Wednesday, December 10, 2025
Wednesday, December 10, 2025
Home » വൃഷഭ വ്രതം ചൊവ്വാഴ്ച;  തിരുനക്കര മഹാദേവൻ്റെ വൃഷഭത്തിന് ഒരു പ്രത്യേകത

വൃഷഭ വ്രതം ചൊവ്വാഴ്ച;  തിരുനക്കര മഹാദേവൻ്റെ വൃഷഭത്തിന് ഒരു പ്രത്യേകത

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

സദാനന്ദന്‍ എസ്
ശിവ പ്രധാനമായ വ്രതങ്ങളിൽ ഒന്നാണ് ഇടവത്തിലെ വൃഷഭവ്രതം. എട്ട് മഹാ വ്രതങ്ങളിൽ ഒന്നായി പറയുന്ന ഈ വ്രതം വൈകാശി മാസം ശുക്ലപക്ഷത്തിലെ അഷ്ടമിയിലാണ് വരുന്നത്. 2025 ‘ജൂൺ 3 ചൊവ്വാഴ്ചയാണ് ഇത്തവണ ഇത് ആചരിക്കുന്നത്.

ശ്രീ പരമേശ്വരനെയും ശ്രീ പാർവ്വതിയെയും ഒരു വൃഷഭത്തിൻ്റെ മുകളിൽ ഇരിക്കുന്ന സങ്കല്പത്തിലാണ് ഈ ദിവസം ഭജിക്കേണ്ടത്. അന്ന് ഭക്തിപൂർവ്വം ശിവപൂജ ചെയ്യുന്നവർക്ക് ദീർഘായുസ്സ്, ആരോഗ്യം, സമ്പത്ത്, ജ്ഞാനം എന്നിവ അതിവേഗം കരസ്ഥമാക്കാം. ഇത് വഴി
അഷ്ട ദാരിദ്ര്യങ്ങൾ അകറ്റി എട്ട് വിധത്തിലുള്ള ഐശ്വര്യം കൈവരിക്കാനുമാകും. പിതൃ തർപ്പണം, ദാനം എന്നിവ നടത്താനും ഈ ദിനം ശുഭകരമായി കണക്കാക്കപ്പെടുന്നു. വൃഷഭ വ്രതദിവസം അന്നദാനം ചെയ്യുന്നത് പുണ്യമായി പറയുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കുക വഴി ഭഗവാന്റെ അനുഗ്രഹം നേടാനും ആഗ്രഹങ്ങൾ
സഫലമാക്കാനും സാധിക്കും. ശ്രീമഹാദേവന്റെ വാഹനമാണ് വൃഷഭം.

തിരുനക്കര മഹാദേവൻ്റെ വൃഷഭം
വൃഷഭത്തിന് പ്രത്യേക പരിഗണയും പരിചരണവും നല്‍കുന്ന ഒരു മഹാക്ഷേത്രം കേരളത്തിലുണ്ട്. കോട്ടയം തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം. ഇവിടെ ശ്രീകോവിലിന്റെ മുന്‍പിൽ പ്രത്യേക മണ്ഡപത്തിലാണ് വൃഷഭ പ്രതിഷ്ഠ. ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ആദ്യം ഭക്തരുടെ ദൃഷ്ടിയില്‍പ്പെടുക ഭഗവാന്റെ മുന്‍പിലായി സ്ഥിതിചെയ്യുന്ന വൃഷഭ വിഗ്രഹമാണ്.

ഒരു അത്ഭുതപ്രതിഭാസം
ഈ കൂറ്റന്‍ വൃഷഭവിഗ്രഹത്തെ സംബന്ധിച്ച് അത്ഭുതകരമായ ഒരു പ്രതിഭാസം പറയപ്പെടുന്നു.
ചിലകാലങ്ങളില്‍ ശിലാനിര്‍മ്മിതമായ വിഗ്രഹത്തിന്റെ ദേഹത്ത് നീരു വന്നു പൊട്ടി വരും. അവിശ്വസനീയമായി തോന്നാമെങ്കിലും, പല തവണ ഇത് ആവര്‍ത്തിച്ചു. ഇതിന് പരിഹാരമായി പ്രത്യേക പൂജകൾ പതിവാണ്. പൊതുവെ നാട്ടിൽ കഷ്ട കാലം ബാധിക്കുമ്പോഴോ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയായോ ആണത്രെ ഇങ്ങനെ സംഭവിക്കുന്നത്. കൊല്ലവര്‍ഷം 933, 973, 986, 990, 1004, 1022, 1036, 1055 എന്നീ ആണ്ടുകളില്‍ ഈ പ്രതിഭാസം ഉണ്ടായതായി പറയുന്നുണ്ട്. അന്നൊക്കെ ഒന്നുകിൽ ഓരോ രാജാക്കന്മാര്‍ നാടുനീങ്ങുകയോ എന്തെങ്കിലും
അത്യാഹിതങ്ങൾ സംഭവിക്കുകയോ ചെയ്യുകയുണ്ടായി. അവസാനം ഈ സംഭവം ഉണ്ടായപ്പോൾ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഈ അത്ഭുതം കാണാന്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിയത്രേ.

