ജോതിഷി പ്രഭാസീന സി പി
സുബ്രഹ്മണ്യ ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഫലസിദ്ധി വളരെ കൂടുതലാണ്. സ്കന്ദ സ്വാമിക്ക് എന്ത് വഴിപാട് നടത്തിയാലും അതിവേഗം ഫലം ലഭിക്കുന്നത് മിക്കവാറും എല്ലാ ഭക്തരുടെയും അനുഭവമാണ്. ഇതിൽ ഏറ്റവും പ്രധാന്യമുള്ളത് സ്കന്ദഷഷ്ഠിക്കാണ്. ചൊവ്വാഴ്ച, മാസന്തോറുമുള്ള ഷഷ്ഠി, തൈപ്പൂയം, വൈകാശി വിശാഖം, കാർത്തിക നക്ഷത്രം എന്നിവയെല്ലാം സുബ്രഹ്മണ്യ സ്വാമിയുടെ വിശേഷ ദിവസങ്ങളിൽ ഉൾപ്പെടുന്നു. അതുപോലെ ഭഗവാൻ്റെ വേഷം, ആയുധങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഒട്ടേറെ സിദ്ധിവിശേഷങ്ങൾ ഭക്തർ കാത്തുസൂക്ഷിക്കുന്നു. വേലും മയിലും തുണൈ എന്ന് പറയുന്നത് ഭഗവാനെപ്പോലെ തന്നെ ശ്രേഷ്‌ഠമായി മുരുകന്റെ ആയുധങ്ങളും ആഭരണങ്ങളും ഭക്തർ കരുതുന്നതിൻ്റെ തെളിവാണ്.
🟠 ആറുപടൈ വീടു ദർശനം മഹാഭാഗ്യം
ഭഗവാൻ്റെ തോൾ വളകളും കണ്ഠാഭരണമായ നവരത്നമാലയും ജ്യോതിർസ്വരൂപം എന്നാണ് സങ്കല്പം. ഇതിൻ്റെ ദർശനം മനോമാലിന്യങ്ങളും ചിന്താപരമായ അന്ധകാരവും അകറ്റി സമാധാനവും ശാന്തിയുമേകും. ആറുപടൈ വീടുകൾ പോലുള്ള മഹാക്ഷേത്രങ്ങളിലെ മുരുകദർശനം മഹാഭാഗ്യവും പുണ്യപ്രദവുമായി കണക്കാക്കുന്നു. ഈ ദർശനം ലഭിക്കുന്നവരിൽ നിന്ന് അജ്ഞാനം അകന്ന് ജ്ഞാനം വർദ്ധിക്കും.
അതുപോലെ ഭഗവാൻ്റെ കാതിൽ പ്രകാശിക്കുന്ന മണികുണ്ഡലങ്ങൾ ദർശിക്കുമ്പോൾ കുമാരസ്വാമിയുടെ കവിളിണകൾ മാത്രമല്ല ഭക്തരുടെ മനസ്സും പ്രകാശമാനമാകുന്നു. ഭഗവാന്റെ അരയിലെ പീതാംബരം ദർശിച്ച് തൊഴുതാൽ വസ്ത്രത്തിനും അന്നപാനാദികൾക്കും ഗൃഹത്തിനുമൊന്നും മുട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. സുബ്രഹ്മണ്യ പ്രീതി ലഭിച്ചാൽ അനിവാര്യമായ ആവശ്യങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടില്ല.
🟠 വേൽ ഭക്തർക്ക് സുരക്ഷാകവചം
സുബ്രഹ്മണ്യഭഗവാൻ കൈയിൽ ഏന്തിയിരിക്കുന്ന വേൽ വിശിഷ്ടവും ദിവ്യവും ആണ്. ഭഗവാൻ്റെ പര്യായം തന്നെ വേൽമുരുകൻ എന്നാണ്. ഭക്തർ സുബ്രഹ്മണ്യ സ്വാമിയെ ഏറ്റവും കൂടുതൽ സ്തുതിക്കുന്നത് വേൽമുരുകാ ഹരോ ഹര എന്ന് പ്രാർത്ഥിച്ചാണ്. വേൽ ഭഗവാൻ്റെ അലങ്കാരം മാത്രമല്ല തന്റെ ഭക്തർക്ക് ശത്രുക്കൾക്ക് ചുറ്റും സുരക്ഷാകവചം തീർക്കുന്ന ദിവ്യായുധം കൂടിയാണ് .
🟠 ശ്രീമുരുക പ്രീതിക്ക് വഴിപാടുകൾ
പാൽ, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമർപ്പിക്കാം. ഭഗവാന് പ്രിയങ്കരമായ പുഷ്പങ്ങൾ അർച്ചിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്. ത്രിമധുരം, പാൽപ്പായസം, ഉണ്ണിയപ്പം, കദളിപ്പഴം, എന്നിവയാണ് പ്രധാന നിവേദ്യങ്ങൾ. പഴവർഗ്ഗങ്ങൾ ലഡു, അട, എള്ളുണ്ട തുടങ്ങിയ നിവേദ്യങ്ങളും ക്ഷിപ്രഅനുഗ്രഹം നൽകും. ശ്രീമുരുക പ്രീതികരമായ വഴിപാടുകളിൽ പാലഭിഷേകം, നാരങ്ങാമാല, ഭസ്മാഭിഷേകം എന്നിവ പ്രസിദ്ധമാണ്.
🟠 ഗുഹസ്തവം ദാരിദ്ര്യദുഃഖം തീർക്കും
സാമ്പത്തിക ദുരിതങ്ങൾ കാരണം വിഷമിക്കുന്നവർ ദാരിദ്ര്യദുഃഖം നശിപ്പിക്കുന്ന ഗുഹസ്വാമിയെ സ്‌തുതിക്കുന്ന ഗുഹസ്തവം ദിവസവും രാവിലെയും വൈകിട്ടും ആറ് തവണ വീതം ജപിക്കുന്നത് നല്ലതാണ്; അല്ലെങ്കിൽ 6 തവണ കേൾക്കുക. എപ്പോഴും പ്രസന്നമൂർത്തിയായിരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയെ ഗുഹസ്‌തവത്താൽ ഭക്തിപൂർവം ഭജിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും നശിക്കും. ഭഗവാൻ ആവശ്യമായതെല്ലാം നൽകി അവരെ അനുഗ്രഹിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഗുഹസ്തവം കേൾക്കാം:
ALSO READ
ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028 (ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance of Velum Mayilum, Guhasthavam and Subramanya worshipping
Copyright 2025 riyoceline.com/projects/Neram/. All rights reserved