(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജോതിഷി പ്രഭാ സീന സി പി
സുബ്രഹ്മണ്യ ഭഗവാൻ്റെ അഷ്ടോത്തര ശതനാമാവലി പതിവായി ജപിക്കുന്നത് സർവാനുഗ്രഹദായകമാണ്. പതിവായി ഇത് ജപിച്ച് ശ്രീമുരുകനെ ഭജിച്ചാൽ ടെൻഷൻ മാറി മന:ശാന്തി ലഭിക്കും. വിവാഹതടസം, ദാമ്പത്യദുരിതം, ചൊവ്വാ ദോഷം, ഭൂമി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ തീരും. രോഗശാന്തിയും പാപശാന്തിയും ലഭിക്കും. ചൊവ്വാഴ്ച, ഞായറാഴ്ച, ഷഷ്ഠി, പൂയം ദിവസങ്ങൾ ഈ ജപത്തിന് ഏറെ നല്ലതാണ്. കഴിയുന്നവർ നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് 41, 21, 12 ദിവസം തുടർച്ചയായി ഇത് ജപിക്കണം. ശ്രീ മുരുക ക്ഷേത്രദർശനം നടത്തി ജപിച്ചാൽ ക്ഷിപ്രഫലസിദ്ധി ലഭിക്കും.
സുബ്രഹ്മണ്യ സ്വാമിയുടെ വിവിധ നാമങ്ങളും ഭാവങ്ങളുമാണ് അഷ്ടോത്തര ശതനാമാവലിയിലൂടെ ഭജിക്കുന്നത്. അതിനാൽ ഈ നാമങ്ങളുടെ അർത്ഥവും ആശയവും മനസ്സിലാക്കി പ്രാർത്ഥിച്ചാൽ ഉപാസനയ്ക്ക് ഫലസിദ്ധി വർദ്ധിക്കും. ഭഗവാന് അനേകം നാമങ്ങൾ പ്രചാരത്തിലുണ്ട്. ശിവരേതസ്സ് സ്ഖലിച്ച് ജനിച്ചവനായത് കൊണ്ട് സ്കന്ദനെന്നും, അഗ്നിയുടെ പുത്രനായതു കൊണ്ട് മഹാസേനൻ എന്നും, മഹത്തായ ജ്ഞാനം സ്വരൂപമായിരിക്കുന്നതു കൊണ്ട് സുബ്രഹ്മണ്യനെന്നും, കൗമാര ഭാവത്തിൽ ഇരിക്കുന്നവനായത് കൊണ്ട് കുമാരനെന്നും, കൃത്തികാ ദേവിമാർ മുലയൂട്ടി വളർത്തിയത് കൊണ്ട് കാർത്തികേയനെന്നും, ശരവണ പൊയ്കയിൽ ജാതനായത് കൊണ്ട്
ശരവണനെന്നും, ആറുമുഖങ്ങളോട് കൂടിയവനായതു കൊണ്ട് അറുമുഖൻ എന്നും പറയുന്നു. കുമാരൻ എന്നതിൻ്റെ പ്രാദേശിക രൂപമാണ് മുരുകൻ. പാർവ്വതി നൽകിയ ശക്തി എന്ന വേൽ എപ്പോഴും മാറോടു ചേർത്തു പിടിച്ചിരിക്കുന്നതു കൊണ്ട് ശക്തിധരൻ, വേലായുധൻ എന്നീ പേരുകൾ ഭഗവാന് ഉണ്ടായി.
സുബ്രഹ്മണ്യൻ്റെ ജൻമനക്ഷത്രം വിശാഖമാണ്. വിശാഖം നക്ഷത്രത്തിൽ സ്കന്ദനെ ആരാധിച്ചാൽ എതിരാളികൾ നിഷ്പ്രഭരാകും. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള സാമർത്ഥ്യം ഉണ്ടാകും. ആറ് ദിവ്യകൃത്തികാ ദേവിമാർ (സംഭൂതി, അനസൂയ,സ്മൃതി (ശ്രദ്ധ), പ്രീതി, ക്ഷമ, സന്തതി ) എടുത്തു വളർത്തിയതു കൊണ്ട് കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്. അഗ്നി നക്ഷത്രമായ കാർത്തികയിൽ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം നശിക്കും. ജ്ഞാനവും വിവേകവും വർദ്ധിക്കും.
സ്കന്ദൻ എല്ലാ ജീവജാലങ്ങളുടേയും ഹൃദയഗൃഹത്തിൽ അധിവസിക്കുന്നവനാണ്. ജോതിഷത്തിൽ കാലപുരുഷൻ്റെ ഹൃദയം ആയി പറഞ്ഞിരിക്കുന്നത് കർക്കടരാശി ആണ്. അതുകൊണ്ടാണ് പൂയം നക്ഷത്രവും സ്കന്ദന് പ്രിയപ്പെട്ടതായത്. നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നതും, ദേവന്മാർക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കുന്ന തിഥിയും പൗർണ്ണമി തിഥിയാണ്. പൗർണ്ണമി തിഥിയും പൂയവും ഒരുമിച്ചു വരുന്നത് മകരത്തിലാണ്. ഇതാണ് മകരത്തിലെ തൈപ്പൂയം സുബ്രഹ്മണ്യന് ഏറ്റവും പ്രിയപ്പെട്ടതായത്. പാർവ്വതി ശക്തിവേൽ മുരുകന് സമ്മാനിച്ച ദിവസമാണ് തൈപ്പൂയമെന്നും പറയുന്നു
പൂയം നാളിൽ മുരുകനെ ഭജിച്ചാൽ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം അകന്നു പോകും. മനസ്സ് ശുദ്ധമായി ആഗ്രഹസാഫല്യം സിദ്ധിക്കും. ദാമ്പത്യത്തിലെ പൊരുത്തക്കേട് ഇല്ലാതാക്കാനും പ്രണയസാഫല്യത്തിനും ഗൃഹസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ഉത്തമമാണ്.
ALSO READ
ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതുകൊണ്ടാണ് ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും, ഭൂമി സംബന്ധമായ പ്രശ്നങ്ങളുള്ളവരും ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യനെ ഭജിക്കുകയാണെങ്കിൽ ദോഷഫലങ്ങൾ അകന്നു പോകും. കേൾക്കാം പ്രസിദ്ധഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുബ്രഹ്മണ്യ അഷ്ടോത്തരം :
ജോതിഷി പ്രഭാ സീന സി പി
(+91 9961 442256, 989511 2028)
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

Story Summary : Significance of Subramanya Ashtotram Chanting
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved