Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുവോണം ഗണപതി വ്യാഴാഴ്ച ; മൂലമന്ത്രം ജപിച്ചാൽ ഇരട്ടിഫലം

തിരുവോണം ഗണപതി വ്യാഴാഴ്ച ; മൂലമന്ത്രം ജപിച്ചാൽ ഇരട്ടിഫലം

by NeramAdmin
0 comments

ജോതിഷരത്നം വേണുമഹാദേവ്

വിഘ്ന നിവാരണത്തിനും ഐശ്വര്യത്തിനും ഗ്രഹപ്പിഴ മാറാനും ജാതകത്തിലെ കേതുദോഷം ശമിക്കുന്നതിനും അകാരണ തടസങ്ങൾ നീങ്ങാനും ഗണേശ പ്രീതി കർമ്മങ്ങൾ ഉത്തമമാണ്. ഇതിന് സുപ്രധാനമായ ഒരു ദിവസമാണ് തുലാമാസത്തിലെ തിരുവോണം. ഈ ദിവസം ക്ഷേത്രദർശനം, പ്രാർത്ഥന, വഴിപാടുകൾ എന്നിവ നടത്തി ഗണപതി ഭഗവാനെ ഉപാസിച്ചാൽ അതിവേഗം ഫലം ലഭിക്കും.

🟠 ഗണപതി പ്രീതിക്ക് പ്രധാന ദിനങ്ങൾ
ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ ദിവസമായ വിജയദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച എന്നിവ പോലെ ഗണപതി പ്രീതി നേടാൻ ശ്രേഷ്ഠമായ തിരുവോണം ഗണപത് 2025 ഒക്ടോബർ 30 വ്യാഴാഴ്ചയാണ്.

🟠 ഗണപതി ക്ഷേത്രത്തിലെ വഴിപാടുകൾ
ജന്മനക്ഷത്രം തോറും ഗണപതി ഹോമം നടത്തിയാൻ മംഗല്യ തടസം ഉൾപ്പെടെ എല്ലാ വിഘ്നങ്ങളും അകലും. ചുവന്ന തെറ്റിപ്പൂ നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവരമന്ത്രം ജപിച്ചാണ് വിവാഹതടസം മാറാൻ ഗണപതി ഹോമം നടത്തുന്നത്. ദാമ്പത്യ കലഹം, അകൽച്ച, വിരഹം എന്നിവ മാറാൻ സംവാദസൂക്തം കൊണ്ടാണ് ഗണപതി ഹോമം നടത്തുന്നത്. മുക്കുറ്റി പുഷ്പാഞ്ജലി, കറുക, നാളികേരം, അപ്പം, മോദകം സമർപ്പണം എന്നിവയും ഓരോരോ കാര്യസാദ്ധ്യത്തിന് തിരുവോണം ഗണപതി നക്ഷത്രത്തിൽ വിനായക പ്രീതിക്ക് നടത്തുന്ന വഴിപാടുകളാണ്.

🟠 ഉണ്ണി ഗണപതിക്ക് നിവേദ്യം

പണ്ടുകാലത്ത് വലിയ ആഘോഷമായിരുന്നു തിരുവോണം ഗണപതി. ഈ ദിവസം 12 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾ പട്ടുപാവാട ചുറ്റി ആഭരണങ്ങൾ അണിഞ്ഞ് ഉണ്ണി ഗണപതി ഭഗവാനെ ധ്യാനിച്ച് ആരാധിക്കുന്നു. അമ്മമാരാണ് പെൺകുട്ടികളെ ഉണ്ണി ഗണപതിക്ക് നിവേദ്യം സമർപ്പിക്കാൻ സഹായിക്കുന്നത്. കുട്ടികൾ രാവിലെ കുളിച്ച് ശുദ്ധമായി നിലവിളക്ക്, പൂവ്, വെള്ളം എന്നിവയും പൂജാദ്രവ്യങ്ങളും ഒരുക്കും. പിന്നീട് ഗണപതിയെ സങ്കല്പിച്ച് നിലവിളക്ക് കൊളുത്തി വയ്ക്കും. അടയാണ് പ്രധാനമായി നേദിക്കുക. ഒപ്പം തൂശനിലയിൽ മലർ, അവിൽ, ശർക്കര, പൂവൻ പഴം, എന്നിവയും നേദിക്കും.

ALSO READ

🟠 മന്ത്രങ്ങളില്ലാത്ത പൂജ
ഇതെല്ലാം ഗണപതിക്ക് സമർപ്പിച്ച് അമ്മമാർ പറഞ്ഞു കൊടുക്കുന്ന പോലെ പ്രാർത്ഥിക്കും. ഈ പൂജയ്ക്ക് മന്ത്രങ്ങളൊന്നും ഉപയോഗിക്കാറില്ല. പൂജയ്ക്ക് ശേഷം പെൺകുട്ടികൾ മൂന്ന് കൈക്കുമ്പിൾ നിറയെ അവിൽ, മലർ, നിവേദ്യം, അട എന്നിവയടങ്ങിയ പ്രസാദം തറവാട്ടിലെ കുട്ടികൾക്കും മറ്റ് അംഗങ്ങൾക്കും വിതരണം ചെയ്യും. മീന മാസത്തിൽ പൂരം ഗണപതിയും ഇതുപോലെ കേരളത്തിൽ പണ്ട് ഏറെ വ്യാപകമായി ആചരിച്ചിരുന്നു. രണ്ടിനും ചടങ്ങുകൾ ഒന്നു തന്നെയാണ്. വള്ളുവനാട്ടിൽ ഗണപതിയിടൽ എന്ന പേരിലാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. വിവാഹം വരെ പെൺകുട്ടികൾ വർഷത്തിൽ 2 തവണ ഗണപതിയിടും. വിവാഹശേഷം ഇത് നടത്തില്ല.

🟠 മന്ത്രങ്ങൾ ജപിക്കാൻ ഉത്തമം
മീനത്തിൽ പൂരം ഗണപതി ചിലർ വിശേഷമായി ആചരിക്കുന്നു. അനുഷ്ഠനങ്ങളെക്കാൾ ഗണപതി ഭഗവാന്റെ പ്രീതി നേടാൻ ഉത്തമായ ദിവസമായാണ് തുലാമാസത്തിലെ തിരുവോണം ഗണപതിയെ ഇപ്പോൾ കാണുന്നത്. ഈ ദിവസം 108 തവണ ഗണേശ മൂലമന്ത്രം ജപിക്കുന്നതും പ്രാർത്ഥനാ മന്ത്രങ്ങൾ ജപിക്കുന്നതും ഗണേശസങ്കഷ്ടഹര സ്തോത്രം, ഗണേശാഷ്ടകം, ഏകദന്തം മഹാകായം എന്ന ഗണനായകാഷ്ടകം, ഗണേശ പഞ്ചരത്നം , എന്നിവ നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നതും ഗണപതി പ്രീതി നൽകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഗണേശ പഞ്ചരത്നം കേൾക്കാം :


ജോതിഷരത്നം വേണുമഹാദേവ് + 91 9847475559

Story Summary: Thiruvoonam Ganapathy: Significance, Rituals and Upasana

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?