Wednesday, December 10, 2025
Wednesday, December 10, 2025
Home » മീനഭരണിക്ക് ഇത് ജപിച്ചാൽ വീട്ടിൽ ഐശ്വര്യം വർദ്ധിക്കും

മീനഭരണിക്ക് ഇത് ജപിച്ചാൽ വീട്ടിൽ ഐശ്വര്യം വർദ്ധിക്കും

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

മീനഭരണി നാളിൽ ഭദ്രകാളീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൊടുങ്ങല്ലൂർ, ശാർക്കര , കെല്ലങ്കോട് തുടങ്ങി ധാരാളം പ്രമുഖ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസമാണ് ഉത്സവം. അല്ലെങ്കിൽ വിശേഷപൂജകൾ നടത്തും. മീനഭരണിക്ക് രാവിലെയും വൈകിട്ടും ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 1 ചൊവ്വാഴ്ചയാണ് മീനഭരണി. ദേവി എന്നല്ല അമ്മേ എന്നാണ് ഭദ്രകാളിയെ ഭക്തരെല്ലാം വിളിക്കുക. ഇത്രമാത്രം ആത്മബന്ധമുള്ള, അധർമ്മ സംഹാരമൂർത്തിയായ മറ്റൊരു ഭഗവതിയില്ല.

ആദിപരാശക്തിയായ ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനം സമ്മാനിച്ച് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ദേവി അവതരിച്ചത്. ഭദ്രകാളിയെ ഉപാസിക്കുന്നവർക്ക് വളരെ വേഗം ശത്രുദോഷവും ദൃഷ്ടിദോഷവും അകലും.

മീനഭരണിക്ക് ഒരിക്കൽ എടുത്ത് ഭദ്രകാളി പ്രീതി നേടുന്നത് മികച്ച ചൊവ്വാ ദോഷ പരിഹാരമാണെന്നാണ് വിശ്വാസം. തലേദിവസം മുതൽ വ്രതം തുടങ്ങണം. മത്സ്യമാംസാദിഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. പുല, മാസാശുദ്ധി, വാലായ്മ എന്നിവയുള്ളവർ വ്രതമെടുക്കരുത്. 2 നേരവും നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.
കാര്യസിദ്ധിയാണ് മീനഭരണി വ്രതത്തിന്റെ പ്രധാനഫലം. ഏത് വിഷയത്തിലെയും തടസങ്ങൾ അകലുന്നതിനും ഈ വ്രതം ഗുണകരമാണ്.

വ്രതദിവസങ്ങളിൽ 2 നേരവും കുളിച്ച് കാളീ മന്ത്രങ്ങളും സ്തുതികളും ജപിക്കണം. ദേവിയുടെ സുപ്രധാനമായ മൂലമന്ത്രമാണ് മുഖ്യമായും ജപിക്കേണ്ടത്. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം 48 ഉരു വീതം രാവിലെയും വൈകിട്ടും ജപിക്കണം. വളരെയധികം ശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലമുള്ള ദുരിതമകറ്റാനും കാര്യസിദ്ധിക്കും
ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്. 12, 21, 41 തുടങ്ങി യഥാശക്തി ദിവസം ജപിക്കാം. മീന ഭരണി നാളിൽ ജപം തുടങ്ങുന്നത് ഏറെ ഉത്തമം. അന്ന് ലളിതാസഹസ്രനാമം , ദേവീ മാഹാത്മ്യം, ഭദ്രകാളി അഷ്ടോത്തരം, ഭദ്രകാളിപ്പത്ത് എന്നിവ ജപിക്കുന്നത് ഉത്തമമാണ് . തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ അമ്മയുടെ കരുതൽ പോലെ ദേവിഭക്തരെ തുണയ്ക്കും.

ALSO READ

ദേവീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ പ്രാധാന്യം അനുസരിച്ച് കടുംപായസം, പുഷ്‌പാഞ്‌ജലി , രക്തപുഷ്‌പാഞ്‌ജലി , ഗുരുതി , ചുവന്നപട്ട് എന്നിവ മീനഭരണിക്ക് വഴിപാടായി സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്‌. അന്ന് സന്ധ്യക്ക്‌ വിളക്ക് കൊളുത്തി മേൽ പറഞ്ഞ ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനാ വിധികളിലുള്ളത്. ഭദ്രകാളീ മന്ത്രങ്ങൾ ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും. സാത്വിക ഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം. ഭദ്രകാളീപ്രീതിക്ക് വേണ്ടി സാധാരണക്കാർക്ക് എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്.

ഭദ്രകാളിപ്പത്ത് കേൾക്കാം :
https://youtu.be/1pelR0Ti7zU?si=8TwTv-JvnEEBJ9I-

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

+ 91 944702 0655

Story Summary Importance of Bhadrakali Worshipping on Meena Bharani

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?