(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗളഗൗരി
ശംഭോ മഹാദേവ !
ഏറ്റുമാനൂർ ക്ഷേത്ര ബലിക്കൽപ്പുരയിലെ വലിയ ബലിക്കല്ലിനു തൊട്ടുപടിഞ്ഞാറാണ് വിശ്വവിശ്രുതമായ കെടാവിളക്ക്. മറ്റ് ചില ക്ഷേത്രങ്ങളിലും ഇത്തരത്തിലെ ചങ്ങലവിളക്കുണ്ടെങ്കിലും ഏറ്റുമാനൂർ വലിയവിളക്കിന് ഒപ്പം ഒരു വലിയവിളക്ക് ഏറ്റുമാനൂർ മാത്രമേയുള്ളൂ എന്ന് ഭക്തർ വിശ്വസിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പരാമർശിക്കപ്പെട്ടിട്ടുളള ഈ വാടാവിളക്ക് കൊല്ലവർഷം 720 ലാണ് സ്ഥാപിച്ചത്.
🟠 ഏറ്റുമാനൂരപ്പൻ്റെ പ്രിയ വഴിപാട്
അന്നു മുതൽ ഇന്നു വരെ വേനലും മഞ്ഞും മഴയും പലത് കടന്നുപോയിട്ടും ഈ കെടാവിളക്ക് മാത്രം കെട്ടിട്ടില്ല; മൂന്നു ലിറ്റർ എണ്ണയോളം കൊള്ളുന്ന, രാപ്പകൽ കെടാതെ കത്തുന്ന വലിയ വിളക്കിൽ എണ്ണ നിറച്ചു കത്തിക്കുന്നത് ഏറ്റുമാനൂരപ്പന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും ബലിക്കൽപുരയിലെ കെടാവിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ച് എണ്ണ പകർന്നാൽ ഏറ്റുമാനൂരപ്പൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ച് കൂടെ തന്നെ ഉണ്ടാകും. ബലിക്കൽപ്പുരയിൽ വിളക്കു തൊട്ടുതൊഴുത് നേർച്ചക്കാരൻ ബലിക്കല്ലിൽ കയറി നിന്ന് വേണം എണ്ണ ഒഴിച്ചു തിരി കത്തിക്കേണ്ടത്. അസംഖ്യം ആളുകൾ ദിനംപ്രതി ഈ വഴിപാട് കഴിക്കുകയാൽ വിളക്കിൽ നിറഞ്ഞു തുളുമ്പുന്ന എണ്ണ ശേഖരിക്കാൻ അതിനിടയിൽ വലിയ ചെമ്പുപാത്രം വെച്ചിട്ടുണ്ട്.
🟠 വലിയവിളക്ക് തൊഴുത് ദർശനം
വലിയവിളക്ക് വഴിപാട് കഴിക്കാത്തവരും വലിയവിളക്ക് തൊട്ടുതൊഴുത് വേണം ഏറ്റുമാനൂരപ്പന്റെ ദർശനം നേടാൻ. ബാധ ഒഴിക്കാൻ ഈ വിളക്കിൽപ്പിടിച്ചാണ് സത്യം ചെയ്യുന്നത്. സത്യത്തിന്റെ പ്രതീകമായി കരുതുന്ന വലിയവിളക്കിന്റെ മൂടിയിൽ പിടിച്ചിരിക്കന്ന മഷി തൊട്ട് കണ്ണെഴുതുന്നത് നേത്രരോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. വലിയ വിളക്കിന്റെ ഇരുവശത്തുമായി ഏകദേശം അതേ വലിപ്പമുള്ള രണ്ടു ചങ്ങല വിളക്കുകളുമുണ്ട്. പീഠമുൾപ്പെടെ ബലിക്കല്ലിന് പത്തടി ഉയരം വരും. ഏണി ചാരിയാണ് ബലിതൂകുന്നത്.
🟠 തൂക്കുവിളക്കുമായി മൂശാരി
ഈ വലിയവിളക്കിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഏറ്റുമാനൂർ ക്ഷേത്ര നവീകരണ ശേഷം ഒരു ദിവസം വൈകിട്ട് ഒരു ഓട്ടുപണിക്കാരൻ അതായത് മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി പടിഞ്ഞാറേ നടയിൽ വന്നു. കണ്ടാൽ പ്രാകൃതൻ. ആ സമയത്ത് പടിഞ്ഞാറേ ഗോപുരത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും മറ്റുചിലരും നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് നേരം പോക്കുകയായിരുന്നു. വിളക്ക് അവരുടെ മുന്നിൽ വച്ചിട്ട് മൂശാരി പറഞ്ഞു. ഈ വിളക്ക് ക്ഷേത്രത്തിലേക്ക് എടുത്തിട്ട് അടിയന് വല്ലതും തരുമാറാകണം. വിളക്കെടുത്ത് പരിശോധിച്ച ശേഷം അവർ പറഞ്ഞു: ഒന്നാന്തരം വിളക്ക്, തങ്കത്തിൽ തീർത്തതെന്ന് തോന്നും. പക്ഷേ, ഇതിനു വിലകൊടുക്കാൻ ആർക്ക് കഴിയും ? ബലിക്കൽപ്പുരയിൽ തൂക്കി എന്നും കൊളുത്തിയാൽ ക്ഷേത്രത്തിന് എന്ത് ഐശ്വര്യമായിരിക്കും. അപ്പോൾചില ഊരാണ്മക്കാർ മൂശാരിയോടു പറഞ്ഞു: ഏറ്റുമാനൂർ തേവർ വാങ്ങിക്കയേയുള്ളൂ. സ്വന്തം സമ്പത്ത് ആർക്കും കൊടുക്കയില്ല. അപ്പോൾ മൂശാരിപറഞ്ഞു: അടിയന് ഇന്നത്തെ കരിക്കാടിക്കുള്ള വക തന്നാൽ മതി. വിളക്ക് അമ്പലത്തിലേക്കിരിക്കട്ടെ.
🟠 5 തിരി വിളക്ക് അത്ഭുതക്കാഴ്ച
വിളക്കു വാങ്ങിക്കുന്നത് കൊള്ളാം പക്ഷേ എണ്ണയ്ക്കു വഴിയെന്ത്? വെള്ളമൊഴിച്ചു കത്തിക്കാൻ പറ്റുമോ? കൂട്ടത്തിലൊരാൾ ചോദിച്ചു. ഈശ്വരശക്തി അപരിമേയം എന്ന് തമ്പുരാക്കന്മാരോട് അടിയൻ പറയണമോ? ആ മഹാപ്രഭു വിചാരിച്ചാൽ എണ്ണയും വെളളവും കൂടാതെ ഇതു കത്തിയേക്കും. ഇത് ക്ഷേത്രത്തിൽ തൂക്കിയാൽ ആരെങ്കിലും എവിടെ നിന്നെങ്കിലും ഈ മംഗളദീപത്തിൽ എണ്ണ ഒഴിച്ചുകൊള്ളും. ഈ സംസാരം തുടരുന്നതിടയിൽ ക്ഷേത്രത്തിൽ നിന്നും ഒരാൾ ഓടി വന്ന് നല്ല ഭാരമുള്ള ആ തൂക്കുവിളക്ക് വലത് കൈകൊണ്ടു തനിയെ എടുത്ത് ബലിക്കൽപ്പുരയിൽ കൊണ്ടു പോയി തറച്ചു വച്ചു. ആ സന്ദർഭത്തിൽ ഭയങ്കരമായ ഇടിയും മിന്നലും ഉണ്ടായി. ചിലർ കണ്ണുപൊത്തി. ചിലർ നാലമ്പലത്തിൽ അഭയം തേടി. ഇടിയും മിന്നലും നിലച്ചപ്പോൾ വിളക്കിന് സമീപം വന്ന ആളുകൾ കണ്ടത് അത്ഭുതക്കാഴ്ചയാണ് :
നിറച്ച് എണ്ണയുമായി അഞ്ചുതിരികളോടെ വലിയ വിളക്ക് കത്തുന്നു. എന്നാൽ വിളക്കുമായി വന്ന മൂശാരിയെയും
അത് ബലിക്കൽപ്പുരയിൽ തറച്ച വ്യക്തിയെയും പിന്നെ ആരും എങ്ങും കണ്ടിട്ടില്ല.
ALSO READ
🟠 വാടാവിളക്ക് നിത്യ സത്യം
അഞ്ചു തിരി വിളക്കാണ് ഈ കെടാവിളക്ക്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, വടക്കു കിഴക്ക് എന്നീ ദിക്കുകളിൽ തിരി കത്തി നില്ക്കുന്നു. ഏറ്റുമാനൂരപ്പന്റെ
വാടാവിളക്ക് നിത്യ സത്യമാണ്. അതിനു മുന്നിൽ നിന്ന് മനമുരുകി വിളിക്കുന്നവരുടെ കൂടെ ഏറ്റുമാനൂരപ്പൻ എപ്പോഴും ഉണ്ടാവും.
ശംഭോ മഹാദേവ !
( ശിവ അഷ്ടോത്തരം കേൾക്കാം )
Story Summary: Significance of Valiya Viilakku at Ettumannor Sree Mahadeva Temple
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved