Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രാവണപൗർണ്ണമി ശനിയാഴ്ച; സാമ്പത്തിക ബാദ്ധ്യത തീർക്കാം

ശ്രാവണപൗർണ്ണമി ശനിയാഴ്ച; സാമ്പത്തിക ബാദ്ധ്യത തീർക്കാം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

അശോകൻ ഇറവങ്കര
തിരുവോണം, അവിട്ടം എന്നിങ്ങനെ നക്ഷത്രങ്ങളിൽ പൗർണ്ണമി വരുന്ന മാസമാണ് ശ്രാവണം. (കർക്കടകം -ചിങ്ങം ) ശ്രാവണ പൗർണ്ണമി ആവണി അവിട്ടമായി ദക്ഷിണേന്ത്യയും രക്ഷാബന്ധനായി ഉത്തരേന്ത്യയും കൊണ്ടാടുന്നു. 2025 ആഗസ്റ്റ് 9 ശനിയാഴ്ചയാണ് ശ്രാവണ പൗർണ്ണമി. ചന്ദ്രോദയത്തിൽ പൗർണ്ണമിയുള്ളത് വെള്ളിയാഴ്ച സന്ധ്യയ്ക്ക് ആയതിനാൽ പൗർണ്ണമി പൂജ ക്ഷേത്രങ്ങളിൽ ആഗസ്റ്റ് 8 ന് നടക്കും.

സ്വതവേ തന്നെ ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് എല്ലാ മാസത്തിലെയും പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്.

ഹയഗ്രീവ പൂജയ്ക്കും വിശേഷം
ശ്രാവണ പൗർണ്ണമി ദേവീ പൂജയ്ക്ക് എന്ന പോലെ ഹയഗ്രീവ പൂജയ്ക്കും ഏറെ വിശേഷമാണ്. അന്ന് നെയ്യഭിഷേമോ, നെയ് ചേർന്ന നിവേദ്യമോ ശിവപാർവ്വതിമാർക്ക് സമർപ്പിച്ചാൽ സാമ്പത്തികമായ
ബാദ്ധ്യതകൾ ഇല്ലാതെയാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രാവണ പൗർണ്ണമി ശുഭകരവും പവിത്രവുമായി കണക്കാക്കപ്പെടുന്നു. ഈ ദിവസമാണ് രക്ഷാബന്ധൻ എന്ന പവിത്രമായ ഉത്സവം ആഘോഷിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു കഥയുണ്ട്:

രക്ഷാബന്ധൻ ഐതിഹ്യങ്ങൾ
ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാന്റെ കയ്യിൽ ഒരു മുറിവുണ്ടായി. രക്തം ഇറ്റിറ്റു വീഴാൻ തുടങ്ങി. അതുകണ്ട് ദ്രൗപതി തന്റെ അംഗ വസ്ത്രം വലിച്ചു കീറി ഭഗവാന്റെ മുറിവിൽ കെട്ടി. ദുശാസനൻ ദൗപതിയുടെ വസ്ത്രം വലിച്ചഴിച്ചപ്പോൾ ദ്രൗപതിയെ നഗ്നതയിൽ നിന്നു രക്ഷിച്ച് ഭഗവാൻ ആ കടം വീട്ടിയാതായി പറയപ്പെടുന്നു.
അസുരന്മാരുമായുള്ള യുദ്ധത്തിൽ പരാജിതനായ ദേവേന്ദ്രന് ദേവഗുരു ബൃഹസ്പതി ശ്രാവണപൗർണ്ണമി
ദിനത്തിൽ ” യേന ബദ്ധോ ബലീ രാജാ ദാനവേന്ദ്രോ മഹാബല തേന ത്വാമഭിബധ്നാമി രക്ഷ മാ ചല മാ ചല” എന്ന മന്ത്രോച്ചാരണത്തോടെ രക്ഷാബന്ധൻ നടത്തുകയും തുടർന്ന് ഇന്ദ്രൻ അസുരന്മാരെ തോൽപ്പിച്ചതായും പുരാണകഥകളിൽ പറയുന്നു.

