Wednesday, December 10, 2025
Wednesday, December 10, 2025
Home » നവരാത്രിയിൽ കുറഞ്ഞത് 4 ദിനം വ്രതമെടുത്താൽ ദേവീ കൃപയറിയാം

നവരാത്രിയിൽ കുറഞ്ഞത് 4 ദിനം വ്രതമെടുത്താൽ ദേവീ കൃപയറിയാം

by NeramAdmin
0 comments

ഡോ രാജേഷ് പുല്ലാട്ടിൽ

ഭാരതത്തിന് ഇത് ദേവീ ആരാധനയുടെ പുണ്യ കാലമാണ്; അശ്വനിമാസ ശരത് ഋതു നവരാത്രി കാലം. ഒരോ ദേശത്തും ഓരോ പേരിലാണ് ഇത് ആഘോഷിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ദേവീപൂജ തന്നെയാണ്. പശ്ചിമ ബംഗാൾ, അസാം, ഒഡീഷ എന്നിവിടങ്ങളിൽ ഏറ്റവും വലിയ ആണ്ടു വിശേഷമായ കാളീ പൂജയാണിത്. മഹിഷാസുര മർദ്ദിനിയായ ചാമുണ്ഡേശ്വരി വാഴുന്ന മൈസൂറിന് ദസറയാണ്. മൂകാംബികയിൽ നവരാത്രി പുഷ്പ രഥോത്സവവും കനക വർഷവും വിദ്യാരംഭവുമായി ആഘോഷിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഭക്തർ ഗർബ, ദണ്ഡിയ നൃത്തങ്ങൾ അവതരിപ്പിക്കുന്നു. ഗോവ, ഉത്സവത്തെ അടയാളപ്പെടുത്തുന്ന പ്രത്യേക ഉത്സവം, ക്ഷേത്ര അലങ്കാരങ്ങൾ നടത്തപ്പെടുന്നു. കേരളത്തിന് ഇത് ത്രിദേവിമാരെ മൂന്ന് ദിവസങ്ങളിൽ വീതം പൂജിക്കുന്ന നവരാത്രി ആഘോഷമാണ്. എന്നാൽ എല്ലായിടത്തും നവരാത്രി ആരംഭവും അവസാനവും എല്ലാം ഒരു ദിവസമാണ്. അശ്വിന മാസ പ്രഥമ മുതൽ ദശമി വരെ 10 ദിവസം.

🔴 വ്രതം, ജപം പ്രധാനം
കേരളത്തിൽ കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കുന്നവരുണ്ട്. അന്ന് പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിച്ച് തുടര്‍ന്ന് വിജയദശമിവരെ എല്ലാ ദിവസവും ഇത് പോലെ വ്രതം അനുഷ്ഠിക്കുന്നു. അതിനു സാധിക്കാത്തവര്‍ നവരാത്രിയിൽ 9 അല്ലെങ്കിൽ 4 ദിവസമെങ്കിലും മത്സ്യമാംസാദികള്‍ വെടിഞ്ഞ് ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കണം. നിത്യവും ദേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ദേവീമാഹാത്മ്യം, ദേവീഭാഗവതം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി തുടങ്ങിയവ പാരായണം ചെയ്യുന്നതും ഫലപ്രദമാണ്. നവരാത്രി വ്രതമെടുത്താൽ ഒരു വർഷം ദേവീ ഉപാസന നടത്തിയ ഫലം ലഭിക്കും എന്ന് പറയുന്നു. നവരാത്രിയിലെ 9 ദിവസവും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതമെടുക്കണം. ദുര്‍ഗാഷ്ടമി കാളിക്കും, മഹാനവമി ലക്ഷ്മിക്കും, വിജയദശമി സരസ്വതിക്കും പ്രാധാന്യമുള്ള ദിനങ്ങളാണ്.

🔴 ഭദ്രകാള്യവതാരം ദുര്‍ഗാഷ്ടമിയിൽ

ദക്ഷയാഗം നശിപ്പിക്കാനായി കാളിക അവതരിച്ചതും ശ്രീരാമന് മുന്‍പില്‍ ദേവീ പ്രത്യക്ഷയായതും ദുര്‍ഗാഷ്ടമി ദിവസമാണെന്ന് ഐതിഹ്യമുണ്ട്. സര്‍വകര്‍മ്മങ്ങളും ദേവിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുണ്യ ദിവസമാണ് മഹാനവമി. ഭക്തിയോട് കൂടി ദേവിയെ പൂജിക്കുന്നവര്‍ക്ക് എല്ലാ വിജയവും സിദ്ധിക്കുന്ന ദിവസമാണ് വിജയദശമി. ശ്രീരാമന്‍ രാവണവധത്തിന് ഇറങ്ങിയ ദിവസമാണ് വിജയദശമി എന്നും സങ്കല്‍ല്പമുണ്ട്. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ നാരദമുനിയുടെ ഉപദേശ പ്രകാരം നവരാത്രി വ്രതമെടുത്തു. അഷ്ടമിയിൽ ദേവി സിംഹവാഹനയായി. ശ്രീരാമന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് വരം നല്‍കി. തുടര്‍ന്ന് ശ്രീരാമന്‍ ദേവിയെ പൂജിച്ച ശേഷം വാനര സൈന്യത്തോട് കൂടി ദശമിനാളില്‍ ലങ്കയിലേക്ക് പുറപ്പെട്ടു; രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. അജ്ഞാതവാസ ശേഷം അര്‍ജ്ജുനന്‍ ആദ്യമായി ഗാണ്ഡീവം കയ്യിലെടുത്തത് വിജയദശമിയിലാണ് എന്നും സങ്കല്പമുണ്ട്. വിജയന്‍, അര്‍ജ്ജുനന്റെ മറ്റൊരു പേരാണ്. ആ അര്‍ത്ഥത്തിലും വിജയം നല്‍കുന്ന ദിവസം എന്ന അര്‍ത്ഥത്തിലും വിജയ നക്ഷത്രം ഉദിക്കുന്ന ദിനം എന്ന രീതിയിലും വിജയ ദശമി എന്ന് പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന് മുന്‍പായി പാണ്ഡവര്‍ നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവിയെ പൂജിച്ചതായും ഐതിഹ്യം പറയുന്നു.

