Wednesday, December 10, 2025
Wednesday, December 10, 2025
Home » ഓച്ചിറക്കളിക്ക് പടനിലം ഒരുങ്ങി

ഓച്ചിറക്കളിക്ക് പടനിലം ഒരുങ്ങി

by NeramAdmin
0 comments

വിഗ്രഹമില്ലാതെ അമ്പലമില്ലാതെ അഭിഷേകമില്ലാതെ  ആൽത്തറയിൽ വാഴുന്ന മൂർത്തിയാണ് ഓച്ചിറ പരബ്രഹ്മം. തികച്ചും വ്യത്യസ്തമായ ഈ മഹാക്ഷേത്രം ദക്ഷിണകാശി എന്നും അറിയപ്പെടുന്നു.  ഈ ദേവസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത  പ്രധാന ദേവസങ്കല്പത്തിന് പ്രതിഷ്ഠയും സാമ്പ്രദായിക രീതിയിലുള്ള ക്ഷേത്രപൂജകളും ഇല്ലെന്നതാണ്. 

സാക്ഷാൽ പരാശക്തി സമ്മേതനായ ശ്രീപരമേശ്വരൻ ഇവിടുത്തെ ആൽത്തറകളിലാണ് കുടിക്കൊള്ളുന്നത്. വൃശ്ചികം ഒന്നു മുതൽ 12 വരെ നടക്കുന്ന വൃശ്ചിക വിളക്കാണ് ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം. അത് കഴിഞ്ഞാൽ പേരുകേട്ട വിശേഷം മിഥുനമാസപ്പുലരിയിലും പിറ്റേന്നും നടക്കുന്ന  ഓച്ചിറക്കളിയാണ്. 

രണ്ടു നൂറ്റാണ്ട് മുൻപ് കായങ്കുളം രാജാവും വേണാട് രാജാവും തമ്മിൽ മിക്കപ്പോഴും നടന്ന യുദ്ധത്തിന്റെ സംഗര ഭൂമിയാണ് ഓച്ചിറ പടനിലം. ഇതിന്റെ ഓർമ്മ നിലനിറുത്താനാണ് രാജ്യവും രാജാവും നാടുനീങ്ങിയിട്ടും ഓച്ചിറക്കളി നടത്തുന്നത്. രാജാക്കന്മാരുടെ പടയാളികളുടെ ആയോധനപരിശീലനത്തെ അനുസ്മരിച്ച് ആയോധനമുറകളുടെയും യുദ്ധവീര്യത്തിന്റെയും പഴമ നിലനിർത്തി കച്ചക്കെട്ടി തലയിൽ തോർത്ത് ചുറ്റി വാളും പരിചയുമായി പടനിലത്തിറങ്ങി ഓണാട്ടുകരയിലെ യോദ്ധാക്കൾ അങ്കം വെട്ടുന്ന  കലയാണിത്. 


കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര ദേശത്തെ 52 കരകൾ അടങ്ങിയ ഓണാട്ടുകര നിവാസികൾ വ്രതശുദ്ധിയോടെയാണ് ഓച്ചിറക്കളി കാണാൻ എത്തുന്നത്. കരകളിൽ നിന്നും കളിയിൽ പങ്കെടുക്കാൻ വ്രതമെടുത്ത് വരുന്നവർ ഗുരുക്കന്മാരുടെയും കരപ്രതിനിധികളുടെയും ക്ഷേത്ര ഭരണസമിതിയുടെയും നേതൃത്വത്തില്‍  ഋഷഭ വാഹനത്തിൽഎഴുന്നള്ളുന്ന ശിവ ഭഗവാന്  അകമ്പടി പോകും. എഴുന്നള്ളത്ത് എട്ടുകണ്ടം ചുറ്റി, ഒണ്ടിക്കാവ്‌, പടിഞ്ഞാറേ ആല്‍ത്തറ, കിഴക്കേ ആല്‍ത്തറ എന്നിവിടങ്ങളിൽ  പ്രദക്ഷിണം നടത്തി  തൊട്ടടുത്തുള്ള മഹാലക്ഷ്മി ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും തൊഴുത്‌ ഗണപതി ആൽത്തറയും കടന്ന് എട്ടു കണ്ടത്തിന്റെ നടുവിലെത്തും. അവിടെ വച്ച് പടയാളികള്‍ രണ്ടായി പിരിയും. യോദ്ധാക്കൾ പടക്കളത്തിൽ ഇറങ്ങും മുമ്പ് കരകളി എന്ന പയറ്റു പ്രദർശനം നടക്കും. എട്ടു കണ്ടത്തിൽ നടത്തുന്നതാണ് തകിട കളി. കര കളി തെക്കേ കണ്ടത്തിലും മറ്റേത് വടക്കേ കണ്ടത്തിലും നടക്കും. 

ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടാൽ രണ്ടു കരകളിലെയും നാഥന്മാർ ഹസ്തദാനം ചെയ്ത് അങ്കം കുറിക്കും. നാളെ കാണാമെന്ന് പറഞ്ഞ് പിരിയും. അടുത്ത ദിവസം ഉച്ചതിരിഞ്ഞാണ് യോദ്ധാക്കൾ അങ്കത്തിനിറങ്ങുന്നത്. അതോടെ ഇരുവശങ്ങളിലും അണിനിരന്ന കളിസംഘങ്ങള്‍ ആര്‍പ്പുവിളികളോടെ കളത്തിലിറങ്ങി പടവെട്ടും. രണ്ടാംദിവസം കളികഴിഞ്ഞ് പടയാളികള്‍ ആല്‍ത്തറകളിലെത്തി തൊഴുത്, പ്രാര്‍ഥിച്ചാണ് കളി അവസാനിപ്പിക്കുക. ഈ ദേശത്തിന്റെ ഐശ്വര്യമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ കായംകുളത്തിന് തെക്കും കരുനാഗപ്പള്ളിക്ക് വടക്കുമായി ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ്.  

ആൽത്തറകളും കാവുകളും അടങ്ങുന്ന ഈ പുണ്യഭൂമിയെക്കുറിച്ച് പല ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്.ഈ ക്ഷേത്രത്തിലെ പ്രധാന പ്രസാദം മണ്ണ്, ഭസ്മം എന്നിവയാണ്. പണ്ട് പണ്ടേ  നാനാജാതിമതസ്ഥർ ഇവിടെ ആരാധന നടത്തുന്നു. യാചകർക്കും രോഗികൾക്കും ദരിദ്രർക്കുമായുള്ള കഞ്ഞിപ്പകർച്ച ഇവിടുത്തെ ഒരു പ്രധാന നേർച്ചയാണ്. എട്ടുകണ്ടം ഉരുളിച്ച തുടങ്ങിയ വഴിപാടുകളുമുണ്ട്. ഋഷഭ വാഹനത്തിലുള്ള ശിവ ഭഗവാന്റെ എഴുന്നള്ളത്തിന് അകമ്പടി പോകുന്നതും കളി കാണുന്നതും ഓച്ചിറ പരബ്രഹ്മത്തെ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നതും പുണ്യദായകമാണെന്നാണ് ഓണാട്ടുകരക്കാരുടെ വിശ്വാസം. ഇതിലൂടെ ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താൽമനോവിഷമങ്ങളും രോഗങ്ങളും ദുരിതങ്ങളും അകന്ന്  ഈശ്വരചൈതന്യവും  ഐശ്വര്യലബ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ഈ വർഷത്തെ ഓച്ചിറക്കളി ജൂൺ 16,17 തീയതികളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ്.

ALSO READ

– സി.എസ്.പിള്ള

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?