Monday, December 8, 2025
Monday, December 8, 2025
Home » ശിവതേജസ്‌ സമ്പൂർണ്ണമായി ഉൾക്കൊണ്ട സുബ്രഹ്മണ്യൻ കലികാലദോഷം സമൂലം മാറ്റും

ശിവതേജസ്‌ സമ്പൂർണ്ണമായി ഉൾക്കൊണ്ട സുബ്രഹ്മണ്യൻ കലികാലദോഷം സമൂലം മാറ്റും

0 comments

ജീവിത സൗഭാഗ്യം, കുലാഭിവൃദ്ധി, സന്താനസൗഖ്യം, അഭിവൃദ്ധി, എന്നിവയ്ക്കും ഒടിവ്, മുറിവ്, ചതവ്, തർക്കം ശത്രുത തുടങ്ങിയവ മാറാനും അലസത, മന്ദത മാറി ഉത്സാഹം വരാനും അനിഷ്ടങ്ങൾ മാറ്റുന്നതിനും ഈശ്വരാധീനം വർദ്ധിപ്പിക്കാനും ചൊവ്വാദോഷങ്ങളെല്ലാം ശമിക്കുന്നതിനും ശ്രീ മുരുകഭജനം ശ്രേഷ്ഠമാണ്.

മാസന്തോറും വെളുത്തപക്ഷത്തിലെ ഷഷ്ഠി വ്രതം ആചരണമാണ് മുരുകനുമായി ബന്ധപ്പെട്ട പരക്കെയുള്ള പ്രധാന ഉപാസന. സുബ്രഹ്മണ്യ ഭഗവാൻ്റെ ഏറ്റവും
വലിയ ഉത്സവമായ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി കഴിഞ്ഞ് വരുന്ന വൃശ്ചികത്തിലെ കുമാരഷഷ്ഠിയിൽ തുടങ്ങി അടുത്ത തുലാം മാസം വരെ 12 ഷഷ്ഠിവ്രതം എടുക്കുന്നവരും ഇത് തുടർച്ചയായി 9 വർഷം വരെ 108 ഷഷ്ഠി വരെ തുടരുന്നവരുമുണ്ട്.

പാർവ്വതിക്ക് മകനെ തിരിച്ചു നൽകിയ വ്രതം

ഷഷ്ഠിവ്രതവുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങളുണ്ട്. മംഗലാപുരത്തു നിന്ന് 105 കിലോമീറ്റർ അകലെ സുബ്രഹ്‌മണ്യം എന്നൊരു സ്ഥലമുണ്ട്. അവിടെ കുക്കേ സുബ്രഹ്‌മണ്യം എന്നൊരു സുബ്രഹ്‌മണ്യ ക്ഷേത്രമുണ്ട്. ഇവിടെ വച്ചാണ് മറഞ്ഞു പോയ മകനെ സർപ്പരൂപത്തിൽ പാർവതി ദേവിക്ക് തിരിച്ചു കിട്ടിയത്. അതിനിടയായ കഥ ഇങ്ങനെ: ബാലമുരുകൻ ബ്രഹ്‌മദേവനെ ഒരു തർക്കത്തിൽ തോൽപ്പിച്ചു, പരിഹസിച്ചു. ഇതറിഞ്ഞ ശിവൻ ബാലമുരുകനെ ശകാരിച്ചു. മനംനൊന്ത ബാലമുരുകൻ അപ്രത്യക്ഷനായി. ശിവപാർവ്വതിമാർ മുരുകനെ എല്ലായിടത്തും തിരക്കി. കണ്ടുകിട്ടിയില്ല. നിരാശയുടെ പടുകുഴിയിലായ പാർവ്വതി ബാലമുരുകനെ തിരിച്ചു ലഭിച്ചാൽ താൻ ഷഷ്ഠിവ്രതമെടുക്കാമെന്ന് പ്രതിജ്ഞ എടുത്തു. ഉടനെ മുരുകൻ നാഗരൂപത്തിൽ പാർവ്വതിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അതു മുതലാണ് ഷഷ്ഠിവ്രതം ആരംഭിച്ചതത്രേ.

