Wednesday, December 31, 2025
Wednesday, December 31, 2025
Home » 2026 പുതുവര്‍ഷഫലം: അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം നാളുകാർക്ക്

2026 പുതുവര്‍ഷഫലം: അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം നാളുകാർക്ക്

0 comments

2026 Predictions Part 1

ലോകത്ത് പലവിധത്തിലുള്ള മാറ്റങ്ങളും വന്നുചേരുന്ന വര്‍ഷമാകും 2026 . വര്‍ഷഫലങ്ങളുടെ അധിപനായി കണക്കാക്കുന്ന വ്യാഴം മിഥുനം, കര്‍ക്കടകം രാശികളിലൂടെ ഈ വർഷം സഞ്ചരിക്കുന്നു. ശനിയാകട്ടെ മീനം രാശിയിലൂടെയും സഞ്ചരിക്കുന്നു. വ്യാഴം ഉച്ചരാശിയില്‍ സഞ്ചരിക്കുന്നത് പൊതുവേ ഗുണകരമാണെങ്കിലും അതിചാരം എന്നൊരു ദോഷാനുഭവം കൂടി വന്നുചേരുന്നുണ്ട്. ജനങ്ങളുടെ ആദ്ധ്യാത്മികവിചാരങ്ങളിലും, ലോകത്തിന്റെ സാമ്പത്തിക വിഷയങ്ങളിലും തുടര്‍ച്ചയായ വ്യതിയാനങ്ങള്‍ വന്നുചേരുന്നതിന് സാദ്ധ്യതയുണ്ട്. 2026 ഓരോ നക്ഷത്രക്കാര്‍ക്കും ചാരഫലത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം. 2026 ജൂണ്‍ ഒന്നാം തീയതി വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറുന്നത് മുതല്‍ ലോകത്ത് കാണപ്പെടുന്ന അസ്ഥിരതകള്‍ക്ക് ശമനം സിദ്ധിക്കും. ജനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്തു തുടങ്ങുകയും ചെയ്യും.

അശ്വതി

പ്രതികൂലാവസ്ഥ തരണം ചെയ്യും
അശ്വതി നക്ഷത്രക്കാര്‍ക്ക് 2026 ജൂണ്‍ ഒന്ന് വരെ വ്യാഴം മൂന്നാം ഭാവത്തിലും തുടര്‍ന്ന് നാലിലുമാണ് സഞ്ചരിക്കുന്നത്; ശനി പന്ത്രണ്ടിലാണ്. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഈ വര്‍ഷം അനുഭവപ്പെടുക. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാന്‍ സാധിക്കും. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാകും. മറ്റുള്ളവരുടെ ചതിയില്‍ ചെന്ന് ചാടുന്നതിന് സാദ്ധ്യതയുണ്ട്. ധനപരമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധ വേണം. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബുദ്ധിമുട്ടുകള്‍ മാറുന്നതിന് മാസംതോറും മഹാവിഷ്ണു ക്ഷേത്രത്തില്‍ അര്‍ച്ചന, പാൽപായസം മുതലായവ നടത്തുക.

ഭരണി

ALSO READ

ഗൃഹത്തില്‍ മംഗളകര്‍മ്മ സാധ്യത
ഈ നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ഒന്നു വരെ വ്യാഴം മൂന്നിലും തുടര്‍ന്ന് നാലിലും സഞ്ചരിക്കുന്നു. എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കുന്നതു മൂലം പ്രതിസന്ധികള്‍ രൂപപ്പെടാം. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും. യാത്രാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാൻ സാദ്ധ്യതയുണ്ട്. അകാരണമായുള്ള കഹലം മൂലം മനോവിഷമം അനുഭവപ്പെടും. സന്തതികളുടെ വിവാഹക്കാര്യങ്ങള്‍ മംഗളകരമായി തീരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഭദ്രകാളീക്ഷേത്രത്തില്‍ ജന്മനക്ഷത്രംതോറും രക്തപുഷ്പാഞ്ജലി, കടുംപായസം തുടങ്ങിയവ നടത്തുന്നത് നല്ലതാണ്.

