Wednesday, December 10, 2025
Wednesday, December 10, 2025
Home » 2025ലെ നവരാത്രി, പൂജവെയ്പ്പ്, ആയുധപൂജ, വിജയദശമി, വിദ്യാരംഭം: അറിയേണ്ടതെല്ലാം

2025ലെ നവരാത്രി, പൂജവെയ്പ്പ്, ആയുധപൂജ, വിജയദശമി, വിദ്യാരംഭം: അറിയേണ്ടതെല്ലാം

by NeramAdmin
0 comments

അനിൽ വെളിച്ചപ്പാടൻ

ഈ വർഷം പുസ്തകപൂജ നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാം ദിവസമാകുന്നത്. മാത്രമല്ല ഇക്കുറി നവരാത്രി ആചരണം വിജയദശമി വരെ 10 ദിവസം അല്ല 11 ദിവസമുണ്ട്.

🟠 2025 ലെ നവരാത്രി ആചരണ ദിനങ്ങൾ

1) നവരാത്രി ആരംഭം: 22-9-2025 (1201 കന്നി 06) തിങ്കളാഴ്ച

2) പൂജ വെയ്പ്പ്: 29-9-2025: തിങ്കളാഴ്ച (വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ)

3) ദുർഗ്ഗാഷ്ടമി : 30-9-2025: ചൊവ്വാഴ്ച

ALSO READ

4) മഹാനവമി, ആയുധപൂജ: 01-10-2025: ബുധനാഴ്ച

4) പൂജയെടുപ്പ്: 02-10-2025 വ്യാഴാഴ്ച – രാവിലെ ഉഷഃപൂജക്ക് ശേഷം (വിദ്യാരംഭത്തിന് മുമ്പ്)

5) വിദ്യാരംഭം: 02-10-2025 വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിന് ശേഷം. വിജയദശമി ദിവസം വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ മുഹൂർത്തം നോക്കേണ്ട. എന്നിരിക്കിലും രാവിലെ 09.18 വരെ വളരെ നല്ലത്.

🟠 ബുധമൗഢ്യം ഉള്ളതിനാൽ ഇത് ശ്രദ്ധിക്കുക

വിദ്യാരംഭത്തിന് മുഹൂർത്തം നോക്കണമെന്ന് താല്പര്യം ഉള്ളവർക്ക് പുലർച്ചെ മുതൽ അല്ലെങ്കിൽ പൂജയെടുപ്പിന് ശേഷം മുതൽ 09.18 വരെയും തുടർന്ന് വൃശ്ചികം രാശി ഒഴിവാക്കി (അതായത് 09.19 മുതൽ 11.28 വരെ ) പിന്നെയുള്ള മുഹൂർത്തവും എടുക്കാം. ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ആഡിറ്റോറിയങ്ങളിലും ചില ഓഫീസുകളും വിദ്യാരംഭം നടത്തുന്നത് ഒഴിവാക്കി ദക്ഷിണാമൂർത്തി-സരസ്വതിപൂജ എന്നിവയാൽ ദേവചൈതന്യം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ക്ഷേത്രാങ്കണത്തിലും നിത്യവും നിലവിളക്ക് കൊടുത്തി പ്രാർത്ഥന നടത്തുന്ന വീടുകളിലും മാത്രം വിദ്യാരംഭം കുറിക്കാൻ ശ്രദ്ധിക്കണം. വിജയദശമി നാൾ വൈകിട്ട് 5.36 വരെ ബുധമൗഢ്യമുണ്ട് എന്നത് പ്രത്യേകം ഓർമ്മിക്കണം. 29-8-2025 പകൽ 3.50 മുതൽ 02-10-2025 വൈകിട്ട് 5.36 വരെയാണ് ബുധമൗഢ്യ കാലയളവ്.