ഷഷ്ഠി ദേവിയുടെ അനുഗ്രഹം

ALSO READ

മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്: മൂല പ്രകൃതിയുടെ ആറിലൊന്നിൽ നിന്നും ഉണ്ടായ ദേവിയാണ് ഷഷ്ഠിദേവി. ഈ ദേവി കുട്ടികളുടെ ദേവിയാണ്. പണ്ട് പ്രിയവ്രതനെന്ന മഹാഭക്തന് ദീർഘകാലത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു കുഞ്ഞ് ജനിച്ചു. എന്നാൽ ഈ കുഞ്ഞു ജനിച്ചയുടൻ മരിച്ചു. ഈ കുഞ്ഞിന്റെ ജഢവുമായി താനും മരിക്കുകയാണെന്ന തീരുമാനത്തോടെ പ്രിയവ്രതൻ ഒരു ചുടുകാട്ടിലെത്തി. പ്രിയവ്രതൻ മരിക്കാൻ തയ്യാറായി. ഉടനെ ചുടുകാട്ടിന്റെ മുകളിൽ ഒരു ദേവി പ്രത്യക്ഷയായി. ദേവി അയാളോട് പറഞ്ഞു. ഞാൻ ഷഷ്ഠിദേവിയാണ്. സന്താനമില്ലാത്തവർക്ക് സന്താനത്തെയും ഭർത്താവ് ഇല്ലാത്തവർക്ക് ഭർത്താവിനെയും ഇത് രണ്ടും ഉള്ളവർക്ക് അവരിലൂടെ ഐശ്വര്യവും നൽകുന്ന ദേവിയാണ്. സുബ്രഹ്‌മണ്യന്റെ ഭാര്യയുമാണ്. തുടർന്ന് ദേവി മരിച്ച കുഞ്ഞിന് വീണ്ടും ജീവൻ നൽകി. ഇതു മുതലാണ് ഷഷ്ഠി വ്രതാരംഭമെന്നാണ് മറ്റൊരുകഥ. എന്തായാലും ഷഷ്ഠിവ്രതം മുരുകോപാസനയിൽ മുഖ്യമാണ്.

മുരുകൻ്റെ പ്രധാന വിശേഷദിനങ്ങൾ

സ്കന്ദഷഷ്ഠി, തൈപ്പൂയം, വൈകാശി വിശാഖം എന്നിവയാണ് മുരുകൻ്റെ പ്രധാന വിശേഷദിനങ്ങൾ. ശൂരസംഹാരം നടന്ന ദിവസമായാണ് മുഖ്യമായും
സ്കന്ദഷഷ്ഠിയെ വിശേഷിപ്പിക്കുന്നത്. തൈ(മകരം) മാസത്തിലെ പൂയമാണ് തൈപ്പൂയം. ഇതുമായി ബന്ധപ്പെട്ട് അനേകം കഥകളുണ്ട്. ശ്രീപാർവ്വതി മുരുകന് വേൽ നൽകിയ ദിവസമായും ശിവനും പാർവ്വതിയും രണ്ടല്ല; ശിവശക്തി ഒന്നാണെന്ന് പാർവ്വതി മുരുകനെ ബോദ്ധ്യപ്പെടുത്തിയ ദിവസമായും അസുരമുഖ്യരെ നിഗ്രഹിച്ച ദിവസമായും പലവിധ പരാമർശങ്ങളുണ്ട്. വൈകാശി മാസത്തിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്. അതിനാൽ ഇത് ഭഗവാൻ്റെ അവതാര ദിനമായി ആചരിക്കുന്നു.

