സദാനന്ദന്‍ ആചാരി
ഓം ശ്രീ വിരാട് വിശ്വകര്‍മ്മണെ നമഃ
ഹൈന്ദവ ആചാരങ്ങളിൽ പഞ്ചമിക്ക് വലിയ പ്രാധാന്യമുണ്ട്. അഞ്ചാമത്തെ തിഥി ദിവസമാണ് പഞ്ചമി എന്ന് അറിയപ്പെടുന്നത്. കൃഷ്ണപക്ഷ പഞ്ചമിയും ശുക്ലപക്ഷ പഞ്ചമിയുമുണ്ട്. വെളുത്തവാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസമാണ് കൃഷ്ണപക്ഷപഞ്ചമി. കറുത്തവാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസമാണ് ശുക്ലപക്ഷ പഞ്ചമി. വസന്തപഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി, തുടങ്ങി ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങൾ ഉണ്ട്. ഇതിൽ ചിങ്ങമാസപഞ്ചമി ആഘോഷങ്ങളിൽ പ്രാധാന്യം ഋഷി പഞ്ചമിക്കാണ്. ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമിയായി ആചരിക്കുന്നത്. ചിങ്ങത്തിലെ വിനായകചതുർത്ഥിയുടെ തൊട്ടടുത്ത ദിവസമാണ് ഋഷിപഞ്ചമി. 2025 ആഗസ്റ്റ് 28 നാണ് ഋഷി പഞ്ചമിയും വിശ്വകർമ്മ ജയന്തിയും.
പ്രധാന ഐതിഹ്യം
ഋഷി പഞ്ചമിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്. അതിലൊന്ന് ബ്രഹ്മവിഷ്ണു മഹേശ്വരന്മാരും സൂര്യ-ചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളും ഇന്ദ്രാദി ദേവതകളും മറ്റും വിശ്വകർമ്മാവിനെ സ്മരിച്ചിരുന്ന ദിവസമാണിതെന്നാണ്. വിശ്വബ്രഹ്മദേവന്റെ പഞ്ചമുഖങ്ങളിൽ നിന്ന് ഉത്ഭവിച്ച പഞ്ചഋഷീശ്വരന്മാരുടെയും ഋഷിപഞ്ചമി ദിവസം ബന്ധപ്പെടുന്നു. ലോകത്തിലെ സകലമാന ജീവജാലങ്ങളുടെയും സാധന സാമഗ്രികളുടെയും സൃഷ്ടികര്‍ത്താവും ഈശ്വരനുമാണ് വിശ്വകര്‍മ്മാവ്. തന്റെ പഞ്ചമുഖങ്ങളില്‍ നിന്നും സനകന്‍, സനാതന്‍, അഭുവനസന്‍, പ്രജ്ഞസന്‍, സുപര്‍ണസന്‍ എന്നീ ഋഷികളെ വിശ്വബ്രഹ്മാവ് സൃഷ്ടിച്ചു അഞ്ച് ഋഷിമാര്‍ക്ക് അഞ്ച് രൂപങ്ങളും നിശ്ചയിക്കപ്പെട്ടു. മനു ആചാരി (ഇരുമ്പു പണിയും), മയ ആചാരി (മരപണിയും), ത്വഷ്ടാ ആചാരി (മൂശാരി പണി), ശില്‍പാ ആചാരി (കല്ലില്‍ പണി), വിശ്വജ്ഞ ആചാരി (സ്വര്‍ണ്ണ പണി) എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് വിശ്വകര്‍മ്മജര്‍. ഈ അഞ്ചുതൊഴില്‍ ചെയ്തുവരുന്ന വിശ്വകര്‍മ്മജര്‍ ലോകത്തിന്റെ തന്നെ സംസ്‌കാരം നിലനിര്‍ത്താന്‍ വഹിച്ച പങ്ക് മറ്റാര്‍ക്കും അവകാശപ്പെടാവുന്നതല്ല. ഇവരെ സംബന്ധിച്ചിടത്തോളം കുല ദൈവമായ വിശ്വകര്‍മ്മദേവന്റെ നാമത്തില്‍ ആചരിക്കുന്ന ദിനമാണ് ഋഷി പഞ്ചമി. പഞ്ചഋഷികളായ മനു, മയ, ത്വഷ്ടാ, ശില്‍പ്പി, വിശ്വജ്ഞ എന്നിവര്‍ വിശ്വകര്‍മ്മദേവന്റെ ദര്‍ശനത്തിന് തപസനുഷ്ഠിക്കുകയും തപസില്‍ സംപ്രീതനായ വിശ്വകര്‍മ്മദേവന്‍
അവർക്ക് ദർശനം നല്‍കുകയും ചെയ്ത ദിവസമാണ് ഋഷി പഞ്ചമി എന്ന പേരിൽ ആചരിക്കുന്നത് എന്ന് വിശ്വസിക്കുന്നു.
ക്ഷേത്രദർശനം, വഴിപാട്
സപ്തർഷികളെ പൂജിക്കേണ്ട ദിവസമാണിത് എന്ന് മറ്റൊരു വിശ്വാസവും ഉണ്ട്. കർമ്മങ്ങളിൽ വന്നുപോയ പിഴവുകളിലൂടെ സംഭവിച്ച പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് ശ്രേഷ്ഠമായ ദിവസവുമാണിത്. ഋഷി പഞ്ചമി ദിവസം വിശ്വകർമ്മക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാട് ചെയ്താൽ സർവ്വഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ദിവസം മത്സ്യമാംസാദികൾ വർജ്ജിച്ച് വിഷ്ണു, ലക്ഷ്മി, ശിവപാർവ്വതി ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നതും ഉത്തമമാണ്. ഇഷ്ടഭർത്തൃലബ്ധിക്കും ദാമ്പത്യദുരിതമോചനത്തിനും സന്താനസൗഭാഗ്യത്തിനും ഋഷി പഞ്ചമി അനുഷ്ഠാനം ശ്രേഷ്ഠമാണ്. ഈ വർഷത്തെ ഋഷിപഞ്ചമി 2025 ആഗസ്റ്റ് 28 നാണ് .
വിശ്വകർമ്മ ദിനം
1956-ല്‍ ബീഹാറില്‍ പട്‌ന എന്ന സ്ഥലത്ത് വിശ്വകര്‍മ്മ ദേവക്ഷേത്രത്തില്‍ ഋഷി പഞ്ചമി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഭക്തജനപ്രവാഹം നിയന്ത്രിക്കാന്‍ പൊലീസിനു പോലും കഴിയാതെ വരുകയും അവിടെ സംഭവിച്ച തിക്കിലും തിരക്കിലും അനേകമാളുകൾ മരണപ്പെടുകയുമുണ്ടായി. ആ ഋഷി പഞ്ചമി സെപ്റ്റംബര്‍ 17- ന് ആയിരുന്നു. അന്ന് മരണപ്പെട്ടവരില്‍ കൂടുതല്‍ തൊഴിലാളികളായിരുന്നു. ആയതിനാല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ 17 മുതൽ വിശ്വകര്‍മ്മസംഘടനകൾ ഇത് തൊഴില്‍ ദിനമായി ആചരിച്ചു വരുന്നു. വിശ്വകര്‍മ്മജര്‍ ഈ ദിവസം ശോഭയാത്ര, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ ആചരിക്കുന്നു. ഭാദ്രപാദ മാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി തിഥി ദിനം ഋഷി പഞ്ചമി, വിശ്വകര്‍മ്മ ആത്മീയമായ ചടങ്ങുകളോടെ വിശ്വകര്‍മ്മ ദേവപൂജ, വിശ്വകര്‍മ്മ നാമജപം, പ്രഭാഷണം തുടങ്ങിയ പരിപാടികളോടെയും നടത്തി വരുന്നു.
ALSO READ
(സദാനന്ദന്‍ ആചാരി, മൊബൈൽ: + 91 9744727929)
Story Summary: Significance of Rishi Panchami on August 28,2025
Copyright 2025 riyoceline.com/projects/Neram/. All rights reserved