണ്ടു പവിത്രമായതാണു മന. ആത്മപ്രവാഹിനിയായ സരസ്വതിനദി ഉത്ഭവിക്കുന്നത് ഇവിടെയാണ്. നിതാന്ത സ്വച്ഛതയും, ആന്തരികമായ ശാന്തതയും, നിറഞ്ഞു നിൽക്കുന്ന ഭാരതത്തിന്റെ ഏറ്റവും പവിത്രമായ പുണ്യദേശങ്ങളിൽ ഒന്നാണിവിടം. 2019-ൽ സ്വച്ഛ് ഭാരത് മിഷന്റെ ഏറ്റവും വൃത്തിയുള്ള ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രമായും ടൂറിസം വില്ലേജും ഹെറിറ്റേജ് വില്ലേജുമായും മന മാറിയിട്ടുണ്ട്. ഹിമാലയം, വിശുദ്ധമായ രാത്രികളിൽ മഞ്ഞിന്റെ കമ്പളം കൊണ്ടു മനയെ പൊതിഞ്ഞു സൂക്ഷിച്ചു പോരുന്നു. മനയുടെ അതിമനോഹരമായ സൗന്ദര്യവും, ഇവിടുത്തെ ശുദ്ധമായ വായുവുമെല്ലാം നമ്മെ ആവാച്യമായൊരു നിർവൃതിയിലേക്കു നയിക്കുന്നു. മംഗോളിയൻ ഗോത്ര പരമ്പരയിൽപ്പെട്ട ഭോട്ടിയാസുകളാണ് ഇവിടുത്തെ ഗ്രാമവാസികൾ. മധുരമായ വാക്കുകൾ കൊണ്ടും മനം നിറയ്ക്കുന്ന പെരുമാറ്റം കൊണ്ടും, മനയിലെ ഗ്രാമവാസികളും ആ ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നു. ചിത്രപ്പണികൾ നടത്തി നിറം പിടിപ്പിച്ച ചെറിയ വീടുകളിൽ വച്ച് അവർ നിർമ്മിക്കുന്ന, കമ്പിളി വസ്ത്രങ്ങളും പരവതാനികളും, യാത്രികർക്കിടയിൽ പ്രസിദ്ധമാണ്. ഉരുളക്കിഴങ്ങ്, ബീൻസ് പോലെയുള്ള പയറുവർഗങ്ങൾ എന്നിവയാണ് അവരുടെ പ്രധാന കൃഷി. ജീവിതാവസാനം പാണ്ഡവർ നടത്തിയ സതോപന്ത് സ്വർഗാരോഹിണി യാത്രയുടെ പ്രവേശന കവാടം കൂടിയാണ് മന.

മന – വിശുദ്ധ ക്ഷേത്ര ഗ്രാമം

അയ്യായിരം വർഷങ്ങൾക്ക് മുമ്പ് പാണ്ഡവന്മാർ മനയിലൂടെയത്രേ സതോപന്ത് സ്വർഗാരോഹിണിയിലേക്ക് പോയത്. എന്നാൽ മനയിൽ വച്ച് ഒരു മാർഗ്ഗതടസ്സമായി സരസ്വതീ നദി അവർക്കു മുന്നിൽ നിന്നു. വിശ്വവിജയം നേടിയ പാണ്ഡവന്മാർക്ക് അതൊരു തടസ്സമായില്ലെങ്കിലും ദ്രൗപതിക്ക് മറുകര അപ്രാപ്യമായിരുന്നു. അപ്പോഴും പതിവുപോലെ ഭീമനായിരുന്നു അവൾക്കു രക്ഷ. ദ്രൗപതിക്കു നദി മുറിച്ചുകടക്കാൻ നദിക്കു മുകളിൽ വായുപുത്രൻ ഒരു വലിയ പാറ ഉയർത്തിവച്ചു പാലമിട്ടു . ഭീമന്റെ ഈ പാലം ഇപ്പോഴും മനയിലുണ്ട്. ഒപ്പം ഒരു വലിയ കാല്പാടും അവിടെ കാണാം. മണിപത്രപുരി എന്നായിരുന്നു മനയുടെ പുരാതന നാമം. ശിവഭക്തൻ ഘണ്ടാകർണ്ണൻ വസിച്ചിരുന്നത് ഇവിടെയായിരുന്നു എന്നാണ് ഐതിഹ്യം.

