2026 Predictions Part 2
ലോകത്ത് പലവിധത്തിലുള്ള മാറ്റങ്ങളും വന്നുചേരുന്ന വര്‍ഷമാകും 2026 . വര്‍ഷഫലങ്ങളുടെ അധിപനായി കണക്കാക്കുന്ന വ്യാഴം മിഥുനം, കര്‍ക്കടകം രാശികളിലൂടെ ഈ വർഷം സഞ്ചരിക്കുന്നു. ശനിയാകട്ടെ മീനം രാശിയിലൂടെയും സഞ്ചരിക്കുന്നു. വ്യാഴം ഉച്ചരാശിയില്‍ സഞ്ചരിക്കുന്നത് പൊതുവേ ഗുണകരമാണെങ്കിലും അതിചാരം എന്നൊരു ദോഷാനുഭവം കൂടി വന്നുചേരുന്നുണ്ട്. ജനങ്ങളുടെ ആദ്ധ്യാത്മികവിചാരങ്ങളിലും, ലോകത്തിന്റെ സാമ്പത്തിക വിഷയങ്ങളിലും തുടര്‍ച്ചയായ വ്യതിയാനങ്ങള്‍ വന്നുചേരുന്നതിന് സാദ്ധ്യതയുണ്ട്. 2026 ഓരോ നക്ഷത്രക്കാര്‍ക്കും ചാരഫലത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം. 2026 ജൂണ്‍ ഒന്നാം തീയതി വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറുന്നത് മുതല്‍ ലോകത്ത് കാണപ്പെടുന്ന അസ്ഥിരതകള്‍ക്ക് ശമനം സിദ്ധിക്കും. ജനങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു തുടങ്ങുകയും ചെയ്യും. അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളുടെ ഫലം ആദ്യ പാർട്ടിൽ പ്രസിദ്ധീകരിച്ചു. രണ്ടാം ഭാഗത്ത് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ ഫലം വായിക്കൂ:
മകം
സാമ്പത്തിക അഭിവൃദ്ധി നേടും
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ വര്‍ഷമാണ്. അഷ്ടമശനിയും ജൂണ്‍ ഒന്നുവരെ വ്യാഴം പതിനൊന്നിലുമാണ്. ധനപരമായ അഭിവൃദ്ധി കൈവരിക്കും. ഗൃഹനിര്‍മ്മാണം, വസ്തു സ്വന്തമാക്കല്‍ എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനതടസ്സങ്ങള്‍ മാറിക്കിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ധനപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും നല്ലസമയമാണ്. വിവാഹതടസ്സങ്ങള്‍ മാറി ഉത്തമബന്ധങ്ങള്‍ വന്നുചേരും. ആരോഗ്യ കാര്യങ്ങളില്‍ ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. സാഹസിക വൃത്തികളില്‍ ഏര്‍പ്പെടുന്നത് നല്ലതല്ല. മാനസികമായും ശാരീരികമായും ചില വിഷമതകള്‍ വന്നുചേരുന്നതിന് സാദ്ധ്യതയുണ്ട്. ദോഷപരിഹാരാര്‍ത്ഥം പതിവായി ശിവഭജനം നടത്തുക.
പൂരം
ALSO READ
തടസ്സങ്ങൾ നീക്കി മുന്നോട്ടു പോകും
പുതുവര്‍ഷം ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ അനുകൂലമാണ്. തടസ്സപ്പെട്ടുകിടക്കുന്ന കാര്യങ്ങൾ മുന്നോട്ട് പോകും. പുതിയ ജീവിതോപാധികള്‍ കണ്ടെത്തുവാന്‍ പരിശ്രമിക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വ്യാപാര, വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. കുടുംബസ്വത്ത് കൈവരുന്നതിന് സാദ്ധ്യതയുണ്ട്. ഗൃഹം, വസ്തു എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ശാരീരികമായും മാനസികമായും ചില വിഷമതകള്‍ വന്നുചേരുന്നതിന് സാദ്ധ്യത. ദോഷപരിഹാരമായി ധന്വന്തരീമൂര്‍ത്തിയെ ആരാധിക്കുന്നത് നല്ലതാണ്.
