Sunday, January 11, 2026
Sunday, January 11, 2026
Home » മകരവിളക്ക്, ലക്ഷദീപം, ഏകാദശി, തൈപ്പൊങ്കൽ, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

മകരവിളക്ക്, ലക്ഷദീപം, ഏകാദശി, തൈപ്പൊങ്കൽ, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

0 comments

( 2026 ജനുവരി 11- 17 )
മകരസംക്രമം, ശബരിമല മകരവിളക്ക്, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപ സമാപനം, ലക്ഷദീപം, ഷഡ് തില ഏകാദശി, തൈപ്പൊങ്കൽ, മലയാലപ്പുഴ പൊങ്കാല, പ്രദോഷം, മാട്ടുപ്പൊങ്കൽ എന്നിവയാണ് 2026 ജനുവരി 11 ന് ചിത്തിര നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഞായറാഴ്ചയാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. 1201 ധനു മാസം 30, 2026 ജനുവരി 14 ബുധനാഴ്ച പകൽ 3:08 മണിക്ക് അനിഴം നക്ഷത്രത്തിൽ മകര സംക്രമപൂജ നടക്കും. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം കൊടുത്തു വിടുന്ന നെയ് ഭഗവത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്. ശേഷം സന്ധ്യയ്ക്ക് 6:30 നും 6:40 നും മദ്ധ്യേ ഭക്തലക്ഷങ്ങൾ ദർശന പുണ്യം കൊതിക്കുന്ന തിരുവാഭരണം ചാർത്തിയ അയ്യപ്പസ്വാമിയുടെ ദീപാരാധന നടക്കും. ഈ ദിവ്യദർശനം നടക്കുമ്പോൾ ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. ബുധനാഴ്ച തന്നെയാണ് കറുത്ത പക്ഷ ഏകാദശിയായ ഷഡ് തില ഏകാദശിയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപവും. പിറ്റേന്നാണ് തൈപ്പൊങ്കലും ഉത്തരായണ പുണ്യകാല ആരംഭവും മലയാലപ്പുഴ പൊങ്കാലയും. മകരം 2 വെള്ളിയാഴ്ചയാണ് പ്രദോഷവും മാട്ടുപൊങ്കലും. 2026 ജനുവരി 17 ന് പൂരാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കർമ്മശേഷി വർദ്ധിപ്പിക്കാൻ അവസരം ലഭിക്കും. ശാരീരിക വിശ്രമം അനിവാര്യം. ചങ്ങാതിമാരുമായും കുടുംബവുമായും തൽസമയം സന്തോഷകരമാക്കും. പണം ചെലവഴിക്കുന്നതിൽ ഏറെ ശ്രദ്ധിക്കണം. ഒന്നുകിൽ പുതിയ വീട് വാങ്ങും. അല്ലെങ്കിൽ പഴയ വീട് അറ്റകുറ്റ പണികൾ നടത്താൻ തീരുമാനിക്കും. വിദേശ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ അല്ലെങ്കിൽ ആനുകൂല്യം ലഭിക്കാനുള്ള ശക്തമായ സാദ്ധ്യതയുണ്ട്. സഹപ്രവർത്തകർ പൂർണ്ണ പിന്തുണ നൽകും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ധനം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ തുറന്നു കിട്ടും. പേരും പ്രശസ്തിയും വർദ്ധിക്കും. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ഔദ്യോഗിക ജീവിതത്തിൽ ഒരു പ്രത്യേക വ്യക്തിയുടെ സാന്നിധ്യം അസ്വസ്ഥത സൃഷ്ടിക്കും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർച്ച താഴ്ചകൾക്ക് സാധ്യത. എന്നാൽ കഠിനാദ്ധ്വാനം ചെയ്താൽ അനുകൂല ഫലം ലഭിക്കും. ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾക്ക്, സമയം വളരെ മികച്ചതായിരിക്കും. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും 108 തവണ വീതം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
വേണ്ടത്ര ചിന്തിക്കാതെ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. മക്കളുടെ കാര്യങ്ങൾ ചിന്തിച്ച് നിരാശരാകും. ഭക്ഷണക്രമത്തിൽ നിയന്ത്രണം ഉണ്ടാക്കുക. ആരോഗ്യം സൂക്ഷിക്കാൻ നല്ല ഭക്ഷണം ശീലമാക്കുക. സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. മുൻപ് നടത്തിയ ചില നിക്ഷേപങ്ങൾ കുരുക്കാകാതെ നോക്കണം. അല്ലെങ്കിൽ സാമ്പത്തിക നഷ്ടം നേരിടാം. ജോലിയില്ലാത്തവർക്ക് പുതിയ ജോലി ലഭിക്കുന്നതിന് അവസരങ്ങൾ ലഭിക്കും മത്സരത്തിൽ മികച്ച വിജയം ലഭിക്കും. കൂട്ടുകെട്ട് മെച്ചപ്പെടുത്തണം. ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
അമിത ആഗ്രഹമാണ് ഏറ്റവും വലിയ ശത്രുവെന്ന് മനസ്സിലാകും. ഉദര സംബന്ധമായ അസുഖങ്ങൾ, വാതം തുടങ്ങിയവയിൽ നിന്ന് ആശ്വാസം ലഭിക്കും. നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നതിന് ഒരു വ്യക്തി നിങ്ങളെ പ്രലോഭിപ്പിക്കാൻ സാധ്യതയുണ്ട്. അത്തരം ദു:സ്വാധീനങ്ങളിൽ വീഴുരുത്. പുതിയ ചില പദ്ധതികൾ മാതാപിതാക്കളെ സന്തോഷിപ്പിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സ്നേഹബന്ധം തുടരും. അത് ശക്തമായിരിക്കും. അഹംഭാവം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റുകൾ വരുത്തും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ആരോഗ്യം വളരെ മികച്ചതായിരിക്കും. അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്നവരുമായി കൂടുതൽ ഇടപഴകാൻ ഇഷ്ടപ്പെടില്ല. മാനസികാരോഗ്യം വളരെ മികച്ചതായിരിക്കും. പെട്ടെന്ന് പണം ലഭിക്കും. ഇതേത്തുടർന്ന് നിക്ഷേപം, ചെലവുകൾ എന്നിവയുടെ കാര്യത്തിൽ തിടുക്കത്തിലുള്ള ചില തീരുമാനങ്ങൾ എടുക്കും. ചിലർക്ക് വിദേശത്ത് സ്ഥിരതാമസമാക്കാൻ അനുമതി ലഭിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബപരമായ പ്രതിബന്ധങ്ങളിൽ നിന്നും പുറത്തുവരാൻ കഴിയും. സന്താനങ്ങൾ മൂലം സന്തോഷിക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. അവരുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. ഓം ഗം ഗണപതയേ നമഃ നിത്യവും 108 ഉരു ജപിക്കുക.