ഭീമൻ നിർമ്മിച്ച പാലം- മന 

ശിവനാമമല്ലാതെ മറ്റൊന്നും കേൾക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ ഘണ്ടാകർണ്ണൻ ചെവിയിൽ മണികെട്ടി അതു മുഴക്കി ചുറ്റിനടക്കുന്നുവത്രേ. ബദരിക്കു തൊട്ടടുത്തായിരുന്നിട്ടു പോലും നാരായണനാമം കേൾക്കുന്നതും അയാൾക്ക്‌ ഇഷ്ട്മല്ലായിരുന്നുവത്രേ. മോക്ഷം നേടാൻ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു. പ്രസാദിച്ച ഭഗവാൻ ദർശനം നൽകി. എന്നാൽ, നാരായണനെ ചുമക്കുന്നതിലൂടെ മാത്രമേ മുക്തി നൽകാനാകൂവെന്നും, അതിന് ബദരിയിലേക്ക് പോകണമെന്നും ശിവൻ അരുളിചെയ്തു. ശൈവാജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് അപ്രകാരം നാരായണന്റെ പ്രീതി നേടിയ ഘണ്ടാകർണ്ണനെ മഹാവിഷ്ണു ബദരീനാഥ ക്ഷേത്രത്തിന്റെ ക്ഷേത്രപാലകനായി നിയമിച്ചത്രേ.

ALSO READ

ശൈവ – വൈഷ്ണവസത്തകളൊന്നും തന്നെ ഗിരിരാജന്റെ മടിത്തട്ടിൽ, വേറിട്ടതല്ല എന്ന ചിന്ത ഈ കഥയിലൂടെ മന നമ്മിൽ ഊട്ടിയുറപ്പിക്കുന്നു. പുണ്യവും പവിത്രവുമായ നിരവധി സങ്കേതങ്ങൾ കൊണ്ടു നിറഞ്ഞതാണ് മന. ഈ പുണ്യസ്ഥലങ്ങളെല്ലാം കൂടി മനയെ ഒരു പുണ്യഗ്രാമമാക്കി മാറ്റുന്നു. വ്യാസഭഗവാൻ മഹാഭാരതം രചിച്ചതും വേദങ്ങൾ പകുത്തതും മനയിലെ ഒരു ഗുഹയിൽ വച്ചായിരുന്നു എന്നാണ് വിശ്വാസം. ഒരു പവിത്രമായ ഗുഹയാണിത്. ഇതിനെ വ്യാസപോതി എന്നും വിളിക്കുന്നു. വേദങ്ങൾ രചിച്ച ഭുർജപത്രത്തിന്റെ താളുകൾ അടുക്കി വച്ചാലെന്നവണ്ണമാണ് ഇതിന്റെ മേൽക്കൂര. നൂറ് പടി കയറി വേണം ഗുഹയിലെത്താൻ. ഇതിനു സമീപം തന്നെയാണ് ഗണേശ ഗുഹ. മഹാഭാരതം എന്ന ലോകേതിഹാസം അനർഗ്ഗളമായി കേട്ടെഴുതിയത് ഗണേശനായിരുന്നുവല്ലോ.

മനയിലെ വ്യാസ ഗുഹ 


ഇതിനൊക്കെ ഒപ്പമോ ഉയരത്തിലോ വിശിഷ്ടമായ മറ്റൊന്നവിടെയുണ്ട്. പുണ്യപുരാതനമായ സരസ്വതീ നദിയുടെ ഉത്ഭവസ്ഥാനമാണ് ഇവിടം. ഗംഗയുടെ പോഷക നദികളിൽ ഒന്നായ അളകനന്ദയുടെ, കൈവഴിയായ സരസ്വതീനദി ഉദ്ഭവിക്കുന്ന ദേവതടാകം (ദേവ് താൽ ) ഇൻഡോ ടിബറ്റൻ അതിർത്തിയായ മനാപാസിലുണ്ട്. സരസ്വതി അന്തർധാനം ചെയ്തതിനൊരു കാരണമുണ്ട്. നവയൗവനത്തിന്റെ ചുറുചുറുക്കോടെ ചിന്നിത്തെറിച്ചും, കളകളാരവം പൊഴിച്ചും നദി താഴേക്കു പായുമ്പോൾ, ആ ബഹളത്തിൽ മഹാഭാരതരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യാസ ഭഗവാനു സാധിക്കാതെ വന്നു. തുടർന്ന് തന്റെ തപോബലത്താൽ ഉപരിതലത്തിൽ നിന്ന് അന്തർതലത്തിലേക്ക് സരസ്വതിയെ മറച്ചു എന്നു പറയുന്നു.