കാര്‍ത്തിക

അനുകൂലമായ കാലം വരുന്നു
ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം അനുകൂലമായ കാലമാണ്. മേടക്കൂറില്‍ ജനിച്ച കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ധനവ്യയം, കാര്യതടസ്സം എന്നിവ ഉണ്ടാകാം. എന്നാല്‍ ഇടവക്കൂറില്‍ ജനിച്ചവര്‍ക്ക് അപ്രതീക്ഷിത ധനാഗമം. വിവാഹ തടസ്സങ്ങള്‍ മാറിക്കിട്ടും. ഉദ്യോഗലബ്ധി, ഗൃഹലാഭം എന്നിവ ഉണ്ടായിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനതടസ്സങ്ങള്‍ മാറിക്കിട്ടുകയും ഉന്നതവിജയം സിദ്ധിക്കുകയും ചെയ്യും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂലസമയമാണ്. കുടുംബപ്രശ്‌നങ്ങള്‍ മാറിക്കിട്ടുകയും, പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും അനുകൂല സമയമാണ്. എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇഷ്ട വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ തടസ്സങ്ങൾ അകന്നു പോകും.

രോഹിണി

തടസ്സങ്ങളെല്ലാം മാറിക്കിട്ടും
പുതുവര്‍ഷം രോഹിണി നക്ഷത്രക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മുന്‍കാലത്ത് അനുഭവപ്പെട്ട എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. യുവതീയുവാക്കള്‍ക്ക് വിവാഹതടസ്സങ്ങള്‍ അവസാനിക്കും. ഉത്തമമായ ബന്ധങ്ങള്‍ വന്നുചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉദ്യോഗം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്താന്‍ സാധിക്കും. പുതിയ വസ്തുവോ, ഗൃഹമോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടായി വരും. രോഹിണി നക്ഷത്രം തോറും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തി വഴിപാടുകൾ കഴിപ്പിക്കുക.

മകയിരം

പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലം
പുതുവര്‍ഷം ഗുണദോഷസമ്മിശ്രമാണ്. ഇടവക്കൂറില്‍ ജനിച്ച മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികാഭിവൃദ്ധി ഉണ്ടായിവരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂലസമയമാണ്. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടായിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടായിവരും. മിഥുനക്കൂറില്‍ ജനിച്ച മകയിരം നക്ഷത്രക്കാര്‍ക്ക് കര്‍മ്മസ്ഥാനത്ത് ശനി നില്‍ക്കുന്നതിനാല്‍ പ്രവൃത്തികളില്‍ അലസതയുണ്ടാകുന്നതിനും മേലധികാരികളുടെ എതിര്‍പ്പ് നേരിടുന്നതിനും സാദ്ധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകള്‍ നേരിടുന്നതിന് സാദ്ധ്യത. ജൂണ്‍ ഒന്നിനുശേഷം തടസ്സങ്ങള്‍ മാറുന്നതിനും, പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാദ്ധ്യതയുണ്ട്. പതിവായി ഭദ്രകാളി ക്ഷേത്രത്തിൽ ഇഷ്ട വഴിപാടുകൾ നടത്തിയാൽ ആഗ്രഹസാഫല്യം ലഭിക്കും.

തിരുവാതിര

ചിരകാല മോഹങ്ങൾ പൂവണിയും
പുതുവര്‍ഷം ഗുണദോഷസമ്മിശ്രമായ കാലമാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ നേരിടാന്‍ സാദ്ധ്യത. മേലധികാരികളുടെ അപ്രീതിക്ക് പാത്രമായിത്തീരും. ശാരീരികാസ്വസ്ഥതകള്‍ വന്നുചേരാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ സാധിക്കും. കര്‍മ്മമണ്ഡലത്തില്‍ മാറ്റം പ്രതീക്ഷിക്കാം. ധനപരമായ വിഷമതകള്‍ക്ക് ചെറിയ തോതിലുള്ള ശമനം സിദ്ധിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമായിത്തീരും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിവാഹതടസ്സങ്ങള്‍ മാറുന്നതിനും ഉത്തമബന്ധങ്ങള്‍ വന്നുചേരുന്നതിനും സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാതാകാം. എടുത്തുചാടി ഒരു കാര്യവും തീരുമാനിക്കാതിരിക്കുക. പതിവായി ശിവഭജനം നടത്തുന്നത് നല്ലതാണ്. മാസന്തോറും ജന്മനാളിൽ കൂവളാർച്ചന നടത്തുക.

