Wednesday, December 10, 2025
Wednesday, December 10, 2025
Home » കർക്കടകത്തിലെ കറുത്ത പ്രദോഷം വ്യാഴാഴ്ച; സർവാഭീഷ്ട സിദ്ധിക്കുത്തമം

കർക്കടകത്തിലെ കറുത്ത പ്രദോഷം വ്യാഴാഴ്ച; സർവാഭീഷ്ട സിദ്ധിക്കുത്തമം

by NeramAdmin
0 comments

മംഗള ഗൗരി
ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. ഈ ദിവസം ഭക്തിയോടെ ശിവ പാർവതിമാരെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ഗോചര ഫലദോഷം, ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവരുടെ ദുരിതങ്ങളുടെകാഠിന്യം കുറയ്ക്കാനും ഉത്തമമാണ് പ്രദോഷം. 2024 ആഗസ്റ്റ് 1 വ്യാഴാഴ്ചയാണ് കർക്കടകമാസത്തിലെ കറുത്ത പക്ഷ പ്രദോഷം. ശിവപാര്‍വതിമാര്‍ ഏറെ പ്രസന്നരായിരിക്കുന്ന പ്രദോഷവേളയിലെ ശിവക്ഷേത്ര ദര്‍ശനം വളരെയധികം പുണ്യദായകമാണ്. വ്രതം നോൽക്കാന്‍ കഴിയാത്തവർ ശിവക്ഷേത്രദര്‍ശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തുന്നത് നന്മയേകും. പ്രദോഷ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനവും ശിവഭജനവും കൂടി നടത്തിയാല്‍ സന്തുഷ്ട കുടുംബജീവിതം ലഭിക്കും. ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ് . കഴിയുന്നത്ര ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപഞ്ചാക്ഷരി സ്‌തോത്രം, ശിവഅഷ്ടോത്തരം, ശങ്കരധ്യാന പ്രകാരം, പ്രദോഷ സ്തുതി, ഉമാമഹേശ്വര സ്തോത്രം, ദാരിദ്ര്യദഹന ശിവ സ്തോത്രം, ശിവാഷ്ടകം, ശിവസഹസ്രനാമം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു എന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം. പ്രദോഷ ദിനത്തിലെ ഉമാമഹേശ്വര ഉപാസനയ്ക്ക് അതിവേഗം ഫലം ലഭിക്കും. ഈ ദിവസം ഉമാമഹേശ്വര സ്തോത്രം ചൊല്ലി ശങ്കരപാർവതിമാരെ പ്രാർത്ഥിച്ചാൽ ദാമ്പത്യ ക്ലേശം അകലും. വിവാഹ തടസ്സം മാറും; സന്താനങ്ങൾക്ക് നന്മയുണ്ടാകും. കുടുംബത്തിൽ ഐശ്വര്യം, രോഗമുക്തി ഇവ തീർച്ചയായും ലഭിക്കും. ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രം പ്രദോഷനാൾ സന്ധ്യയ്ക്ക് നെയ് വിളക്ക് കത്തിച്ച് ജപിച്ചാൽ ഇരട്ടി ഫലം ലഭിക്കും. തിങ്കളാഴ്ചകളിലും പ്രദോഷം തുടങ്ങിയ ശിവപാർവ്വതി പ്രധാന ദിവസങ്ങളിലും ഉമാമഹേശ്വര സ്തോത്രം ജപിച്ച് ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിച്ചാൽ രോഗശമനമുണ്ടാകും. അന്ന് പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ കാര്യങ്ങളും ആഗ്രഹംപോലെ നടക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഉമാമഹേശ്വര സ്തോത്രം കേൾക്കാം:

പ്രദോഷ ദിനത്തില്‍ വ്രതമനുഷ്ടിക്കുന്നതിലൂടെ സകല പാപവും നശിക്കും. വ്രതമെടുക്കുന്നവര്‍ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തില്‍ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തില കൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ ഉപവാസിക്കുന്നത് വളരെ നല്ലതാണ്. അതിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നും നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷ പൂജ, ദീപാരാധന ഇവയില്‍ പങ്കെടുക്കുക കൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള ചോറു വാങ്ങി കഴിക്കണം.

Story Summary: Significance of Karkidaka Krishna Paksha Pradosha Vritham on August 1, 2024

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?