Wednesday, December 10, 2025
Wednesday, December 10, 2025
Home » കരിക്കകത്തമ്മ കനിഞ്ഞാൽ വിഷമങ്ങളെല്ലാം അവസാനിക്കും

കരിക്കകത്തമ്മ കനിഞ്ഞാൽ വിഷമങ്ങളെല്ലാം അവസാനിക്കും

0 comments

( നേരം ഓൺ ലൈൻ ഫേസ്ബുക്കിൽ പതിവായി ലഭിക്കാൻ ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്. നേരം ഓൺലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . )

മംഗളഗൗരി
മറ്റ് ക്ഷേത്രത്തില്‍നിന്നും വ്യത്യസ്തമായ ഒരു ദേവീ സങ്കല്പമാണ് തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തില്‍. ചാമുണ്ഡീ ദേവിയുടെ 3 ഭാവത്തിലുള്ള ആരാധനയാണ് ഇവിടെ നടത്താറുള്ളത്. ഒരു ദേവീ സങ്കല്‍പ്പത്തെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കരിക്കകം ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ദേവി പ്രതിഷ്ഠ.
ഉപദേവതകൾ ഉൾപ്പെടെയുള്ള എല്ലാ പ്രതിഷ്ഠകളും കിഴക്കോട്ടാണ് ദര്‍ശനം. ഈ ദേവീ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ എല്ലാ ദുഖങ്ങൾക്കും അവസാനമാകും. രോഗദുരിതം, വിവാഹതടസ്സം, സാമ്പത്തിക വിഷമങ്ങൾ, കടം, ജോലി സംബന്ധമായ തടസ്സങ്ങൾ, വസ്തു തർക്കം എന്നീ വിഷമങ്ങളെല്ലാം കരിക്കകത്തമ്മ അനുഗ്രഹിച്ചാൽ അകന്നു പോകും.

🟠 ചാമുണ്ഡി നട
പ്രധാന ശ്രീകോവിലിലാണ് ശ്രീ ചാമുണ്ഡി ദേവി കുടികൊള്ളുന്നത്. മന:ശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരങ്ങൾ ഇവിടെ ദേവീ ദര്‍ശനം തേടിയെത്തുന്നു. ഈ ദേവിനടയിലാണ് പ്രധാന പൂജകൾ നടക്കുന്നത്. ഇവിടെ വഴിപാടുകൾ നടത്തിയാൽ കഷ്ടതയും ദുരിതങ്ങളും അകലും. കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അര്‍ച്ചന, രക്തപുഷ്പാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, പാല്‍പ്പായസം, പഞ്ചാമൃതാഭിഷേകം, കാര്യതടസ നിവാരണം എന്നിവയ്ക്ക് ദേവിക്ക് തുടര്‍ച്ചയായി 13 വെള്ളിയാഴ്ച രക്തപുഷ്പാഞ്ജലിയും ദേവീദര്‍ശനവും ഉത്തമമാണ്.

🟠 രക്തചാമുണ്ഡി നട
രക്തചാമുണ്ഡി രൗദ്രമൂർത്തിയെങ്കിലും  കരിക്കകത്തെ രക്തചാമുണ്ഡിയമ്മ മാതൃഭാവമുള്ള സ്‌നേഹദായിനിയുമാണ്.

ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന രക്തചാമുണ്ഡിയുടെ ചുവര്‍ ചിത്രമാണ് ഈ നടയില്‍ കുടികൊള്ളുന്നത്. 101 രൂപ അടച്ച് ഈ നട തുറന്ന് ഹാരം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ലഭിക്കും.
ശത്രുസംഹാര പൂജയാണ് ഇവിടെ പ്രധാനം. ശാപ ദോഷം, ക്ഷുദ്രപ്രയോഗങ്ങള്‍ മൂലമുള്ള സങ്കടങ്ങൾ എന്നിവ തീർക്കുന്നതിനും പുതിയ സംരംഭം തുടങ്ങുന്നതിനുള്ള തടസങ്ങള്‍ മാറ്റുന്നതിനും വിളിദോഷം മാറുന്നതിനും കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം, ചതിപ്രയോഗം എന്നിവയിൽ നിന്നും മുക്തി നേടുന്നതിനും ഈ നട തുറന്ന് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേര്‍ച്ചകളും, സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും നടയ്ക്ക് വയ്ക്കുന്നവര്‍ ധാരാളമുണ്ട്. ദിവസവും രാവിലെ 7.15 മുതൽ 11 മണി വരെയും വൈകിട്ട് 4.45 മുതൽ 6 മണി വരെയുമാണ് ഈ നടതുറപ്പ്.