🔴 വിജയദശമിയിൽ മഹിഷാസുര നിഗ്രഹം

ALSO READ

മഹിഷാസുര മര്‍ദ്ദിനിയായി ദേവീ മഹിഷാസുര നിഗ്രഹം നടത്തിയ ദിവസമാണ് വിജയദശമിയെന്നും കരുതുന്നു. പണ്ട് ജ്യേഷ്ഠാനുജന്മാരായി രംഭനെന്നും കരംഭനെന്നും പേരുകളുള്ള രണ്ട് അസുരന്മാര്‍ ഉണ്ടായിരുന്നു. ഇതില്‍ കരംഭനെ ഇന്ദ്രന്‍ വധിച്ചു കളഞ്ഞു. ദുഖിതനായ രംഭന്‍ സ്വന്തം ശിരസ് ഛേദിച്ച് അഗ്‌നിയില്‍ ഹോമിക്കാന്‍ തുനിഞ്ഞു. അപ്പോള്‍ അഗ്‌നിദേവന്‍ പ്രത്യക്ഷപ്പെട്ട് ഏതു സ്ത്രീയിലാണോ മനസ് പതിയുന്നത് അവളില്‍ നിന്നും ഇന്ദ്രാദികളെ ജയിക്കാന്‍ പോന്ന ഒരു പുത്രന്‍ ജനിക്കും എന്ന വരം പ്രദാനം നൽകി.

രംഭന്റെ മനസ് ആസക്തമായത് ഒരു മഹിഷത്തില്‍ ആയിരുന്നു. അവളില്‍ രംഭന് മഹിഷാസുരന്‍ എന്ന പുത്രന്‍ജനിച്ചു. പോത്തിന്റെ ശിരസോടു കൂടിയ മഹിഷാസുരന്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് ഒരു സ്ത്രീയാല്‍ മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന് വരം നേടി. തുടര്‍ന്ന് അവന്‍ ത്രിലോകാധിപതിയായി വാഴാന്‍ തുടങ്ങി. ദുഃഖിതരായ ദേവന്മാര്‍ വിഷ്ണുവിനെ ഭഗവാനെ ശരണം പ്രാപിച്ചു. തുടര്‍ന്ന് എല്ലാ ദേവന്‍മാരുടെയും ചൈതന്യം കൂടിച്ചേര്‍ന്ന് പതിനെട്ടു കൈകളോട് കൂടിയ ഒരു ദേവി ആവിര്‍ഭവിച്ചു. ദേവിയെയാണ് മഹിഷാസുര മര്‍ദ്ദിനി എന്ന് പറയുന്നത്. ദേവി ഘോരയുദ്ധം ചെയ്ത് മഹിഷാസുരനെ നിഗ്രഹിച്ചു കളഞ്ഞു.

🔴 മഹിഷപുരം ഇന്നത്തെ മൈസൂര്‍

മഹിഷന്‍ എന്നത് മനുഷ്യനിലെ അജ്ഞാനത്തിന്റെയും കാമഭോഗാസക്തിയുടെയും പ്രതീകമാണ്. ഇപ്രകാരമുള്ള മനുഷ്യ മനസ്സിലെ തമസിനെ ദൈവീകശക്തി കൊണ്ടു ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് മഹിഷാസുര വധം. മഹിഷാസുരനെ നിഗ്രഹിച്ച പുരി എന്നര്‍ത്ഥത്തിലുള്ള മഹിഷപുരമാണ് ഇന്നത്തെ മൈസൂര്‍ എന്ന് കരുതുന്നു. അതുകൊണ്ടു തന്നെ മൈസൂറില്‍ നവരാത്രി ആഘോഷം രാജകീയ പ്രൗഢിയോടു കൂടിയാണ് ആചരിക്കുന്നത്. തിരുവതാംകൂറില്‍ സ്വാതിതിരുനാളിന്റെ കാലം മുതല്‍ തന്നെ നവരാത്രി പൂജയും സംഗീതോത്സവും നടത്തി വരുന്നുണ്ട്. ബംഗാളില്‍ നവരാത്രിയിൽ ദേവിയെ മഹിഷാസുരമര്‍ദ്ദിനി സങ്കല്പത്തിലാണ് ആരാധിക്കുന്നത്.

ഡോ രാജേഷ് പുല്ലാട്ടിൽ
മൊബൈൽ: + 919895502025

Story Summary: Importance and Myths behind Navaratri Festival

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?