Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗുരുവായൂർ ഏകാദശി നോറ്റാൽ വിശേഷ ഭാഗ്യം

ഗുരുവായൂർ ഏകാദശി നോറ്റാൽ വിശേഷ ഭാഗ്യം

by NeramAdmin
0 comments

ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠം ഗുരുവായൂർ ഏകാദശിയാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണിത്. ഉത്ഥാന ഏകാദശി എന്നും  അറിയപ്പെടുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസമത്രേ ഇത്. അതുപോലെ വായുദേവനും ഗുരു ബൃഹസ്പതിയും  കൂടി ഗുരുവായൂപ്പന്റെ പ്രതിഷ്ഠ നടത്തിയ ദിവസവും ഇതാണ്. അതിനാലാണ് ഗുരുവായൂരിലെ ആണ്ടു വിശേഷങ്ങളിൽ ഏകാദശിക്ക് ഇത്ര പ്രാധാന്യമുണ്ടായത്. മണ്ഡലകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നത് ഗുരുവായൂർ ഏകാദശിയുടെ മറ്റൊരു പ്രത്യേകതയാണ്. മറ്റു ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയാൽ ലഭിക്കുന്ന അനുഗ്രഹത്തിന്റെ അനേകം മടങ്ങ്  പുണ്യവും ഫലസിദ്ധിയും ഏകാദശിവ്രതം അനുഷ്ഠിച്ച് ഈ ദിവസം ഗുരുവായൂർ ദർശനം നടത്തിയാൽ കിട്ടും. ഡിസംബർ 8, വൃശ്ചികം 22 ഞായറാഴ്ചയാണ് ഗുരുവായൂർ ഏകാദശി. വിഷ്ണു പ്രീതിയാർജ്ജിക്കാൻ  ഏറ്റവും നല്ല ദിവസമാണ് ഇത്. ഈ ദിവസം സ്ത്രീ, പുരുഷഭേദമന്യേ ആർക്കും വ്രതമെടുക്കാം. ഇതിലൂടെ നിത്യ ജീവിതത്തിൽ നേരിടുന്ന എല്ലാ ദുരിതങ്ങളും അകറ്റാം. സർവൈശ്വര്യവും മോക്ഷവും ‌ വിശേഷ ഭാഗ്യാനുഭവങ്ങളും ലഭിക്കും.  തികഞ്ഞ ഭക്തിയോടെ,  ഈശ്വര സമർപ്പണത്തോടെ വ്രതമെടുത്താൽ മാത്രമേ ആഗ്രഹിക്കുന്ന കാര്യത്തിൽ  പൂർണ്ണ ഫലം ലഭിക്കുകയുളളൂ. വ്യാഴ ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായാണ്  ഏകാദശി വ്രതാചരണം. ദശമി നാളിലും ദ്വാദശിയിലും പകൽ ഒരു നേരം ആഹാരം കഴിക്കാം. 

ഏകാദശി നോൽക്കുമ്പോൾ    പ്രധാനമായും ശ്രദ്ധിക്കേണ്ടത്  ഹരിവാസര സമയമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും  ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും അടങ്ങിയ 12 മണിക്കൂർ ഹരിവാസരസമയത്ത് ആഹാരവും ഉറക്കവും പാടില്ല. അപ്പോൾ നാമജപം ചെയ്താൽ വലിയ സദ് ഫലമുണ്ടാകും. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണും ഏകാദശി ദിവസം പൂർണ ഉപവാസവും വേണം.  അതിന് കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ  കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാന ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി  അര്‍ച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക, തുളസിത്തറയ്ക്ക് 3 പ്രദക്ഷിണം വയ്ക്കുക. അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ 108 പ്രാവശ്യം ജപിക്കണം. ദ്വാദശി ദിവസം ഹരിവാസര സമയത്തിനു ശേഷം  വ്രതം മുറിക്കാം.

ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള വിളക്കുകൾ  ഒരുമാസം മുമ്പേ ക്ഷേത്രത്തിൽ തുടങ്ങും. ഇതിൽ അഷ്ടമി, നവമി, ദശമി, ഏകാദശി വിളക്കുകളുടെ ദർശനം ശ്രേഷ്ഠമാണ്. ഏകാദശി ദിവസം ഗുരുവായൂരപ്പനെ തൊഴുത് ജീവിതദുഃഖങ്ങൾ ഇറക്കി വച്ച് സദ്ഫലങ്ങൾ നേടാൻ നാടിന്റെ നാനാഭാഗത്തു നിന്നും ലക്ഷങ്ങളാണ്  ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഗുരുവായൂർ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിക്ക് ബ്രാഹ്മമുഹൂർത്തത്തിൽ കൂത്തമ്പലത്തിൽ ദ്വാദശി പണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്.  ദ്വാദശി പണം വയ്ക്കുന്ന ഭക്തർക്ക് വരും ദിനങ്ങളിൽ വലിയ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. 

അഷ്‌ടാക്ഷരമന്ത്രം  

ഓം നമോ നാരായണാ

ദ്വാദശാക്ഷരമന്ത്രം 

ALSO READ

ഓം നമോ ഭഗവതേ വാസുദേവായ

– സി.എസ്. പിള്ള

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?