Wednesday, December 31, 2025
Wednesday, December 31, 2025
Home » സ്വർഗ്ഗവാതിൽ ഏകാദശി ; തിരുപ്പതിയിൽ പത്തു ദിവസം വൈകുണ്ഠ ദ്വാര ദർശനം

സ്വർഗ്ഗവാതിൽ ഏകാദശി ; തിരുപ്പതിയിൽ പത്തു ദിവസം വൈകുണ്ഠ ദ്വാര ദർശനം

by മംഗളഗൗരി
0 comments

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ സുപ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. കേരളത്തിൽ ഡിസംബർ 31 ബുധനാഴ്ചയാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്. തിരുപ്പതിയിൽ
ഡിസംബർ 30 മുതൽ 2026 ജനുവരി 8 വരെ പത്ത് ദിവസം സ്വർഗ്ഗവാതിൽ ഏകാദശി ആഘോഷം നീണ്ടു നിൽക്കും. വർഷത്തിൽ ഒരു പ്രാവശ്യം മാത്രമുള്ള വടക്കേ ദ്വാരത്തിലൂടെയുള്ള പ്രവേശനമാണ് ഈ ഏകാദശി ഉത്സവത്തിന്റെ സവിശേഷത. വൈകുണ്ഠ ദ്വാര ദർശനം എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്ര ഗർഭഗൃഹത്തിന് ചുറ്റുമുള്ള വൈകുണ്ഠ ദ്വാരം അഥവാ സ്വർഗ്ഗവാതിൽ വർഷത്തിൽ ഈ ദിവസങ്ങളിൽ മാത്രമേ തുറക്കുകയുള്ളൂ. ഈ വാതിലിലൂടെ കടന്ന് ഭഗവാനെ ദർശിക്കുന്നത് മോക്ഷപ്രാപ്തി നൽകുമെന്ന് വിശ്വസിക്കുന്നു.

ധനസമൃദ്ധി നൽകുന്ന ദേവൻ
മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകല സൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും തിരുപ്പതി ദര്‍ശനം ഉത്തമമാണ്. മംഗല്യസൗഭാഗ്യം ലഭിക്കുന്നതിനൊപ്പം ശനിദോഷ ശമനത്തിനും തിരുപ്പതി ക്ഷേത്രദര്‍ശനം ഉത്തമമാണ്. നാഗദോഷങ്ങള്‍ തീര്‍ക്കാനും കലിയുഗത്തിലെ മോക്ഷപ്രാപ്തിക്കും തിരുപ്പതിദര്‍ശനം വഴിയൊരുക്കും. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യനുഭവങ്ങളുണ്ടാകും എന്നാണ് വിശ്വാസം. ധനു മാസത്തിലെ വൈകുണ്ഠ ഏകാദശി നാളില്‍ തിരുപ്പതി ദേവനെ ഉപാസിച്ചാൽ സകല കാര്യസിദ്ധിയും സർവൈശ്വര്യവും എല്ലാ പാപങ്ങളില്‍ നിന്നും മുക്തിയും മരണാനന്തരം മോക്ഷപ്രാപ്തി ലഭിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്.

വിഷ്ണു ക്ഷേത്രങ്ങളിൽ വിശേഷം

ഏകാദശികളിൽ ഏറെ ശ്രേഷ്ഠമാണ് ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി, മോക്ഷദ ഏകാദശി, മുക്കോടി ഏകാദശി തുടങ്ങിയ നാമങ്ങളിലും, അറിയപ്പെടുന്നു. തിരുപ്പതി ബാലാജി ക്ഷേത്രം, ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, ഭദ്രാചലം സീതാരാമചന്ദ്ര സ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ക്ഷേത്രങ്ങളിലും ഏറെ വിശേഷപൂർവമാണ് ഈ ദിവസം കൊണ്ടാടുന്നത്

തിരുപ്പതിയിൽ ആറ് നിത്യപൂജകൾ
വൈഷ്ണവസമ്പ്രദായപ്രകാരമുളള പൂജരീതികളാണ് തിരുപ്പതി ക്ഷേത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. ക്ഷേത്രാചാരപ്രകാരം ആറ് നിത്യപൂജകളാണ് വിധിച്ചിട്ടുളളത്. വെളുപ്പിന് 2.30 ന് നടക്കുന്ന പ്രത്യുഷ പൂജ, സൂര്യോദയത്തിന് ശേഷം നടക്കുന്ന ഉഷപൂജയായ പ്രാതകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുളള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്ക് നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ തുടങ്ങിയവയാണവ. ഇതില്‍ പ്രത്യുഷപൂജയെ സുപ്രഭാതസേവ എന്നും പറയാറുണ്ട്. തലമുറകളായി വൈഷ്ണവപുരോഹിതരാണ് ഇവിടെ പൂജചെയ്യുന്നത്. അതില്‍ തന്നെ ഗോലപളളി, പെദ്ദിന്‍ത്തി, പൈദിപളളി, തിരുപ്പാദമ്മഗരി കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ശ്രീകോവിലില്‍ പൂജചെയ്യാന്‍ അനുവാദമുളളത്. മറ്റുളളവര്‍ ഇവര്‍ക്ക് സഹായികളായി വര്‍ത്തിക്കുന്നു.

ALSO READ

വിശേഷപൂജകൾ നിരവധി
നിത്യവുമുളളതും, ആഴ്ചയിലൊരിക്കല്‍ മാത്രം അനുഷ്ഠിച്ചുപോരുന്നവയും, വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കുന്നവയുമായ പൂജകളും ആചാരങ്ങളുമുളള ദേവസ്ഥാനമാണ് തിരുപ്പതി. സുപ്രഭാതസേവ, തോമലസേവ, അര്‍ച്ചന, കല്യാണോത്സവം, ഡോലോത്സവം (ഊഞ്ഞാല്‍ സേവ), ആര്‍ജ്ജിത ബ്രഹ്മോത്സവം, ആര്‍ജ്ജിതവസന്തോത്സവം, സഹസ്രദീപാലങ്കാരസേവ, ഏകാന്തസേവ എന്നിവയാണ് നിത്യാചാരങ്ങള്‍. വിശേഷപൂജ – തിങ്കളാഴ്ച , അഷ്ടദള പാദപത്മാരാധന – ചൊവ്വാഴ്ച, സഹസ്രകലശാഭിഷേകം – ബുധനാഴ്ച, തൃപ്പാവാട സേവ – വ്യാഴാഴ്ച, നഗ്‌നപാദദര്‍ശനം വെള്ളിയാഴ്ച. ഈ ദിവസം ഭഗവാന്റെ നഗ്‌നപാദങ്ങള്‍ ദര്‍ശിക്കാം. മറ്റ് ദിവസങ്ങളില്‍ പാദങ്ങള്‍ തുളസീപത്രങ്ങളാല്‍ പൊതിഞ്ഞിരിക്കും. ജ്യേഷ്ഠാഭിഷേകം, അണിവര്‍ അസ്ഥാനം , പവിത്രേത്സവം, കോവില്‍ ആല്‍വാര്‍ തിരുമഞ്ജനം എന്നിവയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാരങ്ങള്‍.

പ്രസാദം തിരുപ്പതി ലഡ്ഡു
തിരുപ്പതി ലഡ്ഡുവാണ് പ്രധാന പ്രസാദം. വലിപ്പത്തിലും സ്വാദിലും ഈ ലഡ്ഡു വിശേഷമാണ്. തൈര്‌ സാദം, മഞ്ഞള്‍ ചോറ് (പുലിഹോര), വട, ചക്കരപൊങ്കല്‍, അപ്പം, പായസം, ജിലേബി, മുറുക്ക്, ദോശ, കേസരി, മല്‍ഹോര, വെണ്‍പൊങ്കല്‍ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്ന മറ്റ് പ്രസാദങ്ങള്‍.

മുടിയെടുക്കല്‍ ഐതിഹ്യം
മുടിയെടുക്കലാണ് തിരുപ്പതിയിലെ പ്രധാന നേര്‍ച്ച. ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഫലം. ഈ നേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തിരുപ്പതി ബാലാജിയുടെ ശിരസ് ഒരു ഇടയന്റെ തലയുമായി കൂട്ടിമുട്ടുകയും ഭഗവാന്റെ തലയില്‍ കുറച്ചുഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇത് ഗന്ധര്‍വ്വരാജകുമാരിയായ നീല ദേവി കാണുകയും തന്റെ മുടിമുറിച്ചെടുത്ത് ആ ഭാഗത്ത് ചേര്‍ക്കുകയും ചെയ്തു. അവരുടെ ത്യാഗത്തില്‍ പ്രസന്നനായ ഭഗവാന്‍ തനിക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന മുടിക്ക് മുഴുവന്‍ ദേവിയായിരിക്കും അവകാശിയെന്ന് വരമേകി. തിരുപ്പതിയിലെ ഏഴ് ദിവ്യ മലകളിലൊന്നിന് നീലാദ്രിയെന്ന് പേരുനല്‍കുകയും ചെയ്തു. ഇന്ന് തിരുപ്പതിയിലെ കാണിക്കവഞ്ചിയില്‍ നിന്നുളള വരുമാനം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തലമുണ്ഡനം ചെയ്ത മുടി ലേലം ചെയ്ത് ലഭിക്കുന്ന വരുമാനത്തിനാണ്.

വെങ്കടേശ്വര അഷ്ടോത്തരം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന തിരുപ്പതി ഭഗവാന്റെ 108 ദിവ്യനാമങ്ങളടങ്ങിയ ശ്രീ വെങ്കടേശ്വര അഷ്ടോത്തര ശതനാമാവലി, വെങ്കടേശ്വര ഗായത്രി, ധ്യാനം, തുടങ്ങിയവ കേൾക്കാം:

Story Summary: Importance of Vaikunta Ekadeshi in Thirupati Balaji Temple

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500. ആത്മീയ, ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App .

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?