Wednesday, December 31, 2025
Wednesday, December 31, 2025
Home » ഗുരുവായൂരപ്പന് ശനിയാഴ്ച കളഭാട്ടം, ക്ഷേത്രം കളഭ സുഗന്ധ പൂരിതമാകും; ദർശനം മഹാഭാഗ്യം

ഗുരുവായൂരപ്പന് ശനിയാഴ്ച കളഭാട്ടം, ക്ഷേത്രം കളഭ സുഗന്ധ പൂരിതമാകും; ദർശനം മഹാഭാഗ്യം

0 comments


ഗുരുവായൂരപ്പന്റെ പാതാളാഞ്ജന ശിലയിൽ അമൂല്യമായ കളഭം നിറഞ്ഞെഴുകുന്ന സുദിനം ഈ ശനിയാഴ്ചയാണ്. വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന കളഭാട്ടത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഇത്തവണ ധനു 12, ഡിസംബർ 27 ശനിയാഴ്ചയാണ് കളഭാട്ടം. ഇവിടെ ദിവസവും കളഭച്ചാര്‍ത്തുണ്ടെങ്കിലും കളഭാട്ടം നടത്തുന്നത് ഈ ദിവസം മാത്രമാണ്. മണ്ഡല മഹോത്സവത്തിന് സമാപനം കുറിക്കുന്ന ചടങ്ങാണിത്.

എല്ലാ താപവും ഇല്ലാതാകും
വൃശ്ചികം ഒന്നു മുതൽ 40 ദിവസം പഞ്ചഗവ്യം അഭിഷേകം, 41-ാം ദിവസം കളഭം. അതാണ് ഗുരുവായൂരിലെ രീതി. ചന്ദനത്തിന് തണുപ്പാണ്, ഒപ്പം സുഗന്ധവും. കളഭം കുളിരാണ്, ഒന്നു തൊട്ടാൽ എല്ലാ താപവും അലിഞ്ഞില്ലാതാകുന്ന കുളിര്. കീഴ്ശാന്തി നമ്പൂതിരിമാർ മികച്ച ഇനം ചന്ദനം ചാണയിൽ അരച്ച് കശ്മീർ കുങ്കുമപ്പൂവും പച്ചക്കർപ്പൂരവും പനിനീരും ചേർത്ത് തയാറാക്കുന്ന 6 ഉരുള കളഭമാണ് മുഴുക്കാപ്പായി ഗുരുവായൂരപ്പന് നിത്യവും ചാർത്തുന്നത്. ഉച്ചപ്പൂജയ്ക്ക് മേൽശാന്തിയോ ഓതിക്കന്മാരോ കളഭത്താൽ കൃഷ്ണ കഥാ സന്ദർഭങ്ങൾ വിഗ്രഹത്തിൽ അണിയിച്ചൊരുക്കും; ഇത് കളഭാലങ്കാരം. എന്നാൽ മണ്ഡലപൂജാ നാളിൽ നടക്കുന്ന കളഭാട്ടത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്. എന്നും ചന്ദനത്തിൽ ചേർക്കുന്ന കുങ്കുമം, പച്ചക്കർപ്പൂരം, പനിനീർ ഇവയ്ക്ക് പുറമേ കസ്തൂരി, ഗോരോചനം ഇവ കൂടി ഉപയോഗിക്കും. ഈ ദിവസം ക്ഷേത്ര പരിസരം കളഭ സുഗന്ധ പൂരിതമാകും. ക്ഷേത്രത്തിനകത്ത് തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഓം നമോ നാരായണായ വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കളഭാട്ടം
നടക്കും.

ദർശനം സര്‍വ്വൈശ്വര്യപ്രദം
കളഭാട്ടത്തിന് പ്രത്യേകം തയാറാക്കുന്ന
കളഭക്കൂട്ട് സ്വർണ്ണക്കുടത്തിലാക്കി ശ്രീലകത്ത് മുഖമണ്ഡപത്തിൽ വച്ച് പൂജ ചെയ്‌ത് ക്ഷേത്രം തന്ത്രി വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. പന്തീരടി പൂജ കഴിഞ്ഞാണ് ഈ ചടങ്ങ് നടക്കുന്നത്. ഗുരുവായൂരപ്പന് അകത്ത് കേളി നടക്കുന്നത് അന്ന് മാത്രമാണ്. അഭിഷേകം കഴിഞ്ഞാൽ മറ്റ് അലങ്കാരങ്ങളില്ല. ഒരു പൂമാല മാത്രം അണിയിക്കും. പിറ്റേന്ന് പുലർച്ചെ 3 വരെ ഭക്തർക്ക് കളഭത്തിൽ ആറാടിയ കണ്ണനെ കണ്ടു തൊഴാം. അടുത്ത ദിവസം രാവിലെ ഭക്തര്‍ക്ക് ഈ കളഭം പ്രസാദമായി നല്‍കും. കളഭാട്ട ദര്‍ശനം ലഭിച്ചാല്‍ സര്‍വ്വദോഷങ്ങളും അകന്ന് സര്‍വ്വൈശ്വര്യങ്ങളും സിദ്ധിക്കും എന്ന് വിശ്വസിക്കുന്നു. ഗുരുവായൂരപ്പന് ചെയ്യുന്ന കളഭാഭിഷേക വഴിപാട് ദോഷ ശമനത്തിനും ആഗ്രഹ സാഫല്യത്തിനും ഉത്തമമാണ്.