മനയിലെ മറ്റൊരു പുണ്യസങ്കേതമാണ് മാതാ മൂർത്തി ക്ഷേത്രം. നരനാരായണന്മാരുടെ മാതാവിന്റേതാണ് ഈ ക്ഷേത്രം. മഹാവിഷ്ണു തന്റെ മകനായി ജനിക്കണമെന്ന് മാതാ മൂർത്തി ആഗ്രഹിക്കുകയും വിഷ്ണു ഭഗവാൻ അവരെ അനുഗ്രഹിക്കുകയും നരൻ, നാരായണൻ എന്നീ ഇരട്ടക്കുട്ടികളായി ജനിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. മനയിലെ മറ്റൊരു പുണ്യ തീർത്ഥമാണ് തപ്തകുണ്ഡ്. ഇവിടം അഗ്നിദേവന്റെ വാസസ്ഥലമാണ് എന്നാണ് സങ്കല്പം. പ്രകൃതിദത്തമായ നീരുറവയിൽ നിന്ന് രൂപപ്പെട്ട ഈ തീർത്ഥത്തിൽ മുങ്ങിയാൽ ത്വക്ക് രോഗം മാറുമെന്ന് വിശ്വസിക്കുന്നു. മറ്റൊരു വീശിഷ്ട തീർത്ഥം കൂടി മനയുടെ സമീപത്തുണ്ട് : വസുധാരാ വെള്ളച്ചാട്ടം.

വസുധാരാ വെള്ളച്ചാട്ടം 

ഉത്തരാഖണ്ഡിലെ സതോപന്ത് താഴ്‌വരയിലേക്കുള്ള പാതയിലാണ് ഈ വെള്ളച്ചാട്ടം. ബദരിയിൽ നിന്നും 9 കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നതായി കരുതുന്നു. ഈ വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോൾ തെറിച്ചു വീഴുന്ന വെള്ളം പാപിയുടെ ശരീരത്തിൽ സ്പർശിക്കില്ലെന്നും അല്ലാത്തവരുടെ ദേഹത്തേക്ക് തുള്ളിയായി പതിക്കും എന്നും പറയപ്പെടുന്നു. സതോപന്ത് സ്വർഗാരോഹിണിയിലേക്കുള്ള യാത്രാമധ്യേ പാണ്ഡവർ ഇതുവഴി പോയപ്പോൾ അവരിലെ ഏറ്റവും ഇളയവനായ സഹദേവൻ ശരീരം ഉപേക്ഷിച്ചത് വെള്ളച്ചാട്ടത്തിന് സമീപം വച്ചായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഘർവാളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന നീലകണ്ഠ പർവ്വതം ഇവിടെയാണ്. അതിനു മുകളിൽ നിന്നാൽ ബദരി മുഴുവൻ ദർശിക്കാം.

ഇങ്ങനെ, എത്ര പറഞ്ഞാലും തീരാത്ത പ്രത്യേകതകൾ നിറഞ്ഞ പവിത്രതയും പൗരാണികതയും നിറഞ്ഞ തപോഭൂമിയാണ് മന. ഒരു തീർത്ഥാടകന്റെ കാലബോധത്തെപ്പോലും മായ്ച്ചുകളയാൻ തക്കവണ്ണം നിഗൂഢത ഒളിപ്പിച്ചു വച്ചോരിടം.

മന സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളാണ്. മഞ്ഞുമൂടുമെന്നതിനാൽ നവംബർ മുതൽ മെയ് വരെ ഇവിടെ സന്ദർശനം നിയന്ത്രിച്ചിട്ടുണ്ട്. മറ്റു മാസങ്ങളിൽ ഗ്രാമം സന്ദർശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. പലപ്പോഴും ഓഗസ്റ്റിൽ കനത്ത മഴ ഇവിടേക്കുള്ള യാത്ര തടസ്സപ്പെടുത്താറുണ്ട്. ചതുർധാം യാത്രയിലോ, അല്ലാതെയോ ബദരിയിലെത്തുന്നവരിൽ അധികം പേരും മനയിൽ എത്താറുണ്ടെങ്കിലും മലയാളികൾ വളരെ കുറച്ചു മാത്രമേ അതിനു മുതിരാറുള്ളൂ.

ബദരിയിലേക്കു ഡെറാഡൂൺ, ഹരിദ്വാർ, ഋഷികേശ് മുതലായ സ്ഥലങ്ങളിൽ നിന്ന് നേരിട്ടു ബസ്സ് സർവ്വീസും ടാക്സിസർവ്വീസുമുണ്ട്. ന്യൂഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കും അതിനുശേഷം ബദരീനാഥിലേക്കും സ്ഥിരം ബസുകളുമുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഋഷികേശാണ്. അവിടെനിന്നും 289 കിലോമീറ്റർ ദൂരമുണ്ട് ബദരിയിലേക്ക്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അരികെ. അവിടെനിന്നും ഹെലികോപ്റ്റർ സർവ്വീസും ലഭ്യമാണ്.

അശോകൻ ഇറവങ്കര
Story Summary: Pilgrimage to Mana the last Indian Village in Uttarakhand. It is believed that the Pandavas passed through Mana Village when they made their final journey to heaven

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?