Friday, December 19, 2025
Friday, December 19, 2025
Home » എല്ലാം നൽകി അനുഗ്രഹിക്കുന്ന അന്നപൂർണ്ണേശ്വരി സ്തോത്രം

എല്ലാം നൽകി അനുഗ്രഹിക്കുന്ന അന്നപൂർണ്ണേശ്വരി സ്തോത്രം

0 comments

കാശിയിൽ വച്ച് അന്നപൂർണ്ണേശ്വരിയുടെ ദർശനം ലഭിച്ചതിനെത്തുടർന്ന് ആദിശങ്കരാചാര്യർ രചിച്ച കൃതിയാണ് അന്നപൂർണ്ണേശ്വരി സ്തോത്രം. സാക്ഷാൽ
ശ്രീ പാർവ്വതിയായ അന്നപൂർണ്ണേശ്വരിയെ ഭജിക്കുന്ന ഈ സ്തുതിയുടെ രചനയ്ക്ക് പിന്നിൽ പ്രശസ്തമായ ഒരു ഐതിഹ്യമുണ്ട്.

ശങ്കരാചാര്യരെ കുഴക്കിയ ശക്തി
ആദിശങ്കരൻ ഒരിക്കൽ കാശിയിൽ മണികർണ്ണികയിൽ കുളിക്കാൻ പോയി. നടന്നുപോകുന്ന വഴി വളരെ ഇടുങ്ങിയതാണ്. ഈ ഇടവഴിയിൽ ഒരു യുവതി മരിച്ചുപോയ അവളുടെ ഭർത്താവിന്റെ ജഡവുമായി ആ ഇടവഴിയിൽ കുറുകെ ഇരിക്കുന്നു. അവൾ ഭർത്താവിന്റെ തല മടിയിൽ വച്ച് കരഞ്ഞു കൊണ്ടേയിരിക്കുന്നു. ഇവരെ മറികടന്ന് വേണം ശങ്കരാചാര്യർക്ക് അപ്പുറം പോകാൻ. ആചാര്യൻ ആ യുവതിയോട് പറഞ്ഞു. ഭവതി ഒന്ന് മാറിയിരുന്നു എനിക്ക് പോകാൻ വഴി തന്നാലും. അത് കേട്ട യുവതി ആചാര്യനോട് പറഞ്ഞു. എന്നോട് അഭ്യർത്ഥിച്ച നിങ്ങൾ എന്ത് കൊണ്ട് ഈ ശവത്തോട് പറഞ്ഞില്ല. ഉടനെ ആചാര്യൻ പറഞ്ഞു:

“അമ്മേ ശവത്തിന് മാറാൻ കഴിയുമോ? “

“ശക്തിശൂന്യമായ ബ്രഹ്‌മത്തിന് ജഗത് കർത്തൃത്വം സാധിക്കുമെങ്കിൽ ജഡത്തിന് എന്ത്‌ കൊണ്ട് മാറാൻ കഴിയില്ല.” എന്ന് ചോദിച്ച ശേഷം മൃതദേഹവുമായി ആ യുവതി അപ്രത്യക്ഷയായി.

ശങ്കരാചാര്യർ അവിടെയെല്ലാം യുവതിയെ തിരഞ്ഞു; കണ്ടില്ല. ഇതെന്ത് എന്നറിയാതെ ആചാര്യർ കുഴങ്ങി നിന്നു. അപ്പോൾ ഒരശരീരികേട്ടു.

ALSO READ

ശക്തി മാഹാത്മ്യം തെളിഞ്ഞ ലീല
മകനെ അമ്മ അന്നപൂർണ്ണ മകന് ശക്തി മാഹാത്മ്യം അനുഭവവേദ്യമാക്കാൻ നടത്തിയതാണ് ഈ ലീല. ഈ അശരീരി തീർന്നയുടനെ ആചാര്യസ്വാമികൾ ഇങ്ങനെ പ്രാർത്ഥിച്ചു:

അന്നപൂർണ്ണേമഹാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം
ഭിക്ഷാംദേഹി ച പാർവ്വതി

മഹാപൂർണ്ണയും അന്നപൂർണ്ണയുമായ ശിവ പ്രാണേശ്വരി അടിയന് ജ്ഞാനവൈരാഗ്യ മോക്ഷസിദ്ധികൾ നൽകി അനുഗ്രഹിച്ചാലും എന്നായിരുന്നു ആ പ്രാർത്ഥനയുടെ
അർത്ഥം. അങ്ങനെ അന്നപൂർണ്ണേശ്വരി സ്തോത്രം ജപിച്ച് ആത്മീയജീവിതത്തിൽ ശക്തി പ്രഭാവം അനുഭവിച്ചറിഞ്ഞാണ് ശങ്കരചാര്യർ സൗന്ദര്യലഹരി എന്ന വിശ്രുതി കൃതി എഴുതിയത്.