കലികാലദോഷം സമൂലം മാറ്റും

ശ്രീപരമേശ്വരനിൽ നിന്നും സ്‌കന്ദമായ (ചിതറിവീണ) രേതസിനെ അഗ്‌നിയും വായുവും സ്വീകരിച്ചു. ആ മഹാജ്യോതിസിനെ പിന്നീട് ഗംഗാ നദിയിലൊഴുക്കി. അത് ഒഴുകി ഒഴുകി ശരവണ പൊയ്കയിലെത്തി. ആയിരത്തി എട്ട് ഇതളുകളുള്ള താമരപ്പൂവിൽ ആ മഹാതേജസ്‌ ശിശുരൂപത്തിൽ കാണപ്പെട്ടു. പിറവിയിൽ കുഞ്ഞിന് ആറുമുഖവും ആറ് ഉടലും ഉണ്ടായിരുന്നു. പാർവതി ആവർത്തിച്ച് ആലിംഗനം ചെയ്തതോടെ ഒരു മുഖവും ഒരു ഉടലുമുള്ള അഴകാർന്ന കുമാരനായി മുരുകസ്വാമി മാറി. ഈ കുഞ്ഞിനെ ശരവണപ്പൊയ്കയിൽ കാർത്തിക മങ്കമാർ പരിചരിച്ചു. ക്രമേണ കുഞ്ഞിന് മുരുകൻ കാർത്തികേയൻ, കുമാരൻ, ആറുമുഖൻ, സ്‌കന്ദൻ, വേലായുധൻ തുടങ്ങി അനേകം നാമങ്ങൾ ലഭിച്ചു. സു എന്നാൽ പരമമായശ്രേയസ്‌. ബ്രഹ്‌മണ്യം എന്നാൽ
ശിവനെന്നാണ് ലക്ഷ്യാർത്ഥം. പരമശിവതേജസ്‌ സമ്പൂർണ്ണമായി ഉൾക്കൊണ്ടവൻ എന്നർത്ഥത്തിൽ സുബ്രഹ്‌മണ്യൻ എന്ന നാമം ലഭിച്ചു. കലികാലദോഷം സമൂലം മാറുന്നതിന് മുരുക ഭജനം ദിവൗഷധമാണ്.

മൂലമന്ത്രം, അഭിഷേകങ്ങൾ

ഓം വചത്ഭുവേ നമഃ എന്നാണ് കേരളത്തിൽ പരക്കെ പ്രചാരത്തിലുള്ള ശ്രീ മുരുകൻ്റെ മൂല മന്ത്രം. ഓം ശ്രീം ഹ്രീം ക്ലീം ഐം ഈം നമഃ സൗ ശരവണ ഭവ എന്നാണ് തമിഴിൽ ശ്രീ മുരുകൻ്റെ മുഖ്യ മൂലമന്ത്രം. ഭസ്മം, ചന്ദനം, പുഷ്പം, പനിനീർ, പാൽ, ഇളനീര്, പഞ്ചാമൃതം അഭിഷേകങ്ങൾ മുരുകൻ കോവിലുകളിൽ പ്രധാനമായ പൂജകളാണ്. നവഗ്രഹങ്ങളിൽ ചൊവ്വയാണ് മുരുകനെ പ്രതിനിധീകരിക്കുന്ന ഗ്രഹം. അതുകൊണ്ട് തന്നെ ചൊവ്വാഴ്ചയാണ് ഭഗവാൻ്റെ വിശേഷ ദിവസം.

ആറ് ഗുണങ്ങൾ, ആറ് മുഖങ്ങൾ

അചിന്ത്യമായ സാമർത്ഥ്യവും നിപുണതയും കർമ്മകുശലതയും നേതൃപാടവവും അവസരോചിത ബുദ്ധിയും ജ്ഞാനവും അഴകുമുള്ള മഹായോദ്ധാവ്
കൂടിയാണ് ശ്രീമുരുകൻ. സർവജ്ഞത്വം, നിത്യതൃപ്തി, അനന്തശക്തി, സർവാദരീണയത്വം മഹാഭിജാത്യം, മഹാപ്രഭാവം എന്നിവയാണ് മുരുകന്റെ വിശിഷ്ടമായ ആറ് ഗുണങ്ങൾ. വീരമുഖം, രക്ഷാമുഖം, സന്തുഷ്ടമുഖം, ജ്ഞാനമുഖം, സംപ്രീതമുഖം, കാരുണ്യമുഖം ഇവയാണ് മുരുകന്റെ ആറുമുഖങ്ങൾ. ഓരോ മുഖത്തിൽ നിന്നും വീരം, അനുഗ്രഹം സ്‌നേഹം, ജ്ഞാനം, വാത്സല്യം, കരുണ തുടങ്ങിയ ആറു ഗുണങ്ങളാണ് വർഷിക്കുന്നത്.

