(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
അന്നദാനമാണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ഇതിനെ പ്രകീർത്തിച്ച് ശങ്കരാചാര്യ സ്വാമി രചിച്ച സ്തുതിയാണ് അന്നപൂർണ്ണേശ്വരി സ്തോത്രം. ഇത് പതിവായി ജപിക്കുന്നതും സാധുക്കൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു.
അന്നദാനമാഹാത്മ്യം
അന്നദാനമാഹാത്മ്യം പത്മപുരാണത്തിലും പറയുന്നുണ്ട്. മറ്റ് ദാനങ്ങൾക്കൊന്നിനും തന്നെ അന്നദാനത്തിന്റെ പതിനാറിലൊന്നു പോലും മേന്മയില്ല. അന്നദാതാവിനെ പിതൃ സ്ഥാനീയനായും വാഴ്ത്തുന്നു. വിശന്നു വലഞ്ഞ ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും തൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി മാറുന്നു. മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് സമ്പൂര്‍ണ്ണ തൃപ്തി വരണമെന്നില്ല. ഭൂമി, വസ്ത്രം, സ്വര്‍ണ്ണം അങ്ങനെ എന്തു കൊടുത്താലും വാങ്ങുന്നയാളിന് കുറച്ചു കൂടി
കിട്ടിയാല്‍ അതും വാങ്ങും. അന്നമാകട്ടെ ഭക്ഷിച്ച് വയറു നിറഞ്ഞു കഴിഞ്ഞാല്‍ നാം മതി, മതി എന്നു പറയും. അവിടെ അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങിയ ആളിന് പൂര്‍ണ്ണ സംതൃപ്തിയാണ് ഉണ്ടാകുന്നത്. ഇത് മറ്റൊരുദാനം കൊണ്ടും സിദ്ധിക്കുന്നില്ല.
ഉത്തമ ദോഷപരിഹാരം
സ്‌നേഹത്തോടെയും സന്തോഷത്തോടെയും വേണം അന്നം കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതുമെന്ന്
ശ്രുതികളിൽ നിഷ്‌കര്‍ഷിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഫലസിദ്ധി ഉണ്ടാകൂ. പിറന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് ചെലവേറിയ ഹോമ കർമ്മങ്ങള്‍ നടത്തുന്നതിനേക്കാള്‍ ചെലവു കുറഞ്ഞതും ഉത്തമവുമായ ദോഷ പരിഹാരവും ആണ്.
പാർവതിദേവി, അന്നപൂർണ്ണേശ്വരി
അന്നപൂർണ്ണേശ്വരി ദേവിയെ, ശിവ ഭഗവാന് ഭിക്ഷ നൽകുന്ന രൂപത്തിലാണ് ഏറ്റവും കൂടുതൽ കാണുന്നത്. ഭിക്ഷ യാചിച്ചെത്തിയ ശിവന് അന്നം നൽകിയത് വഴി
പാർവതി ദേവി അന്നപൂർണ്ണേശ്വരി മാറിയ പുരാണ കഥ പ്രസിദ്ധമാണ്. ആ ഐതിഹ്യം ഇതാണ്: ശിവൻ ഒരിക്കൽ ഭിക്ഷാടന യോഗത്തെക്കുറിച്ച് ചിന്താമഗ്നനായിരുന്ന അവസരത്തിൽ നാരദർ ഭഗവാനെ സമീപിച്ച് പറഞ്ഞു: വർക്കത്തില്ലാത്ത ഭാര്യയാണ് അങ്ങയുടെ എല്ലാ ദുര്യോഗത്തിനും കാരണം. ഏഷണിക്കാരനായ നാരദർ പിന്നീട് നിരുൻമേഷയായിരുന്ന പാർവതിയെ സമീപിച്ചു പറഞ്ഞു: ദേവിയുടെ ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്.
ALSO READ
ഈ ഏഷണി മനസ്സിൽ പതിഞ്ഞ ദേവി പിറ്റേന്ന് ശിവൻ ഭിക്ഷാടനത്തിനു പോയ സമയത്ത് കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ നാരദർ വഴിയിൽ ദേവിയെ തടഞ്ഞ് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കു തന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷാടനത്തിന്
പോകുന്ന ഗൃഹങ്ങളിൽ അതിന് മുന്നേ ചെന്ന് ഭിക്ഷ വാങ്ങി പോകാനും ഉപദേശിച്ചു.
