Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്കന്ദഷഷ്ഠിക്ക് തിരുച്ചന്തൂർ ഒരുങ്ങി

സ്കന്ദഷഷ്ഠിക്ക് തിരുച്ചന്തൂർ ഒരുങ്ങി

by NeramAdmin
0 comments

ഒരാഴ്ചത്തെ വ്രതാചരണത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും തിരുച്ചന്തൂർ ഒരുങ്ങി. ഭഗവാൻ ശ്രീ മുരുകന്റെ ആറു പടൈ വീടുകളിൽ രണ്ടാമത്തേതായ തിരുച്ചന്തൂരിൽ സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്ന ഭക്തർ വ്രതം നോൽക്കുന്ന ഒരാഴ്ചയും ക്ഷേത്രത്തിൽ തന്നെ തങ്ങാറാണ് പതിവ്. 

ഒക്ടോബർ 28 ന് ആരംഭിക്കുന്ന സ്കന്ദഷഷ്ഠി വ്രതാചരണത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ്  തിരുച്ചന്തൂരിൽ നടക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും ഭക്തർക്ക് വിരിവയ്ക്കാനുള്ള താത്കാലിക ഷെഡുകളുടെ  നിർമ്മാണം  അവസാന ഘട്ടത്തിലാണ്. നവംബർ 2 നാണ് സ്കന്ദഷഷ്ഠി. അതിന് മുൻപുള്ള 6 ദിവസമാണ് വ്രതാചരണം.

വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ ശരീര ശുദ്ധിയും മന: ശുദ്ധിയും വരുത്തി ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് കാർത്തികേയ ദാസനായി കഴിഞ്ഞ് വേണം സ്കന്ദഷ്ഷ്ഠിവ്രതം അനുഷ്ഠിക്കേണ്ടത്. എവിടെ വച്ചും ഈ വ്രതമെടുക്കാം. ഷണ്മുഖനാമ കീർത്തനങ്ങൾ ഭക്തിപുരസരം ചൊല്ലണം. ഓം വചത്ഭുവേ നമ: എന്നതാണ് മൂലമന്ത്രം.  ഓം സ്കന്ദായ നമ:, ഓം ഇന്ദ്രായ നമ:, ഓം ശിവാത്മജായ നമ:, ഓം സനത്കുമാരായ നമ: എന്നിവയാണ് മറ്റ് ലളിതമായ  മുരുക മന്ത്രങ്ങൾ.  ഭക്തിക്ക് അനുസൃതമായി വഴിപാടുകൾ നടത്തണം. നാരങ്ങാ മാല, പഞ്ചാമൃതം, ഭസ്മാഭിഷേകം, പാലഭിഷേകം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ആറാംനാളായ ഷഷ്ഠി ദിനത്തിൽ അതിരാവിലെ കുളിക്കണം. ശുഭ്രവസ്ത്രം ധരിച്ച് ഷണ്മുഖപൂജ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി അവിടെ ഭഗവാന്റെ വിഗ്രഹം സ്ഥാപിക്കണം. പുഷ്പങ്ങളുടെയും ദീപങ്ങളുടെയും സഹായത്തോടെ മുരുകനെ പൂജിക്കണം. ഷഷ്ഠി ദിനത്തിൽ ഉപവാസം അനുഷ്ഠിച്ചാൽ  കുടുംബദോഷങ്ങൾ  അകലുകയും ഇഷ്ടകാര്യസിദ്ധി ലഭിക്കുകയും ചെയ്യും.

വിശേഷപ്പെട്ട മുരുക സന്നിധികളിൽ പോകാനോ വിപുലമായ പൂജകൾ ചെയ്യാനോ സമയമോ സാമ്പത്തിക ശേഷിയോ ഇല്ലാത്തവർസാധാരണ പൂജകൾ യഥാശക്തി നടത്തിയാൽ മതി. ആഡംബരവും ആലങ്കാരികവുമായ ഭക്തി പ്രകടനങ്ങളിൽ യാതൊരു അർത്ഥവുമില്ല. സംശുദ്ധമായ മനസിൽ നിന്നുയരുന്ന സ്തുതി ഗീതങ്ങളിൽ സംപ്രീതനാകുന്ന ദയാപരനാണ് സ്കന്ദൻ. ഏകാഗ്രചിന്തയോടെ ആറുമുഖ സ്വാമിയെ പ്രാർത്ഥിക്കുന്നവർക്ക് സകല ഐശ്വര്യങ്ങളും ലഭിക്കും. 

