(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദക്ഷിണായനകാലത്തിന്റെ തുടക്കമാണ് കർക്കടകം. ഉപാസനാദി കർമ്മങ്ങൾ കൊണ്ട് കാലഗതിക്ക് മാറ്റം വരുത്താൻ പൂർവ്വികർ ശ്രമിച്ചിരുന്ന പുണ്യ മാസം 2025 ജൂലൈ 17 വ്യാഴാഴ്ച ആരംഭിക്കുന്നു. ദക്ഷിണായന ആരംഭകാലമാകയാൽ ഈ സമയം പാപഗ്രസ്തഭാവം മനുഷ്യനിൽ വർദ്ധിക്കുന്നതിനും സാദ്ധ്യതയുണ്ട്. തമോ ഗുണഭാവങ്ങൾ വർദ്ധിക്കുന്നതിന് സാദ്ധ്യതയുള്ളതിനാൽ ഈ സമയം ചെയ്യുന്ന ഉപാസനഭൂമിയെ അമിതപാപഭാരത്തിൽ നിന്നും രക്ഷിക്കുന്നു. മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും ലഭിക്കാൻ കർക്കടകമാസ ഉപാസനയും പ്രാർത്ഥനയും തന്മൂലം വേഗം ഗുണം ചെയ്യും. ഈ സമയത്ത് മനുഷ്യന് ഏകാഗ്രതയും മനോനിയന്ത്രണവും പ്രായേണ കുറയും എന്നതിനാൽ അതിസൂക്ഷ്മമായി നിസാരമായി ചെയ്യുന്ന പുണ്യവിഷയങ്ങൾക്കു പോലും പുണ്യശക്തി വർദ്ധിക്കുന്നു. നാടെങ്ങും രാമചരിതം പാടുന്ന കർക്കടകം സർവ്വദേവപ്രീതിക്കും ഗുണകരമാണ്.
കർക്കടക വ്രത നിഷ്ഠ
ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പരിശുദ്ധമായ കർക്കടക മാസം വ്രതാനുഷ്ഠാനപൂർവം
വിശുദ്ധിയോടെ ആചരിക്കണം. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിക്കണം. ദിവസവും 2 നേരവും കുളിച്ച് വിഷ്ണുക്ഷേത്രദർശനം നടത്തണം. വ്യാഴാഴ്ചകളിൽ അരിയാഹാരം ഒഴിവാക്കി, ഗോതമ്പോ പഴവർഗ്ഗങ്ങളോ ഭക്ഷിച്ച് വേണം വ്രതം. രാവിലെയും വൈകിട്ടും നെയ് വിളക്ക് കൊളുത്തി വിഷ്ണുപരമായ പ്രാർത്ഥനകൾ ചെയ്യുന്നത് ഏറ്റവും നല്ലതാണ്. മൂലമന്ത്രം ദ്വാദശാക്ഷരമഹാമന്ത്രം അഷ്ടാക്ഷരമന്ത്രം, എന്നിവയെല്ലാം ജപത്തിന് ഉപയോഗിക്കാം. സ്വന്തം ഉപാസനകൾക്ക് ശേഷം ഗുരുഭക്തിയോടെ രാമായണം
പാരായണം ചെയ്യണം.
മന്ത്രങ്ങൾ, ജപസംഖ്യ, വസ്ത്രനിയമം
ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരമന്ത്രം വിഷ്ണു പ്രീതിക്കായി മഹർഷിമാർ ഉപയോഗിച്ചിരുന്നു. ഈ മന്ത്രത്തിന് അത്ഭുത ശക്തിയുണ്ട്. ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മഹാമന്ത്രം ജപിച്ചാണ് ധ്രുവൻ വിഷ്ണുപ്രീതി നേടിയത്. ഓം വിഷ്ണവേ നമഃ എന്ന വൈഷ്ണവ മന്ത്രവും വളരെ പ്രാധാന്യം അർഹിക്കുന്നു. ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രം വൈഷ്ണവാരാധനയിൽ വളരെ പ്രാധാന്യമുള്ളതാണ്. ഈ മന്ത്രങ്ങളെല്ലാം കർക്കടക മാസത്തിൽ
36 വീതം 2 നേരവും ജപിക്കാം. രാവിലെ കിഴക്ക് അഭിമുഖമായും വൈകിട്ട് പടിഞ്ഞാറ് അഭിമുഖമായും ജപിക്കണം. സർവ്വാലങ്കാരയുക്തനായ ശ്രീകൃഷ്ണമൂർത്തിയെ ജപവേളയിൽ മനസ്സിൽ സങ്കല്പിക്കണം. ജപസമയത്ത് വെളുത്ത വസ്ത്രമോ മഞ്ഞപട്ടോ ധരിക്കാം.
ഇഷ്ടസിദ്ധിക്ക് അരയാൽ പ്രദക്ഷിണം
അരയാൽ പ്രദക്ഷിണം ഏറ്റവും ഉത്തമമാണ്. കർക്കടകത്തിലെ മുഴുവൻ ദിവസവും അരയാലിന് പ്രദക്ഷിണം ചെയ്താൽ എല്ലാ പാപവും തീരുമെന്ന് ആചാര്യൻമാർ പറയുന്നു. അതിന് കഴിയാത്തവർ ഒരു വ്യാഴാഴ്ച തുടങ്ങി 21 ദിവസം 18 ദിവസം 12 ദിവസം 7 ദിവസം എന്നിവയിൽ സൗകര്യപ്രദമായ രീതിയിൽ ചെയ്യാം. രാവിലെയാണ് പ്രദക്ഷിണം ചെയ്യേണ്ടത്. വെളുത്ത വസ്ത്രം ധരിച്ചോ ഈറനോടുകൂടിയോ ചെയ്യാം. എത്ര ദിവസം ചെയ്യുന്നോ അത്രയും ദിവസം മത്സ്യമാംസാദി ത്യജിച്ച് വ്രതം പാലിക്കണം. 21 ദിവസത്തെ ജപം ഇഷ്ടസിദ്ധിക്കും. 18 ദിവസത്തെ ജപം രോഗശാന്തിക്കും 12 ദിവസത്തെ ജപം വിദ്യാവിജയത്തിനും ഉദ്യോഗഗുണത്തിനും ഉത്തമമാണ്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)
ALSO READ
Story Summary : Divinity of Karkadaka Month Rituals and Powerful Mantras for Chanting
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved