Wednesday, December 10, 2025
Wednesday, December 10, 2025
Home » നാഗപഞ്ചമി; വിവാഹ തടസം, സന്താനദുരിതം മാറ്റം

നാഗപഞ്ചമി; വിവാഹ തടസം, സന്താനദുരിതം മാറ്റം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ബ്രഹ്മശ്രീ ഗോപകുമാരന്‍ പോറ്റി

നാഗപ്രീതികരമായ കർമ്മങ്ങൾക്ക് ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിൽ ഇത്തവണ ആഷാഢ മാസത്തിലേ കൃഷ്ണ പക്ഷപഞ്ചമിയായ ജൂലൈ 15 ചൊവ്വാഴ്ച ആചരിക്കും. എന്നാൽ ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ ജൂലൈ 29 ചൊവ്വാഴ്ചയാണ്. സർപ്പപ്രീതിക്ക് പൂജ, വഴിപാട് തുടങ്ങിയവ നടത്തുന്ന നാഗപഞ്ചമി ശ്രീകൃഷ്ണൻ കാളിയന്റെ മേൽ നേടിയ വിജയത്തിന്റെ അനുസ്മരണമാണ് ഒരു കൂട്ടർക്ക്. നാഗകുലത്തെ ഉന്മൂലനം ചെയ്യാൻ കുരുവംശ രാജാവ് ജനമേജയൻ സംഘടിപ്പിച്ച സർപ്പസത്രത്തിൽ നിന്നും ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ച ദിനമാണ് മറ്റൊരു കൂട്ടർക്ക് ഇത്. പിതാവായ പരീക്ഷത്തിനെ ദംശിച്ച അഷ്ട നാഗങ്ങളിലൊന്നായ തക്ഷകനോട് പകവീട്ടാനാണ് ജനമേജയൻ സർപ്പങ്ങളെ ഒന്നൊന്നായി അഗ്നിയിൽ ഹോമിക്കുന്ന സർപ്പസത്രം നടത്തിയത്. സർപ്പക്കളമെഴുതിയും സർപ്പം തുള്ളലാടിയും സർപ്പം പാട്ട് പാടിയും സർപ്പപൂജയും വഴിപാടും നടത്തിയുമാണ് നാഗപഞ്ചമി ആചരിക്കുന്നത്. രാഹു, കേതു ദോഷങ്ങൾ കാരണമുള്ള വിവാഹ തടസം, സന്താനദുരിതം, സന്താനമില്ലായ്മ എന്നീ ദോഷങ്ങളെല്ലാം പരിഹരിക്കുന്നതിന് നാഗപഞ്ചമി വ്രതാചരണം ഉത്തമമാണ്.

കേരളത്തിൽ നാഗപഞ്ചമിക്ക് സർപ്പക്കാവിലും നാഗക്ഷേത്രങ്ങളിലും നൂറും പാലും നിവേദ്യവും ആയില്യ പൂജയും നടത്താറുണ്ട്. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്.
അതിവിശേഷമായി നാഗപഞ്ചമി ആഘോഷിക്കുന്നത് പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ ദേശങ്ങളിൽ പാമ്പുകളെ കുടത്തിൽ സൂക്ഷിച്ച ശേഷം ഈ ദിവസം തുറന്നു വിടുന്ന പതിവുണ്ട്. അന്ന് പാമ്പുകളെ ഉപദ്രവിക്കരുത്.

