Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുപ്പതി ദർശനം സൗഭാഗ്യം ചൊരിയും

തിരുപ്പതി ദർശനം സൗഭാഗ്യം ചൊരിയും

by NeramAdmin
1 comment

സപ്തഗിരീശ്വരൻ എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കടേശ്വര ഭഗവാന്റെ ദർശനം ലഭിച്ചാൽ  കലിയുഗ ദുരിതങ്ങളെല്ലാം അവസാനിക്കും. ഭക്തരുടെ  അർഹതയ്ക്കനുസരിച്ച് തിരുപ്പതി ദേവൻ അനുഗ്രഹവും അപ്രതീക്ഷിത സൗഭാഗ്യവും നൽകും. 

തിരുപ്പതി വെങ്കടാചലപതിയെ ദർശിക്കാൻ ഇവിടെ എത്തുന്നവരുടെ എണ്ണം സാധാരണ ഒരു ദിവസം അറുപതിനായിരം മുതൽ എൺപതിനായിരം വരെയാണ്. ബ്രഹ്മോത്സവം, പുതുവത്സരദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ ഇത് 5 ലക്ഷം വരെയാകും. ഒരു വർഷം 3 കോടിയിലേറെപ്പേർ ദർശനം നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ദേവാലയം എന്ന ഗിന്നസ് റെക്കാർഡ്  തിരുപ്പതിക്കാണ്. ഇവിടെ മലയ്ക്കുമുകളിൽ ഏഴായിരത്തോളം സത്രങ്ങൾ ഭക്തർക്ക് താമസിക്കുന്നതിന്  സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ നാല്പതിനായിരത്തോളം ആളുകൾക്ക് താമസിക്കാം.

3100 കോടി രൂപയാണ് തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വാർഷിക വരുമാനം.12000 കോടി രൂപ വിവിധ ബാങ്കുകളിൽ സ്ഥിര നിക്ഷേപമുണ്ട്.സകലർക്കും  ഐശ്വര്യവും ധനവുംചൊരിയുന്ന തിരുമല തിരുപ്പതി ദേവന്റെ ശേഖരത്തിൽ 8.7 ടൺ സ്വർണ്ണവും 550 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും രത്നങ്ങളുമുണ്ട്.  2000 വർഷം പഴക്കമുള്ള ശ്രീ വെങ്കടേശ്വരന്റെ ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന വാർഷിക പലിശ മാത്രം 845 കോടി രൂപ വരും. തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നിന്ന്  എന്തെങ്കിലും ഒരുതരി സ്വത്ത് കവർന്നെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

വിദേശികളല്ലാത്ത ഭക്തർക്ക് ദർശനത്തിന് ടോക്കൺ എടുത്താൽ മതി. തിരുപ്പതിയിൽ  റെയിൽവേ സ്‌റ്റേഷനിലും ബസ്‌സ്റ്റാൻഡിലും എയർപോർട്ടിലും ചില ദേവസ്ഥാന സത്രങ്ങളിലും  ഈ ടോക്കൺ ലഭിക്കും. സൗജന്യ ദർശനമായാലും ടിക്കറ്റ് എടുത്തു പോകുന്ന ദർശനത്തിനായാലും ഏറെ പ്രയോജനകരമാണ് ഈ രീതി. വളപോലെ കയ്യിൽ കെട്ടാവുന്ന ഈ ടോക്കൺ നനയില്ല, കീറില്ല, മറു കയ്യിലേക്കോ മറ്റൊരു കയ്യിലേക്കോ മാറ്റുവാനും കഴിയില്ല. ഇതിൽ നമുക്കു അനുവദിക്കുന്ന ദർശനദിവസം, നേരം, എന്നിവ കുറിച്ചിരിക്കും. അതു കിട്ടിയാൽ നമ്മൾ സൗകര്യം പോലെ  വിശ്രമിച്ചിട്ട് പറഞ്ഞ നേരത്തിന് വരിയിൽ പോയി നിന്നാൽ മതി.

500 രൂപയാണ് വി ഐ പി ദർശനത്തിന് ഫീസ്. ഇതിന്  വി.ഐവികളുടെ ശുപാർശ കത്തും തിരിച്ചറിയൽ രേഖയുംവേണം. സ്പെഷ്യൽ ദർശനത്തിന് 300 രൂപയാണ്; ഓൺലൈനിൽ മൂന്ന് മാസം മുൻപേ ബുക്ക് ചെയ്യാം.  ദർശനം കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തുകയുടെ ഏറ്റക്കുറച്ചിലിനുസരിച്ച്  സൗജന്യ ലഡുവും ലഭിക്കും.  ടോക്കൺ  എടുക്കാത്തവർ വൈകുണ്ഡം കോംപ്‌ളക്‌സിലെ ക്യൂവിൽ പോയി

