Wednesday, December 10, 2025
Wednesday, December 10, 2025
Home » എല്ലാ ശത്രുക്കളെയും സംഹരിച്ച് ശാന്തിയും സമാധാനവും നൽകും ശരഭേശ്വരൻ

എല്ലാ ശത്രുക്കളെയും സംഹരിച്ച് ശാന്തിയും സമാധാനവും നൽകും ശരഭേശ്വരൻ

by NeramAdmin
0 comments

സജീവ് ശാസ്താരം

ലോകക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവ മഹാദേവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്. പ്രധാനപ്പെട്ട അറുപത്തിനാലിൽ പരം ശിവ ഭാവങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ) പ്രചുര പ്രചാരം നേടിയവ ആണ്. അതിൽപ്പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്.

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്. ശരഭേശ്വരന്റെ അവതാര ലക്ഷ്യം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെ:

പരമസാത്വികനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ – അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതിഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്. ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കരുതി ബ്രഹ്മദേവനും മഹാലക്ഷ്മിയും മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹമൂർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വീരഭദ്രന്റെ ശരീരത്തിൽ ലയിച്ചു. തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാഭയങ്കര രൂപമായി മാറി. ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റേത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം, തീ എന്നിവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി – ശരഭേശ്വരനായി .

ALSO READ

ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌. ഭദ്രകാളി പ്രത്യംഗിരയും, ദുർഗ്ഗ ശൂലിനിയും ആയിത്തീർന്നു. ശരഭ പക്ഷിയായി പറന്നു വന്ന ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹമൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

18 ദിവസം പല തരം ഉപായങ്ങളാൽ നരസിംഹ മൂർത്തിയുടെ കോപം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവെന്ന ബോധമുണ്ടായി. അങ്ങനെ
ഉഗ്ര നരസിംഹൻ ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു: ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗിരയും, ശുലിനിയും ഭൂത – പ്രേത – പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു. ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ.
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.
(സമ്പാദനം )

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?