Wednesday, December 10, 2025
Wednesday, December 10, 2025
Home » ഞായറാഴ്ച ഷഷ്ഠി വ്രതം; മാതൃസൗഖ്യം, സന്താന ഭാഗ്യം, രോഗമുക്തി നേടാം

ഞായറാഴ്ച ഷഷ്ഠി വ്രതം; മാതൃസൗഖ്യം, സന്താന ഭാഗ്യം, രോഗമുക്തി നേടാം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

മംഗള ഗൗരി
സുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് മാസന്തോറുമുള്ള ഷഷ്ഠി വ്രതം. ഇടവ മാസത്തിലെ (വൈശാഖം – ജ്യേഷ്ഠം)
ഷഷ്ഠി ജൂൺ 1 ഞായറാഴ്ചയാണ്. ഈ ഷഷ്ഠി തിഥി സമയം മേയ് 31 രാത്രി 8:16 മുതൽ ജൂൺ 1 ന് രാത്രി 8:01 വരെയാണ്. വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതമെടുക്കുന്നത്. ഓരോ മാസത്തിലെ ഷഷ്ഠിക്കും ഒരോ ഫലമുണ്ട്. ഇതനുസരിച്ച് ഇടവമാസത്തിലെ ഷഷ്ഠിയിൽ സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യമാണ് മുഖ്യ ഫലം.

ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിച്ച് വ്രതം മുറിക്കാം. എല്ലാ വ്രതങ്ങള്‍ക്കും വ്രതം അനുഷ്ഠിക്കുന്ന ദിവസത്തിനാണ് കൂടുതൽ പ്രാധാന്യം. എന്നാല്‍ ഷഷ്ഠിവ്രതത്തിനു മാത്രം അതിന്റെ തലേദിവസമായ പഞ്ചമിക്കും അതേ പ്രാധാന്യമുണ്ട്. പഞ്ചമിനാളില്‍ ഉപവാസമോ ഒരിക്കലോ നിർബ്ബന്ധമാണ്.
അന്ന് ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാവുന്നതാണ്. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ ഉത്തമം. സക്ന്ദ ഷഷ്ഠിക്ക് ഇത്തരത്തിലാണ് കൂടുതൽ പേരും വ്രതം അനുഷ്ഠിക്കുന്നത്. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുഫലങ്ങള്‍. മക്കളുടെ ശ്രേയസ്സിന് വേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഷഷ്ഠി അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റേത് പോലെ തന്നെ ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം സിദ്ധിക്കും.

അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യ സ്വാമി. അതിനാൽ പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവകൊണ്ട് നടത്തുന്ന അഭിഷേകമാണ് ഏറ്റവും ഉത്തമമായ വഴിപാടുകൾ. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ഈ 5 വസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

സുബ്രഹ്മണ്യ ഭഗവാന്റെ വാർഷിക പ്രധാനമായ വിശേഷ ദിനങ്ങൾ തൈപ്പൂയം, സ്‌കന്ദഷഷ്ഠി, വൈകാശി വിശാഖം
എന്നിവയാണ്. ഇതിന് പുറമെ ഷഷ്ഠി തിഥി, കാർത്തിക, പൂയം, വിശാഖം നക്ഷത്രം, ചൊവ്വ, ഞായർ ദിവസങ്ങൾ എന്നിവയും ഷൺമുഖ പ്രീതി നേടാൻ ഉത്തമമാണ്.
ഭഗവാന്റെ അവതാര ദിവസമാണ് വൈകാശി വിശാഖം.

ALSO READ

പെട്ടെന്നുള്ള ഫലസിദ്ധിയാണ് സുബ്രഹ്മണ്യ പ്രാർത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതം എടുക്കുന്നവർ മൂലമന്ത്രം ഓം വചത് ഭുവേ നമഃ , അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ ഗായത്രി,
സുബ്രഹ്മണ്യ സഹസ്രനാമം, സുബ്രഹ്മണ്യ രായം ഓം ശരവണ ഭവഃ തുടങ്ങിയവ ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ഷഷ്ഠിദിവസം ഏത് സുബ്രഹ്മണ്യ സ്തുതി ജപിക്കുന്നതും വളരെ നല്ലതാണ്. ഈ ഷ്ഷഠി സാർത്ഥകമാക്കാൻ സൗഭാഗ്യദായകമായ ശ്രീ സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം. ആലാപനം, മണക്കാട് ഗോപൻ:

Story Summary: Significance and Benefits of observing Shashti Vritham, Edavam month on June 1

(ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?