സാമൂതിരിയുടെ വഴിപാട്
ക്ഷേത്രത്തിലെ ഊരാളന്മാർ മുൻപ് നടത്തിയിരുന്ന കളഭാട്ട ദിവസത്തെ കളഭം കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് ഇപ്പോൾ നടത്തുന്നത്. പണ്ട് അരിയിട്ട് വാഴ്‌ച കഴിഞ്ഞാലുടനും സാമൂതിരി ഗുരുവായൂരിലെത്തി ആനയെ നടയിരുത്തി കളഭം കഴിച്ചിരുന്നു. അങ്ങനെ നൂറ്റാണ്ടുകൾക്കു മുൻപേ ഗുരുവായൂരിൽ ആനയെ നടയിരുത്തലും കളഭച്ചാർത്തും പ്രസിദ്ധമായി. കശ്മീരിൽ നിന്ന് കുങ്കുമപ്പൂവ് ലഭിക്കാൻ സാദ്ധ്യതയേറിയ കാലം മുതൽ കളഭം വഴിപാടിന്റെ ഭാഗമായി. നിത്യവും കണ്ണന് കളഭം ചാർത്താൻ തുടങ്ങി. വിഗ്രഹത്തിൻ്റെ മുഖത്ത് കളഭം ചാർത്താറില്ല. ചന്ദനം മാത്രമാണ് പതിവ്.

കുങ്കുമപ്പൂ ഗ്രാമിന് 300 രൂപ മുതൽ
സാധാരണ ദിവസം കളഭം തയാറാക്കുമ്പോൾ ഒരു ഉരുളയ്ക്ക് 5 ഗ്രാം കുങ്കുമപ്പൂവാണ് ചേർക്കുന്നത്. എന്നാൽ കളഭാട്ടത്തിന് 10 ഗ്രാമിലേറെ ചേർക്കും. ഒരു കിലോ കുങ്കുമപ്പൂവിന് ഇപ്പോഴത്തെ വില 2.5 ലക്ഷം മുതൽ 4.95 ലക്ഷം രൂപ വരെയാണ്. ഒരു ഗ്രാമിന് 300 രൂപയിൽ കൂടുതൽ. പന്ത്രണ്ട് ഉരുള ചന്ദനം കൊണ്ട് തയാറാക്കുന്ന അഭിഷേകത്തിനുള്ള കളഭത്തിൽ അപൂർവ സുഗന്ധദ്രവ്യങ്ങളായ കസ്‌തൂരിയും ഗോരോചനവും കൂടി ചേർക്കും. കസ്‌തൂരിമാൻ ഇണയെ ആകർഷിക്കാൻ പുറപ്പെടുവിക്കുന്ന സുഗന്ധവസ്തു ആണ് കസ്തൂരി പശുവിൽ നിന്ന് ലഭിക്കുന്ന അപൂർവ ഔഷധം ഗോരോചനവും. ഗുരുവായൂർ കളഭം പോലെ മറ്റൊന്നില്ല. വിഷ്ണു‌ ക്ഷേത്രങ്ങളിൽ വിഗ്രഹത്തിൽ ചാർത്തുന്നതും ഭക്തർക്ക് തൊടാൻ കൊടുക്കുന്നതും ചന്ദനമാണ്. ഗുരുവായൂരിൽ ചന്ദനത്തിന് പുറമേ കളഭം കൂടി ലഭിക്കും.

ALSO READ

അത്യപൂർവ്വ വിഗ്രഹം
പരമശിവന്റെ കല്പനയനുസരിച്ച് പരശുരാമന്റെ സാന്നിദ്ധ്യത്തിൽ ഗുരുവും വായുദേവനും കൂടി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രത്തിലുള്ളത്. അതീവ ശ്രേഷ്ഠവും അത്യപൂർവ്വവുമായ വിഗ്രഹമാണിത്. മഹാവിഷ്ണു വൈകുണ്ഠത്തിൽ പൂജിച്ചിരുന്ന വിഗ്രഹം കൂടിയാണിത്. അജ്ഞനക്കല്ല് കൊണ്ട് നിർമ്മിച്ച ദിവ്യമായ വിഗ്രഹത്തിന് സഹസ്രകലശത്തിലൂടെയാണ്
ഉത്സവകാലത്ത് ചൈതന്യം വർദ്ധിക്കുന്നത്. എന്നാൽ മണ്ഡലകാലത്ത് പഞ്ചഗവ്യ അഭിഷേകമാണ് ഭഗവാന്റെ ചൈതന്യ വർദ്ധനവിന് കാരണമാകുക. 40 ദിവസവും ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ് ഇവ പ്രത്യേക അനുപാതത്തിൽ ചേർത്ത് ഒരുക്കുന്ന പഞ്ചഗവ്യം പൂജിച്ച് ഓതിക്കന്മാരാണ് അഭിഷേകം ചെയ്യുന്നത്.

കേളി, കാഴ്ച ശീവേലി
കളഭാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ കേളി, കാഴ്ച ശീവേലി എന്നിവയും അഭിഷേക സമയത്ത് പഞ്ചമദ്ദളകേളിയും മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും ഉണ്ടാകും. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിക്ക് പഞ്ചവാദ്യം, സന്ധ്യയ്ക്ക് ദീപാലങ്കാരം, തായമ്പക, രാത്രി ഇടയ്ക്ക നാഗസ്വരത്തോടെ മേളം, ചുറ്റുവിളക്ക് എന്നിവ നടക്കും.

ജ്യോതിഷി പ്രഭാസീന സി പി
(മൊബൈൽ: +91 9961442256)
Email ID: prabhaseenacp@gmail.com

Story Summary: Guruvayur Sree Krishna Swami Temple Kalabhattam, Once in a year Special ritual on December 27, Saturday

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ഏറ്റവും ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ  ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?