Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവഭക്തരെല്ലാം കേൾക്കേണ്ട കീർത്തനം; ആഗ്രഹം പറഞ്ഞ് ഒന്ന് ജപിച്ച് നോക്കൂ

ശിവഭക്തരെല്ലാം കേൾക്കേണ്ട കീർത്തനം; ആഗ്രഹം പറഞ്ഞ് ഒന്ന് ജപിച്ച് നോക്കൂ

by NeramAdmin
0 comments

മംഗള ഗൗരി
ആബാലവൃദ്ധം ശിവഭക്തർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം…. എന്ന് ആരംഭിക്കുന്ന കീർത്തനം. മഹാദേവനായ സാക്ഷാൽ ശിവശങ്കരന്റെ സ്വരൂപവർണ്ണനയും അപ്രകാരം
ശിവഭഗവാനെ മനസ്സിലേറ്റി നിത്യവും ധ്യാനിക്കുന്നതിന്റെ മഹാത്മ്യവും ഫല സിദ്ധിയും വർണ്ണിക്കുന്ന ഈ കീർത്തനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നിസ്തുലമായ പദഭംഗിയും താളാത്മകതയുമാണ്.

ലക്ഷക്കണക്കിന് ഭക്തർ ദിവസവും സന്ധ്യാ സമയത്ത്
പരമ്പരാഗതമായി ചൊല്ലി വരുന്നതാണ് ഈ കീർത്തനം.
ശിവപുരാണത്തിലുള്ള ഈ വിശേഷ സ്തുതി പതിവായി ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നമ്മുടെ
ജീവിതത്തിൽ ദുരിതശമനം, ആയുരാരോഗ്യം, പാപമുക്തി
എന്നിവ സമ്മാനിക്കുമെന്ന് മാത്രമല്ല കുടുംബസുഖം, ദാരിദ്ര്യശമനം, വിവാഹം, സന്താനഭാഗ്യം, സൽകീർത്തി, സർവൈശ്വര്യം എന്നിവയെല്ലാം നൽകും. കീർത്തനങ്ങൾ ജപിക്കും പോലെ ഉത്തമമാണ് ശ്രവണമെന്നും ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ശിവപ്രധാനമായ പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര ദിവസങ്ങളിൽ ഇത് ജപിക്കുന്നത് ശുഭ മംഗളകരമാണ്. പ്രദോഷ വ്രതം നോറ്റ് ശങ്കരധ്യാന പ്രകാരം ജപിച്ചാൽ അഭീഷ്ടങ്ങൾ
തീർച്ചയായും സഫലമാകും. തികഞ്ഞ ഭക്തിയോടെ, ഏകാഗ്രതയോടെ പാർവതി ദേവിയെക്കൂടി സ്മരിച്ച് ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക.. ജപിക്കുന്നവർക്ക് ശിവ സായൂജ്യം ലഭിക്കും. അർത്ഥശൂന്യമായ മോശം ചിന്തകളും ആർത്തി ദുഃഖങ്ങളും അകറ്റി തന്നെ ഉത്തമ മനുഷ്യൻ ആക്കണമെന്നും ഈ കീർത്തനത്തിൽ ശിവ ഭഗവാനോട് അർത്ഥിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ പ്രാർത്ഥിച്ച് ഉമാ മഹേശ്വരനെ ഭജിച്ചാൽ എല്ലാം മംഗളകരമാകുക തന്നെ ചെയ്യും.

നേരം ഓൺലൈന് വേണ്ടി ഈ സ്തുതി സംഗീതം നൽകി ആലപിക്കുന്നത് നൂറുകണക്കിന് ഭക്തിഗാനങ്ങളിലൂടെ കീർത്തി നേടിയ സുപ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റെക്കാഡിംഗ് & മിക്സ് നിർവ്വഹിച്ചത്: ഗൗതം ജി.

ശിവ ഭക്തരെല്ലാം കേൾക്കേണ്ട ഈ കീർത്തനം പരമാവധി ഭക്തജനങ്ങളിൽ എത്തിക്കാൻ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക, ഷെയർ ചെയ്യുക. ഇത്തരം വീഡിയോകൾ വീണ്ടും വീണ്ടും ലഭിക്കാൻ നേരം ഓൺലൈൻ ചാനൽ സബ്സ്ക്രൈബ്
ചെയ്യുക. ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക …… കീർത്തനം
ലിങ്ക് : https://youtu.be/l7GE0b4fB3M

ശങ്കരധ്യാനപ്രകാരം വരികൾ ….

ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി –
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും

ALSO READ

അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമായുള്ള
തൃക്കണ്ണു രണ്ടും തിരുനാസികാഭയും
സ്വര്‍ണ്ണപ്രഭാ ഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും

ബിംബാധരോഷ്ഠവും ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാം ഭോജവും കാളകൂട പ്രഭാ
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും

വക്ഷസ്ഥലോജ്ജ്വലത്സര്‍പ്പ ഹാരം ലോക –
രക്ഷാകരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം

ആലിലയ്ക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാളി കാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടീതടം ഭംഗികാഞ്ചീശതം

ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും
ചേരും കണങ്കാലടിത്താര്‍ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോര്‍ത്തീടണം

കേശാദി പാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടന്‍
അര്‍ച്ചനം തര്‍പ്പണം നാമ സങ്കീര്‍ത്തനം
തച്ചരണാബുജേ വന്ദനമർപ്പണം

ഭക്ത്യാ ശിവോഹം ശിവോഹമെന്നിങ്ങനെ
ഭക്തിപൂര്‍വ്വം സ്തുതി ചെയ്യുന്നവൻ ശിവൻ
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും
ശ്രീ ഭൂതനാഥന്റെ സാമീപ്യമെങ്കിലും

മര്‍ത്ത്യന്‍ നിരൂപിച്ചു പൂജചെയ്തീടുകി –
ലായുരാന്തേ ലഭിച്ചീടുമറിക നീ
പാര്‍വതീദേവിയെക്കൂടെ സ്മരിക്കണം
സര്‍വകാലം മഹാദേവന്റെ സന്നിധൗ

ദന്തിവദനനും താരകാരാതിയും
അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും
ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും

സന്തതിസൗഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!

കീര്‍ത്തികല്യാണം വരുത്തേണമീശ്വര!
അര്‍ത്ഥസമ്പത്തു വരുത്തേണമീശ്വര!
വ്യര്‍ത്ഥദുശ്ചിന്ത നശിക്കേണമെന്നീശ്വരാ!
ആർത്തിദു:ഖങ്ങളകറ്റേണമീശ്വര !
മൂര്‍ത്തിസൗന്ദര്യം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍
കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം

Story Summary: Significance of Shankara Dhyana Prakaram… Recitation

Attachments area
Preview YouTube video ശങ്കരധ്യാന പ്രകാരം: ശിവഭക്തരെല്ലാം കേൾക്കേണ്ട കീർത്തനം| ജപിച്ചാൽ ഫലം ഉറപ്പ് | ShankaraDhyanaPrakaram

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?