Wednesday, December 10, 2025
Wednesday, December 10, 2025
Home » ചോറ്റാനിക്കര മകം തൊഴുതാൽ നെടുമംഗല്യം സർവ്വകാര്യസിദ്ധി

ചോറ്റാനിക്കര മകം തൊഴുതാൽ നെടുമംഗല്യം സർവ്വകാര്യസിദ്ധി

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/)

ജ്യോതിഷി പ്രഭാസീന സി പി
ആദിപരാശക്തിയായ ശ്രീ രാജരാജേശ്വരി സർവാനുഗ്രഹദായിനിയായി മാറുന്ന കുംഭമാസത്തിലെ മകംതൊഴൽ മഹോത്സവത്തിന് വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. പരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിൽ,
2025 മാർച്ച് 6 വ്യാഴാഴ്ച വൈകിട്ടാണ് കൊടിയേറ്റ്. മാർച്ച് 15 ന് അത്തം നാളിൽ ഗുരുതിയോടെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും ആറാട്ട്
ഓരോ ദിവസവും പ്രത്യേകം ആറാട്ട് നടക്കുന്ന ഇവിടെ ഏഴാം നാൾ, മാർച്ച് 12 ബുധനാഴ്ച ഉച്ചതിരിയുമ്പോഴാണ് സ്ത്രീകൾ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്നത്. അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മകം തൊഴൽ തുടങ്ങും. 13 വ്യാഴാഴ്ച പൂരം എഴുന്നള്ളത്തും 14 ന് വെള്ളിയാഴ്ച ഉത്രം ആറാട്ടും നടക്കും.

മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ചോറ്റാനിക്കരയിൽ പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്‌നത്തിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ഭഗവതിയെ പൂജിക്കുന്നു. ഇവിടെ ദേവീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമാണ് കുംഭമാസത്തിലെ മകം എന്ന് പറയുന്നു. പരമഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ചോറ്റാനിക്കര അമ്മ വിശ്വരൂപ ദര്‍ശനം നല്‍കിയ പുണ്യ ദിവസവുമാണ്. കുംഭത്തിലെ മകം. ഈ ദിവസം ചോറ്റാനിക്കര ദർശനം നേടാൻ കഴിഞ്ഞാൽ ശത്രുദോഷശാന്തി, മംഗല്യ ഭാഗ്യം, സന്താനഭാഗ്യം, രോഗശമനം, സർവ്വാഭീഷ്ടസിദ്ധി തുടങ്ങി എല്ലാം തന്നെ കരഗതമാകും.

താമസ – രാജസ – സാത്വിക ഭാവങ്ങളിൽ ചോറ്റാനിക്കര അമ്മ സരസ്വതി, മഹാലക്ഷ്മി, ദുർഗ്ഗ എന്നീ ഭാവങ്ങളിൽ വർത്തിക്കുന്നു. ഇതിൽ ദുർഗ്ഗാസങ്കല്പത്തിനാണ് കൂടുതൽ പ്രാധാന്യം. ദേവന്മാർ പോലും ദുരിതങ്ങൾക്ക് അടിമപെട്ടു പോകുമ്പോൾ ദേവിയെ ആരാധിക്കുകയും ഭജിക്കുകയും ചെയ്യാറുള്ളതായി പുരാണം പറയുന്നു.