ശക്തിബന്ധം കർമ്മങ്ങൾക്ക് ആധാരം
ആദിമൂലശക്തി അമ്മ ആചാര്യരെ ഇങ്ങനെ ബോധ്യപ്പെടുത്തി: ശക്തിബന്ധമാണ് കർമ്മങ്ങൾക്ക് ആധാരം. ശക്തിബന്ധം ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ ഒരു കർമ്മവും സാധ്യമല്ല. ആ നിമിഷം പ്രപഞ്ചം നിശ്ചലം. അതേ പ്രപഞ്ചത്തിന്റെ ചലന – ചാലക – ശോഭന ശക്തിയാണ് ദേവി. പ്രപഞ്ചത്തെ പ്രകാശമാനമാക്കുന്നത് ദേവിയാണ്. പരശ്രേയസായ പ്രേയസായ ഈശ്വരസത്തയെ മാതൃരൂപത്തിൽ ഭാവത്തിൽ ആത്മേശ്വരിയായി ആരാധിക്കുന്ന ഒരു മഹാസംസ്‌കാരം ഭാരതീയ ആത്മീയതയുടെ ആധാര ശിലയാണ്. ഈ മാതൃഭാവാരാധനക്ക് മറ്റേതൊരു ആരാധനയേക്കാളും പ്രാമുഖ്യമുള്ളത് കൊണ്ടാണ് ആദിശങ്കരൻ അദ്ദേഹത്തിന്റെ കുലദേവതയായ ശ്രീകൃഷ്ണഭഗവാനെ സ്തുതിച്ചപ്പോഴും പ്രബോധ സുധാകരത്തിലും, ശ്രീകൃഷ്ണ ഭഗവാനെപ്പോലും മാതാവായി സംബോധന ചെയ്തത്.

ശക്തിയും ശിവനും
നിരാകാരബ്രഹ്‌മത്തെ സദാശിവനായും സദാശിവന്റെ കർമ്മ വ്യാപാരത്തിനായി ശക്തിയെ ദേവിയായും ഉപാസനാമാർഗ്ഗം സ്വീകരിച്ചു. ശക്തിബന്ധം ഇല്ലാതെ ശിവന് കർമ്മാനുഷ്ഠാനം സാദ്ധ്യമല്ല. അതാണ് ശിവശക്തിയോട് ചേർന്നില്ലെങ്കിൽ ശിവൻ ശവം എന്ന് പറയുന്നത്. ഈ ശക്തി തന്നെയാണ് ദേവിയായി അറിയപ്പെടുന്നത്. ഇത് പ്രകൃതിയിലും പരമാത്മാവിലും നിറഞ്ഞു നിൽക്കുന്നു. വിറകും അഗ്‌നിയും ചന്ദ്രനും കുളിർമഴയും പോലെ ശിവനും ശക്തിയും തത്ത്വത്തിൽ രണ്ടാണെങ്കിലും പ്രയോഗത്തിൽ ഒന്നാണ്. അതാണ് ശിവശക്തി.

അന്നപൂർണ്ണേശ്വരി സ്തോത്രം
നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷമാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസാചലകന്ദരാലയകരി ഗൗരിഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാരബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ഉർവീ സര്‍വജനേശ്വരി ജയകരി മാതാകൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണിസുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യമാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രാണകരി മഹാഭയകരി മാതാകൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപൂർണ്ണേമഹാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം
ഭിക്ഷാംദേഹി ച പാർവ്വതി


മാതാ ച പാര്‍വതി ദേവി പിതാ ദേവോമഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോഭുവനത്രയം

പ്രൊഫ ദേശികം രഘുനാഥൻ, നെടുമങ്ങാട്
ഫോൺ: +91 8078022068

Story Summary: Myth behind Annapoorneswari Stotram

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ – ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?