മംഗള ഗൗരി
വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. വൃശ്ചികത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം . അജ്ഞാനമാകുന്ന ഇരുളിൽ നിന്ന് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്കുള്ള പ്രയാണമാകുന്ന ഏകാദശി നോറ്റാൽ ഇരട്ടി ഫലവും പുണ്യവും ലഭിക്കുമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ശുദ്ധോപവാസം, ജലോപവാസം, അരിയാഹാരം ഒഴിവാക്കിയുള്ള ലളിത ഭക്ഷണം ഇങ്ങനെ പലരീതിയിൽ വ്രതാനുഷ്ഠാനമുണ്ട്. മൂന്നാം നാൾ ഗുരുവായൂരപ്പന് ദ്വാദശിപ്പണം സമർപ്പിച്ച് തീർത്ഥം സേവിച്ചു പാരണ വിടുന്നതാണ് ആചാരം. ദേവസ്വം വക ദ്വാദശിയൂട്ട് രാവിലെ 9 മണിക്ക് തുടങ്ങും. ഏകാദശിക്ക് സർവം വിഷ്ണുമയം എന്നാണ് പ്രമാണം. ഇതിൽ തന്നെ ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും സംഗമിക്കുന്ന 12 മണിക്കൂറാണ് അതിവിശിഷ്ടം. ഭൂമിയിൽ ഹരിയുടെ സാന്നിദ്ധ്യം പൂർണ്ണമാകുന്ന വേളയാണ് ഹരിവരാസരം.
പതിനൊന്ന് എന്നാണ് ഏകാദശം എന്ന വാക്കിന്റെ അർത്ഥം. ഈശ്വരഭക്തി, ദാനം, യജ്ഞം, കൃതജ്ഞത, ദയ, അഹിംസ, ക്ഷമ, ബ്രഹ്മചര്യം, ശൗചം, ജിതേന്ദ്രിയത്വം, സ്വാധ്യായം, എന്നിവയാണ് ഏകാദശിയിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങൾ. ഈ ധർമ്മങ്ങൾ പാലിച്ചാൽ മനോമാലിന്യങ്ങൾ എല്ലാം അകന്ന് മനുഷ്യർ നല്ല വ്യക്തികളാകും. അതു തന്നെയാണ് വിഷ്ണു പ്രീതികരമായ ഏകാദശി വ്രതം നോൽക്കുന്നതിന്റെ ലക്ഷ്യം. ഒരു വർഷം 24 ഏകാദശികളുണ്ട്. ഇതെല്ലാം വളരെ വിശിഷ്ടമാണ്. അതിൽ ശ്രേഷ്ഠം വൃശ്ചിക മാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഗുരുവായൂർ ഏകാദശിയും ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശിയും ആണ്. സർവ്വപാപങ്ങളും നശിച്ച് ജീവിതസൗഭാഗ്യവും അഭീഷ്ടസിദ്ധിയും മോക്ഷവും ഫലം.
ഏകാദശിയുടെ തലേന്ന് ദശമി മുതൽ വ്രതം തുടങ്ങണം. അന്ന് ഒരിക്കലെടുക്കണം. ഗുരുവായൂർ നാളിൽ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസി തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം. അന്നും ഒരിക്കലെടുക്കണം. ഏകാദശി ദിവസം ശാരീരിക വിഷമതകൾ ഉള്ളവർക്ക് പഴങ്ങൾ കഴിക്കാം. ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ 24 ഏകാദശിയും അനുഷ്ഠിച്ച ഫലമാണ് ലഭിക്കുക.
ശ്രീകൃഷ്ണാവതാര സമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിൽ വച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് ഗുരുവായൂർ വിഗ്രഹത്തിനുള്ളത്. അതുകൊണ്ടാകാം ഭക്തർ
ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കാണുന്നത്. വില്വമംഗലത്തിനു പൂന്താനത്തിനും മാനവേദനും ഭഗവാൻ ദർശനം നൽകിയത് ബാലഗോപാലനായാണ്. കുറൂരമ്മയും മഞ്ജുളയും താലോലിച്ചതും കണ്ണനെയാണ്.
Story Summary: Importance of Guruvayoor Ekadashi