Wednesday, December 31, 2025
Wednesday, December 31, 2025
Home » സ്വർഗ്ഗവാതിൽ ഏകാദശി വ്രതം എടുത്താൽ  ഐശ്വര്യം  രോഗമുക്തി ഫലം

സ്വർഗ്ഗവാതിൽ ഏകാദശി വ്രതം എടുത്താൽ  ഐശ്വര്യം  രോഗമുക്തി ഫലം

0 comments


ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഈ ബുധനാഴ്ച, 2025 ഡിസംബർ 31 ന് പവിത്രമായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. പുണ്യദ ഏകാദശി വൈകുണ്ഠ ഏകാദശി എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന ഈ ദിനം വിഷ്ണുക്ഷേത്രങ്ങളിലെല്ലാം വിശേഷമാണ്. സ്വർഗ്ഗവാതിൽ ഏകാദശി കേരളത്തിൽ ഹരിവലത്തോടെ ഏറ്റവും സവിശേഷമായി ആചരിക്കുന്നത് ഇപ്പോൾ മുറജപം നടക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രം, ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, ഭദ്രാചലം സീതാരാമചന്ദ്ര സ്വാമി ക്ഷേത്രം, തൃശൂർ തിരുവമ്പാടി ക്ഷേത്രം, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിപുലമായായി തന്നെ ഇത് ആചരിക്കുന്നു.

ഏറ്റവും പ്രധാന ഏകാദശി
എല്ലാ ഏകാദശികളും വിശേഷമാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്ന് പറയുന്നു. സർവഐശ്വര്യലബ്ധി, സർവരോഗശമനം, സർവപാപമുക്തി എന്നിവയാണ് സ്വർഗ്ഗവാതിൽ ഏകാദശി ആചരണ ഫലം. ശകവർഷ പ്രകാരം മാർഗ്ഗശീർഷം അല്ലെങ്കിൽ പൗഷമാസത്തിൽ ശുക്ലപക്ഷത്തിലാണ് ഭക്തർക്കായി വൈകുണ്ഠ ലോകം തുറക്കുന്ന ഈ ദിവസം വരുന്നത്.

വ്രതവിധി
ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം, അതായത് തലേന്ന് ചൊവ്വാഴ്ച ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആ ദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണുറക്കങ്ങൾ ആ ദിവസം തീർത്തും വർജ്ജ്യമാണ്. ഏകാദശി ദിനത്തിലെ പൂർണ്ണോപവാസം ഏവർക്കും സാധിച്ചെന്ന് വരില്ല. അവർക്ക് ഒരുനേരം ഫലങ്ങളോ മറ്റോ കഴിക്കാം. നെല്ലരിച്ചോറ്, അരികൊണ്ടുള്ള പലഹാരങ്ങൾ വർജജ്യമാണ്. ഏകാദശിക്ക് വ്രതം അനുഷ്ഠിക്കുന്നവർ ആ മൂന്ന് ദിവസങ്ങളിൽ അരിയാഹാരം നിർബന്ധമായും ഉപേക്ഷിക്കണം.

ഹരിവരാസര വേള
ഹരിവാസരസമയത്ത് അതായത് ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യ 15 നാഴികയും വരുന്ന 12 മണിക്കൂർ വിഷ്ണു നാമങ്ങളും മന്ത്രങ്ങളും കഴിയുന്നത്ര തവണ ജപിക്കണം. ഡിസംബർ 30 ചൊവ്വാഴ്ച രാത്രി 11: 43 മണി മുതൽ 31 ബുധനാഴ്ച രാവിലെ 10:18 വരെയാണ് ഹരിവാസര വേള. അടുത്ത ദിവസം കാലത്ത് കുളികഴിഞ്ഞ് ക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിക്കുക. അതിനുശേഷം അരിഭക്ഷണം കഴിക്കാം. ക്ഷേത്രദർശനം ഉത്തമം ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും മഹാവിഷ്ണു മന്ത്രങ്ങൾ ജപിക്കുകയും വേണം. ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി വെളുത്തപക്ഷത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി, വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.

ജപിക്കേണ്ട മന്ത്രങ്ങൾ
വ്രതം നോൽക്കുന്നവർ മഹാവിഷ്ണു മൂലമന്ത്രം ഓം നമോ നാരായണായ, ദ്വാദശാക്ഷര മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നിവ കഴിയുന്നത്ര ജപിക്കണം, അല്ലെങ്കിൽ ശ്രവിക്കണം.

ALSO READ

ശതനാമ സ്തോത്രം
ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം. വിഷ്ണു അഷ്ടോത്തരത്തെക്കാൾ പ്രസിദ്ധം ശതനാമ സ്തോത്രമാണ്. ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം:

തരവത്ത് ശങ്കരനുണ്ണി , പാലക്കാട്
(മൊബൈൽ +91 9847118340)

Story Summary: Know all about Swargavathil Ekadashi (Vaikunta Ekadashi) falls on December 31, 2025: Significance, Vritham (fast), Harivarasa time. This auspicious day involves visiting temples and chanting Vishnu mantras.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?