പാർവതി ദേവി അതനുസരിച്ച് പ്രവർത്തിച്ചു. ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നു വലഞ്ഞ് മടങ്ങി. ആ സന്ദർഭത്തിൽ
ദേവി നേരത്തേ സംഭരിച്ചു വച്ച അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സംപ്രീതിനായ ഭഗവാൻ ദേവിയെ പ്രേമാധിക്യത്തോടെ പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം സംയോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായി മാറിയത്. ശിവന് അന്നമൂട്ടുന്ന ശ്രീപാർവതിയെയാണ് അന്നപൂർണേശ്വരിയായി സങ്കല്പിക്കുന്നത്.
വിശേഷദിവസങ്ങൾ
അക്ഷയ തൃതീയ, വെള്ളിയാഴ്ച, പൗർണമി, നവരാത്രി എന്നിവയെല്ലാം അന്നപൂർണ്ണേശ്വരി ദേവിക്ക് പ്രധാനപ്പെട്ട ദിവസങ്ങളാണ്. ചൈത്രമാസത്തിലെ ഏകദേശം മീനം മാസം, വെളുത്ത നവമിദിവസം അന്നപൂർണാ ദേവി പൂജ സവിശേഷമായി ചിലയിടങ്ങളിൽ കൊണ്ടാടാറുണ്ട്. ദേവിയുടെ ഉപാസനാ ക്രമം തന്ത്രസാരത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
അന്നപൂർണ്ണേശ്വരി ക്ഷേത്രങ്ങൾ
കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരി പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ പോയി അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യങ്ങളിൽ കാണുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ ചെറുകുന്നിലാണ്. ചേർത്തല വയലാർ നെന്മണ അന്നപൂർണ്ണേശ്വരി ദേവീ ക്ഷേത്രം പുന:പ്രതിഷ്ഠക്ക് ശേഷം കൂടുതൽ ശ്രദ്ധ നേടി വരുന്നു. ഇതുകൂടാതെ അന്നപൂർണ്ണേശ്വരിക്ക് പ്രാധാന്യം നൽകുന്ന ചില ക്ഷേത്രങ്ങളും കേരളത്തിലുണ്ട്.
1
കാലടി നീലീശ്വരം ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രം
2
ഇലഞ്ഞിക്കാവ് ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രം, എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ.
3
പഴയന്നൂർ ഭഗവതി ക്ഷേത്രം, തൃശൂർ.
4
നെടിയിരിപ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ഇടമുട്ടം, തൃശൂർ.
4
അന്നപൂർണ്ണേശ്വരി ക്ഷേത്രം, താഴത്തങ്ങാടി, കോട്ടയം.
തറവാടുകളിൽ കുടുംബദേവത
കേരളത്തിൽ പല തറവാടുകളുടേയും കുടുംബദേവതയായും അന്നപൂർണ്ണേശ്വരി വാഴുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണ്ണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണ്ണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.
മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ
അന്നപൂർണ്ണേശ്വരി ധ്യാനം
തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ
രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ
ഭ്രൂമീരാമാഭ്യാം യുതാ
ദർവ്വീഹാടക ഭാജനം ച ദധതീ
രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാ
ധ്യേയാന്നപൂർണ്ണേശ്വരി
അന്നപൂർണ്ണേശ്വരി സ്തവം
അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങൾ ഉണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയ നിത്യാനന്ദകരീ, വരാഭയകരീ, സൗന്ദര്യരത്നാകരീ എന്ന രചനയാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം).
അന്നപൂർണ്ണേശ്വരി സ്തോത്രം
നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷമാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
കൈലാസാചലകന്ദരാലയകരി ഗൗരിഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാരബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ഉർവീ സര്‍വജനേശ്വരി ജയകരി മാതാ കൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണിസുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യമാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ചന്ദ്രാര്‍ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ക്ഷത്രത്രാണകരി മഹാഭയകരി മാതാകൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരി
അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാംദേഹിച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോമഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോഭുവനത്രയം
അന്നപൂർണ്ണേശ്വരി സ്തോത്രം കേൾക്കാം
Story Summary: Significance of Annapoorneshwari the Goddess of food, is considered as a manifestation of Devi Parvati
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved