Wednesday, December 10, 2025
Wednesday, December 10, 2025
Home » സർവ്വാഭീഷ്ട സിദ്ധിക്കും കുടുംബശ്രേയസ്സിനും സ്കന്ദഷഷ്ഠി

സർവ്വാഭീഷ്ട സിദ്ധിക്കും കുടുംബശ്രേയസ്സിനും സ്കന്ദഷഷ്ഠി

by NeramAdmin
0 comments

ജോതിഷി പ്രഭാസീന.സി.പി

സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠിവ്രതം. മുരുക ഭക്തർ
തികച്ചും പവിത്രമായി കരുതുന്ന ഈ വ്രതത്തിന് പിന്നിൽ പല ഐതിഹ്യങ്ങളുണ്ട് :

ശൂരപത്മാസുര നിഗ്രഹം
സുബ്രഹ്മണ്യസ്വാമിയും ശൂരപത്മാസുരനും തമ്മിൽ ഘോരമായ ഒരു യുദ്ധമുണ്ടായി. മായശക്തിയാൽ അസുരൻ സുബ്രഹ്മണ്യസ്വാമിയെ ദേവതകൾക്കും മറ്റുള്ളവർക്കും അദൃശ്യനാക്കി. ഭഗവാനെ കാണാതെ വിഷമിച്ച ശ്രീ പാർവ്വതിയും ദേവഗണങ്ങളും അന്നപാനാദികൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. ഇത് തുലാമാസത്തിലെ ഷഷ്ഠി നാളിൽ ആയിരുന്നു. അന്നു തന്നെ സുബ്രഹ്മണ്യസ്വാമി ശൂരപത്മാസുരനെ നിഗ്രഹിക്കുകയും ചെയ്തു. അതോടെ എല്ലാവരും സുബ്രഹ്മണ്യസ്വാമിയെ നേരിൽ ദർശിച്ചു. ശത്രു നശിച്ചതായി കണ്ട ഏവരും ഷഷ്ഠി നാളിൽ ഉച്ചയ്ക്ക് വ്രതം അവസാനിപ്പിച്ച് മ്യഷ്ടാന്നം ഭുജിച്ചു – ഇതാണ് ഷഷ്ഠി വ്രതാനുഷ്ഠാനത്തിനു പിന്നിലെ ഒരു ഐതിഹ്യം.

പാപ പ്രായച്ഛിത്തം

‘ഓം’ എന്ന പ്രണവ മന്ത്രത്തിൻ്റെ അർത്ഥം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ഒരിക്കൽ ബ്രഹ്മാവിനെ സുബ്രഹ്മണ്യസ്വാമി തടഞ്ഞു നിർത്തി. “ഞാൻ ബ്രഹ്മം ആകുന്നു” എന്ന ബ്രഹ്മാവിൻ്റെ മറുപടിയിൽ സംതൃപ്തനാകാതെ ബ്രഹ്മാവിനെ കയറു കൊണ്ട് വരിഞ്ഞു കെട്ടി. ഒടുവിൽ ശ്രീ പരമേശ്വരൻ
തന്നെ സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തെറ്റു മനസ്സിലാക്കിയ കുമാരൻ പ്രായശ്ചിത്തമെന്നോണം സർപ്പത്തിൻ്റെ വേഷം ധരിച്ച് മറഞ്ഞു. ഇതേ തുടർന്ന് ദുഃഖിതയായ പാർവ്വതി മകനെ തിരിച്ചു കിട്ടാൻ പ്രാർത്ഥനയും ശുക്ലപക്ഷ ഷഷ്ഠിവ്രതവും തുടങ്ങി – ഇത് മറ്റൊരു ഐതിഹ്യം

വ്രതാനുഷ്ഠാനം
സൂര്യോദയാൽ ആറു നാഴിക ഷഷ്ഠിയുള്ള ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠി ദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനവും പൂജയും ജപവും നടത്തി ഉച്ചയ്ക്ക് പാരണ കഴിക്കാം. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഷഷ്ഠി വ്രതാനുഷ്ഠാനം അതീവ ഫലപ്രദമാണ്. സന്താനസൗഖ്യം, സർപ്പദോഷശാന്തി, ത്വക്ക് രോഗശാന്തി തുടങ്ങിയവയ്ക്ക് ഷഷ്ഠിവ്രതം ഫലമേകുന്നുവെന്നതിന് ധാരാളം അനുഭവസ്ഥരുണ്ട്.

ALSO READ

വൃശ്ചികമാസത്തിൽ തുടങ്ങി തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിൽ ഒൻപത് വർഷം കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലുള്ള വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണ്. മകനെ തിരിച്ചു കിട്ടാൻ ദേവി 108 ഷഷ്ഠി അനുഷ്ഠിച്ചെന്നും അത് പൂർത്തിയായപ്പോൾ കർണ്ണാടകത്തിലെ സുബ്രഹ്മണ്യത്ത് വച്ച് ഭഗവാൻ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും വിശ്വാസം.

സ്കന്ദഷഷ്ഠി
തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഇത്തവണ തുലാമാസ അമാവാസി തുലാം 27, നവംബർ 13 നാണ്. അതിനാൽ വൃശ്ചികം 2, നവംബർ 18 നാണ് ഇത്തവണ സ്കന്ദഷഷ്ഠി. ഈ ദിനത്തിൽ രാവിലെ സുബ്രഹ്മണ്യസ്വാമിയുടെ ചിത്രത്തിനു മുന്നിൽ എഴുതിരിയുള്ള നിലവിളക്ക് തെളിച്ച് ശുഭവസ്ത്രം ധരിച്ച് “ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ ” എന്ന മന്ത്രം 8 പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തുതി ജപിക്കണം:

ഷഷ്ഠീദേവീ സ്തുതി

ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാ ച സുപ്രഭാം
സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത് പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം ദേവസേനാം പരേഭജേ

ജന്മനക്ഷത്രം വിശാഖം
സുബ്രഹ്മണ്യസ്വാമിയുടെ ജന്മനക്ഷത്രം കാർത്തികയും തൈപ്പൂയവും അല്ല. വിശാഖം ആണ്. കൃത്തികമാർ
(ദേവസ്ത്രീകൾ) മുലപ്പാൽ കൊടുത്തു വളർത്തിയത് കൊണ്ടാണ് കാർത്തികേയൻ എന്ന് വിളിക്കുന്നത്.
ആറു പേരും മാറി മാറി നോക്കിയതിനാൽ അറുമുഖൻ എന്നും പേരുണ്ടായി. കുമാരൻ എന്ന പേരിൽ പാർവ്വതിയുടേയും സക്ന്ദൻ എന്ന പേരിൽ മഹാദേവൻ്റെയും, മഹാസേനൻ എന്ന പേരിൽ
അഗ്നിയുടേയും, ശരവണൻ എന്ന പേരിൽ ശരവണക്കാടിൻ്റെയും, ആറുമുഖം ഉള്ളതിനാൽ ഷൺമുഖൻ എന്ന പേരിലും അറിയപ്പെടട്ടെ എന്ന് മഹാദേവൻ മകനെ അനുഗ്രഹിച്ചു. വിശാഖം നക്ഷത്രത്തിൽ ജനിച്ചത് കൊണ്ട് വൈശാഖൻ എന്നും സുബ്രഹ്മണ്യസ്വാമിയെ അറിയപ്പെടുന്നു.

സർവ്വമംഗളപ്രദം

ബ്രഹ്മ വിഷ്ണു മഹേശ്വരാദികൾ ദേവ സേനാപതിയായി സുബ്രഹ്മണ്യസ്വാമിയെ അഭിഷേകം ചെയ്തു. ഗരുഡൻ അതിവേഗത്തിൽ പറക്കുന്ന സ്വന്തം പുത്രനായ മയിലിനെയും, അരുണൻ സ്വപുത്രനായ കോഴിയെയും അഗ്നിദേവൻ വേലും ബൃഹസ്പതി ദണ്ഡും സുബ്രഹ്മണ്യന് നൽകി. ഷഷ്ഠി ദിനത്തിൽ പൊതുവെയും സ്കന്ദഷഷ്ഠി ദിനത്തിൽ പ്രത്യേകിച്ചും സുബ്രഹ്മണ്യ സ്വാമിയെയും ഷഷ്ഠി ദേവിയേയും പ്രാർത്ഥിക്കുന്നത് കുടുംബത്തിൽ സർവ്വമംഗളവും നൽകും. സർവ്വാഭീഷ്ട സിദ്ധിക്കും സഹായകമാണ്.

ജോതിഷി പ്രഭാസീന.സി.പി,
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)

Story Summary: Skanda Shashti: Significance, Myth and Special Mantras

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?