കഠിനമായ വ്രതങ്ങളോ, പൂജകളോ കൂടാതെ അതിവേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് ശ്രീ വാരാഹി ദേവി. ദാരിദ്ര്യവും കഷ്ടതകളും എല്ലാവിധത്തിലുള്ള ദു:ഖങ്ങളും ഇല്ലായ്മ ചെയ്യുന്ന ശക്തിചൈതന്യമാണ് പഞ്ചമി ദേവി. എന്ന് മാത്രമല്ല പഞ്ചക്ലേശങ്ങങ്ങളും ദേവി ശമിപ്പിക്കും. മനുഷ്യൻ അനുഭവിക്കുന്ന അഞ്ച് തരം ക്ലേശങ്ങളെയാണ് പഞ്ചക്ലേശങ്ങൾ എന്ന് വിളിക്കുന്നത്. അവിദ്യ അഥവാ അജ്ഞാനമാണ് ഇതിൽ ആദ്യത്തേത്. അതായത് യഥാർത്ഥ ജ്ഞാനത്തിന്റെ അഭാവം. അഹംഭാവം അല്ലെങ്കിൽ ഞാൻ എന്ന ഭാവമാണ് അടുത്തത്. രാഗം എന്ന അവസ്ഥയാണ് മൂന്നാമത്തേത്; സുഖത്തോടുള്ള ആസക്തി അല്ലെങ്കിൽ വൈകാരികമായ ചേർന്ന് നിൽക്കൽ. അപ്രിയമായ കാര്യങ്ങളോടുള്ള വിദ്വേഷം അല്ലെങ്കിൽ വെറുപ്പാണ് മറ്റൊന്ന്. അഭിനിവേശം എന്ന വികാരമാണ് അഞ്ചാമത് വരുന്നത്; അമിത ആസക്തി അഥവാ എത്ര കിട്ടിയാലും മതിവരാത്ത അവസ്ഥ. ഈ അഞ്ച് കാര്യങ്ങളാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം ഈ അഞ്ച് ക്ലേശങ്ങളും വാരാഹി ദേവി തൻ്റെ ഭക്തരിൽ നിന്ന് എടുത്തു കളയും. അർഹമായ എല്ലാം, ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവയെല്ലാം നൽകി അനുഗ്രഹിച്ച് സംതൃപ്തരാക്കിയാണ് പഞ്ചക്ലേശങ്ങൾ ദേവി ശമിപ്പിക്കുന്നത്.
പഞ്ചമി ഭജനത്തിന് രാത്രികൾ പ്രധാനം
ഭൗതികവും ആത്മീയവുമായ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളുടെയും മൂർത്തരൂപമായ വാരാഹിയെ ആരാധിക്കാൻ ഏറ്റവും പ്രധാനം രണ്ട് പക്ഷത്തിലെയും പഞ്ചമിതിഥികളാണ്. 2026 ഡിസംബർ 25 വ്യാഴാഴ്ച ധനുമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ്. ഡിസംബർ 24 ബുധനാഴ്ച ഉച്ചയ്ക്ക് 1:14 മുതൽ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:44 വരെയാണ് പഞ്ചമി തിഥി . വാരാഹി ദേവിക്ക് രാത്രികൾ പ്രധാനമായതിനാൽ പഞ്ചമി തിഥി രാത്രിയിൽ വരുന്ന ബുധനാഴ്ചയും ഈ ദേവീ ഉപാസനയ്ക്ക് ശ്രേഷ്ഠമാണ്. വരാഹരൂപം പൂണ്ട ഈ ഭഗവതി പഞ്ചമി, ദണ്ഡനാഥ, പോത്രിണി, വാർത്താളി, സമയേശ്വരി, അരിഘ്നി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡനാ, താന്ത്രികലക്ഷ്മി, വാരാഹി ലക്ഷ്മി, അഷ്ടലക്ഷ്മി സ്വരൂപിണി, പാതിരാ പഞ്ചമി, രാത്രി ഭഗവതി തുടങ്ങി അനേകമനേകം പേരുകളിൽ അറിയപ്പെടുന്നു.
