(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മണക്കാട് ഗോപൻ
ദക്ഷിണകൈലാസമെന്ന പേരിൽ പ്രസിദ്ധമായ ശ്രീകാളഹസ്തീശ്വര ക്ഷേത്രം ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ വായുലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ചെന്നൈയിൽ നിന്നും തിരുപ്പതിക്ക് പോകുന്ന വഴിയിലാണ് ഈ മഹാക്ഷേത്രം. ഇവിടെ നിന്നും 36 കിലോമീറ്ററാണ് തിരുപ്പതിയിലേക്ക്.
ചിലന്തി (ശ്രീ) സര്‍പ്പം (കാള) , ആന (ഹസ്തി) എന്നീ ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചെന്ന് പറയുന്നു. അതിനാലാണ് ഈ ക്ഷേത്രത്തിന് ശ്രീകാളഹസ്തി എന്ന് പേരു വന്നത്. രാഹു കേതു ദോഷ ശമനത്തിനായി ആയിരങ്ങൾ പതിവായെത്തുന്ന ഈ ക്ഷേത്രത്തിന് 1500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്നു.
🟠 രാഹുകേതു, ശനിദോഷം മാറ്റാം
രാഹുകേതു ഗ്രഹങ്ങളുടെ ബന്ധനത്തിൽ മറ്റെല്ലാ ഗ്രഹങ്ങളും നിൽക്കുന്നതിനെയാണ് കാളസർപ്പയോഗം എന്ന് പറയുന്നത്. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലം പറയുന്നു. പലതരം ജീവിത പ്രതിസന്ധികൾ കാളസർപ്പയോഗം കാരണം ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തി നേടാൻ വിധി പ്രകാരം ശ്രീകാളഹസ്തി ദർശനം നടത്തി രാഹു കേതു ദോഷ മുക്തി പൂജ നടത്തുന്നതാണ് ഏറ്റവും മികച്ച പരിഹാരം. അതുപോലെ തന്നെ ശനി ദോഷങ്ങൾ അകറ്റാനും ഈ ശിവ സന്നിധി പ്രസിദ്ധമാണ്.
🟠 അലൗകികമായ അന്തരീക്ഷം
ഏതൊരു ഭക്തനും ഒരു പ്രത്യേക ചൈതന്യം തന്നെ ശ്രീകാളഹസ്തി ദർശനം സമ്മാനിക്കും. അസാധാരണ ഗരിമയും ഭംഗിയുമാണ് ഇവിടുത്തെ ഗോപുരങ്ങൾക്ക് പോലും. അലങ്കരിച്ച ഗോക്കളും വൃഷഭങ്ങളും അവയുടെ മണികിലുക്കവും ശിവമന്ത്രങ്ങളും കർപ്പൂര സുഗന്ധവും എല്ലാം നിറഞ്ഞ അലൗകിക അന്തരീക്ഷമാണിവിടെ. അഞ്ചാം തവണയാണ് ഞാനിവിടെ ദർശനം നേടുന്നത്. ഇത്തവണ കൂട്ടിന് മകൻ ഗൗതമും ഉണ്ടായിരുന്നു. മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലെ പ്രൗഢിയും പ്രതാപവും പ്രത്യേക അഴകുമാണ് ഇപ്പോൾ ശ്രീകാളഹസ്തി ക്ഷേത്രത്തിനും ഈ ദിവ്യ നഗരത്തിനും. സ്വർണ്ണമുഖീ നദിക്കരയിലെ ക്ഷേത്രത്തിൻ്റെ രാക്കാഴ്ച കമനീയവും അതുപോലെ തന്നെ അവിസ്മരണീയവുമാണ്.

