ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മകരസംക്രമം. 2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകര മാസപ്പുലരി എങ്കിലും മകരസംക്രമം തലേന്ന് ജനുവരി 14 ബുധനാഴ്ച പകൽ 3 മണി 8 മിനിട്ടിന് അനിഴം നക്ഷത്രം മൂന്നാം പാദം വൃശ്ചികക്കൂറിൽ നടക്കും. ഈ സമയത്ത് തന്നെയാണ് ശബരിമലയിൽ മകരസംക്രമ പൂജ. ഈ മകര സംക്രമ കണ്ടു തൊഴുന്നത് പരമപുണ്യവും പാപവിമുക്തിക്ക് ഏറ്റവും ഉത്തമവുമാണ്. മകര രവിസംക്രമം രാത്രിയിലോ പകലോ ഏത് സമയത്തായാലും അപ്പോൾ തന്നെയാണ് ശബരിമലയിൽ സംക്രമ പൂജ നടക്കുക.
നെയ് കവടി കൊട്ടാരത്തില്‍ നിന്നും
മകരസംക്രമ മുഹൂർത്തത്തിൽ ഭഗവാന് അഭിഷേകം ചെയ്യാനുള്ള നെയ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കൊണ്ടു വരുന്നതാണ്. അയ്യപ്പമുദ്രയണിഞ്ഞ ഒരു ദൂതനും ഒരു കന്നി അയ്യപ്പനും കൂടിയാണ് ഈ നെയ് സന്നിധാനത്ത് എത്തിക്കുക. ശബരിമലയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ദിവസം മകരവിളക്കാണ് ഈ ദിവസം സന്ധ്യയ്ക്കാണ് തിരുവാഭരണം ചാർത്തി സ്വാമിഅയ്യപ്പന് മകരവിളക്ക് പൂജ നടത്തുന്നത്. അന്ന് മാളികപ്പുറത്തമ്മയ്ക്കും പ്രത്യേക പൂജകളുണ്ട്.
മകരവിളക്കും മകരജ്യോതിയും
ഇത്തവണ ജനുവരി 14 ന് സന്ധ്യയ്ക്കാണ് പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടു വരുന്ന തിരുവാഭരണം ഭഗവാന് ചാർത്തുക. തിരുവാഭരണം ചാർത്തിയ ഭഗവാന്റെ തേജോമയ രൂപത്തിൽ കര്‍പ്പൂര ദീപാരാധന നടക്കുന്നത് കണ്ടു തൊഴാന്‍ അവസരം ലഭിക്കുന്നത് പോലെയൊരു പുണ്യം മറ്റൊന്നും തന്നെയില്ല. ശബരിമലയില്‍ മകരവിളക്ക് ദീപാരാധന നടക്കുന്ന അതേസമയം തന്നെയാണ് ഋഷിമാരും ദേവതകളും കൂടി പൊന്നമ്പലമേട്ടില്‍ അയ്യപ്പന് ദീപാരാധന നടത്തുന്നത് എന്നാണ് സങ്കല്പം. അതിനാല്‍ സന്നിധാനത്ത് ദീപാരാധന കണ്ടുതൊഴുതാലുടന്‍ പൊന്നമ്പലമേട്ടിലേക്കു നോക്കി ഭക്തര്‍ ദീപാരാധന തൊഴും. ഈ സമയം ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കും. മൂന്നവട്ടം പറന്നിട്ട് അത് അപ്രത്യക്ഷമാകും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രം തെളിക്കും. അനന്തരം ആയിരം നക്ഷത്രകാന്തിയോടെ മകരജ്യോതി ആകാശത്ത് തെളിയും. മകരസംക്രമസന്ധ്യയിലെ മകരജ്യോതി ദര്‍ശനഭാഗ്യത്തെ അയ്യപ്പസ്വാമിയുടെ ദിവ്യദര്‍ശനമായി വിശേഷിപ്പിക്കാം. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് കൂടുതൽ ആകർഷിക്കുന്നത്. സംക്രമസന്ധ്യയിൽ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം ലഭിക്കുന്നതാണ്.
സൂര്യശക്തി വര്‍ദ്ധിക്കുന്ന ഉത്തരായനം
ഉത്തരായനത്തിന്റെ തുടക്കമാണ് മകരസംക്രമം. ശബരിമലയില്‍ ഏറ്റവും പ്രാധാന്യമുള്ള ദിവസമാണിത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന, ദക്ഷിണായനത്തില്‍ നിന്ന് പവിത്രമായ ഉത്തരായനത്തിൽ പ്രവേശിക്കുന്ന ദിവ്യമുഹൂര്‍ത്തം. മകര സംക്രമം മുതൽ സൂര്യന്റെ ഗതി വടക്കോട്ട് ആയിരിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടകസംക്രമം വരെ ഈ ഗതി തുടരും. ഉത്തരായനത്തില്‍ സൂര്യശക്തി വര്‍ദ്ധിക്കും.
