Wednesday, December 10, 2025
Wednesday, December 10, 2025
Home » 18 വ്യാഴാഴ്ച ഹനുമാനെ തൊഴുതാൽ എന്തും നേടാം

18 വ്യാഴാഴ്ച ഹനുമാനെ തൊഴുതാൽ എന്തും നേടാം

by NeramAdmin
0 comments

ഗണപതിയെപ്പോലെ എല്ലാ വിഘ്‌നങ്ങളും അകറ്റുന്ന ദേവനാണ്  ആഞ്ജനേയൻ; മുരുകനെപ്പോലെ ശത്രുനാശവും രോഗനാശവും വരുത്തും; ശാസ്താവിനെപ്പോലെ ശനിദോഷം തീർക്കും. അങ്ങനെ മൂന്ന് ദേവന്മാരുടെ അനുഗ്രഹം ഒന്നിച്ചു നൽകുന്ന ഹനുമാൻ ഭഗവാന്റെ സന്നിധിയിൽ 18 വ്യാഴാഴ്ച  ദർശനം നടത്തി  ഏകാഗ്രതയോടെ പ്രാർത്ഥിച്ചാൽ  ഈശ്വരോചിതമായ എന്ത് ആഗ്രഹവും സാധിക്കും. ശിവപുത്രനും ശ്രീരാമദാസനുമാണ് ഹനുമാൻ. ഏത് തരത്തിലുള്ള ആപത്തിൽ നിന്നും  ഭയത്തിൽ നിന്നും മോചനം നേടാൻ ഹനുമാനെ ഭജിക്കുന്നതു പോലെ ഫലപ്രദമായ  മറ്റൊരു മാർഗ്ഗമില്ല. 

ശ്രീഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നീ ദേവന്മാരാണ് ശിവപുത്രന്മാരായി  ആരാധിക്കപ്പെടുന്നത്. എല്ലാ വിഘ്‌നങ്ങളും ഇല്ലാതാക്കുന്നത് ഗണപതിയും ശരീരബലവും രോഗനാശവും ശത്രുനാശവും നൽകുന്നത് മുരുകനും ശനിദോഷ നിവാരണം നടത്തുന്നത് ധർമ്മശാസ്താവുമാണ്. ഈ മൂന്ന് ദേവന്മാരുടെയും അനുഗ്രഹം ഒരുമിച്ചു നൽകുന്ന  ഹനുമാൻസ്വാമി ഗണപതിയെപ്പോലെ  വിഘ്‌നങ്ങളത്രയും ഇല്ലാതാക്കും. സുബ്രഹ്മണ്യനെപ്പോലെ ശത്രുനാശവും രോഗനാശവും വരുത്തും. ശാസ്താവിനെപ്പോലെ ശനിദോഷം അകറ്റും. ശനി, ചൊവ്വ  ഗ്രഹങ്ങളെക്കൊണ്ടുള്ള ദോഷങ്ങളും ശത്രുദോഷം, കാര്യതടസം, ഭയം, ദൗർബല്യം, മനോവിഷമം എന്നിവയും ഇല്ലാതാകുന്നതിന് ഹനുമാൻ സ്വാമിയെ ഉപാസിക്കുന്നത് നല്ലതാണ്.  ശാരീരികവും മാനസികവുമായ തളർച്ചകൾ, വിഘ്‌നങ്ങൾ, രോഗങ്ങൾ, അരിഷ്ടതകൾ മുതലായവയാണ് പൊതുവേ ശനിദശ, കണ്ടകശനി, ഏഴരശനി തുടങ്ങിയ  കാലങ്ങളിൽ അനുഭവപ്പെടുന്ന  കഷ്ടതകൾ. ഹനുമാനെ ഭജിക്കുന്നവരെ ഈ ദോഷങ്ങൾ ബാധിക്കില്ല. 
ഇതിന് ഉദാഹരണമായി ഒരു പുരാണകഥയുണ്ട്. ഇന്ദ്രജിത്തിന്റെ ജനനസമയത്ത് രാവണൻ നവഗ്രഹങ്ങളെയെല്ലാം ബന്ധനത്തിലാക്കി. ഗ്രഹങ്ങളുടെ പ്രതികൂലാവസ്ഥ കൊണ്ട് ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുവാൻ ആർക്കും സാധിക്കരുതെന്ന് കരുതിയാണ് അച്ഛൻ രാവണൻ അങ്ങനെ ചെയ്തത്. ഈ സമയത്ത് ഹനുമാൻ ശനിയെ രാവണന്റെ കരുത്തിൽ നിന്നും മോചിപ്പിച്ചു. പ്രത്യുപകാരമായി ഹനുമാനെ ഭജിക്കുന്നവരെ ഉപദ്രവിക്കില്ലെന്ന് ശനി വാക്കു നൽകി.

ചൊവ്വാദശയിലും ചൊവ്വാദോഷ പരിഹാരത്തിനും ഹനുമാനെ ഉപാസിക്കാറുണ്ട്. വടക്കേ ഇന്ത്യയിൽ ചൊവ്വാദോഷപരിഹാരത്തിന് പൂജിക്കുന്നത് ഹനുമാൻ സ്വാമിയെയാണ്. കേരളത്തിൽ ശ്രീരാമഭക്തനായാണ് പൊതുവെ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത്. അതുകൊണ്ടാണ് വിഷ്ണുവിന് പ്രധാനപ്പെട്ട വ്യാഴാഴ്ച ഹനുമാൻസ്വാമിക്കും പ്രാധാന്യം വന്നതെന്ന് കരുതുന്നു.
18 വ്യാഴാഴ്ച തുടർച്ചയായി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ന്യായമായ എന്ത് ആഗ്രഹവും  സാധിക്കും. അറിയാമല്ലോ നീതിമാനും ധർമ്മിഷ്ടനും നിത്യ ബ്രഹ്മചാരിയുമാണ് ഭഗവാൻ.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളാണ് ഹനുമാൻ സ്വാമിയെ പൂജിക്കുന്നതിന് ഉത്തമം. ശനിദോഷനിവാരണത്തിന് ശനിയാഴ്ചകളിലും ചൊവ്വദോഷനിവാരണത്തിന് ചൊവ്വാഴ്ചകളിലും ഹനുമാൻസ്വാമിക്ക് പൂജകളും വഴിപാടുകളും വിശേഷമായി നടത്തണം.

ഹനുമാന്റെ പ്രാർത്ഥനാമന്ത്രം വളരെവേഗം ഫലം നൽകും. വ്രതനിഷ്ഠയൊന്നുമില്ലാതെ ആർക്കും ജപിക്കാം: 

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

– രാജേഷ് . പി

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?