ALSO READ

തിരുനക്കരയപ്പൻ അഷ്‌ടൈശ്വര്യ മൂര്‍ത്തി
ശിവശക്തി ചൈതന്യങ്ങളുടെ സംഗമമാണ് കോട്ടയം നക്കരകുന്നിൻ മുകളിലെ തിരുനക്കര മഹാദേവ ക്ഷേത്രം. സ്വയം ഭൂവാണ് ഇവിടുത്തെ ശിവലിംഗം. സ്വർണ്ണ അങ്കി കൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു. ഇടതു വശത്ത് പാർവ്വതീ വിഗ്രഹമുണ്ട്. സൗമ്യ ഭാവവും ആശ്രിത വാത്സല്യവും ഒത്തിണങ്ങിയ തിരുനക്കരയപ്പൻ അഷ്‌ടൈശ്വര്യ മൂര്‍ത്തിയാണ്. ഇവിടുത്തെ ദര്‍ശനം കുടുംബ ഐശ്വര്യത്തിന് വിശിഷ്ടമാണ്.

ഏതു വിഷവും ഹരിക്കുന്ന ഭസ്മം
ശാന്തസ്വരൂപനായി, കുടുംബസമേതനായി കിഴക്ക് ദര്‍ശനമായി മഹാദേവൻ അനുഗ്രഹം ചൊരിയുന്ന ഈ തിരുസന്നിധിയിൽ വടക്കുംനാഥന്റെ ഉപദേവാലയമുണ്ട്. വടക്കുംനാഥ സാന്നിധ്യം ഉള്ളതിനാലാണ് ഇവിടെ പകല്‍പൂരം നടത്തുന്നത്. തിരുനക്കര തെക്കെ തിടപ്പള്ളിയിലെ ഭസ്മം ഏതു വിഷത്തെയും ഹരിക്കുന്ന വിശേഷപ്പെട്ട ഔഷധമാണ്. വര്‍ഷത്തിലൊരിക്കല്‍ നേദിച്ചു പോരുന്ന പാനകം വളരെ വിശേഷപ്പെട്ടതും സര്‍വ്വരോഗ സംഹാരിയുമാണ്.

വഴിപാടുകൾ, ജപം
വൃഷഭ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഈ ചൊവ്വാഴ്ച ശിവക്ഷേത്രദർശനം നടത്തി കഴിയുന്ന വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തരശത നാമാവലി, ശിവ സ്വരൂപ വർണ്ണന ശങ്കര ധ്യാനപ്രകാരം, ഉമാമഹേശ്വര സ്തോത്രം, പ്രദോഷ സ്തോത്രം തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ജപിക്കണം. ക്ഷേത്രത്തിൽ പോകാനും വ്രതം എടുക്കാനും കഴിയുന്നില്ലെങ്കിൽ വീട്ടിലിരുന്ന് പ്രാർത്ഥിക്കുക. ഓം നമഃ ശിവായ പരമാവധി ജപിക്കുന്നത് കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ അഷേ്ടാത്തരം, ശിവസഹസ്രനാമം, ഉമാമഹേശ്വര സ്തോത്രം, ശങ്കരധ്യാന പ്രകാരം, ബില്വാഷ്ടകം, പ്രദോഷ സ്തോത്രം, ലിംഗാഷ്ടകം, ദാരിദ്ര്യ ദു:ഖദഹന സ്തോത്രം, എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. പ്രദോഷ ദിവസം ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തര പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി മന:സമാധാനം ലഭിക്കുന്നതിനും ഈ വ്രതം ഉത്തമമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യ ദു:ഖദഹന ശിവ സ്തോത്രം കേൾക്കാം:

സദാനന്ദന്‍ എസ്
(മൊബൈൽ: + 91 9744727929)

Story Summary Significance of Vrishabha Vritham on Tuesday 2025 June 3

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?