🟠 ബാലചാമുണ്ഡി നട
ശാന്തസ്വരൂപിണിയും ഐശ്വര്യദായിനിയും ആയ ശ്രീ ബാലചാമുണ്ഡി ദേവി കുടികൊള്ളുന്ന സന്നിധിയാണിത്. ഇവിടെ സൗമ്യ രൂപത്തിലുള്ള ശ്രീ ബാലചാമുണ്ഡി ദേവിയുടെ സന്നിധിയിലും ചുവര്‍ചിത്രമാണ് ഉള്ളത്. ചാമുണ്ഡ നിഗ്രഹം കഴിഞ്ഞ് കോപം ശമിച്ച് ശാന്ത രൂപത്തില്‍ ദേവി വാഴുന്നു  എന്നാണ് വിശ്വാസം. ദേവിയുടെ സൗമ്യ രൂപത്തിലുള്ള സങ്കല്പമായതിനാല്‍ കുട്ടികള്‍ക്കുള്ള നേര്‍ച്ചയാണ് നടയില്‍ കൂടുതല്‍ നടത്തുന്നത്. സന്താന ഭാഗ്യത്തിനും ബാലാരിഷ്ടതകള്‍ മാറുന്നതിനും 101 രൂപ പിഴ അടച്ച് നട തുറന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി. ഇവിടെ ഭക്തർ നേര്‍ച്ചയായി പ്രത്യേക പൂജ നടത്താറുണ്ട്. കടുംപായസം, പട്ട്, മുല്ല, പിച്ചി എന്നിവയിലുള്ള ഹാരങ്ങള്‍, ഉടയാടകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയിലുള്ള രൂപങ്ങള്‍, സന്താനലബ്ധിക്ക് തൊട്ടിലും, കുഞ്ഞും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, മറ്റ് സാധനങ്ങള്‍, കുഞ്ഞൂണ്, തുലാഭാരം എന്നീ നേര്‍ച്ചകളും ഇവിടെ നടത്താറുണ്ട്. വിദ്യാഭ്യാസത്തിലും കലയിലും ഉയര്‍ച്ച ഉണ്ടാകുന്നതിനും മത്സര പരീക്ഷകളില്‍ വിജയം വരിക്കുന്നതിനും ഇവിടെ നടതുറക്കാന്‍ നല്ല തിരക്കാണ്.

ALSO READ

🟠 അറുന്നൂറ് വർഷം പഴക്കം
അറുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത് . വന ശൈലാദ്രി സ്ഥാനനിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവ്വഭാഗത്തു നിന്നും ആണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനമൂർത്തിയായി പരിലസിച്ചിരുന്ന ദേവിയെ തന്ത്രിവര്യന്റെ മടത്തുവീട് തറവാട്ടിലെ കാരണവരായ യോഗിവര്യന് ഉപാസിക്കാൻ ഉപദേശം ലഭിച്ചു. തുടർന്ന് ദേവി ബാലികയായി ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്ത്
എത്തി. ഇവിടെ പച്ച പന്തൽകെട്ടി ദേവിയെ കുടിയിരുത്തി. അതിനുശേഷം ക്ഷേത്രം നിർമ്മിച്ച് ഗുരുവിനെ കൊണ്ട് വിധിപ്രകാരം പ്രതിഷ്ഠയും പൂജാദികർമ്മങ്ങളും നടത്തി.

🟠 പൊങ്കാല തിരുവുത്സവം
സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം പൊങ്കാലയാണ്. അമ്മയുടെ അവതാരദിനമായ മീനത്തിലെ മകത്തിനാണ് പൊങ്കാല; ഏഴാം ഉത്സവ ദിവസമാണിത്. ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മൺകലത്തിൽ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓർമ്മയാണ് ഉത്സവത്തിന്റെ ഏഴാം നാൾ നടക്കുന്ന പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് ദേവിയെ പച്ചപന്തൽ കെട്ടി കുടിയിരുത്തിയതും പൊങ്കാല തയ്യാറാക്കി നേദിച്ചതും. തുടർന്ന് എല്ലാ വർഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. പൊങ്കാലയ്ക്ക് 7 ദിവസം മുൻപ് രോഹിണി നാൾ വൈകിട്ട് ഗുരുപൂജയോടെയാണ് തിരുവുത്സവത്തിന് തുടക്കം കുറിക്കുക.

🟠 തണ്ണീര്‍ക്കൊട, കടുംപായസം മുഖ്യം
കരിക്കകത്തെ പ്രധാന വഴിപാട് തണ്ണീര്‍ക്കൊടയാണ്. ദേവിയുടെ പക്കനാളായ മകത്തിനും പ്രതിഷ്ഠ നടത്തിയ മന്ത്രമൂര്‍ത്തിയുടെ പക്കനാളായ കാര്‍ത്തികയ്ക്കും തണ്ണീര്‍ക്കൊട നടത്തും. നിര്‍മ്മാല്യ ദര്‍ശനത്തോടെ പൂജ ആരംഭിച്ച് അന്നദാനത്തോടെ ഉച്ച പൂജ സമാപിക്കും. ഇതിന് പുറമെ സര്‍വ്വാലങ്കാര പൂജ, ഐശ്വര്യപൂജ, ഉദായസ്തമന പൂജ, പൂഷ്പാഭിഷേകം, കടുംപായസം എന്നീ വഴിപാടുകളും ദേവിയ്ക്ക് പ്രിയങ്കരമായി കരുതപ്പെടുന്നു. കടുംപായസം കരിക്കകത്തെ 3 ദേവീസങ്കല്‍പ്പങ്ങൾക്കും പ്രധാന വഴിപാടാണ് . കടുംപായസ നേര്‍ച്ച എണ്ണത്തിൽ കൂടുതൽ നടത്തിയാല്‍ അന്നദാനപുണ്യം കൂടി ലഭിക്കും എന്ന് പറയുന്നു. ഈ നിവേദ്യം സമര്‍പ്പിക്കുന്നതിന് പ്രതിദിനം നൂറുകണക്കിന് ഭക്തരാണ് വഴിപാട് ബുക്ക് ചെയ്യുന്നത്. ഭദ്രകാളി, ചാമുണ്ഡി എന്നീ ശാക്തേയമൂര്‍ത്തികള്‍ക്ക് സ്വാത്വികമായ നിവേദ്യം ക്രമം എന്ന രീതിയില്‍ ഉപാസകര്‍ ഷോഡശ പ്രകാരം അനുവര്‍ത്തിച്ച് വരുന്ന മുഖ്യ നൈവേദ്യമാണ് കടുംപായസം. വരിനെല്ല് ഉണക്കി കുത്തി, മറയൂര്‍ ശര്‍ക്കരയും നെയ്യും വിശേഷ ദ്രവ്യങ്ങളും സമം ചേര്‍ത്ത് ഉണ്ടാക്കുന്ന കടുംപയാസം ഉദ്ദിഷ്ട കാര്യസിദ്ധിക്കാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഈ പായസ കൂട്ട് അതിഗോപ്യവും വിശിഷ്ടവുമാണ്. കരിക്കകത്തമ്മയ്ക്ക് കടുംപായസം സമര്‍പ്പിച്ചിട്ടാണ് ഭക്തര്‍ ദേവിയ്ക്ക് മുന്നില്‍ സങ്കടങ്ങള്‍ അവതരിപ്പിക്കുന്നത്. എല്ലാ ദിവസം കടുംപായസം കൗണ്ടറില്‍ നേരിട്ട് പണമടച്ച് ബുക്ക് ചെയ്യാം . ക്ഷേത്ര ഔദ്യോഗിക വെബ്‌സൈറ്റായ www.karikkakomsrichamunditemple.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ഇത് ബുക്ക് ചെയ്യാം.

Story Summary: Karikkakam Sri Chamundi Temple : History, Festival and Powerful Offerings

(നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?