നീച പ്രേത –  ഭൂത ബാധാദി ദോഷങ്ങൾ സ്കന്ദഷഷ്ഠിവ്രതം അറുതി വരുത്തും. ഭർത്തൃദു:ഖത്തിൽ നിന്നും പുത്രശോകത്തിൽ നിന്നും സ്കന്ദ ഷഷ്ഠിവ്രതം അനുഷ്ഠിച്ചുവരുന്ന സ്ത്രീകൾ മോചിതരാകുന്നു. സത്സന്താന ലബ്ധിക്കും ഇഷ്ട ഭർത്ത്യസംയോഗത്തിനും സ്കന്ദഷഷ്ഠിവ്രതം ഉത്തമമാണ്. 

പ്രണവ മന്ത്രാർത്ഥം ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മദേവൻ വിശദീകരിച്ചതിൽ തൃപ്തനാകാത്തമുരുകൻ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അധിക്ഷേപിച്ചു; പിന്നീട് തന്റെ തെറ്റ് മനസ്സിലാക്കി  പശ്ചാത്തപിച്ചു.  പാപപരിഹാരാർത്ഥം ഒരു സർപ്പരാജരൂപം ധരിച്ച് സുബ്രഹ്മണ്യസ്വാമിപുറ്റിനുള്ളിൽ തപസാരംഭിച്ചു. മകന്റെ തിരോധാനത്തിൽ ദുഖിതയായ ശ്രീ പാർവതി ഭർത്താവിന്റെ ഉപദേശ പ്രകാരം വെളുത്തപക്ഷത്തിലെ  ഷഷ്ഠി വ്രതമനുഷ്ഠിച്ച് സ്കന്ദനെ പാപമുക്തനാക്കി. അതിൽ സന്തോഷിച്ച മുരുകൻ  ഷഷഠിവ്രതം അനുഷ്ഠിക്കുന്നവരുടെ സന്താനങ്ങൾക്ക് സർവസൗഭാഗ്യങ്ങളും ലഭിക്കുമെന്ന് അരുളി ചെയ്തു – ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് പിന്നിലുള്ള ഏറ്റവും പ്രസിദ്ധമായ ഐതിഹ്യം ഇതാണ്.

ALSO READ

ഷഷ്ഠി വ്രതത്തിന് പിന്നിൽ വേറെയും  ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് ഇതാണ്:  ബ്രഹ്മപുത്രനായ നാരദ മഹർഷി സപ്തർഷികളിൽ ശ്രേഷ്ഠനായി വിരാജിക്കാൻ തീരുമാനിച്ചു. അദ്ദേഹം ദേവൻമാരിൽ മുമ്പനായ ഗണപതിയുടെ  ഉപദേശം തേടി. സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ച് മുരുകനെ സംപ്രീതനാക്കിയാൽ ഉദിഷ്ടകാര്യം സിദ്ധിക്കുമെന്ന് ഗണപതി നാരദരെ ഉപദേശിച്ചു. വിഘ്നേശ്വരന്റെ ഉപദേശം അനുസരിച്ച് നാരദർ കാർത്തികേയനെ ഉള്ളുരുകി പ്രാർത്ഥിക്കാൻ തുടങ്ങി. സ്കന്ദ ദേവ മാഹാത്മ്യ സ്തുതി ഗീതങ്ങളാണ് നാരദർ ചൊല്ലിയത്. തുടർന്ന് ഇഷ്ടകാര്യസിദ്ധി ലഭിച്ച നാരദർ ശ്രേഷഠൻമാരിൽ ശ്രേഷ്ഠനായി തീർന്നു. ഷണ്മുഖനിൽ നിന്നും പ്രണവമന്ത്ര മാഹാത്മ്യം ഗ്രഹിച്ച അഗസ്ത്യ മഹർഷി സർവജ്ഞാനിയായെന്നതും ഐതിഹ്യം. 

സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്ന ആഴ്ചയിൽ തിരുചന്തൂർ സന്ദർശനം അതീവ ശ്രേഷ്ഠമാണ്.  എന്നാൽ അനിയന്ത്രിതമായ തിരക്കുകൾ അതിജീവിക്കണമെന്ന് മാത്രം. സ്കന്ദ ഷഷ്ഠിയാണ് തിരുച്ചന്തൂരിലെ ഏറവും വലിയ ഉത്സവം. നാടിന്റെ നാനാ ഭാഗത്ത് നിന്നും ലക്ഷങ്ങളാണ് ഇക്കാലത്ത് തിരുച്ചന്തൂർ ദർശനത്തിന് എത്തുന്നത്.

– തിരുച്ചന്തൂരിൽ നിന്നും പി.എം. ബിനുകുമാർ 

ഫോട്ടോ: ദേവാനന്ദ് ദേവ 

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?