ഉത്രം
പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടും
പുതുവര്‍ഷം പൊതുവേ ഉത്രം നക്ഷത്രക്കാര്‍ക്ക് അനുകൂലമാണ്. സാമ്പത്തികമായ വിഷമതകള്‍ മാറിക്കിട്ടും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുകയും. പരീക്ഷകളില്‍ വിജയം സിദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ചിങ്ങക്കൂറില്‍ ജനിച്ച ഉത്രം നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. കന്നിക്കൂറില്‍ ജനിച്ച ഉത്രം നക്ഷത്രക്കാര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നതിനും, ശത്രുക്കള്‍ വര്‍ദ്ധിച്ചുവരുന്നതിനും, പതനങ്ങള്‍ സംഭവിക്കുന്നതിനും സാദ്ധ്യത കൂടുതലാണ്. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ബന്ധുക്കളുമായി കലഹിക്കുന്നതിനും സാദ്ധ്യതയുണ്ട്. ദോഷപരിഹാരമായി ശനിയാഴ്ച ദിവസങ്ങളില്‍ ശാസ്താവിന് ഇഷ്ടവഴിപാട് നടത്തി പ്രാര്‍ത്ഥിക്കുക.
അത്തം
വളരെയധികം അനുകൂല സമയം
പുതുവര്‍ഷം അത്തം നക്ഷത്രക്കാര്‍ക്ക് വളരെയധികം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മത്സരപരീക്ഷകളില്‍ ഉന്നതവിജയം സിദ്ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുകൂലസമയമാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്കും വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണപരമായ വര്‍ഷമായിരിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ഈ നക്ഷത്രക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സാഹസികവൃത്തികളില്‍ ശ്രദ്ധയോടെ ഏര്‍പ്പെടുക. വീഴ്ച, പതനം, ശത്രുക്കളുടെ ഉപദ്രവം എന്നിവ ഉണ്ടാകുന്നതിനും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. എതിരാളികള്‍ ബലവാന്മാരായി മാറും. ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ഗണപതിയെ പൂജിക്കുകയും ശനിയാഴ്ചകളില്‍ ശാസ്താവിനെ ഭജിക്കുകയും ചെയ്യുക.
ചിത്തിര
പലതരത്തിൽ ധനാഗമം
പുതുവര്‍ഷം ചിത്തിര നക്ഷത്രക്കാര്‍ക്ക് വളരെ ഗുണപ്രദമാണ്. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നാനാവിധത്തിലുള്ള ധനാഗമം ഉണ്ടാകുകയും ചെയ്യും. ദൂരദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല വര്‍ഷമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉന്നതവിജയം സിദ്ധിക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. കന്നിക്കൂറില്‍ ജനിച്ച ചിത്തിര നക്ഷത്രക്കാര്‍ക്ക് ദാമ്പത്യപ്രശ്‌നങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം, സ്ഥാനഭ്രംശം എന്നിവ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ട്. ദോഷപരിഹാരമായി സുബ്രഹ്മണ്യനെ പതിവായി ആരാധിക്കുകയും ശനിയാഴ്ചതോറും ശാസ്താവിന് ഇഷ്ടവഴിപാടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
ചോതി
സ്ഥാനക്കയറ്റം, ഗൃഹയോഗം
പുതുവര്‍ഷം ചോതി നക്ഷത്രക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ കൈവരുന്നതാണ്. വളരെക്കാലമായി തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള്‍ സഫലമായിത്തീരും. പുതിയ ഗൃഹം, വസ്തു എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം സിദ്ധിക്കുന്നതിനും സാദ്ധ്യതയുണ്ട്. അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് ഉത്തമബന്ധങ്ങള്‍ വന്നുചേരും. സന്തതികള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ഈ വര്‍ഷം പതിവായി വ്യാഴാഴ്ചതോറും വിഷ്ണു ഭഗവാനെ ആരാധിക്കുകയാണെങ്കില്‍ ഉത്തമസന്താനങ്ങളെ സിദ്ധിക്കും. ഈ നക്ഷത്രക്കാര്‍ സാമാന്യമായ തടസ്സങ്ങള്‍ ഇല്ലതാകുന്നതിന് ജന്മനക്ഷത്രം തോറും നരസിംഹസ്വാമിക്ക് പാനകം വഴിപാട് നടത്തുക.