പഞ്ചമി നാഗങ്ങളുടെ തിഥിയായാണ് സങ്കല്പിക്കുന്നത്. അനന്തൻ, വാസുകി, മുതലായ സർപ്പ ദേവതകളെ നൂറും പാലും നൽകിയും സുഗന്ധപുഷ്പങ്ങൾ അർച്ചിച്ചും കമുകിൻ പൂക്കുലയും വഴിപാടുകളും സമർപ്പിച്ചാണ് പൂജിക്കുന്നത്. നാഗപഞ്ചമി നാളിൽ നാഗങ്ങൾക്ക് ക്ഷീരാഭിഷേകം നടത്തിയാൽ – വാസുകി, തക്ഷൻ, കാളിയൻ, മണിഭദ്രൻ , ഐരാവതൻ, ധൃതരാഷ്ട്രൻ, കാർകോടകൻ, ധനഞ്ജയൻ എന്നീ അഷ്ടനാഗങ്ങളും പ്രസാദിക്കും. അവരുടെ അനുഗ്രഹത്താൽ സകല സൗഭാഗ്യങ്ങളും സമൃദ്ധിയും കൈവരും. നാഗങ്ങൾ മാതാവായ കദ്രുവിന്റെ ശാപത്താൽ സദാ ചുട്ടുനീറുകയാണ്. അനുജത്തി വിനതയെ പന്തയത്തിൽ തോല്പിക്കാൻ കള്ളം പറയാൻ കദ്രു മക്കളോട് ആവശ്യപ്പെട്ടു. എന്നാൽ സത്യമുള്ള സർപ്പങ്ങൾ അതിന് തയ്യാറായില്ല. ക്ഷുഭിതയായ കദ്രു നിങ്ങളെ അഗ്നിദഹിപ്പിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ നീറുന്ന സർപ്പങ്ങളെ വെളളത്തിൽ പാലൊഴിച്ചുള്ള സ്നാനം കുളിർപ്പിക്കുന്നു എന്നാണ് വിശ്വാസം. സർപ്പങ്ങൾക്ക് അഭിഷേകം സമർപ്പിക്കുന്നവരെയും അവരുടെ കുടുംബത്തെയും സർപ്പ ഭയം തീണ്ടില്ല; എക്കാലവും അവർക്ക് സർപ്പങ്ങൾ അഭയവും നൽകുമെന്ന് ഒരു വേള യുധിഷ്ഠിരന്റെ സംശയത്തിന് ഭഗവാൻ ശ്രീകൃഷ്ണൻ മറുപടി നൽകിയതായി പുരാണത്തിലുണ്ട്. നാഗകോപ പരിഹാരത്തിന് നാഗപഞ്ചമി വ്രതം ഉത്തമമാണെന്നും ഭഗവാൻ അരുളി ചെയ്തിട്ടുണ്ട്. ചതുർത്ഥി നാളിൽ ഒരു നേരം മാത്രം സാത്വിക ഭക്ഷണം കഴിച്ച് പഞ്ചമി നാളിൽ ഉപവസിച്ച് പാലും നിവേദ്യവും പുഷ്പവും ചന്ദനവുമെല്ലാം സമർപ്പിച്ച് ആരാധിക്കണം. ഈ വ്രതമെടുക്കുന്നവർക്കും അവരുടെ സന്തതികൾക്കും ബന്ധുക്കൾക്കും മേൽഗതിയുണ്ടാകും. ഒരു തരത്തിലുള്ള സർപ്പഭയവും ബാധിക്കില്ല. നാഗപഞ്ചമി വ്രത വേളയിലെ സർപ്പ ദോഷ നിവാരണ മന്ത്രം ഇതാണ്:

ഓം കുരു കുല്ലേ ഹും ഫട് സ്വാഹാ

ALSO READ

12 മാസത്തെയും കൃഷ്ണ പക്ഷ പഞ്ചമികൾ വിശേഷമാണ്. ഓരോ മാസത്തെയും പഞ്ചമിക്ക് ഒരോ നാഗങ്ങളത്രേ അധിപതി. ഭാദ്രപദത്തിൽ അനന്തൻ, ആശ്വിനത്തിൽ വാസുകി, കാർത്തിക മാസത്തിൽ ശംഖൻ, മാർഗ്ഗശീർഷത്തിൽ പത്മൻ, പൗഷത്തിൽ
കംബളൻ, മാഘത്തിൽ കാർക്കോടകൻ , ഫാൽഗുനത്തിൽ അശ്വരഥൻ, ചൈത്രത്തിൽ ധൃതരാഷ്ട്രൻ, വൈശാഖത്തിൽ ശംഖപാലൻ, ജ്യേഷ്ഠത്തിൽ കാളിയൻ, ആഷാഢത്തിൽ തക്ഷകൻ,
ശ്രാവണത്തിൽ പിംഗളൻ ഇങ്ങനെ കണക്കാക്കണം.

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
മൊബൈൽ: +91 6282434247

Story Summary: Significance of Nagpanchami

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?