Wednesday, December 10, 2025
Wednesday, December 10, 2025
Home » 12 മാസ ചതുർത്ഥി വ്രതം ഇത്തവണ തുടങ്ങാം;ഓരോ മാസവും സവിശേഷമായ ഫലസിദ്ധി

12 മാസ ചതുർത്ഥി വ്രതം ഇത്തവണ തുടങ്ങാം;ഓരോ മാസവും സവിശേഷമായ ഫലസിദ്ധി

by NeramAdmin
0 comments

ഡോ രാജേഷ് പുല്ലാട്ടിൽ, കഴക്കൂട്ടം

ഗണപതി ഭഗവാന് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ
ചതുർത്ഥിതിഥി, അത്തം നക്ഷത്രം, വെള്ളിയാഴ്ച എന്നിവയാണ്. ഒരു മാസത്തിൽ ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലുമായി രണ്ട് ചതുർത്ഥികൾ വരും. കൂടുതൽ പ്രാധാന്യം ശുക്ലപക്ഷ ചതുർത്ഥിക്കാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി മുതൽ എല്ലാ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥിയിലും ഗണേശനെ
പൂജിച്ചാൽ തീർച്ചയായും ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാകും. ഇപ്രകാരം ഒരു വർഷത്തിലെ 12 ശുക്‌ളപക്ഷ ചതുർത്ഥി ദിനങ്ങളിലും ഗണേശ ഭഗവാനെ ആരാധിക്കുകയും അതിനുശേഷം ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി അടുത്ത ദിവസം രാവിലെ വ്രതം അവസാനിപ്പിക്കുകയും ചെയ്താൽ അസാധ്യമായ കാര്യങ്ങൾ പോലും നടക്കും. പന്ത്രണ്ട് മാസത്തിലെ ചതുർത്ഥിക്കും ഗണേശനെ ഇപ്രകാരം ഭജിച്ചാൽ സവിശേഷമായ ഓരോരോ ഫലം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. ഓരോ ചതുർത്ഥിയും അറിയപ്പെടുന്നത് അതാത് ചന്ദ്രമാസങ്ങളുടെ പേരിലാണ്.

വിഘ്‌നങ്ങൾ അകറ്റാൻ ശ്രാവണ ചതുർത്ഥി
ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥിയാണ് ഇത്. പാർവതിദേവി ശിവനെ ഭർത്താവായി ലഭിക്കുന്നതിന് കഠിനതപസ്സ് അനുഷ്ഠിച്ചു. പുത്രനായി ജനിക്കാൻ പോകുന്ന ഗണപതിയെ പാർവതീദേവി ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി തിഥിയിൽ ഭക്തിയോടെ പൂജിച്ചു. അങ്ങനെ തപസ്സിൽ വിഘ്‌നങ്ങളെന്നും അനുഭവപ്പെടാതിരിക്കുകയും ശിവനെ ഭർത്താവായി ലഭിക്കുകയും ചെയ്തു. പാർവതീദേവി കൂടി ഗണേശനെ പൂജിച്ച ദിവസമായതുകൊണ്ട് ഈ ദിവസത്തിന് പ്രത്യേക പ്രാധാന്യവുമുണ്ട്.

നഷ്ടമായത് തിരിച്ചുകിട്ടാൻ ഭാദ്രപാദചതുർത്ഥി
ചൂതുകളിയിൽ പരാജയപ്പെട്ട നളൻ എന്ന രാജാവ് പത്‌നി ദമയന്തിയോടൊത്ത് വനത്തിൽ താമസം തുടങ്ങി. ശരഭംഗൻ എന്ന മുനിയുടെ നിർദ്ദേശപ്രകാരം നളപത്‌നിയായ ദമയന്തി അവിടെവച്ച് കന്നിമാസത്തിലെ ചതുർത്ഥിദിനത്തിൽ ഗണപതിയെ പൂജിച്ചു. അതിന്റെ ഫലമായി നളൻ ശത്രുക്കളെ ജയിച്ച് രാജ്യം വീണ്ടെടുത്തു. അന്യാധീനപ്പെട്ടുപോയതോ നഷ്ടപ്പെട്ടതോ ആയത് തിരികെ ലഭിക്കാൻ കന്നിയിലെ ചതുർത്ഥി ദിവസം ഗണപതി പൂജ നടത്തുന്നത് ഉത്തമമാണ്.