🟠 നവരാത്രി വ്രത ഫലസിദ്ധി

സർവ്വകാര്യസിദ്ധിക്കും വിദ്യാവിജയത്തിനുമാണ് നവരാത്രിവ്രതം ആചരിക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം. കുമാരി, ത്രിമൂർത്തി, കല്ല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുർഗ്ഗ, സുഭദ്ര എന്നീ ക്രമത്തിലാണ് ആരാധന നടത്തുന്നത്. ദേവീ ഉപാസകർ 5 അല്ലെങ്കിൽ 7 പൂജകൾ അഷ്ടമി മുതൽ ദശമി വരെ ചെയ്ത് സായൂജ്യം നേടും. എന്നാൽ വിശ്വാസികൾ നവരാത്രി ആരംഭം മുതൽ ദശമി വരെയും (22-09-2025 കന്നി 06, തിങ്കളാഴ്ച മുതൽ 02-10-2025, കന്നി 16, വ്യാഴാഴ്ച വരെ) കുറഞ്ഞത് രണ്ട് നേരമെങ്കിലും ലളിതാസഹസ്രനാമ ജപവും വ്രതവും ആചരിച്ചാൽ വളരെയധികം ഫലസിദ്ധി ലഭിക്കും.

കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ വ്യാഴവും അതോടൊപ്പം ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമില്ലാതെയും നിൽക്കുന്ന സാരസ്വതയോഗം ഈ വർഷവും ലഭ്യമല്ല എന്നതും വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെയാകണം എന്ന് നിർദ്ദേശിക്കുന്നതിന് മറ്റൊരു കാരണമാണ്. തിരക്കേറിയ ക്ഷേത്രങ്ങളിൽ മുഹൂർത്തം ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. അതിനാൽ മുഹൂർത്ത ആചാരങ്ങൾ പരാതിയില്ലാതെ പാലിക്കാൻ ഭക്തർ ശ്രമിക്കണം.

🟠 പൂജവെയ്പ്പിന്റെ ജ്യോതിഷ നിയമം

കന്നിമാസത്തിൽ കറുത്തവാവ് കഴിഞ്ഞ് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവെയ്ക്കണം. പൂജയെടുപ്പ് – വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു. കന്നിമാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി ദിവസം വരുന്ന ആ രാത്രിയിൽ വിശേഷ വിധികളോട് കൂടി പൂജകൾ നടത്തണം. പൂജവെയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു. പൂജവെയ്പ്പ് കാലത്തെക്കുറിച്ച് പറയുമ്പോൾ അസ്തമയ സമയമെന്നതിനേക്കാൾ അന്ന് രാത്രിയിലും അഷ്ടമി തിഥി ഉണ്ടായിരിക്കണമെന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. ക്ഷേത്രത്തിൽ പൂജവയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്തവർക്ക് സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവയ്ക്കാൻ ശ്രമിക്കാവുന്നതാണ്.

🟠 വിദ്യാരംഭം എത്ര വയസ്സിൽ നടത്തണം?

ഈ വിജയദശമി, വിദ്യാരംഭ ദിവസം രണ്ടര വയസ്സ് പൂർത്തിയായ കുട്ടികൾക്ക് വിദ്യാരംഭം നടത്താം. രണ്ടര വയസ്സ് പൂർത്തിയാകാത്തവർക്ക് പിന്നെ, ബുധമൗഢ്യമില്ലാത്ത ഒരു ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം നടത്താവുന്നതുമാണ്.

🟠 വിജയദശമി കണക്കാക്കുന്ന രീതി
കന്നിയിലെ ശുക്ലപക്ഷത്തില്‍ ( വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം ) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ദിവസം ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമമാണ്. എന്നാല്‍ ഇങ്ങനെ 6 നാഴിക ദശമി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസവും ആകാം.

🟠 വിദ്യാരംഭം എങ്ങനെ വേണം?
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് ഹരിശ്രീ ഗണപതയേ നമഃ എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

🟠 എന്താണ് വിദ്യാരംഭം?

വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു. സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര്‍ എഴുതിക്കാനും പാടില്ല. (മേടം-വൃശ്ചികം ഈ കൂറുകള്‍ തമ്മിലും, തുലാം-ഇടവം എന്നീ കൂറുകള്‍ തമ്മിലും ഈ ദോഷം പറയാനും പാടില്ല.)

ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ, + 91 94971 34134
Uthara Astro Research Center

www.uthara.in

Story Summary: Significance and rituals of Navratri, Saraswati Pooja, Ayudha Pooja and Vidyarambham

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?