സൗജന്യമായ സർവ്വദർശനത്തിന് നിൽക്കുക. നേരവും സമയവും അറിയാതെ ഏറെ മണിക്കൂറുകൾ  ചിലപ്പോൾ ദിവസം മുഴുവൻ കാത്തിരിക്കേണ്ടിവരും. പക്ഷെ ആ ക്യൂ വെറും ക്യൂ അല്ല. ഇരിക്കാനും കിടക്കാനും ഭക്ഷണത്തിനും മറ്റു പ്രാഥമികാവശ്യങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്. ധർമ്മ ദർശനം എന്നും ഇതിനെ പറയാറുണ്ട്.

ALSO READ

അംഗ പ്രദിക്ഷണം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ തലേദിവസം മലമുകളിൽ ഉള്ള വിജയാബോക്കിൽ പോയി ടോക്കൺ വാങ്ങണം. സൗജന്യമാണ് ടോക്കൺ. ദിവസം 800 പേർക്ക് ടോക്കൺ ലഭിക്കും. വെള്ളിയാഴ്ചകളിൽ അംഗ പ്രദക്ഷിണമില്ല. രാത്രി രണ്ടു മണിക്ക് വരാഹ തീർത്ഥത്തിൽ കുളിച്ച് ഈറനുടുത്ത് അംഗപ്രദിക്ഷണത്തിന്തയ്യാറായി നിൽക്കണം.  സഹായത്തിന് വേണമെങ്കിൽ ഒരാളെ കൂട്ടാം. ശയനപ്രദക്ഷണം കഴിഞ്ഞ ഉടനെ രണ്ടുപേർക്കും മൂലസ്ഥാനത്ത്  പോയി ദർശനം നടത്താം; ഈ ദർശനം  സൗജന്യമാണ്.

വിദേശത്തു നിന്ന് ദർശനത്തിന് വരുന്നവർക്ക് തിരുപ്പതിയിൽ  പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ മലകയറി ചെന്നാലുടൻ  വൈകുണ്ഡം എന്ന പേരുള്ള കെട്ടിടത്തിൽ പോകണം. അവിടെ  പാസ്‌പോർട്ട്, വിസ തുടങ്ങിയവ കാണിച്ചാൽ ദർശനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തരും.

നടന്നു മല കയറുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പെട്ടിയും സാധനങ്ങളും മറ്റും അടിവാരത്തിലുള്ള ദേവസ്ഥാനം ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങണം. അവ മലമുകളിൽ ഉള്ള ദേവസ്ഥാനം ഓഫീസിൽ എത്തിച്ചു തരും. രസീത് കാണിച്ചാൽ നമുക്കത് തിരിച്ചുവാങ്ങാം.

തിരുപ്പതി പ്രസാദത്തിൽ ലഡുവാണ് ഏറെ പ്രധാനം. അതിന്റെ വലുപ്പവും വളരെ വലുതാണ്. ഈ ലഡുവിന്റെ  പേര് മനോഹരം എന്നാണ്. ഒരു ദിവസം രണ്ടു ലക്ഷം ലഡുവാണ് ഇവിടെ നിർമ്മിക്കുന്നത്. ബ്രഹ്‌മോത്സവകാലത്ത് ഇരട്ടിയോളം വേണ്ടിവരും. ഇതുണ്ടാക്കാൻ യന്ത്രം ഉണ്ട്.

വിജയവാഡയിൽ നിന്ന് 435 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററും ചെന്നൈയിൽ നിന്ന്  138 കിലോമീറ്ററും ബാംഗ്ലൂർ നിന്നും 291 കിലോമീറ്ററും ദൂരമുണ്ട് തിരുപ്പതിയിലേക്ക്. 
മലമുകളിൽ എത്തിയാൽ  മനസിൽ ശ്രീ വെങ്കടാചലപതി നാമങ്ങൾ മാത്രമേ  ജപിക്കാവൂ: 


ശ്രീനിവാസ ഗോവിന്ദ ശ്രീ വെങ്കിടേശ ഗോവിന്ദാ
ഭക്തവത്സല ഗോവിന്ദ, നിത്യ നിർമ്മമ ഗോവിന്ദ
പക്ഷിവാഹന ഗോവിന്ദ, ദുഷ്ടസംഹാരക ഗോവിന്ദ
നിത്യനിർമ്മല ഗോവിന്ദ, ഗോകുലനന്ദന ഗോവിന്ദ

– ടി. ജനാർദ്ദനൻ നായർ

You may also like

1 comment

Suresh p k August 28, 2019 - 3:35 am

Eshwara

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?