വിശാഖം
ഗുണകരമായ അനുഭവങ്ങളുണ്ടാകും
വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടായിവരും. അവിവാഹിതർക്ക് വിവാഹ യോഗം സിദ്ധിക്കും. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലതാമസം കൂടാതെ പുതിയ ജോലിയില്‍ പ്രവേശിക്കാനും സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലവര്‍ഷമാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നതിനും അനുകൂലമാണ്. വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ഒന്നിനുശേഷം ജീവിതത്തില്‍ പുരോഗതി ഉണ്ടാകും. ഈ നക്ഷത്രക്കാര്‍ ദോഷപരിഹാരമായി മഹാവിഷ്ണുവിനും, സുബ്രഹ്മണ്യനും ഇഷ്ട വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കേണ്ടേതാണ്.
അനിഴം
ജൂണ്‍ ഒന്നിനു ശേഷം ഉയർച്ച
ജൂണ്‍ ഒന്നുവരെ അനിഴം നക്ഷത്രക്കാര്‍ക്ക് കുറച്ച് പ്രതികൂലമായ സാഹചര്യമാണ്. ധനനഷ്ടം, മാനഹാനി, ആരോഗ്യപ്രശ്‌നങ്ങള്‍, പ്രിയപ്പെട്ടവരുടെ വിരഹം, വിശ്വസ്തരായവരുടെ പിൻതുണ ഇല്ലാതെ വരിക, ബന്ധുക്കള്‍ ശത്രുക്കളായിത്തീരുക തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്. ജൂണ്‍ ഒന്നിനുശേഷം ജീവിതത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാകും. ഇക്കാലത്ത് ഈശ്വരാധീനം വര്‍ദ്ധിക്കുകയും, പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരമുണ്ടാകുകയും, വിവാഹം, സന്താനലബ്ധി, ഉദ്യോഗലബ്ധി എന്നിവയും ഉണ്ടാകും. ദോഷപരിഹാരമായി വ്യാഴാഴ്ച തോറും മഹാവിഷ്ണുവിനെ ആരാധിക്കുകയും ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം നടത്തുകയും ചെയ്യുക.
തൃക്കേട്ട
പ്രതിസന്ധികളെല്ലാം അതിജീവിക്കും
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ വര്‍ഷമാണ്. ആദ്യത്തെ 5 മാസം ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ സൂക്ഷിക്കണം. മേലധികാരികളടെ അപ്രീതി ഒഴിവാക്കാൻ ശ്രമിക്കുക. ശത്രുക്കൾ വർദ്ധിക്കും. ധന ഇടപാടുകളിൽ ജാഗ്രത പാലിക്കണം . ജൂണ്‍ ഒന്നിനുശേഷം ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയുണ്ടായി വരുന്നതാണ്. തടസ്സപ്പെട്ടുകിടക്കുന്ന പല കാര്യങ്ങളും സാദ്ധ്യമായിത്തീരും. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പുതിയ ജീവിതത്തില്‍ പ്രവേശിക്കും. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും, സന്താനഭാഗ്യം സിദ്ധിക്കുകയും ചെയ്യും. ദോഷപരിഹാരാര്‍ത്ഥമായി പതിവായി വിഷ്ണുഭഗവാനെ ആരാധിക്കുക.
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752
Story Summary: This Year for you : Moon sign predictions by Dr Rajesh Pullattil
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.