വൈഷ്ണവ പ്രാധാന്യമുള്ള ചിങ്ങമാസത്തിലാണ് ശ്രീകൃഷ്ണനായും വാമനനായും കൽക്കിയായും മഹാവിഷ്ണു അവതരിച്ചത്. ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ദ്വാദശി തിഥിയിൽ തിരുവോണം നക്ഷത്രത്തിലാണ് മഹാവിഷ്ണുവിന്റെ വാമനാവതാരം.
അസുര രാജാവായിരുന്ന പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലി. സത്യധർമ്മാദികൾ പരിപാലിച്ചു പോന്ന മഹാബലിയുടെ വലിയ സ്വപ്നമായിരുന്നു ഇന്ദ്രപദവി. അസുര രാജാവായ മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി മൂന്നു ലോകത്തിന്റെയും അധിപനായി. ബലിയുടെ ഭരണകാലം ഭൂമിയിലെ ഏറ്റവും നല്ല കാലമായി; പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും അദ്ധ്വാനിച്ചും മനുഷ്യർ ജീവിച്ചു. അസുരരാജാവായ മഹാബലി പാതാളമാണ് ഭരിക്കേണ്ടത്. അദ്ദേഹം സ്വർഗ്ഗവും ഭൂമിയും ആക്രമിച്ച് കീഴടക്കിയത് ധർമ്മ ലംഘനമാണെന്ന പരാതിയുമായി ഇന്ദ്രനും കൂട്ടരും മഹാവിഷ്ണുവിനെ സമീപിച്ചു. മഹാബലിയെ ഉത്‌ബോധിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് മഹാവിഷ്ണുവിന് ബോധ്യമായി. അതിനുവേണ്ടി കശ്യപന്റെ അതിയുടെയും പുത്രനായ വാമനനായി ഭഗവാൻ അവതരിച്ചു. മഹാബലിയോട് ഭഗവാൻ മൂന്നടി മണ്ണ് യാചിച്ചു; ദാനശീലനായ മഹാബലി സമ്മതിച്ചു.
വാമനൻ വളർന്ന് ആജാനുബാഹുവായ ത്രിവിക്രമനായി മാറി. മൂന്നു ലോകങ്ങളും രണ്ടടികൊണ്ട് അളന്ന അദ്ദേഹം മൂന്നാമത്തെ അടിവയ്ക്കാൻ മഹാബലിയോട് സ്ഥലം ചോദിച്ചു. വാമനനായി തന്റെ മുന്നിലെത്തിയിരിക്കുന്നത് മഹാവിഷ്ണുവാണെന്ന് മഹാബലി മനസിലാക്കി. അദ്ദേഹം ഭഗവാന്റെ പാദങ്ങളിൽ തലകുമ്പിട്ടിരുന്നു.
അനുഗ്രഹം ചൊരിഞ്ഞ ശേഷം പാതാള ലോകത്തേക്ക് മടങ്ങിപ്പോകാൻ ഭഗവാൻ മഹാബലിയോട് ആവശ്യപ്പെട്ടു.
ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കലെങ്കിലും കാണാൻ മഹാബലിഅവസരം ചോദിച്ചു. ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് ഭൂമിയിലെത്താൻ ഭഗവാൻ മഹാബലിക്ക് അനുമതിയും നൽകി. ഈ ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത്.ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമായി ആഘോഷിക്കുന്നത് കൊണ്ടാണ് തിരുവോണം ആയത്. മഹാബലിയെ വരവേൽക്കാൻ പത്തുദിവസം മലയാളികൾ ഒരുങ്ങുന്നു. സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയന്ന ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രം. അന്നു തുടങ്ങി പത്താം ദിവസമാണ് തിരുവോണം.
അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ചു ശുദ്ധമായി വേണം മഹാബലിയെ വരവേൽക്കാൻ പൂക്കളം ഒരുക്കേണ്ടത്. പത്തുദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്കു മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തും – സമ്പദ് സമ്യദ്ധിയും ഐശ്വര്യവുമായി.
– പി.എം. ബിനുകുമാർ
ALSO READ
+91 9447694053