പുണര്‍തം

സന്തതികള്‍ക്ക് അഭിവൃദ്ധി
പുതുവര്‍ഷം തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണപ്രദമാണ്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനോ, സ്ഥാനമാറ്റത്തിനോ സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. കൂട്ടുകച്ചവടം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ബന്ധുക്കള്‍ ശത്രുക്കളായിത്തീരുന്നതിന് സാദ്ധ്യതയുണ്ട്. വിവാഹതടസ്സങ്ങള്‍ മാറുന്നതിനും ഉത്തമമായ ബന്ധങ്ങള്‍ വന്നുചേരുന്നതിനും സാദ്ധ്യതയുണ്ട്. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജൂണ്‍ ഒന്നിനുശേഷം ധനപരമായി ഉയര്‍ച്ച സിദ്ധിക്കുന്നതാണ്. കര്‍ക്കടകക്കൂറില്‍ ജനിച്ച പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ഒന്നിനുശേഷം ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായി വരുന്നതാണ്. പതിവായി ഓം നമോ നാരായണായ ജപിക്കുക. മാസന്തോറും മഹാവിഷ്ണു ക്ഷേത്രത്തില്‍ അര്‍ച്ചന, പാൽപായസം നടത്തുക

പൂയം

എടുത്തുചാടി ഒന്നും ചെയ്യരുത്
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ വര്‍ഷമാണ്. ഏതൊരു കാര്യത്തിനും ആരംഭത്തില്‍ വിഘ്‌നങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുണ്ട്. ജൂണ്‍ ഒന്നുവരെ ധനപരമായ നഷ്ടങ്ങള്‍ വന്നുചേരാന്‍ സാദ്ധ്യത കൂടുതലാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ ചതിയില്‍ വീഴാതെ സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുക്കളായിത്തീരുന്ന കാലമാണ്. എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കാതെ ഇരിക്കുക. വിവാഹതടസ്സങ്ങള്‍ ഒരു പരിധിവരെ നീങ്ങിക്കിട്ടുന്നതാണ്. സ്വദേശം വെടിഞ്ഞ് താമസിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക. സുബ്രഹ്മണ്യസ്വാമിക്ക് ഇഷ്ടവഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ അകന്നുപോകും.

ആയില്യം

ധനക്ലേശത്തിന് ശമനമുണ്ടാകും
പുതുവര്‍ഷം കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കാലമാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ബന്ധുമിത്രാദികളുമായുള്ള അകല്‍ച്ച കുറയും. ധനപരമായ വിഷമതകള്‍ക്ക് അല്പാല്പമായ ശമനമുണ്ടാകും. നീതിപൂര്‍വം കാര്യങ്ങള്‍ തീരുമാനിക്കുക. ജൂണ്‍ ഒന്നിന് ശേഷം കൂടുതല്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും. ഇക്കാലത്ത് വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുന്നതാണ്. സന്തതികള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഈ വര്‍ഷം ഇഷ്ടദേവതയെ ഭക്തിയോടെ ആരാധിച്ചാൽ സന്താനഭാഗ്യം സിദ്ധിക്കും. ആകസ്മികമായ ധനാഗമനത്തിനും അതുമൂലം ബന്ധുക്കളുമായി കലഹം ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. പതിവായി ശ്രീകൃഷ്ണനെ ഭജിക്കുന്നതും, ജന്മനക്ഷത്രംതോറും സര്‍പ്പപ്രീതികരമായ പൂജകള്‍ നടത്തുന്നതും നല്ലതാണ്.

ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752

Story Summary: This Year for you : Moon sign predictions by Dr Rajesh Pullattil

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?