ശൈവാരാധനയ്ക്കും പ്രസിദ്ധം
ശ്രാവണ മാസം ശൈവാരാധനയ്ക്കും പ്രസിദ്ധമാണ്. അമർനാഥ് തീർത്ഥയാത്ര അവസാനിക്കുന്നത് ശ്രാവണ പൗർണ്ണമിക്കാണ്. ശ്രാവണപൗർണ്ണമി കജാരി പൂർണ്ണിമ എന്ന പേരിലും പ്രസിദ്ധമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് മുതലായ ദേശങ്ങളിൽ സ്ത്രീകൾ വ്രതമെടുത്ത് ഇത് ആഘോഷിക്കുന്നു. ശ്രാവണ അമാവാസിയുടെ ഒമ്പതാം ദിവസം മുതലാണ് ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. നവമി നാളിൽ സ്ത്രീകൾ മരത്തിന്റെ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന പാത്രങ്ങളിൽ മണ്ണ് നിറച്ച് അതിൽ യവം വിതയ്ക്കുന്നു അതിനുശേഷം,ഈ പാത്രം തലയിൽ വഹിക്കുകയും അടുത്തുള്ള കുളത്തിലോ നദിയിലോ ഉപേക്ഷിക്കുകയും ചെയ്യുന്നു. നല്ല വിളവു ലഭിക്കുവാനും പുത്രന്മാരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും വേണ്ടിയാണ് സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കുന്നത്.

ALSO READ

ഉപനയനം തുടങ്ങാൻ ശ്രേഷ്ഠ
സമുദ്രതീരത്ത് താമസിക്കുന്നവർ സമുദ്ര ദേവനായ വരുണനെ പൂജിക്കുന്നതും ഈ ദിവസമാണ്. വരുണപ്രീതിക്കായി സമുദ്രത്തിൽ നാളികേരം സമർപ്പിക്കുന്നത് ഇതിൽ ഒരു പ്രധാന ചടങ്ങാണ്.
ബ്രഹ്മജ്ഞർക്ക് ഉപനയനം തുടങ്ങുന്നതിന് ഏറ്റവും നല്ല ദിവസമായി ശ്രാവണപൗർണ്ണമി കരുതുന്നു. പശുക്കളെ കുളിപ്പിച്ചൊരുക്കി അവരെ ആരാധിക്കുന്നതും, തീറ്റുന്നതും ഐശ്വര്യപ്രദമായി കരുതപ്പെടുന്നു. ഉറുമ്പുകൾക്കും മത്സ്യങ്ങൾക്കും ഈ ദിവസം തീറ്റ നൽകുന്നത് ഗ്രഹദോഷങ്ങൾ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം പശുവിനെ ദാനം ചെയ്യുന്നതും വളരെ പ്രധാനമാണ്. വിഷ്ണുപ്രധാനമായും ലക്ഷ്മി പ്രധാനമായും ശ്രാവണ പൗർണമി ആചരിക്കുന്നവരുമുണ്ട്. ഈ ദിവസം വിഷ്ണു ക്ഷേത്രദർശനം നടത്തുന്നതും ഐശ്വര്യദായകമാണ്.

ദേവീ സ്തുതിക്ക് വിശേഷം
ഭഗവതി ക്ഷേത്രങ്ങളിൽ ഐശ്വര്യപൂജ, പൂർണ്ണിമ പൂജ എന്നിവ നടക്കുന്നത് ഈ ദിവസം സന്ധ്യയ്ക്കാണ്. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ ഏത് മന്ത്രവും സ്തുതിയും വിശേഷിച്ച് ലളിതസഹസ്രനാമം ചെല്ലുന്നത് അഭീഷ്ടദായകമാണ്. പൂർണ്ണിമ നാളിൽ ദേവീ ഭക്തരുടെ കാമധേനുവായ ലളിതസഹസ്രനാമം ജപിച്ചാൽ വേഗം ആഗ്രഹ സാഫല്യം കൈവരിക്കാം. ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ലെന്നത് അനേകകോടി ഭക്തരുടെ അനുഭവമാണ്. ബാധ, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം:

Story Summary: Significance and Myths about Sravana Powrnami

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?