Wednesday, December 10, 2025
Wednesday, December 10, 2025
Home » വിവാഹം, ധനം, ആഗ്രഹസാഫല്യം; ഓരോ കാര്യസിദ്ധിക്കും ഈ ഭാഗങ്ങൾ വായിക്കാം

വിവാഹം, ധനം, ആഗ്രഹസാഫല്യം; ഓരോ കാര്യസിദ്ധിക്കും ഈ ഭാഗങ്ങൾ വായിക്കാം

by NeramAdmin
0 comments

അശോകൻ ഇറവങ്കര
സകല ദുഃഖങ്ങൾക്കും ദോഷങ്ങൾക്കും ഏറ്റവും ലളിതവും ഉത്തമവുമായ പരിഹാരമാണ് രാമായണ പാരായണം. നമ്മുടെ കർക്കടക സന്ധ്യകളെ ധന്യമാക്കുന്ന അദ്ധ്യാത്മരാമായണം രാമനാമത്തിന്റെ ശക്തി ചൈതന്യം നിറഞ്ഞ് പവിത്രമാർന്നതാണ്. ഇതിന്റെ മൂലകൃതിയായ വാത്മീകി രാമായണത്തിൽ 24000 ശ്ലോകങ്ങളുണ്ട്. ഈ ശ്ലോകങ്ങളിലെല്ലാം മന്ത്രങ്ങളുടെ മന്ത്രമെന്നും മന്ത്രരാജനെന്നും മറ്റും വിശേഷിപ്പിക്കുന്ന ഉൽക്കൃഷ്ടമായ ഗായത്രീമന്ത്രം തുടർച്ചയായി വിന്യസിച്ചിരിക്കുന്നു.

കലിയുഗത്തിൽ ഈശ്വരസാക്ഷാത്കാരത്തിന് നാമജപമാണ് വിധിച്ചിട്ടുള്ളത്. കലിസന്ധാരണ മന്ത്രമായി ഹരേ രാമ ഹരേ രാമ എന്നു തുടങ്ങുന്ന ഷോഡശാക്ഷരീ മന്ത്രത്തെ പറഞ്ഞിരിക്കുന്നു. രാമായണത്തിലെ ഏഴുകാണ്ഡങ്ങളിൽ ഓരോ കാണ്ഡങ്ങൾക്കും ഓരോ ഫലങ്ങൾ പറഞ്ഞിട്ടുണ്ട്. രാമായണ പാരായണത്തിന്
ഏറ്റവും ഉത്തമമായ സമയം കർക്കടക മാസമാണ്. എന്നാൽ പ്രത്യേക കാര്യസിദ്ധിക്ക് ഏത് സമയത്തും രാമായണ ഭാഗങ്ങൾ വായിക്കാം. രാമായണ ഗ്രന്ഥം വിശിഷ്ടമായി സൂക്ഷിക്കണം. കർക്കടത്തിൽ പാരായണം തുടങ്ങും മുൻപ് ക്ഷേത്രത്തിൽ കൊടുത്ത് പൂജിച്ചു വാങ്ങി കഴിയുന്നത്ര തവണ താരക മന്ത്രം, ഓം രാം രാമായ നമഃ ജപിച്ച് ശ്രീരാമനിൽ മനസുറപ്പിച്ച് വായിച്ചു തുടക്കുക. ഓരോ കാര്യസിദ്ധിക്കും ജപിക്കേണ്ട രാമായണ ഭാഗങ്ങളാണ് ഇവിടെ :

മംഗല്യസിദ്ധിക്ക്
അദ്ധ്യാത്മരാമായണം ബാലകാണ്ഡം പാരായണം ചെയ്യുന്നത് മംഗല്യസിദ്ധിക്ക് അത്യുത്തമമാണ്. പ്രത്യേകിച്ച് സീതാസ്വയംവരം എന്ന ഭാഗം.
(വാത്മീകി രാമായണത്തിൽ ബാലകാണ്ഡം 73-ാം സർഗം)

ധനസമൃദ്ധിക്ക്
അയോദ്ധ്യകാണ്ഡം ധനസമൃദ്ധിക്കു വേണ്ടി പാരായണം ചെയ്യാം. (വാത്മീകി രാമായണം അയോദ്ധ്യാകാണ്ഡം 32-ാം സർഗ്ഗം)

രോഗശമനത്തിന്
അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഹനുമാന്റെ ഔഷധാഹരണയാത്ര മുതൽ ദിവ്യൗഷധ ഫലം വരെയുള്ള ഭാഗം രോഗശമനത്തിന് ഉത്തമമാണ്.

സന്താനഭാഗ്യത്തിന്
ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടിയും കൗസല്യാസ്തുതിയും പാരായണം ചെയ്താൽ സന്താനഭാഗ്യസിദ്ധിയുണ്ടാകും.

ALSO READ

ആഗ്രഹസാഫല്യത്തിന്
ബാലകാണ്ഡത്തിലെ ഭാർഗ്ഗവ ഗർവ്വശമനം വായിക്കുന്നത് ആഗ്രഹ സാഫല്യത്തിന് ഉത്തമമാണ്.
(വാത്മീകി രാമായണം ബാലകാണ്ഡം 75,76 സർഗ്ഗം)

അധികാരപ്രീതിക്ക്
അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിലെ ഭരതന്റെ വനയാത്രയും ഭരതരാഘവ സംവാദവും അധികാരി പ്രീതിക്ക് ഉത്തമമാണ്.
(വാത്മീകി രാമായണം അയോദ്ധ്യാ 1-ാം സർഗ്ഗം)

ആരോഗ്യത്തിനും കാര്യലബ്ധിക്കും
യുദ്ധകാണ്ഡത്തിലെ അഗസ്ത്യാഗമനവും ആദിത്യസ്തുതിയും എന്ന ഭാഗം ആരോഗ്യത്തിനും കാര്യലബ്ധിക്കും വിശേഷമാണ്.
(വാത്മീകി രാമായണം യുദ്ധകാണ്ഡം 105-ാം സർഗ്ഗം)

സങ്കടമോചനത്തിനും ഐശ്വര്യത്തിനും
രാമായണത്തിലെ ഏഴുകാണ്ഡങ്ങളിൽ ഏറ്റവും വിശിഷ്ടമായത് സുന്ദരകാണ്ഡമാണ്. സങ്കടമോചനം, വിഘ്‌നനിവാരണം, ഐശ്വര്യം, കാര്യസിദ്ധി എന്നിവ സുന്ദരകാണ്ഡപാരായണം കൊണ്ട് സിദ്ധിക്കുന്നു.
സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോൾ ബ്രഹ്മചര്യം, സസ്യാഹാരം എന്നിവ ശീലിക്കണം. കാരണം ഇത് ഹനുമദ് ഉപാസനകൂടിയാണ്. ഹനുമാന്റെ സമുദ്ര ലംഘനം മുതൽ സീതാവൃത്താന്തമറിഞ്ഞ് തിരികെ വരുന്നതുവരെയുള്ള ഭാഗമാണ് സുന്ദരകാണ്ഡം.

അശോകൻ ഇറവങ്കര

Story Summary: Benifits of Reciting Different
Ramayana Portions


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?