വാഹനം മയിൽ, കോഴി കൊടിയടയാളം

വേദത്തിൽ ജനനമില്ലാത്തവൻ എന്നർത്ഥത്തിൽ ഭഗവാനെ അഗ്‌നിപുഷ്പമായി പരാമർശിക്കുന്നു. ആട്, ആന, മയിൽ എന്നിവ വാഹനമായി പലയിടത്തായി പറയുന്നുണ്ട്. ഇപ്പോൾ വാഹനം മയിൽ എന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്നത്. കോഴിയാണ് കൊടിയടയാളം. ആയുധം വേൽ. മറ്റനേകം ആയുധങ്ങളുമുണ്ട്. പാർവതി ശരവണ ശിശുവിന് ജ്ഞാനപ്പാലും വേലും നൽകി. ശരവണഭവം എന്നതിന് ശരവണത്തിൽ ജനിച്ചവൻ എന്നർത്ഥം ഇതിൽ ശ=മംഗളം, ര=തേജസ്‌ വ=സത്ചിത്തം, ന-ണ=വീരം ഭവം – ഈ ഗുണങ്ങളാൽ ഭവിച്ച ദേവൻ എന്നർത്ഥം. അസുര പ്രഭാവത്താൽ ലോകം ഭയചകിതവും ശോകമൂകവുമായി. ത്രിമൂർത്തികളും ദേവകളും ഇതിനൊരന്ത്യം എങ്ങനെ എന്ന് ചിന്തിച്ചു. ശിവതേജസിൽ പിറന്ന കുമാരന് മാത്രമേ ഈ അസുര പ്രഭാവം ഇല്ലാതാക്കാൻ കഴിയൂ എന്നു കണ്ടു. അങ്ങനെ ശിവ പാർവ്വതിമാർ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അത് സ്‌കന്ദജനനത്തിൽ എത്തിയതും. സ്‌കന്ദപുരാണത്തിലാണ് മുരുകമഹത്വം സമ്പൂർണ്ണമായി ചിത്രീകരിക്കുന്നത്.

പിതാവിന്റെ ഗുരുവായി

അസുരനിഗ്രഹം അവതാരലക്ഷ്യമായ ശ്രീ മുരുകൻ ബ്രഹ്‌മാവിനെ തർക്കത്തിൽ പരാജയപ്പെടുത്തി. സ്വന്തം പിതാവിന് പ്രണവതത്വാർത്ഥം ബോദ്ധ്യമാക്കി പിതാവിന്റെ ഗുരുവായി. ജ്യോതിഷം സമ്പൂർണ്ണമായി ഫലിക്കില്ലെന്ന് ശിവനെ കൊണ്ടു ശാപമിടുവിപ്പിച്ചു. അസുരന്മാരെ വധിച്ച് അവതാരോദ്ദേശ്യം നിറവേറ്റി. വള്ളി, ദേവയാനിമാരെ വിവാഹംകഴിച്ചു. ജ്ഞാനപ്പഴമായി ലോകത്തെ കൊണ്ട് അംഗീകരിപ്പിച്ചു. ഔവയാർ, അഗ്‌സത്യർ, ഭോഗർ തുടങ്ങി അനേകനേകം ഭക്തർക്ക് ദർശനവും, പത്മാസുരൻ ഉൾപ്പെടെ പലർക്കും തന്റെ വിശ്വരൂപവും മുരുകൻ കാട്ടിക്കൊടുത്തു.

