Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ഞായറാഴ്ച അജ ഏകാദശിഇങ്ങനെ നോറ്റാൻ സർവൈശ്വര്യം

ഈ ഞായറാഴ്ച അജ ഏകാദശിഇങ്ങനെ നോറ്റാൻ സർവൈശ്വര്യം

by NeramAdmin
0 comments

മംഗള ഗൗരി
ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് അജ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നത്. ആഗസ്റ്റ് – സെപ്തംബർ മാസത്തിൽ വരുന്ന ഈ ഏകാദശിയെ ആനന്ദ ഏകാദശി എന്നും പറയുന്നു. ഭാദ്രപദമാസത്തിലെ ഈ ഏകാദശി ചില സ്ഥലങ്ങളിൽ ശ്രാവണ മാസത്തിൽ ആചരിക്കുന്നു. ഈ ദിവസം ഉറക്കമിളച്ച് വിധിപ്രകാരം വ്രതം നോൽക്കുന്നത് സർവൈശ്വര്യദായകവും സർവ പാപഹരവുമാണെന്ന് വിശ്വസിക്കുന്നു. അശ്വമേധയാഗ ഫലമാണ് ഇതിന് പറയുന്നത്. 2023 സെപ്തംബർ 10 ഞായറാഴ്ചയാണ് ഇത്തവണ അജ ഏകാദശി.

മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. തികഞ്ഞ ചിട്ടയോടെ വ്രതം അനുഷ്ഠിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ , ഓം
നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിക്കുകയും ചെയ്താൽ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരവും അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവും ലഭിക്കും. വ്രതമെടുക്കുന്ന ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിലാണ് ഏകാഗ്രതയും വിഷ്ണുമന്ത്ര ജപവും വേണ്ടത്. എല്ലാമാസത്തിലെയും രണ്ടുപക്ഷത്തിലെയും ഏകാദശി വ്രതമെടുക്കാം. അന്ന് പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്‌മചര്യനിഷ്ഠ പാലിക്കണം. ദശമിദിവസവും ദ്വാദശി ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ദ്വാദശി ദിവസം രാവിലെ വ്രതം മുറിക്കാം.

ഏകാദശി നാളിൽ വ്രതം എടുക്കാൻ കഴിയാത്തവർ അന്ന് വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തണം. വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യണം. തുളസി നനച്ച് തുളസിത്തറയ്ക്കു 7 പ്രദക്ഷിണം വയ്ക്കണം. പ്രദക്ഷിണ വേളയിൽ തുളസീ മന്ത്രം ജപിക്കണം. നെയ്‌വിളക്ക്, ത്രിമധുരം, വെണ്ണനിവേദ്യം, പാൽ, പഴം നിവേദ്യം പഞ്ചസാര നിവേദ്യം, പാൽപ്പായസ നിവേദ്യം, മഞ്ഞപട്ട് ചാർത്തുക, തുളസിമാല ചാർത്തുക, താമരപ്പൂവ് കൊണ്ട് അർച്ചന ചെയ്യുക, പാലഭിഷേകം എന്നീ വഴിപാടുകൾ ഏകാദശി ദിവസം നടത്തുന്നത് ഐശ്വര്യദായകമാണ്.

ഏകാദശി വ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള പന്ത്രണ്ട് മണിക്കൂർ സമയത്തെയാണു ഹരിവാസരം എന്നു പറയുന്നത്. ഈ സമയത്ത് മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറെ പുണ്യദായകമാണ്. ഇത്തവണത്തെ അജ ഏകാദശിയിലെ ഹരിവാസരവേള 10 ന് ഞായറാഴ്ച പകൽ 2:58 മുതൽ തിങ്കളാഴ്ച പുലരുന്ന വെളുപ്പിന് 4:06 വരെയാണ്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു എന്നും വാസരം എന്നാൽ ദിവസം എന്നുമാണർത്ഥം. ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. ഭൂമിയിൽ വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമാണ് ഉത്തമം. അപ്പോൾ വിഷ്ണു ദ്വാദശനാമമന്ത്രം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമാണ്.

തുളസീ മന്ത്രം
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

വിഷ്ണു ദ്വാദശനാമ മന്ത്രം
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

ALSO READ

Story Summary : Importance of Aja Ekadashi falls on 11th day in the month Bhadrapada during the Krishna Paksha.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?