ശത്രുജയത്തിന് ആശ്വിന ചതുർത്ഥി
തുലാത്തിലെ ശുക്ലപക്ഷ ചതുർത്ഥിയാണിത്. ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധനെ ബാണാസുരന്റെ പുത്രി ഉഷ മായാശക്തികൊണ്ട് തനിക്ക് വിധേയനാക്കുകയും അന്ത:പുരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. പൗത്രവിരഹത്താൽ ദു:ഖിതരായ ശ്രീകൃഷ്ണനും രുക്മിണിദേവിയും ഗോമേശൻ എന്ന മഹർഷിയുടെ ഉപദേശപ്രകാരം ആശ്വിന ചതുർത്ഥിയിൽ വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിച്ചു. അതിന്റെ ഫലമായി തന്റെ പൗത്രൻ എവിടെയാണെന്ന് ശ്രീകൃഷ്ണൻ മനസ്സിലാക്കി. തുടർന്ന് ശ്രീകൃഷ്ണൻ ബാണസുരപുരി ആക്രമിച്ച് കീഴടക്കുകയും അനിരുദ്ധനെ വീണ്ടെടുക്കുകയും ചെയ്തു. ശത്രുജയം സിദ്ധിക്കുമെന്നതാണ് ആശ്വിന ചതുർത്ഥിയാചരണത്തിന്റെ ഫലം.

അസാധ്യമായത് നടത്താൻ കാർത്തിക ചതുർത്ഥി
വൃശ്ചികത്തിലെ ചതുർത്ഥിയാണിത്. ഈ ദിവസം വ്രതമനുഷ്ഠിച്ച് ഗണേശനെ പൂജിച്ചാൽ അസാധ്യമായ കാര്യങ്ങൾ പോലും സാധ്യമാകുമത്രേ. സമുദ്ര ജലം മുഴുവൻ പാനം ചെയ്ത് വറ്റിക്കാൻ അഗസ്ത്യമുനിക്കു കഴിഞ്ഞത് കാർത്തിക മാസത്തിലെ ചതുർത്ഥിദിവസം ഗണേശനെ പൂജിച്ചതിന്റെ ഫലമായിട്ടായിരുന്നു.

ALSO READ

സന്താനസിദ്ധിക്ക് മാർഗ്ഗശീർഷ ചതുർത്ഥി
ധനുമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി ദിവസം വ്രതം അനുഷ്ഠിച്ച് ഗണപതിയെ പൂജിച്ചാൽ സന്താനസിദ്ധിയും കാര്യസാധ്യവും ഉണ്ടാകും. ദശരഥമഹാരാജാവ് സന്താനസിദ്ധിക്കായി ഇതേദിവസം ഗണേശനെ പൂജിക്കുകയും അതിന്റെ ഫലമായി നാല് പുത്രന്മാരെ ലഭിക്കുകയും ചെയ്തു. സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോകുന്ന ഹനുമാനോട് ഈ വ്രതം അനുഷ്ഠിക്കാൻ സമ്പാതി ഉപദേശിച്ചു. അങ്ങനെ ഹനുമാൻ ധനുമാസത്തിലെ ശുക്‌ളപക്ഷ ചതുർത്ഥിയിൽ വ്രതമെടുത്ത് ഗണപതിയെ പൂജിക്കുകയും മാർഗ്ഗതടസമുണ്ടാകാതെ ലങ്കയിലെത്തി സീതയെ കണ്ടെത്തുകയും ചെയ്തു.

അപമാനവും ഭയവും മാറാൻ പൗഷചതുർത്ഥി
മകരത്തിലെ ശുക്ലപക്ഷ ചതുർത്ഥിദിവസമാണിത്. ഈ ദിവസം വ്രതമെടുത്ത് ഗണേശനെ പൂജിച്ചാൽ അപമാനം, ഭയം എന്നിവയിൽ നിന്ന് മുക്തി ലഭിക്കും. രാക്ഷസരാജാവായ രാവണനെ വാനരവീരനായ ബാലി പരാജയപ്പെടുത്തി. തുടർന്ന് അത്യധികം ദു:ഖത്തിലായ രാവണനോട് പിതാമഹനായ പുലസ്ത്യൻ പൗഷമാസത്തിലെ ചതുർത്ഥിക്ക് ഗണപതിയെ പൂജിക്കാൻ പറഞ്ഞു. ഇങ്ങനെ പൂജിച്ചതിന്റെ ഫലമായി രാവണൻ വിഷാദമുക്തനായി.