🟠 ക്ഷേത്രമണ്ഡപം അത്ഭുതക്കാഴ്ച
നൂറ് തൂണുകളുള്ള ക്ഷേത്രമണ്ഡപം ശരിക്കും ഒരു അത്ഭുതക്കാഴ്ചയാണ്. ശില്പവിദ്യാ മഹിമ വിളംബരം ചെയ്യുന്ന ഒന്നാണ് ക്ഷേത്രത്തിലെ മൂന്ന് ഗോപുരങ്ങള്‍. പല്ലവരാജ വംശം 1500 വർഷം മുമ്പ് പണി തീർത്തതാണ് ക്ഷേത്രം എന്ന് കരുതുന്നു. 600 വർഷങ്ങൾ കഴിഞ്ഞ് ചോളരാജാക്കന്മാരും പിന്നീട് 15 -ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരും ഈ
ക്ഷേത്രം നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു എന്ന് ചരിത്ര രേഖകൾ പറയുന്നു.
🟠 ശ്രീകോവിലിൽ വിസ്മയ ദീപം
സ്വയംഭൂവായ, ശ്വസിക്കുന്ന ശിവലിംഗമെന്ന് കരുതുന്ന ഇവിടുത്തെ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനം ചെയ്തിരിക്കുന്നു. ഈ ശിവലിംഗത്തിൽ ശാന്തിക്കാർ പോലും സ്പർശിക്കാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. അതിനാൽ അഭിഷേകങ്ങളും മറ്റും നടത്തുന്നത് മറ്റൊരു ശിവലിംഗത്തിലാണ്. ശിവലിംഗത്തിൽ ആനയുടെയും
അതിന് പിന്നിലായി ഒരു സർപ്പത്തിന്റെയും ചുവട്ടിലായി ചിലന്തിയുടെയും രൂപങ്ങൾ ഉള്ളതായി പറയുന്നു. ശ്രീകോവിലിൽ വായു കടക്കില്ലെങ്കിലും ഗർഭഗൃഹത്തിൽ ഒരു വിളക്കിന്റെ നാളം സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ഭഗവാൻ്റെ നിശ്വാസമേറ്റാണ് ഈ ദീപം ഇളകുന്നത് എന്നാണ് വിശ്വാസം. തികച്ചും ഒരു അത്ഭുതക്കാഴ്ച തന്നെയാണ് ഈ ദീപം.
ALSO READ
🟠 പാതാള ഗണപതി 30 അടി താഴെ
വടക്കേ ഗോപുര ഭാഗത്തുള്ള പാതാള ഗണപതി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ദിവ്യാത്ഭുതം. ഒരു ഗുഹയിൽ 30 അടി താഴ്ചയിലാണ് പാതാള ഗണപതി കുടികൊള്ളുന്നത്. വളരെ ഇടുങ്ങിയ ഗുഹയിലേക്ക് നൂഴ്ന്ന് ഇരുപത്തഞ്ചോളം പടികൾ ഇറങ്ങിച്ചെന്നാൽ പാതാള ഗണപതിയുടെ സവിധത്തിലെത്താം.
ഗണപതിയെ വണങ്ങിയ ശേഷമേ കാളഹസ്തീശ്വര ദർശനം പാടുള്ളൂ എന്നാണ് പറയുന്നത്. എന്നാൽ പാതാള ഗണപതി ദർശനം അനായാസമല്ല. വളരെ കുറച്ച് പേർക്ക് മാത്രമേ സുരക്ഷ പരിഗണിച്ച് ഒരു സമയം പ്രവേശനം അനുവദിക്കുകയുള്ളൂ. അവർ തിരിച്ച് കയറിക്കഴിഞ്ഞാൽ അടുത്ത കൂട്ടർക്ക് പ്രവേശനം കിട്ടും.