പേരൊന്ന് പറഞ്ഞാൽ ഭയം മാറും
മഹാലക്ഷ്മിയുടെ താന്ത്രിക രൂപമായ വാരാഹി ദേവിയെ ത്രിപുരസുന്ദരിയുടെ സേനാനായികയായും, വരാഹരൂപം പൂണ്ട മഹാകാളിയായും കാലത്തിന്റെ അധിപയായ സമയേശ്വരിയായും ദുരിതങ്ങൾ സ്തംഭിപ്പിക്കുന്നവളായും ഇഷ്ട വരദായിനിയായും ഭൂമിയുടെ അധിപയായും സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതിയായും ക്ഷിപ്രപ്രസാദിയായും എല്ലാം ആരാധിക്കപ്പെടുന്നു. വെറുതെ ദേവിയുടെ പേരൊന്ന് പറഞ്ഞാൽ മതി ആ ക്ഷണത്തിൽ ഭയം മാറും. ദു:ഖവും സങ്കടവും ചപലതയും ഒഴിയും.
അമ്മയ്ക്ക് പ്രിയപ്പെട്ട വഴിപാടുകൾ
പഞ്ചമി, അഷ്ടമി ദിനങ്ങളിൽ സന്ധ്യയ്ക്ക് ഏഴുമണിക്ക് ശേഷം വാരാഹി ദേവിയെ ഭജിക്കുന്നത് അളവറ്റ ഫലം സമ്മാനിക്കുക തന്നെ ചെയ്യും. വാരാഹി ദേവിയെ ഉപാസിക്കുന്നവർ ശതാവരിക്കിഴങ്ങ്, താമരക്കിഴങ്ങ്, പനങ്കിഴങ്ങ് തുടങ്ങിയ വിവിധ തരം കിഴങ്ങുകൾ സമർപ്പിക്കാറുണ്ട്. പൊതുവേ എല്ലാത്തരം കിഴങ്ങുകളും വാരാഹി അമ്മയക്ക് പ്രിയങ്കരമാണ്. ഹാരങ്ങളിൽ ഏറ്റവും ഇഷ്ടം ചുവന്ന അരളി മാലയാണ്. കൂവളം, കൃഷ്ണ തുളസി, മുല്ലാ, നീല ശംഖു പുഷ്പം, മല്ലിക എന്നിവയുടെ മാലകളും അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്. ചെമ്പരത്തി, ചുവപ്പ് അരളി, നീല ശംഖു പുഷ്പം, മല്ലിക പൂക്കളാണ് അർച്ചനയ്ക്ക് എടുക്കുന്നത്. ദീപത്തിന് നല്ലത് പശുവിൻ നെയ്യ്, നല്ലെണ്ണ എന്നിവയാണ്. തേൻ, ഉഴുന്നുവട, അപ്പം, കപ്പപഴം മുതലായവ നല്ല നിവേദ്യങ്ങളാണ്. പായസം, ശർക്കര പൊങ്കൽ, തൈര്, പാൽചോറ്, വെള്ളമൊച്ച, ചുണ്ടൻ കടല, മധുരക്കിഴങ്ങ്, തേൻ മഞ്ഞൾ ചോറ്, എള്ളു ചോറ് എന്നിവയും നല്ലതാണ്. കറുത് മൊച്ച ചുണ്ടൻ കടല സമർപ്പിച്ചാൽ ശത്രു ശല്യം ഒഴിയും. ശർക്കര പൊങ്കൽ നടത്തിയാൽ തടസ്സങ്ങൾക്ക് വേഗം പരിഹാരം കാണാം. വാരാഹി ദേവിയെ ഭജിക്കുന്നവർ മറ്റുള്ളവരെപ്പറ്റി ദോഷം പറയരുത്. അഥവാ പറഞ്ഞാൽ പറയുന്നത് തെറ്റാണെങ്കിൽ തിരിച്ചടി നേരിടും. ഫലത്തിൻ സംശയ ദൃഷ്ടിയോടെ ഒരു കാരണവശാലും വരാഹി ദേവിയെ ഭജിക്കരുത്.
ഉപാസന സമയക്രമം മാറ്റരുത്
ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത സാധാരണ ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ സമയം രാത്രി 7 മുതൽ 9 വരെയാണ്. എല്ലാ ദിവസവും ഈ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്. അതി വേഗത്തിൽ പ്രസാദിക്കുന്ന വാരാഹിദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിലാണുള്ളത്. അതാണ് വാരാഹി ദ്വാദശനാമവും സ്തോത്രവും. ഇതിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഇത് എന്നും രാത്രി ഒരേ സമയത്ത് പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ ഒരു കവചം ദേവി ഒരുക്കും. ദേവീ പ്രധാന ദിവസങ്ങളിൽ പ്രത്യേകിച്ച് രണ്ട് പക്ഷത്തിലെയും പഞ്ചമിക്ക് ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട്
ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:
Story Summary: Significance of Varahi Devi Worshipping on December 25 Varahi Panchami
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2025 NeramOnline.com . All rights reserved