തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശ്രീ പരമേശ്വര പ്രീതി നേടാൻ ഏറ്റവും നല്ലതാണ് ത്രയോദശി ദിവസം സന്ധ്യയിലെ പ്രദോഷാചരണം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ മഹാദേവൻ താണ്ഡവമാടുന്ന ഈ പ്രദോഷസന്ധ്യയിൽ സകല ദേവഗണങ്ങളും ശിവസന്നിധിയിലെത്തും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് അതിനാൽ വിശേഷഫലം ലഭിക്കും. പ്രദോഷങ്ങളിൽ ശ്രേഷ്ഠം അപൂർവ്വമായി മാത്രം വരുന്ന മഹാശനി പ്രദോഷമാണ്. കറുത്ത പക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷമാണ് മഹാ ശനി പ്രദോഷം. പന്ത്രണ്ട് പ്രദോഷം എടുത്ത ഫലം ഒരു മഹാശനി പ്രദോഷം
അനുഷ്ഠിച്ചാൽ ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഈ ശനിയാഴ്ച, 2025 ഒക്ടോബർ 18 ന് ശനി പ്രദോഷമാണ്. കൊല്ലവർഷം 1201 തുലാമാസം ആരംഭം, മുപ്പെട്ട് ശനി എന്നീ പ്രത്യേകതകളും സർവോൽകൃഷ്ടമായ ഈ
കൃഷ്ണപക്ഷ ശനി പ്രദോഷത്തിനുണ്ട്.
🟢 ശിവൻ താണ്ഡവമാടുന്ന സന്ധ്യ
സകല ശാസ്ത്രങ്ങളുടെയും വിദ്യകളുടെയും ഗുരുവായാണ് മഹേശ്വരനെ, ദക്ഷിണാമൂർത്തിയെ
സങ്കല്പിക്കുന്നത്. നൃത്തം അഭ്യസിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് നടരാജ സങ്കല്പത്തിന് വളരെ പ്രാധാന്യമുണ്ട്. ശിവന്റെ ആനന്ദനടനമാണ് താണ്ഡവം. വിദ്യകളുടെ എല്ലാം ദേവനായിരിക്കുന്ന മഹാദേവൻ ആനന്ദ നടനം ചെയ്യുന്ന, നൃത്തമാടുന്ന സന്ധ്യാ മൂഹൂർത്തമാണ് പ്രദോഷം. കെെലാസത്തിൽ ഭഗവാൻ പ്രപഞ്ചത്തെ മുഴുവൻ ആനന്ദിപ്പിച്ചു കൊണ്ട് താണ്ഡവമാടുന്നു.
🟢 എന്ത് ചോദിച്ചാലും കിട്ടുന്ന നേരം
ALSO READ
പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. ഇത്തരത്തിൽ മഹനീയ ദിവ്യ മുഹൂർത്തമായാണ് പ്രദോഷ സമയം. കാലകാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷങ്ങളുടെയും ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ കഴിയുന്ന ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ മൃത്യുദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവ ഭഗവാൻ ഏറ്റവുമധികം സന്തോഷവാനാകുന്നത് പ്രദോഷ നാൾ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ശിവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.
🟢 ദുരിതവും അലച്ചിലും അവസാനിക്കും
സാധാരണ ജീവിതത്തിലെ ദോഷദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം അല്ലെങ്കിൽ ധർമ്മദേവതാ ദോഷങ്ങൾ തുടങ്ങിയവയാണ്. ഇവ മാറുന്നതിന് പ്രദോഷദിവസം ശിവപാർവ്വതിമാരെ പ്രാർത്ഥിച്ചാൽ മതി. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിനമാണ് പ്രദോഷം ആചരിക്കുന്നത്. ശിവ ക്ഷേത്രങ്ങളിൽ അതിവിശേഷമാണ് ഈ ദിവസം. ഒരു മാസത്തിൽ രണ്ട് പ്രദോഷമുണ്ട്. കൃഷ്ണ പക്ഷത്തിലും ശുക്ലപക്ഷത്തിലും. രണ്ടും ആചരിക്കും. കറുത്തപക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കൃഷ്ണ പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനി പ്രദോഷ അനുഷ്ഠാന മഹിമ ആചാര്യന്മാർ പ്രത്യേകം പറയുന്നു.
🟢 വ്രതം, ജപം പ്രധാനം
പ്രദോഷമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുകയും യഥാശക്തി പ്രാർത്ഥനയും വഴിപാടുകളും നടത്തുകയും വേണം. ആ ദിവസം ഓം നമഃ ശിവായ,
ശിവ അഷ്ടോത്തരം തുടങ്ങി ശിവപ്രീതി മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ശിവ ലീലകൾ അടങ്ങുന്ന മഹത്ഗ്രന്ഥമായ ശിവപുരാണം പാരായണം ചെയ്യുന്നതിന് നല്ല ദിവസവുമാണിത്. ശങ്കരധ്യാന പ്രകാരം, പഞ്ചാക്ഷരീ സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ജപിക്കാം. ഈ ദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. പ്രദോഷ നാൾ മുഴുവൻ മിതമായി ഭക്ഷണം കഴിക്കുക. പ്രദോഷ പൂജാ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ തീർത്ഥം കഴിച്ചാണ് പ്രദോഷവ്രതം അവസാനിപ്പിക്കേണ്ടത്.
മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.
🟢 ശങ്കരധ്യാനപ്രകാരം കേൾക്കാം:
🟢 പ്രാർത്ഥനാ ശ്ലോകങ്ങൾ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം
🟢 ശിവപഞ്ചാക്ഷരി സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ
മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ
വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655
Story Summary: Significance of Shani Pradosham on 2025
Copyright 2025 riyoceline.com/projects/Neram/. All rights reserved