പതിനെട്ട് കാവടി പ്രധാനം

കുമാരകോവിലുൾപ്പെടെ പലയിടത്തും മുരുകന്റെ വിവാഹോത്സവവുമുണ്ട്. കാവടിയാണ് മുരുകനുമായി ബന്ധപ്പെട്ട മുഖ്യമായ മറ്റൊന്ന്. കാവടി 108 വിധം ഉണ്ട്. ഇപ്പോൾ സാർവ്വത്രികമായി നിലവിലുള്ളത് പതിനെട്ട്. ഭസ്മം, പാൽ, പനിനീർ, അഗ്‌നി, വേൽ, പുഷ്പം ഇങ്ങനെ നീളുന്നു കാവടി.

കാർത്തിക വ്രതം, വെള്ളിയാഴ്ച വ്രതം

കാർത്തിക വ്രതം ചില സ്ഥലങ്ങളിൽ മുരുകന് പ്രധാനമാണ്. ഇത് എല്ലാമാസവും ഭരണിയിൽ തുടങ്ങി രോഹിണിയിൽ അവസാനിപ്പിക്കുന്ന ഒരു വ്രതമാണ് മറ്റൊന്ന് വെള്ളിയാഴ്ച വ്രതമാണ്. മാസത്തിലൊരു വെള്ളിയാഴ്ച വ്രതശുദ്ധിയോടെ മുരുകനെ ഭജിക്കുന്നത് വെള്ളിയാഴ്ച വ്രതമാണ്. ഇടവത്തിലെ വിശാഖമാണ് മുരുകന്റെ ജന്മനക്ഷത്രമായി കണക്കാക്കുന്നത്. എല്ലാ വിശാഖത്തിനും വ്രതമെടുത്ത് മുരുകനെ ഭജിക്കുന്നവർ ഉണ്ട്.

കേരളത്തിലേക്ക് നോക്കി പഴനി മുരുകൻ

തിരുച്ചെന്തൂരിൽ സ്കന്ദഷഷ്ഠിയും പഴനിയിൽ തൈപ്പൂയവും ഏറ്റവും പ്രധാനമായി ആഘോഷിക്കുന്നു. കേരളത്തിലേക്ക് സദാ നോക്കിയാണ് പഴനി മുരുകൻ നിലകൊള്ളുന്നത്. ഉലകം ചുറ്റാൻവിട്ട മുരുക, ഗണപതിമാരെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കഥയുണ്ടല്ലോ. ആ കഥയിൽ ‘പഴം നീ’ ‘ജ്ഞാനപ്പഴം നീ’ – ‘പഴം നീ ‘ പഴനി ‘ സംഭവമായി ബന്ധിപ്പിച്ചും തൈപ്പൂയം ഐതിഹ്യം പറയുന്നു. ശാസ്താക്ഷേത്രങ്ങളിൽ ശബരിമല പോലെ മുരുകക്ഷേത്രങ്ങളിൽ പഴനി മുരുകൻ ദണ്ഡപാണിയായി നിലകൊള്ളുന്നു. പഴമക്കാർ പഴനിക്ഷേത്രത്തെ കേരളശ്രീകോവിൽ എന്നു പറഞ്ഞിരുന്നു. കാരണം കേരളത്തെ സദാ അനുഗ്രഹിച്ചു കൊണ്ട് നിൽക്കുന്ന മുരുകനാണത്രേ പഴനി മുരുകൻ. വളരെ അകലങ്ങളിൽ നിന്നുപോലും അനേക ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ തുളസി മാലയണിഞ്ഞു ഭക്തർ പഴനിയിലേക്ക് തൈപ്പൂയത്തിന് പോകുന്നത് കാണേണ്ട കാഴ്ചയാണ്. ഈ ദിവസം മാമ്പഴം കൊണ്ടുള്ള പായസമാണ് മുഖ്യം.

പ്രൊഫ. ദേശികം രഘുനാഥൻ, നെടുമങ്ങാട്
ഫോൺ:+91 8078022068

Story Summary: Divinity and Different ways of worshipping Lord Muruga, is also referred to as Kartikeya, Skanda, Subramanya, and Shanmuga, and he holds a special place in the hearts of millions of devotees

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?