ALSO READ

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ഔദ്യോഗിക രംഗത്ത് തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. എങ്കിലും കർമ്മരംഗത്ത് മികച്ച ഫലങ്ങൾ ലഭിക്കും. ചിലർക്ക് കുടുംബ സ്വത്ത് ഭാഗം വച്ച് കിട്ടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. അപ്രതീക്ഷിതമായ ചെലവുകൾ വർദ്ധിക്കും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കും. എല്ലാ കാര്യങ്ങളിലും സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. വിദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ജോലിയിലെ സമ്മർദ്ദം കാരണം ചില ചെറിയ അസുഖങ്ങൾ നേരിടേണ്ടിവരാം. അതിനാൽ മന:സ്വസ്ഥതയുണ്ടാക്കാൻ വിശ്രമിക്കണം. സുഹൃത്തുക്കളുമായും കുടുംബവുമൊത്തും വേണ്ടത്ര സമയം ചെലവഴിക്കണം. നാരായണീയം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
അടുത്ത ബന്ധുക്കളെ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാകില്ല. ചില തിരിച്ചടികൾ കാരണം ഊർജ്ജസ്വലതയും ചുറുചുറുക്കും കുറയും. ഇതുമൂലം ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. ചില സുപ്രധാന ജോലികളിൽ വിജയിക്കും. സ്വജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. അവരെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം. ഔദ്യോഗിക കാര്യങ്ങളിൽ സമ്മർദ്ദങ്ങളിൽ നിന്നും വലിയ ആശ്വാസം ലഭിക്കും. ജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത്, മികച്ച ഫലങ്ങൾ ലഭിക്കും. ഓം ഗം ഗണപതിയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4 , അനിഴം, തൃക്കേട്ട)
ആരോഗ്യം പതിവിലും നല്ലതായിരിക്കും. വിവിധ തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിൽ വളരെ സന്തോഷിക്കും. സാമ്പത്തിക സ്ഥിതി വളരെയധികം ശക്തിപ്പെടും. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും. മാനസിക പിരിമുറുക്കം അനുഭവപ്പെടും. ജോലിസ്ഥലത്ത്, കൂടുതൽ മനസ്സ് തുറക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് ചിലർ വേണ്ടത്ര പ്രാധാന്യം നൽകില്ല. കോപം നിയന്ത്രിക്കണം.
മുൻകാല തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയും. ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1, 2, 3)
നിക്ഷേപങ്ങളിൽ നിന്ന് വിചാരിച്ചത്ര ലാഭമുണ്ടാക്കില്ല. സർക്കാറിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ സംതൃപ്തി നൽകും. ചിലർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യം അനുകൂലമാകും. ബന്ധുമിത്രാദികളുമായി സംസാരിക്കുമ്പോൾ ക്ഷമ അനിവാര്യമാണ്. അല്ലെങ്കിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകാൻ സാധ്യത. അപകീർത്തിക്ക് യോഗമുള്ളതിനാൽ മോശം കൂട്ടുകെട്ടുകൾ ഇപ്പോൾ ഒഴിവാക്കുക. തിരക്ക് പിടിച്ച് ജോലി പൂർത്തിയാക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യാൻ സാധ്യതയുണ്ട്. എല്ലാ കരാറുകളും വീണ്ടും പരിശോധിക്കുന്നതാണ് നല്ലത്. ഓം ദും ദുർഗ്ഗായൈ നമഃ എന്നും 108 തവണ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )

ധനവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. വലിയ നേട്ടമാകും എന്ന് പ്രതീക്ഷിച്ച ഇടപാടുകൾ അല്പം വേദനിപ്പിക്കും. എല്ലാ രേഖകളും ക്ഷമയോടെ പരിശോധിക്കണം. രാത്രി വളരെ വൈകും വരെ വീട്ടിൽ എത്താതിരിക്കുകയും ആർഭാടത്തിന് അമിതമായി പണം ചെലവഴിക്കുകയും ചെയ്യുന്നത് മാതാപിതാക്കളെ കുപിതരാക്കും. ഈർഷ്യ മനസ്സിൽ വച്ചുകൊണ്ട്, അവരുമായി കലഹിക്കരുത്. കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥത ഒഴിവാക്കാൻ നോക്കണം. കൂട്ടുകാർക്ക് ആവശ്യമുള്ളതിൽ കൂടുതൽ‌ പരിഗണന നൽകുന്നത് പിന്നീട് ദോഷമാകും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും, വിദ്യാഭ്യാസ രംഗത്ത്, മികച്ച വിജയം ലഭിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2 , 3 )
അനാവശ്യ യാത്രകൾ ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രി യാത്രകൾ. ശാരീരികമായി ചില ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യതയുണ്ട്. സർഗ്ഗാത്മക കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അത് വളരെ പ്രയോജനകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടക്കാർക്ക് നല്ല ലാഭം ലഭിക്കും. കോടതിയിലുള്ള കേസ് അനുകൂലമായി വരും. കഠിനാധ്വാനത്തിന് ശരിയായി ഫലം ലഭിക്കും. ബിസിനസ്സിലും ജോലിയിലും നിങ്ങളുടെ തന്ത്രവും പദ്ധതികളും വിലമതിക്കപ്പെടും.
പെരുമാറ്റം മെച്ചപ്പെടുത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം മറ്റുള്ളവരുടെ മുന്നിൽ പ്രതിച്ഛായ കളങ്കപ്പെടാം. ചിലർ നിങ്ങളുടെ വിജയത്തിൽ അസൂയപ്പെടും. നിത്യവും ഓം നമോ വെങ്കടേശായ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പതിവായി യോഗ ചെയ്യുക. വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന പുതിയ സംരംഭങ്ങൾക്ക് ശ്രമിക്കേണ്ടതുണ്ട്. മുതിർന്നവരുമായി ആലോചിച്ച ശേഷം പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതാണ് നല്ലത്. എതിരാളികളെ അവഗണിക്കരുത്. ജോലിസ്ഥലത്ത് ശത്രുക്കൾ ചില കുരുക്കുകൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കും. നിയമം, മെഡിക്കൽ മേഖലകളിലുള്ളവർക്ക് സമയം വളരെ നല്ലതായിരിക്കും. പ്രതികൂല സാഹചര്യങ്ങൾ വിലയിരുത്താൻ ശ്രദ്ധിക്കണം. ഗൃഹനിർമ്മാണത്തിന് വീണ്ടും ശ്രമം തുടങ്ങും. മറ്റുള്ളവർക്ക് വേണ്ടി കൂടുതൽ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. കുടുംബ കാര്യങ്ങളിൽ വളരെയധികം പ്രശ്‌നങ്ങളുണ്ടാകാം. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുന്നത് നല്ലത്.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?