ALSO READ

ത്രയീ ഭാവങ്ങളിൽ ദേവീ ദർശനം
ദേവിയുടെ രൂപ സ്വഭാവ സങ്കല്പങ്ങളെ പ്രതിനിധാനം ചെയ്ത് ചോറ്റാനിക്കരയിലെ മേൽക്കാവ് ക്ഷേത്രത്തിൽ രാവിലെ വെള്ളപ്പട്ടും ഉച്ചയ്ക്ക് ചുമന്ന പട്ടും വൈകുന്നേരം നീലപ്പട്ടും ചാർത്തി ഭഗവതിയെ അലങ്കരിച്ചു വരുന്നു. ചെഞ്ചോരപ്പട്ട് ധരിച്ച് മരുവുന്ന ദേവിക്ക് അസുര നിഗ്രഹം കഴിഞ്ഞ് സാത്വിക ഭാവത്തിലേക്ക് മടങ്ങി വരുന്ന സങ്കല്പമാണ്. പൂർണ്ണമായും ഘോരരൂപം വെടിഞ്ഞിട്ടില്ലെന്നു സാരം. നിർമ്മാല്യ ദർശനം മുതൽ രാവിലത്തെ പൂജ വരെ ഇവിടെ സരസ്വതി ഭാവത്തിൽ ദേവി അനുഗ്രഹം വർഷിച്ച് വർത്തിക്കുന്നു. അതിനു ശേഷം കൊല്ലൂർ മൂകാംബികയിലേക്ക് മടങ്ങി പോകുന്നുവെന്ന് സങ്കല്പം. വെള്ളപ്പട്ട് കളങ്കം പുരളാത്ത ശുദ്ധ മനസ്സിന്റെ പ്രതീകമാണ്. ശുദ്ധമനസ്സിനു മാത്രമേ ജ്ഞാനം സമ്പാദിക്കാൻ കഴിയൂ. ദേവിയെ ജ്ഞാനസ്വരൂപിനിയായും വിദ്യാരൂപിണിയായും വന്ദിക്കാം. ആദിപരാശക്തിയുടെ ഒരു ഭാവമാണ് മഹാലക്ഷ്മി. മഹാലക്ഷ്മി – ശ്രീനാരായണബന്ധം ഭാര്യാഭർത്തൃ ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്നുവെന്ന് വിശ്വാസം. ശ്രീകോവിലിൽ ദേവീ വിഗ്രഹത്തിനടുത്ത് ചെറിയ കൃഷ്ണശിലയാണ് വിഷ്ണു സങ്കല്പത്തിന്നാധാരം രണ്ടു വിഗ്രഹങ്ങളും ഒരുമിക്കുമ്പോൾ ലക്ഷ്മീ – നാരായണ സങ്കല്പം തെളിയുന്നു. ദേവി അഷ്ട ലക്ഷ്മീ ഭാവങ്ങളിൽ നാരായണനൊപ്പം വർത്തിക്കുമ്പോൾ ഐശ്വര്യം വാരിവിതറുന്നതിന് മടികാണിക്കാത്തവളായി ശോഭിക്കുന്നു. ത്രയീ ഭാവങ്ങളിലുള്ള ദേവീ ദർശനം ജീവിതം ധന്യമാക്കുമെന്നും വിശ്വാസമുണ്ട്.

ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ പത്താമത്തെ നക്ഷത്രമാണ് മകം. സംസ്കൃതത്തിൽ ‘മ ഘാ’ യെന്നു പറയുന്നു. മകം നാളിന്റെ ദേവത പിതൃക്കളാണ്. അതുകൊണ്ട് പിതൃക്കളുടെ പര്യായ വാചകശബ്ദങ്ങളെല്ലാം നാളിന്റെ പര്യായങ്ങളായും പ്രയോഗിക്കുന്നു. പെൺകുട്ടികൾ മകം നാളിൽ പുഷ്പിണി ( വയസ്സറിയിച്ചാൽ) യായാൽ ഐശ്വര്യവും കുടുംബവർദ്ധന ഫലവുമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. വിവാഹത്തിനും നല്ല നക്ഷത്രമാണ്. മകം പിറന്ന മങ്കയെന്ന ചൊല്ല് അന്വർത്ഥമാകുന്നു. മകം തൊഴൽ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

സർവാലങ്കാരങ്ങളോടെ ദർശനം
കുംഭ മാസത്തിലെ മകം നക്ഷത്ര ദിവസം മിഥുന ലഗ്ന സമയത്താണ് വില്വമംഗലം സ്വാമി ദേവിയെ ദർശിച്ചത് എന്നാണ് വിശ്വാസം. ആ സമയത്ത് തന്നെ ആണ് ഇന്നും മകം തൊഴൽ നടക്കുന്നത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ച ശേഷം പിന്നീട് രണ്ട് മണിക്ക് നട തുറക്കും. സർവ്വാഭരണങ്ങളും സർവാലങ്കാരങ്ങളും അണിഞ്ഞ് ശോഭിക്കുന്ന ദേവിയെ ഒരു നോക്ക് കണ്ട് തൊഴാനായി ഭക്തർ വന്നു ചേരുന്നു. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകൾക്ക് സൽപുത്ര ഭാഗ്യമുണ്ടാകാനും ദീർഘ സുമംഗലിയാകാനും മകം തൊഴൽ വിശേഷം എന്ന് കരുതപ്പെടുന്നു. പൂരം നക്ഷത്ര ദിവസം ചോറ്റാനിക്കര ദർശനം പുരുഷന്മാർക്കുള്ളതാണ്.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Story Summary: Chottanikkara Bhagavati Temple annual Festival and Significance of Makam Thozhal

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?