Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്കന്ദ ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ ചെയ്യേണ്ടത്

സ്കന്ദ ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ ചെയ്യേണ്ടത്

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റുവും പ്രധാനമായ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി 2025 ഒക്ടോബർ 27 തിങ്കളാഴ്ചയാണ്. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ തുടങ്ങിയ സ്കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് തിങ്കളാഴ്ച പരിസമാപ്തി കുറിക്കും. ചൊവ്വാഴ്ച സുബ്രഹ്മണ്യ ഭക്തർ ഭഗവാൻ്റെ തിരുക്കല്യാണം ആഘോഷിച്ച് വ്രതം മുറിക്കും.

🟢 സന്താനങ്ങൾക്ക് സുരക്ഷ
എല്ലാ മാസത്തിലെയും വെളുത്തപക്ഷ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യമുണ്ട്. മായാവിയായ ശൂരപദ്മാസുരനിൽ നിന്നും മകനെ രക്ഷിക്കാൻ അമ്മ സാക്ഷാൽ പാര്‍വ്വതി ദേവി അനുഷ്ഠിച്ച വ്രതമെന്നതാണ് ഇതിൻ്റെ ഒരു സവിശേഷത. അതിനാൽ ഈ വ്രതമെടുത്താൽ പാർവ്വതി ദേവിയുടെ അനുഗ്രഹവും സന്താനങ്ങൾക്ക് എല്ലാ വിധത്തിലുള്ള സുരക്ഷയും ലഭിക്കും.

🟢 ക്ഷേത്രദർശനം, വഴിപാട്, പ്രാർത്ഥന
സ്കന്ദഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ സുബ്രഹ്മണ്യ ഭഗവാൻ്റെ അനുഗ്രഹത്തിന് സ്കന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുകയെങ്കിലും ചെയ്യണം. പനിനീർ, ഭസ്മം, പാൽ, തേൻ, കളഭം, പഞ്ചാമൃതം തുടങ്ങിയവയാണ് ഭഗവാൻ്റെ പ്രധാന അഭിഷേകങ്ങൾ. ഇതിനൊപ്പം കഴിയുന്നത്ര സുബ്രഹ്മണ്യ മന്ത്രങ്ങൾ, കീർത്തനങ്ങൾ തുടങ്ങിയവ ജപിക്കണം. ഭഗവാൻ്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ , സുബ്രഹ്മണ്യ ഗായത്രികൾ, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ സഹസ്രനാമം തുടങ്ങിയവ കഴിയുന്നത്ര ജപിക്കണം.

🟢 ശൂരസംഹാരം നടന്ന ദിനം
ഷഷ്ഠിവ്രത മാഹാത്മ്യം പറയുന്ന ഐതിഹ്യങ്ങൾ ധാരാളമുണ്ട്. ശിവതേജസില്‍ നിന്നും അവതരിച്ച സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുരനെ നിഗ്രഹിക്കുകയിരുന്നു. ആ ഘോരയുദ്ധം മുറുകിയപ്പോൾ അസുരൻ തൻ്റെ മായാശക്തിയാൽ മുരുകനെയും പാർവതിദേവിയെയും അദൃശ്യരാക്കി. മകനെ കാണാതെ ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികൾ ഉപേക്ഷിച്ച് പ്രാർത്ഥന തുടങ്ങി. തുടർന്ന് സ്കന്ദഷഷ്ഠി
നാളിൽ മുരുകൻ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിനമായതിനാലാണ് സ്കന്ദഷഷ്ഠിക്ക് ഇത്ര പ്രാധാന്യം വന്നത്.

ALSO READ

🟢 12 ഷഷ്ഠി വ്രതാനുഷ്ഠാനം ഉത്തമം
എല്ലാ മാസവും ഷഷ്ഠിവ്രതം അനുഷ്ഠിക്കണം എന്ന് നിര്‍ബന്ധമില്ല. ഒരു വ്രതം മാത്രമായി സ്വീകരിക്കാം. 6 വ്രതം, 11 വ്രതം, 12 വ്രതം, 13 വ്രതം എന്നിവയും ഉത്തമമാണ്. ഒരു മാസത്തില്‍ രണ്ടു ഷഷ്ഠി വരും. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും . വെളുത്തവാവിന് മുമ്പും, കറുത്തവാവിന് മുമ്പുമായി മാസത്തില്‍ രണ്ട് ഷഷ്ഠികള്‍ ഉണ്ട്. ഇതിൽ വെളുത്തപക്ഷ ഷഷ്ഠിയാണ് ആചരിക്കുന്നത്. വൃശ്ചിക മാസത്തിൽ തുടങ്ങി തുലാമാസത്തിൽ അവസാനിക്കും വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യ ഭഗവാനെ ഷഷ്ഠി വ്രതം നോറ്റ് ഭജിച്ചാൽ പെട്ടെന്ന് ദോഷനിവ‍ൃത്തി വരുമെന്നാണ് വിശ്വാസം. ശത്രുനാശം, സന്താനലാഭം, സന്താന സൗഖ്യം, ദാമ്പത്യ സൗഖ്യം, കുടുംബക്ഷേമം എന്നിവയ്ക്ക് ഉത്തമമാണ് സ്കന്ദഷഷ്ഠി ആചരണം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 09447020655

Story Summary: Significance Of Skanda Shashti and Benefits of Subramanya Swami Worshipping

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?