ആപത്ത് മുക്തിക്ക് മാഘചതുർത്ഥി
കുംഭത്തിലെ ശുക്ലപക്ഷ ചതുർത്ഥിദിവസം ഗണേശനെ പൂജിച്ചാൽ ആയൂർദോഷശാന്തിയും ആപത്ത് മുക്തിയുമുണ്ടാകും. ഹരിശ്ചന്ദ്രൻ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു ബ്രഹ്മണ ബാലൻ ആപത്തിൽ പെടുകയും മാഘചതുർത്ഥി വ്രതത്തിന്റെ ഫലമായി മൃത്യുവിൽ നിന്ന് മുക്തനായി തീരുകയും ചെയ്തു.

സമ്പത്തും ഐശ്വര്യവും നേടാൻ ഫാൽഗുന ചതുർത്ഥി
മീനത്തിലെ ചതുർത്ഥിദിവസമാണിത്. ഈ ദിവസം ഗണേശനെ പൂജിച്ചാൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകും. ഒരു വൃദ്ധബ്രഹ്മണൻ ഈ വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായി യവ്വന യുക്തനായതായി പുരാണത്തിലൊരു കഥയുണ്ട്.

സന്താന ക്ലേശം മാറാൻ ചൈത്രചതുർത്ഥി
മേടത്തിലെ ചതുർത്ഥിയാണിത്. ഈ ദിവസം വ്രതമെടുത്ത് ഗണേശനെ പൂജിച്ചാൽ മകര ധ്വജൻ എന്ന രാജാവിന് നഷ്ടപ്പെട്ടുപോയ പുത്രനെ തിരികെ ലഭിച്ചതായി പുരാണകഥയുണ്ട്.

സന്താന ഭാഗ്യത്തിന് വൈശാഖചതുർത്ഥി
ഇടവത്തിലെ ചതുർത്ഥിയാണിത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലമായി ധർമ്മകേതു എന്ന ബ്രാഹ്മണന്റെ പത്‌നി സുശീലക്ക് ഉത്തമസന്താനങ്ങളെ സിദ്ധിച്ചുവത്രേ!

നഷ്ടപ്പെട്ടത് കിട്ടാൻ ജ്യേഷ്ഠചതുർത്ഥി
മിഥുനത്തിലെ ചതുർത്ഥിയാണിത്. ഈ ദിവസം വ്രതമെടുത്ത് ഗണേശ പൂജ ചെയ്താൽ നഷ്ടപ്പെട്ടതു തിരികെ കിട്ടും. മറഞ്ഞിരിക്കുന്നതു തെളിഞ്ഞുവരും. ജയദേവൻ എന്ന ബ്രഹ്മണന്റെ പൗത്രനെ മാതാപിതാക്കൾക്ക് തിരികെ ലഭിച്ച കഥ ഉദാഹരണം.

സന്താന ലാഭത്തിന് ആഷാഡചതുർത്ഥി
കർക്കടകത്തിലെ ഈ ചതുർത്ഥിദിവസം വ്രതമെടുത്താൽ സന്താനസിദ്ധി ഉണ്ടാകും. മാഹിഷ്മതിപുരം ഭരിച്ചിരുന്ന മഹിജിത്ത് രാജാവ് ലോമേശൻ എന്ന മഹർഷിയുടെ ഉപദേശപ്രകാരം ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിക്കുകയും തത് ഫലമായി ഉത്തമനായ പുത്രനെ ലഭിക്കുകയും ചെയ്തു.

ഡോ രാജേഷ് പുല്ലാട്ടിൽ, കഴക്കൂട്ടം

+91 9895502025

Story Summary: Significance and Benefits of 12 month’s
Vinayaka Chaturthi Virtham Starting from Malayalam month Chingam


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?