🟠 ദേവി ജ്ഞാനപ്രസുനാംബിക
പാർവതിദേവി ജ്ഞാനപ്രസുനാംബികദേവി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ദേവിക്ക് പ്രത്യേക നടയുമുണ്ട്. അനേകമനേകം ശിവലിംഗങ്ങൾ, സർപ്പ വിഗ്രഹങ്ങൾ, നവഗ്രഹ വിഗ്രഹങ്ങൾ, ദേവീ ദേവന്മാരുടെ ചിത്രങ്ങൾ കൊടിമരം എന്നിവ ക്ഷേത്രത്തിനുള്ളിൽ കടക്കുമ്പോൾ കാണുന്ന സമൃദ്ധമായ ദൃശ്യങ്ങളാണ്. ഗോപൂജയ്ക്ക് വലിയ പ്രധാന്യമാണിവിടെ. എല്ലാ ദിവസവും രാവിലെ ഗോപൂജയുണ്ട്. രാവിലെ മൂന്നും ഉച്ചയ്ക്ക് ശേഷം മൂന്നും
അഭിഷേക സ്ലോട്ടുകൾ ലഭ്യമാണ്. പ്രദോഷ ദിവസങ്ങളിലും മറ്റും 4 സ്ലോട്ടുകൾ കാണും. ചൊവ്വ, വ്യാഴം, പ്രദോഷം ദിവസങ്ങളാണ് ഏറ്റവുമധികം പ്രധാനം. ശിവരാത്രിയാണ് മുഖ്യ ഉത്സവം. സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണ സമയത്തും നട തുറന്നിരിക്കുന്ന രാജ്യത്തെ ഏക ശിവക്ഷേത്രമാണിത്.

🟠 എന്നും കാളസർപ്പദോഷ പൂജ
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 5:30 മുതൽ രാത്രി 9:30 വരെയാണ് ക്ഷേത്ര ദർശനം സമയം. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ രാവിലെ 5:30 മുതൽ 9 വരെ ദർശനം. കാളസർപ്പദോഷ പരിഹാര പൂജ, രാഹുകേതു ദോഷ മുക്തി പൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. ഇത് എല്ലാ ദിവസവും രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ നടത്താം. രാഹു കാലത്ത് ഈ പൂജ നടത്താൻ വൻ തിരക്കാണ്. ഓൺലൈൻ വഴിയും നേരിട്ടും ഇതിന് ബുക്ക് ചെയ്യാം. 500, 750 , 1500, 2500,
5000 രൂപ വീതം വിവിധ നിരക്കിൽ ഇതിനുള്ള ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് നൽകി പൂജാ ദ്രവ്യങ്ങളും രാഹു കേതു വിഗ്രഹങ്ങളും വാങ്ങി പൂജാ മണ്ഡപത്തിൻ കയറാം. 5000 രൂപ ടിക്കറ്റുകാർക്ക് ഏറ്റവും മുന്നിൽ ഇരിക്കാം. എല്ലാവരും ശാന്തിക്കാർ ചൊല്ലിത്തരുന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി രാഹു കേതു വിഗ്രഹങ്ങളിൽ അർച്ചന ചെയ്ത് സ്വയം പൂജ നടത്തണം. ഒരു മണിക്കൂർ നീളുന്ന പൂജയ്ക്ക് ശേഷം വിഗ്രഹങ്ങൾ ക്ഷേത്രത്തിന് മുന്നിലുള്ള വൻ ഭണ്ഡാരത്തിൽ സമർപ്പിക്കണം. ശ്രീ കാളഹസ്തീശ്വര ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തർ ധരിച്ചിരിക്കുന്ന വസ്ത്രം ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിക്കണം.
ഓം നമഃ ശിവായ !
(ഇക്കഴിഞ്ഞ ദിവസം കാളഹസ്തി ദർശനം നടത്തിയ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനുമായി നടത്തിയ സംഭാഷണത്തിൻ്റെ കൂടി സഹായത്താൽ തയ്യാറാക്കിയത് )
Story Summary : Sree Kalahasteeswara Temple, where Lord Shiva is Worshipped as Vayu Linga Removes all Rahu – Kethu Negativity ( Kala Sarppa Dosha )
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved