Wednesday, December 10, 2025
Wednesday, December 10, 2025
Home » ഏകാദശി, പ്രദോഷം, ഗുരു പൂർണ്ണിമ; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഏകാദശി, പ്രദോഷം, ഗുരു പൂർണ്ണിമ; ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷരത്നം വേണു മഹാദേവ്
2025 ജൂലൈ 6 ന് വിശാഖം നക്ഷത്രം തുലാക്കൂറിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ശയനൈക ഏകാദശി, കുജ പ്രദോഷം, ഗുരു പൂർണ്ണിമ എന്നിവയാണ്. വാരം തുടങ്ങുന്ന ജൂലൈ ആറിനാണ് ഏകാദശി. ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയനൈക ഏകാദശി. ഭഗവാൻ ശ്രീ മഹാവിഷ്ണു നാലു മാസത്തേക്ക് യോഗനിദ്രയിൽ പ്രവേശിക്കുന്ന പുണ്യ ദിനത്തെ ദേവശയനി ഏകാദശി, മഹാഏകാദശി, പത്മഏകാദശി, ഹരിശയനി ഏകാദശി എന്നെല്ലാം അറിയപ്പെടുന്നു. ഈ ഏകാദശി നോറ്റാൽ മന:ശാന്തി, ഭാഗ്യം എന്നിവയും ജീവിതാന്ത്യത്തിൽ വൈകുണ്ഠപ്രാപ്തിയും കൈവരിക്കാം. ശിവപ്രീതി നേടാന്‍ ശേഷ്ഠമായ ദിനമാണ് കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശിയിലെ പ്രദോഷം. ജൂലൈ 8 ന് മിഥുനത്തിലെ ശുക്ല പ്രദോഷമാണ്. ഈ ദിവസം ശിവപാർവതിമാരെ ഭജിച്ചാൽ ആയുരാരോഗ്യം,
ദാരിദ്ര്യശമനം, പാപമുക്തി, ഐശ്വര്യം, സന്താനഭാഗ്യം, എന്നിവ ലഭിക്കും. ദശാദോഷം, ജാതകദോഷം കാരണം അനുഭവിക്കുന്ന ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കാനും പ്രദോഷവ്രതം നോൽക്കുന്നത് ഉത്തമമാണ്. ലക്ഷം ദോഷങ്ങൾ അകറ്റാൻ പറ്റിയ ദിവസമായ ഗുരുപൂർണ്ണിമ ജൂലൈ 10 വ്യാഴാഴ്ചയാണ്. പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വിശ്വാസം. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ പോലും ആവിർഭാവം. അതിനാൽ ഗുരു ഈശ്വരതുല്യനാകുന്നു. ഏത് വിദ്യ അഭ്യസിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം. ഗുരു കടാക്ഷം ഉണ്ടെങ്കിൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും നമ്മെ ബാധിക്കാത പോകും. ഇത് നേടുന്നതിന് ഉത്തമമായ
ദിനമാണ് ആഷാഢമാസത്തിലെ പൗർണ്ണമി ദിനമായ ഗുരുപൂർണ്ണിമ. ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നതിനും ഈ ദിവസം നല്ലതാണ്. ജൂലൈ 12 ന് തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം ശ്രദ്ധിക്കണം. ലഹരി വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ ഐക്യം കൊണ്ടുവരും. ജീവിത പങ്കാളി സഹായിക്കും, ബന്ധുമിത്രാദികളിൽ നിന്നും സമ്മാനം ലഭിക്കും. ആസൂത്രണം ചെയ്യുന്ന പദ്ധതികൾ എല്ലാവരുമായി പങ്കിടരുത്. ഓം ശരവണ ഭവ: നിത്യവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
ആരോഗ്യം പതിവിലും മികച്ചതായിരിക്കും. നല്ല ഉന്മേഷം തോന്നും. എല്ലാ തരത്തിലെ ദീർഘകാല നിക്ഷേപവും ഒഴിവാക്കുക. സുഹൃത്തുക്കളോടൊപ്പം സന്തോഷപൂർവം സമയം ചെലവിടും. കുടുംബത്തിൽ നാണംകെടാനുള്ള
സാഹചര്യം ഉണ്ടാക്കരുത്. നൃത്തം, സംഗീതം, ചിത്രരചന എന്നിവയുമായി ബന്ധപ്പെട്ട് മികവ് തെളിയിക്കും. മത്സരപരീക്ഷയിൽ‌ മികച്ച വിജയം നേടാൻ‌ കഴിയും. ലളിതാസഹസ്രനാമം ദിവസവും ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മുതിർന്ന ബന്ധുവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ അശങ്ക സൃഷ്ടിക്കും. സാമ്പത്തികമായി അനുകൂല കാലമാണ്. ധനസ്ഥിതി ശക്തിപ്പെടുത്താനും പുതിയ ചില വരുമാന മാർഗ്ഗങ്ങൾ തുറക്കാനും കഴിയും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ മുതിർന്നവരുടെ സഹായം ലഭിക്കും. തർക്കങ്ങൾ പരിഹരിക്കും. ശത്രുക്കളുടെ യാതൊരു ശ്രമവും വിജയിക്കില്ല. വിദേശയാത്രാ തടസ്സങ്ങൾ മാറും. ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ശമനം ലഭിക്കും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം നല്ലതായിരിക്കും. എന്നാൽ ചെലവ് വല്ലാതെ വർദ്ധിക്കും. വീട്ടിലെ അന്തരീക്ഷം അത്ര നല്ലതാകില്ല. പ്രിയപ്പെട്ട ചിലരുടെ നിസ്സംഗതയിൽ വിഷമിക്കും. പരിശ്രമങ്ങളിൽ വിജയം നേടാൻ കഴിയും. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മൂലം ജോലിഭാരവും മാനസിക സമ്മർദ്ദവും വർദ്ധിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഭക്ഷണവും ദിനചര്യയും നിയന്ത്രിക്കണം. അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് ധാരാളം പണം ചിലവഴിക്കും. കുടുംബപരമായ ആവശ്യങ്ങൾക്ക് സമയം കണ്ടെത്താൻ ബുദ്ധിമുട്ടും. ചിലരെ അമിതമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. വിവാഹ ആലോചനയിൽ തീരുമാനം എടുക്കുന്നതിൽ ആശയക്കുഴപ്പം നേരിടും. ജോലിയിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കും. കൂട്ടുകെട്ടുകൾ സൂക്ഷിക്കുക. ദു:സ്വാധീനം ചെലുത്തുന്നവരെ ഒഴിവാക്കുക. ദിവസവും ആദിത്യ ഹൃദയം ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
മാനസിക സമ്മർദ്ദം ഉണ്ടാകും. സാമ്പത്തികമായി
സമയം വളരെ മികച്ചതായിരിക്കും. പുതിയ ധാരാളം അവസരങ്ങൾ ലഭിക്കും. സംരംഭങ്ങൾ വിജയിപ്പിക്കാൻ, ശരിയായ തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് നടത്തും. നഷ്ടപ്പെട്ട വിലയേറിയ വസ്തുക്കൾ തിരിച്ച് ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ജോലിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കും.
മത്സരപരീക്ഷയിൽ നല്ല വിജയം നേടാൻ കഠിനാധ്വാനം ചെയ്യും. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വിലയേറിയ വസ്തുക്കൾ വാങ്ങുന്നതിന് പണം ചിലവഴിക്കും. മികച്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചിലർക്ക് കുടുംബത്തിൽ‌ സന്താനലബ്ധിക്ക് ഭാഗ്യം കാണുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. കഠിനാധ്വാനം കണ്ട് മേലുദ്യോഗസ്ഥർ സന്തുഷ്ടരാകും.
ശമ്പളം വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് സമയം വളരെ നല്ലതായിരിക്കുമെന്ന് കാണുന്നു. ഓം ശ്രീം നമഃ ദിവസവും 108 ഉരു ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം , തൃക്കേട്ട )
സർഗ്ഗാത്മക ആശയങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയും അതിൽ നിന്ന് മികച്ച സാമ്പത്തിക നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്യും. മാനസിക സമ്മർദ്ദം വർദ്ധിക്കും. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കണം. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകും. കുടുംബപരമായ ഉത്തരവാദിത്തം വർദ്ധിക്കും. ജോലിയിൽ കഴിവുകൾ മുഴുവൻ ഉപയോഗിക്കാനാകില്ല. ഇതുമൂലം ബുദ്ധിമുട്ടും. പഠനത്തിൽ മടുപ്പ്. ഓം ഹം ഹനുമതേ നമഃ ജപിക്കുക

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഏതെങ്കിലും മികച്ച പദ്ധതിയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകും. അത് ഭാവിയിൽ കൂടുതൽ ലാഭം നേടാൻ വഴിയൊരുക്കും. ഉറ്റസുഹൃത്ത് അല്ലെങ്കിൽ ബന്ധുവിൻ്റെ പെരുമാറ്റം വിഷമിപ്പിക്കും. സ്വജനങ്ങളുടെ ആവശ്യങ്ങൾ
നിറവേറ്റുന്നതിന് കഷ്ടപ്പെടും. കരാർ ഇടപാടുകൾ വഴി വലിയ ലാഭമുണ്ടാകും. ഇഷ്ടം തുറന്ന്പറയാൻ പറ്റിയ സമയമല്ല. പ്രതികൂല സാഹചര്യങ്ങൾ വിലയിരുത്താൻ കഴിയില്ല. എതിരാളികളെ അവഗണിക്കുന്നത് ദോഷം ചെയ്യും. പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും.
ഓം നമോ നാരായണായ ദിവസവും 108 ഉരു ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
കച്ചവടക്കാർ സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ലാഭം നേടുമെന്ന് പ്രതീക്ഷിച്ച ഇടപാടുകൾ ഫലപ്രദമാകാൻ സാധ്യത കുറവാണ്. ദു:ശീലങ്ങളുള്ള വ്യക്തികളിൽ നിന്ന് അകന്നു നിൽക്കണം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. ഈശ്വരാധീനം, ഭാഗ്യം അനുകൂലമാകും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കാൻ കഴിയും. വിദ്യാഭ്യാസത്തിൽ വിജയം വരിക്കും. ജീവിത നിലവാരം ഉയരും. ഓം നമഃ ശിവായ ദിവസവും ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യം മെച്ചപ്പെടുത്താൻ ദിനചര്യയിൽ മാറ്റം വരുത്തും. ചുറ്റുമുള്ളവരിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്പത്ത് സുരക്ഷിതമായി നിക്ഷേപിക്കും. സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഊഷ്മളമായ പെരുമാറ്റം പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കും. ജീവിത പങ്കാളിയോട് മുമ്പത്തേതിനേക്കാൾ കൂടുതൽ ആകർഷണം അനുഭവപ്പെടും. ജോലിസ്ഥലത്ത്
കൂടുതൽ ശ്രദ്ധ വേണം. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
സർക്കാരിൽ നിന്ന് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. സ്വഭാവത്തിൽ ഒരു അസ്ഥിരത കാണും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അല്ലെങ്കിൽ അത് വഴി കുടുംബസമാധാനം തകരും. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന
ആളുകൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഒരു ആവേശത്തിന് ഒന്നിലും എടുത്ത് ചാടാതിരിക്കുക. കുട്ടികൾ പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കണം. ദിവസവും ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?