അഭീഷ്ടസിദ്ധിക്ക് അനുകൂല സമയം
ആത്മീയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് അഭീഷ്ടസിദ്ധി നേടാന്‍ ഏറ്റവും അനുകൂല സമയമാണ് ഉത്തരായണം. വളരെ നിഷ്ഠയുള്ള ഉപാസനയിലൂടെ ഈ സമയത്ത് അതിവേഗത്തില്‍ ഈശ്വരാനുഗ്രഹം നേടാനാകും. ഉപനയനത്തിനും അഷ്ടബന്ധകലശത്തിനും ക്ഷേത്ര പ്രതിഷ്ഠയ്ക്കും ദേവപ്രശ്‌നചിന്തയിലൂടെ ദേവന്റെ ഹിതാഹിതങ്ങള്‍ മനസിലാക്കാനും മന്ത്രോപദേശം സ്വീകരിക്കുന്നതിനും മറ്റ് പല ശുഭകാര്യങ്ങള്‍ക്കും ഉത്തരായനം ശ്രേഷ്ഠമാണ്.
സൂര്യസംക്രമ കർമ്മ നിയമം
അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമ കാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്‌നത്തിന് മേലും അര്‍ദ്ധരാത്രികഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്‌നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം. ഇത്തവണ മകര സംക്രമം ധനു 30 ന് ഉച്ചയ്ക്ക് ശേഷമായതിനാൽ സംക്രമ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് അന്നാണ്.
ALSO READ
ഐതിഹ്യങ്ങൾ അനവധി
അവതാരോദ്ദേശം പൂർത്തിയാക്കി ശ്രീ അയ്യപ്പൻ ശബരിമല ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചത്
മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ളാദ സൂചകമായാണ്പൊ ന്നമ്പലമേട്ടിൽ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഐതിഹ്യം. അയ്യപ്പന്റെ ജനനം മകര സംക്രമ ദിവസമാണെന്നും ഐതിഹ്യമുണ്ട്.
ദേവന്മാരുടെ പകൽ
കാലഗണന പ്രകാരം ദേവന്മാരുടെ പകലാണ് ഉത്തരായനം. മകര സംക്രമ ദിനത്തില്‍ ഈ പകൽ തുടങ്ങും. ഈ സമയം സ്വര്‍ഗവാതില്‍ തുറക്കും എന്നാണ് വിശ്വാസം. അതിനാൽ ഉത്തരായന കാലെത്തെ ആറു മാസത്തില്‍ മരിക്കുന്നവര്‍ സ്വർഗ്ഗം പ്രാപിക്കും എന്നാണ് വിശ്വാസം. സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ശരശയ്യയില്‍ ഉത്തരായനം കാത്തുകിടന്ന കഥ പ്രസിദ്ധമാണ്. ഭാരത യുദ്ധത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു – ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.
തീര്‍ത്ഥ സ്നാനത്തിന് ശ്രേഷ്ഠം
തീര്‍ത്ഥ സ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണ് മകര സംക്രമം എന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകര സംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്ന് വിശ്വസിച്ചു വരുന്നു. മകര സംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കര്‍ണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു.
ശ്രീ ധർമ്മാശാസ്താ ഭുജംഗം
ആഗ്രഹിക്കുന്നതെന്തും തരുന്ന പരം ജ്യോതിസ്സായ ഭൂതനാഥനെ ഭജിക്കുന്ന രമണീയ സ്തുതിയാണ് ശ്രീ ധർമ്മാശാസ്താ ഭുജംഗം. ദിവ്യമായ പദങ്ങളുടെ അനർഗ്ഗള പ്രവാഹത്താൽ പവിത്രമായ ഈ സ്തുതി ജപിക്കുന്ന ഭക്തരെ ഉറപ്പായും അയ്യപ്പസ്വാമി ദുരിത ദോഷങ്ങളകറ്റി എപ്പോഴും കാത്തു രക്ഷിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ധർമ്മാശാസ്താ ഭുജംഗം ശ്രവിച്ച് ഈ മകര സംക്രമ പുണ്യവേള ധന്യമാക്കാം:
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary : Significance of Makara Sankramam, Makara Vilakku and Utharayana Punyakalam
Copyright @ 2026 Neramonline.com. All rights reserved
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.